പാർലമെന്റിൽ വലിയ പ്രതിഷേധങ്ങൾക്കടക്കം വഴിവെച്ച 2025ലെ കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുശേഷം 2026 ഫെബ്രുവരി നാലിന് അന്നത്തെ എൽ.ഡി.എഫ് സർക്കാർ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുകയുണ്ടായി. 11 അംഗ ബോർഡിന് പകരം ഒമ്പത് പേരുമായി നിലവിൽവന്ന ബോർഡിന്റെ പുനഃസംഘടന കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. വഖഫ് ബോർഡ് പുനഃസംഘടനയുടെ യാഥാർഥ്യവും ഇടതു, വലതു മുന്നണികളുടെ വാദമുഖങ്ങളും പരിശോധിക്കുന്നു.
സംസ്ഥാന വഖഫ് ബോർഡ് വീണ്ടും രാഷ്ട്രീയ വിവാദ ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതുകൂടിയാണ് ഇൗ വിവാദം. അധികാരമൊഴിഞ്ഞ പിണറായി വിജയൻ നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാർ കാലാവധി കഴിയുന്നതിന്റെ തൊട്ടുമുമ്പ് പുനഃസംഘടിപ്പിച്ച വഖഫ് ബോർഡാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പൂർണമായും രാഷ്ട്രീയ താൽപര്യം മുൻ നിർത്തി സർക്കാർ നാമനിർദേശത്തിലൂടെ നിലവിൽവന്ന ബോർഡിന്റെ പുനഃസംഘടന കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതാണ് പുതിയ പ്രതിസന്ധിയും വിവാദവും.
സി.പി.എം നോമിനികൾ മാത്രമുള്ള ബോർഡിനെ കാലാവധിയായ അഞ്ച് വർഷം നിലനിർത്താൻ മുസ്‍ലിം ലീഗ് അടങ്ങുന്ന യു.ഡി.എഫ് സർക്കാറിന് താൽപര്യവുമില്ല. ഇൗ സന്ദർഭത്തിൽ കൂടിയാണ് ബോർഡ് പുനഃസംഘടനയിലെ വീഴ്ച കോടതി മുമ്പാകെ എത്തുന്നതും ബോർഡിന്റെ പ്രവർത്തനം തന്നെ ഹൈകോടതി മരവിപ്പിക്കുന്നതും. ബോർഡിന്റെ മേൽനോട്ടത്തിന് വഖഫ് ചുമതലയുള്ള ജോയൻറ് സെക്രട്ടറിയെ നിയമിക്കാനും ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ വഖഫ് ബോർഡും അംഗമായ മുക്കം ഉമർ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചു. ബോർഡ് മേൽനോട്ടത്തിന് േജായൻറ് സെക്രട്ടറിയെ നിയോഗിച്ച ഹൈകോടതി ഉത്തരവിലെ ഭാഗം റദ്ദാക്കിയ സുപ്രീംകോടതി, കേസ് ഹൈകോടതി തന്നെ പരിഗണിക്കാനായി തിരിച്ചയക്കുകയും ചെയ്തു.
കേസ് വീണ്ടും പരിഗണിച്ച ഹൈകോടതി അർധ ജുഡീഷ്യൽ തീരുമാനങ്ങളെടുക്കുന്നതിലടക്കം കേരള വഖഫ് ബോർഡിന് നിയന്ത്രണമില്ലെന്ന് വ്യക്തമാക്കി. നയപരമായ തീരുമാനങ്ങളെടുക്കാനും മൂലധന ചെലവുകൾ നിർവഹിക്കാനും മാത്രമേ ബോർഡ് ഹൈകോടതിയുടെ അനുമതി തേടേണ്ടതുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബോർഡ് പുനഃസംഘടന നിയമപരമാണോ എന്ന് പരിശോധിക്കാനുള്ള സുപ്രധാന തീരുമാനവും കോടതിയെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പുനഃസംഘടന നിയമപരമല്ലെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ഇൗ തീരുമാനം. സർക്കാർ ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾ എല്ലാം മൂന്നാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചുള്ള കോടതിയുടെ തീർപ്പായിരിക്കും നിലവിലുള്ള ബോർഡിന്റെ ഭാവി തീരുമാനിക്കുക.
