ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക ആയുധം അത് ആധുനിക മിസൈലുകളോ വിമാനവാഹിനിക്കപ്പലുകളോ ആയിരുന്നില്ല; മറിച്ച് അമേരിക്കൻ ഡോളർ എന്ന പച്ചനിറത്തിലുള്ള കടലാസ് കഷ്ണമായിരുന്നു. ലോകത്തിലെ ‘കറുത്ത പൊന്ന്’ എന്നറിയപ്പെടുന്ന പെട്രോളിയം വിപണിയെ ഡോളറുമായി ബന്ധിപ്പിച്ചതിലൂടെ അമേരിക്ക കെട്ടിപ്പടുത്ത സാമ്രാജ്യം ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുകയാണ്. 2026-ന്റെ തുടക്കത്തിൽ നാം സാക്ഷ്യം വഹിക്കുന്നത് കേവലം സൈനിക നീക്കങ്ങൾക്കല്ല, മറിച്ച് ഡോളർ ആധിപത്യം നിലനിർത്താൻ വൻശക്തികൾ നടത്തുന്ന സങ്കീർണമായ ഒരു ‘കറൻസി യുദ്ധ’ത്തിനാണ്.
അമേരിക്കൻ ഡോളറിന്റെ അപ്രമാദിത്വം എന്നത് വെറുമൊരു സാമ്പത്തിക നേട്ടമല്ല, മറിച്ച് അതൊരു വലിയ രാഷ്ട്രീയ കവചമാണ്. ലോകത്തെവിടെയും എണ്ണ വാങ്ങണമെങ്കിൽ ഡോളർ കൈവശമുണ്ടായിരിക്കണം എന്ന നിബന്ധന വന്നതോടെ, ലോകരാജ്യങ്ങൾ നിർബന്ധിതമായി ഡോളർ ശേഖരിച്ചുവെക്കാൻ തുടങ്ങി. ഇതോടെ അമേരിക്കക്ക് തങ്ങളുടെ കടം വീട്ടാനായി അമിതമായി പണം അച്ചടിക്കാനും അത് ലോകമാകെ വിതരണം ചെയ്യാനും സാധിച്ചു. ഇതിനെയാണ് സാമ്പത്തിക വിദഗ്ധർ ‘എക്സോർബിറ്റന്റ് പ്രിവിലേജ്’ (Exorbitant Privilege) എന്ന് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ അമേരിക്ക തങ്ങളുടെ പണപ്പെരുപ്പം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയിലൂടെ ആഗോള സാമ്പത്തിക നയങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ കവചത്തിന് നേരിയ ഭീഷണി ഉയർത്തിയപ്പോഴെല്ലാം സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ അമേരിക്കൻ സൈന്യം കടന്നുകയറിയതിന് ചരിത്രം സാക്ഷി.
ഇറാഖിലെ സദ്ദാം ഹുസൈൻ 2000-ൽ തന്റെ രാജ്യത്തെ എണ്ണ വിപണനത്തിന് യൂറോ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത് ഒരു വലിയ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു. കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന വ്യാജാരോപണമുയർത്തി ഇറാഖിനെ തകർക്കുകയും സദ്ദാം ഹുസൈനെ വധിക്കുകയും ചെയ്തത് യഥാർത്ഥത്തിൽ ഡോളറിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നുവെന്ന് ഇന്ന് ലോകത്തിനറിയാം. ലിബിയയിലെ മുഅമ്മർ ഗദ്ദാഫി മുന്നോട്ടുവെച്ച ഗോൾഡ് ദിനാർ എന്ന സ്വതന്ത്ര കറൻസി ആശയം ആഫ്രിക്കൻ ഭൂഖണ്ഡത്തെ പാശ്ചാത്യ സാമ്പത്തിക വലയത്തിൽ നിന്ന് മോചിപ്പിക്കുമായിരുന്നു. എന്നാൽ ആ സ്വപ്നത്തെ തകർക്കാൻ ലിബിയയെ ചോരയിൽ മുക്കിക്കൊണ്ട് നടത്തിയ ഇടപെടലുകൾ ആധുനിക കാലത്തെ ക്രൂരതയുടെ അടയാളങ്ങളാണ്. 2026-ൽ ഈ ക്രൂരതയുടെ പുതിയ മുഖം നാം ഇറാനിലും വെനിസ്വേലയിലും കാണുന്നു. കഴിഞ്ഞ മാസങ്ങളിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ നേരിട്ടുള്ള സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. സമാനമായ രീതിയിൽ, ഇറാനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ലോകത്തെ വിനാശത്തിന്റെ അരികിൽ എത്തിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധവും ആ രാജ്യത്തിന്റെ ജനവാസ കേന്ദ്രങ്ങൾക്കും ഊർജസ്രോതസ്സുകൾക്കും നേരെ തുടരുന്ന ബോംബാക്രമണങ്ങളും ഡോളർ വിരുദ്ധ ചേരിയെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ്. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന് അമേരിക്ക വിളിക്കുന്ന ഈ സൈനിക നീക്കം ഇറാന്റെ ഊർജ വിപണിയെയും അവരുടെ സ്വതന്ത്ര സാമ്പത്തിക നയങ്ങളെയുമാണ് ഉന്നമിടുന്നത്.
