മാറണം സിനിമ–മാധ്യമ സംസ്കാരങ്ങള്‍ 

മാധ്യമങ്ങള്‍ വീണ്ടും സ്ത്രീ വിഷയത്താല്‍ സജീവമാവുകയാണ്. കേരളത്തിന്‍െറ സാംസ്കാരിക പൈതൃകത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അല്‍പായുസ്സ് മാത്രമുള്ള കോലാഹലങ്ങള്‍കൊണ്ട് പ്രശ്നത്തിന് പരിഹാരമാവുകയില്ല എന്നത് സ്പഷ്ടമായിക്കഴിഞ്ഞു. സ്ത്രീ ശരീരം ആക്രമിക്കപ്പെടുക എന്നത് മലയാളക്കരക്ക് പുത്തരിയല്ല. ഏറ്റവും ഒടുവില്‍ നടന്ന സംഭവത്തില്‍ ഇരയായത് സെലിബ്രിറ്റി ആണെന്നതിനാല്‍ അതിവേഗം പുറംലോകം അറിയുകയും സത്വരനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ പരിതപിച്ചും പരിഭവിച്ചും നടത്തുന്ന ചാനല്‍ ചര്‍ച്ചകള്‍വരെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു. 

വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലേക്കുള്ള സ്ത്രീയുടെ കടന്നുവരവ് പുരുഷനോടുള്ള മാത്സര്യത്തിന്‍െറയും അവനെ മറികടക്കാനുള്ള തത്രപ്പാടിന്‍െറയും വേദിയായി സ്വീകരിക്കുന്നത് അഭികാമ്യമല്ല. സൃഷ്ടിപരമായി സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈജാത്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള സ്ത്രീ പുരുഷ സമത്വവാദവും ആരോഗ്യകരമായ പരിഹാരമല്ല. കായികശേഷിയില്‍ പുരുഷനോട് കിടപിടിച്ചുകൊണ്ട് യോഗ്യത തെളിയിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നതുപോലെ അവള്‍ക്കുമാത്രം സാധ്യമാകുന്ന പ്രകൃതിപരമായ കര്‍മധര്‍മങ്ങള്‍ ഏറ്റെടുക്കാന്‍ പുരുഷനും സാധിക്കുകയില്ല എന്നത് സ്ത്രീ പുരുഷ ബന്ധത്തിലുള്ള മേല്‍ക്കോയ്മയുടെയോ അടിമത്തത്തിന്‍െറയോ അളവുകോലായി പരിഗണിക്കാനുമാകില്ല. 
സ്ത്രീയെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് സ്ത്രീ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമല്ല. അവള്‍ സമൂഹത്തിന്‍െറ ഭാഗമാണ് എന്നതുപോലെ പ്രധാനമാണ് സമൂഹത്തില്‍ അവളുടെ പങ്കും ഭാഗധേയവും നിര്‍ണായകമാണ് എന്ന വസ്തുതയും.  സ്ത്രീയെ സ്വതന്ത്രവ്യക്തിയായി അംഗീകരിക്കുന്നതില്‍ കാണിക്കുന്ന വിമുഖതയാണ് ഒന്നാമത്തെ പ്രശ്നം. പുരുഷനെന്നപോലെ വികാരവിചാരങ്ങളും സന്തോഷസന്താപങ്ങളും അനുഭവിക്കുന്ന ഒരു മനസ്സ് സ്ത്രീ ശരീരത്തിലും ഉണ്ടെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കൈവെക്കാനുള്ള ശ്രമങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും അനുസ്യൂതം തുടരുന്നു എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കാത്തവരാണ് ഏറെ പവിത്രമായി കരുതുന്ന അവളുടെ മാനം പിച്ചിച്ചീന്തി ആഘോഷിക്കാന്‍ തിടുക്കം കാണിക്കുന്നത്. ആക്രമിക്കപ്പെട്ടത് സിനിമ നടിയും പ്രതികള്‍ സിനിമരംഗവുമായി ബന്ധമുള്ളവരുമാണ് എന്നതിനാല്‍ സ്ത്രീയോടുള്ള സമീപനത്തില്‍ നാളിതുവരെ സിനിമലോകം എന്ത് സംഭാവനയാണ് നല്‍കിയതെന്ന ചിന്ത പ്രസക്തമാണ്. കലയും സാഹിത്യവും മനുഷ്യ ഹൃദയങ്ങളില്‍ വിപ്ളവങ്ങള്‍ സൃഷ്ടിക്കാനുതകുന്ന മാധ്യമങ്ങളാണ്.  