പാർലമെന്റിൽ വലിയ പ്രതിഷേധങ്ങൾക്കടക്കം വഴിവെച്ച 2025ലെ കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുശേഷം 2026 ഫെബ്രുവരി നാലിന് അന്നത്തെ എൽ.ഡി.എഫ് സർക്കാർ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുകയുണ്ടായി. 11 അംഗ ബോർഡിന് പകരം ഒമ്പത് അംഗങ്ങളുമായാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. രണ്ട് അംഗങ്ങളുടെ ഒഴിവ് പിന്നീട് നികത്തുമെന്ന വ്യവസ്ഥയോടെയാണ് സംസ്ഥാന സർക്കാർ ബോർഡിന്റെ പുനഃസംഘടന വിജ്ഞാപനമിറക്കിയത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിൽ ഏറ്റവും എതിർക്കപ്പെട്ട ഭേദഗതികളിലൊന്നായിരുന്നു വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്ത രണ്ടിൽ കുറയാത്ത അംഗങ്ങളെ ഉൾപ്പെടുത്തണമെന്നത്. ഇത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്കെതിരെയാണ് സുപ്രീംകോടതിയിൽ കേസ് വന്നതും കോടതി വിധി പറഞ്ഞതും. മുസ്‍ലിം അല്ലാത്തവരെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിയമത്തിൽ നിലനിർത്തിയാണ് കേസിൽ ചീഫ് ജസ്റ്റിസ് ബി.എസ്. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 2025 സെപ്റ്റംബർ 15ന് കേസിൽ വിധി പറഞ്ഞത്. ഇതിനുശേഷം 2026 ഫെബ്രുവരി നാലിന് കേരളത്തിൽ ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ രണ്ട് മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്താതെയാണ് വിജ്ഞാപനം ഇറക്കിയത്. ഇത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഹൈകോടതിയെ സമീപിച്ചു.
ബോർഡ് പുനഃസംഘടന നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് മൂന്ന് ഹരജികളും കോടതി മുമ്പാകെ എത്തി. മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്താതെ നടത്തിയ പുനഃസംഘടന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷോൺ ജോർജിന്റെ ഹരജി. എന്നാൽ, ബോർഡിൽ ഷിയ/ബോറ/ആഘാക്കാനി/ പിന്നാക്ക മുസ്‍ലിം പ്രാതിനിധ്യം ഇല്ല എന്നിവ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മറ്റ് ഹരജികൾ. ഇൗ കേസുകളിലാണ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിക്കുന്നതിലേക്ക് ഹൈകോടതി ഇടപെടലുണ്ടായത്.
വഖഫ് ബോർഡ് പുനഃസംഘടനയിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയ ഹരജി പരിഗണനക്ക് വന്നപ്പോൾ ഹൈകോടതിയിൽ സ്വീകരിച്ച നിലപാട് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. നിയമവ്യവസ്ഥകൾ പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാൻ തയാറാണെന്നായിരുന്നു സർക്കാർ നിലപാട്. സർക്കാർ നിലപാടിനെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതാണ് പിന്നീട് കണ്ടത്. ബോർഡിലേക്ക് മുസ്‍ലിം അല്ലാത്തവരെ നാമനിർദേശം ചെയ്യണമെന്ന ബി.ജെ.പി ആവശ്യത്തിനൊപ്പം സർക്കാർ നിന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉയർത്തിയ ആരോപണം. ഇത് ഏറ്റുപിടിച്ച് സമസ്തയിലെ ഒരു വിഭാഗവും സർക്കാറിനെതിരെ രംഗത്തുവന്നു. സമസ്ത പത്രത്തിൽ സർക്കാർ നിലപാടിനെതിരെ മുഖപ്രസംഗം ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടു.