സാമ്പത്തിക ശാസ്ത്രത്തിലെ ‘ട്രിഫിൻ ഡിലെമ’ (Triffin Dilemma) എന്ന പ്രതിസന്ധി ഇന്ന് അമേരിക്കയെ കൂടുതൽ വേട്ടയാടുന്നുണ്ട്. ആഗോള വിപണിക്ക് ആവശ്യമായ ലിക്വിഡിറ്റി നൽകുന്നതിനായി അമേരിക്ക നിരന്തരം വലിയ രീതിയിലുള്ള വ്യാപാര കമ്മി (Trade Deficit) നേരിടേണ്ടി വരുന്നു. ഇതിന്റെ ഫലമായി അമേരിക്കയുടെ ദേശീയ കടം ഇന്ന് 37 ട്രില്യൺ ഡോളർ കടന്നു. ഈ കടബാധ്യതയും പലിശ നിരക്കിലെ വർദ്ധനയും ഡോളറിന്റെ വിശ്വാസ്യതയെ തന്നെ ഉലക്കുകയാണ്. തങ്ങളുടെ ഈ സാമ്പത്തിക തകർച്ച മറച്ചുവെക്കാൻ ഉപരോധങ്ങളും സൈനിക ശക്തിയും ഒരു മറയായി അമേരിക്ക ഉപയോഗിക്കുന്നു. എന്നാൽ ഈ ക്രൂരതകൾക്കും അടിച്ചമർത്തലുകൾക്കും ഇടയിലും ഒരു പുതിയ ആഗോള സാമ്പത്തിക ക്രമം ഉദയം ചെയ്യുന്നുണ്ട്. ബ്രിക്സ് പ്ലസ് (BRICS+) രാജ്യങ്ങൾ ഉയർത്തുന്ന ബദൽ ഇന്ന് വെറുമൊരു പരീക്ഷണമല്ല. ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെട്ട ഈ സഖ്യം ഇപ്പോൾ സൗദി അറേബ്യയെയും തങ്ങളുടെ ഭാഗമാക്കിയതോടെ പെട്രോഡോളർ സംവിധാനം പതറുകയാണ്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'ബ്രിക്സ് പേ' (BRICS Pay) എന്ന വിനിമയ സംവിധാനം പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ളതാണ്. ഡിജിറ്റൽ യുവാന്റെയും ഡിജിറ്റൽ രൂപയുടെയും മുന്നേറ്റം ഡോളർ അധിഷ്ഠിത ഏകാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഒരു പുതിയ ‘മൾട്ടിപോളാർ’ ലോകക്രമത്തിലേക്കാണ്. ഇറാനിലെയും വെനിസ്വേലയിലെയും ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ ലോക മനസ്സാക്ഷിയെ വേദനിപ്പിക്കുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധികൾക്കിടയിൽ നിന്ന് ഒരു പുതിയ സാമ്പത്തിക വിപ്ലവം പിറവിയെടുക്കുകയാണ്. സ്വർണ്ണത്തിന്റെയും കമ്മോഡിറ്റികളുടെയും പിൻബലമുള്ള കറൻസികളിലേക്ക് ലോകം തിരിയുമ്പോൾ അമേരിക്കയുടെ 'ഡോളർ സാമ്രാജ്യം' അതിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോകുന്നത്.
പെട്രോഡോളർ യുഗത്തിന്റെ അസ്തമയം രക്തരൂഷിതമായിരിക്കാം, പക്ഷേ അത് കൂടുതൽ നീതിയുക്തമായ ഒരു ആഗോള വിപണിയിലേക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം. തോക്കുകൾ കൊണ്ട് സംരക്ഷിക്കുന്ന കറൻസികളേക്കാൾ, വിശ്വാസവും സഹകരണവും കൊണ്ട് കെട്ടിപ്പടുക്കുന്ന സാമ്പത്തിക ബന്ധങ്ങളാണ് ഭാവിയിലെ ലോകത്തെ നയിക്കുക. അധികാരത്തിന്റെ അഹങ്കാരവും ഡോളറിന്റെ ആധിപത്യവും തകരുന്ന ഈ നിമിഷം ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.