പ്രസ്തുത മേഖലകളിലൊക്കെയും സ്ത്രീ വെറും ശരീരപ്രധാനമായ വസ്തുവായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് വസ്തുത. സ്ത്രീയുടെ മനസ്സിനെയും മസ്തിഷ്കത്തെയും പടിക്കുപുറത്ത് നിര്‍ത്തിയിട്ട് അവളുടെ ശരീരത്തെ മാത്രം പര്‍വതീകരിച്ച് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുകയാണ് പല മാധ്യമങ്ങളും. സ്ത്രീശരീരത്തെ പ്രദര്‍ശനവസ്തുവായി അവതരിപ്പിക്കുന്ന അഭിനവ സംസ്കാരമാണ് ഒളിഞ്ഞും തെളിഞ്ഞും സ്ത്രീ സൗന്ദര്യം ആസ്വദിക്കാനും പ്രചരിപ്പിക്കാനും കാത്തിരിക്കുന്ന കാമവെറിയന്മാരെ സൃഷ്ടിക്കുന്നത്.
സുന്ദരമായ ശരീരത്തിനപ്പുറം ശക്തിയും ആരോഗ്യവുമുള്ള പെണ്‍മനസ്സിനെ അവതരിപ്പിക്കുന്ന ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. പുരുഷന്‍െറ കണ്ണ് പതിഞ്ഞാല്‍ ഉരുകിത്തീരുന്ന പെണ്ണിന്‍െറ മാനത്തെക്കുറിച്ച് പറയാതെ പറയുകയാണ് മിക്ക സിനിമകളും സ്ത്രീയെ പതിയിരുന്ന് ആക്രമിക്കുന്ന പുരുഷനും അവന്‍െറ മുന്നില്‍ നിസ്സഹായയായി നിലവിളിക്കുന്ന സ്ത്രീയെയും അവതരിപ്പിക്കുന്ന സിനിമകളല്ളേ യഥാര്‍ഥത്തില്‍ സ്ത്രീ പുരുഷന്മാരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത്? സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാനാകാതെ വീട്ടുകാരണവരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന കുടുംബചിത്രങ്ങളും വിരളമല്ല. ‘നീ വെറും പെണ്ണാണ്; വെറും പെണ്ണ്’ , ‘ഇനി ഒരിക്കല്‍ക്കൂടി നിന്‍െറ ഈ കൈ ഒരു പുരുഷന്‍െറ നേര്‍ക്കും പൊങ്ങരുത്’, ‘ഈ തറവാട്ടില്‍ ഇതുവരെ പെണ്ണിന്‍െറ ശബ്ദം ഉയര്‍ന്നുപൊങ്ങിയിട്ടില്ല’, എന്നിങ്ങനെയുള്ള ഡയലോഗുകള്‍ കൊണ്ട് സ്ത്രീയുടെ ചെറുത്തുനില്‍പ് അസാധ്യമാണെന്ന് പഠിപ്പിച്ച സിനിമ സംസ്കാരം അവള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആവില്ല എന്ന സന്ദേശമല്ളേ സമൂഹത്തിന് നല്‍കുന്നത്.

കുറ്റകൃത്യങ്ങളെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചും സിനിമ നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ വളരുന്ന തലമുറയെവരെ സാംസ്കാരിക അധഃപതനത്തിലേക്ക് തള്ളി വിടുന്നു എന്നതിന് നമ്മുടെ കാമ്പസുകള്‍ സാക്ഷിയാണ്. പ്രണയ രസം കലര്‍ന്ന ന്യൂജെന്‍ സൗഹൃദങ്ങളുടെ അപഥസഞ്ചാരത്തിന് മുന്നില്‍ നിസ്സഹായരാവുകയാണ് അധ്യാപകരും രക്ഷിതാക്കളും. അടുത്തകാലത്ത് കാമ്പസുകളെ ഏറെ ഹരം പിടിപ്പിച്ച അധ്യാപികയെ പ്രേമിക്കുന്ന വിദ്യാര്‍ഥിയുടെ കഥപറയുന്ന സിനിമ യഥാര്‍ഥത്തില്‍ എന്ത് സന്ദേശമാണ് പുതുതലമുറക്ക് പകര്‍ന്നുനല്‍കിയത്? പവിത്രവും പരിപാവനവുമായ ഗുരുശിഷ്യബന്ധത്തിന്‍െറ കടക്കല്‍ കത്തിവെക്കുകയായിരുന്നില്ളേ ആ പ്രമേയവും തിരക്കഥയും?  