സമസ്ത മുശാവറ അംഗവും സെക്രട്ടറിയുമായ മുക്കം ഉമർ ഫൈസി നിലവിലുള്ള വഖഫ് ബോർഡിൽ അംഗമാണെന്നത് ഇതോട് ചേർത്തുവായിക്കണം. സമസ്തയിൽ ശക്തമായ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്ന ഉമർ ഫൈസിക്ക് ഹജ്ജ് കമ്മിറ്റി അംഗത്വം ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാർ പദവികൾ ഏറെ നൽകിയിട്ടുമുണ്ട്. എന്നാൽ, ബോർഡ് പുനഃസംഘടിപ്പിച്ചുള്ള വിജ്ഞാപനത്തിൽ തന്നെ രണ്ട് അമുസ്‍ലിം അംഗങ്ങളുടെ ഒഴിവ് പിന്നീട് നികത്തുമെന്ന് എൽ.ഡി.എഫ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിച്ചടിച്ചത്. മുസ്‍ലിംകളെ യു.ഡി.എഫിനും സർക്കാറിനുമെതിരാക്കാൻ പിണറായി വിജയൻ വർഗീയത പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതോടെ വഖഫ് ബോർഡ് കേസ് വലിയ രാഷ്ട്രീയ കോലാഹലമായി മാറുകയും ചെയ്തു.
2026 ഫെബ്രുവരി നാലിന് എൽ.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്ത വഖഫ് ബോർഡിന്റെ നിയമപ്രകാരമുള്ള കാലാവധി അവസാനിക്കുന്നത് 2031 ഫെബ്രുവരി മൂന്നിനാണ്. അതായത് വി.ഡി. സതീശൻ സർക്കാറിന്റെ ഭരണകാലത്ത് പൂർണമായും വഖഫ് ബോർഡ് ഭരണം നിർവഹിക്കുന്നത് എൽ.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്ത ബോർഡായിരിക്കുമെന്ന് വ്യക്തം. മുസ്‍ലിം ലീഗിന് കൂടി പങ്കാളിത്തമുള്ള യു.ഡി.എഫ് സർക്കാറിന് നിലവിലുള്ള ബോർഡിനെ വാഴിക്കാൻ താൽപര്യമില്ലെന്ന് വ്യക്തം. മാത്രമല്ല, ലീഗ് വിട്ട് സി.പി.എം സ്ഥാനാർഥിയായി പൊന്നാനി ലോക്സഭ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ട കെ.എസ്. ഹംസയാണ് വഖഫ് ബോർഡ് ചെയർമാൻ.
ഇതിന് പുറമെ സമസ്തയിൽ ലീഗിനെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മുക്കം ഉമർ ഫൈസി ബോർഡിൽ അംഗവുമാണ്. ഇതെല്ലാം പരിഗണിച്ച സർക്കാർ, ഹൈകോടതിയിൽ വന്ന ഹരജി ബോർഡ് പുനഃസംഘടനക്കുള്ള വഴിയാക്കി മാറ്റാൻ തീരുമാനിക്കുകയും അതിനനുസൃതമായ നിലപാടിലേക്ക് നീങ്ങുകയുമായിരുന്നു. നിലവിലുള്ള ബോർഡ് പുനഃസംഘടന നിയമപ്രകാരമല്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചാൽ ഇൗ നീക്കം ലക്ഷ്യം കാണുകയും ചെയ്യും. അതുവഴി പൂർണമായും പുതിയ ബോർഡ് രൂപവത്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
സർക്കാർ നീക്കം ബോർഡ് ഒന്നടങ്കം പുനഃസംഘടിപ്പിക്കലാണെന്നും അഞ്ച് വർഷം കാലാവധിയുള്ള തങ്ങളുടെ നോമിനികൾ പുറത്തുപോകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് സി.പി.എം ഇതിനെതിരെ രംഗത്തുവന്നതും. ഇക്കാര്യത്തിൽ ഹൈകോടതി തീർപ്പായിരിക്കും നിലവിലുള്ള ബോർഡിന്റെ ഭാവി തീരുമാനിക്കുക. തങ്ങളുടെ നീക്കത്തിന് രാഷ്ട്രീയ ബലം കൂടി ലഭിക്കാൻ, മുസ്‍ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ബോർഡിലേക്ക് നാമനിർദേശം ചെയ്യാൻ ഒരുക്കമാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചുവെന്ന വാദവും പ്രതിപക്ഷം നിരത്തി. ഇത് മുസ്‍ലിം ലീഗിനെ ഉൾപ്പെടെ പ്രതിസന്ധിയിലുമാക്കി.