സമൂഹത്തില്‍ അരങ്ങേറുന്ന ഹീനവും ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യവും സെന്‍സറിങ് ഇല്ലാതെ നടത്തുന്ന പ്രചാരണവും ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് മറ്റൊരു കാരണമാണ്. പ്രതികള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ (ലൈംഗിക പീഡനത്തിന്‍െറ രീതികള്‍വരെ) നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്നത് തിന്മയുടെ വ്യാപനം തടയാന്‍ അവശ്യം വേണ്ട ഒളിവും മറയും നമുക്ക് അന്യമായിരിക്കുന്നു എന്നതിന്‍െറ തെളിവാണ്. എക്സ്ക്ളൂസിവ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മാത്സര്യത്തിനിടയില്‍ മേല്‍പറഞ്ഞ ഒളിവും മറയും മനുഷ്യന്‍െറ മാത്രം സവിശേഷതയായ ലജ്ജാശീലവുമൊക്കെ നഷ്ടപ്പെട്ടുപോകുന്നു എന്നത് തന്നെയാണ് നമുക്ക് സംഭവിച്ച സാംസ്കാരിക അപചയത്തിന്‍െറ സുപ്രധാന ലക്ഷണം. അതിനാല്‍ സിനിമ മാധ്യമ സംസ്കാരങ്ങളുടെ സമീപനങ്ങളില്‍ കാതലായ മാറ്റം കാലഘട്ടത്തിന്‍െറ  അനിവാര്യതയാണ്. 

കുടുംബത്തിലും സമൂഹത്തിലും വ്യക്തവും കൃത്യവുമായ അവകാശ സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം സ്ത്രീ സ്വയം പാലിക്കേണ്ട അതിര്‍വരമ്പുകളും സൂക്ഷ്മതാ ബോധവും തള്ളിക്കളയാനുമാവില്ല. ‘പാറി നടക്കും പറവകള്‍ വേളി കഴിക്കാറില്ല’ എന്നത് പറവകളുടെയും മൃഗങ്ങളുടെയും രീതിശാസ്ത്രമാണ്; മനുഷ്യന്‍െറതല്ല. അവന്‍െറ സഞ്ചാരത്തിനും ചലനങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. സ്ത്രീകളുടെ കാര്യത്തില്‍ വിശേഷിച്ചും. അര്‍ധരാത്രി ഒറ്റക്ക് യാത്ര ചെയ്ത് സ്ത്രീ ശക്തി തെളിയിക്കലല്ല പെണ്ണിന്‍െറ മിടുക്ക്. സ്വന്തം കഴിവും കഴിവുകേടും സാഹചര്യവും സന്ദര്‍ഭവും തിരിച്ചറിയാതെ, എല്ലാ കാര്യത്തിലും പുരുഷനോടൊപ്പമത്തെുന്നവര്‍ക്ക് മാത്രമേ സ്വാതന്ത്ര്യത്തിന്‍െറ അമൃത് നുകരാന്‍ കഴിയൂ എന്ന ധാരണ അബദ്ധമാണ്. മുമ്പ് പല കേസിലും പ്രതി ചേര്‍ക്കപ്പെട്ടവരോ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരോ ആണ് മിക്ക സ്ത്രീ പീഡന കേസിലെയും പ്രതികള്‍ എന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. പഴുതടച്ചുള്ള അന്വേഷണവും ശിക്ഷാവിധികളും സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ ആലോചിച്ച് നടപ്പാക്കേണ്ടത് ഭരണകൂടത്തിന്‍െറ ബാധ്യതയാണ്.

rasiyachalakkal@gmail.com

Tags:    
News Summary - women empowerment in film industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.