മുസ്‍ലിം അല്ലാത്ത രണ്ട് അംഗങ്ങൾ ഇല്ലാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത് എന്ന ഷോൺ ജോർജിന്റെ വാദം നിലനിൽക്കെ, മറ്റ് നിയമവിരുദ്ധതയാണ് സർക്കാർ ഉയർത്തുന്നത്. പ്രമുഖ മുസ്‍ലിം പണ്ഡിതനെ നാമനിർദേശം ചെയ്യണമെന്ന വ്യവസ്ഥയിൽ പകരം അഭിഭാഷകനെയാണ് നാമനിർദേശം ചെയ്തതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയെ ബോർഡിലെ എക്സ് ഒഫീഷ്യോ അംഗമാക്കണമെന്ന വ്യവസ്ഥക്കുപകരം നിയമവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെയാണ് നാമനിർദേശം ചെയ്തത്. വഖഫ് സംരക്ഷണ ചുമതലയുള്ള ‘മുത്തവല്ലി’ പ്രതിനിധിയായി നിയോഗിച്ചത്, നാമനിർദേശ സമയത്ത് മുത്തവല്ലിയല്ലാത്തയാളെ ആണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കാനാണ് സർക്കാർ തീരുമാനം.
അമുസ്‍ലിം അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ ഇപ്പോഴും സർക്കാറിന് അവ്യക്തതയാണുള്ളത്. ഇക്കാര്യത്തിൽ ഹൈകോടതിയിലുള്ള കേസിൽ അന്തിമ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിക്കുന്നത്. ഇതിൽ മുൻ സർക്കാർ എക്സ് ഒഫീഷ്യോ ആയി നിയമിച്ച നിയമവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെ മാറ്റി പകരം റവന്യൂ (എഫ്) വകുപ്പിൽ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയൻറ് സെക്രട്ടറി മദീന ബീഗത്തെ എക്സ് ഒഫീഷ്യോ അംഗമായി ബോർഡിലേക്ക് നാമനിർദേശം ചെയ്ത് സർക്കാർ പ്രത്യേകം ഉത്തരവിറക്കിയിട്ടുമുണ്ട്.
വഖഫ് നിയമത്തിലെ വകുപ്പ് 14 ഡി, എഫ് ഉപവകുപ്പുകൾ പ്രകാരമാണ് രണ്ട് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത്. ഡി ഉപവകുപ്പ് പ്രകാരം ബിസിനസ് മാനേജ്മന്റെ്, സോഷ്യൽ വർക്ക്, ഫിനാൻസ് അല്ലെങ്കിൽ റവന്യൂ, കൃഷി, വികസന പ്രവർത്തനങ്ങൾ എന്നിവയിൽ പ്രഫഷനൽ പരിചയമുള്ള രണ്ട് വ്യക്തികൾ ബോർഡിൽ ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. ഇതിൽ ഒരാളെ ഇതിനകം നിലവിലുള്ള ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ് ഉപവകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള ബാർ കൗൺസിലിൽ നിന്നുള്ള ഒരംഗം ബോർഡിൽ അംഗമായിരിക്കണം.
ഇൗ രണ്ട് ഒഴിവുകളാണ് 11 അംഗ ബോർഡിൽ നികത്തപ്പെടാതെ കിടക്കുന്നത്. ഇൗ രണ്ട് ഒഴിവുകളിലേക്ക് മുസ്‍ലിം അല്ലാത്തവരെ നാമനിർദേശം ചെയ്യാൻ സർക്കാർ തയാറാകുമോ എന്നതാണ് നിർണായകം. വഖഫ് നിയമഭേദഗതിക്കുശേഷം മുസ്‍ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താതെ തമിഴ്നാട് നടത്തിയ ബോർഡ് പുനഃസംഘടനയെ തുടർന്ന് മദ്രാസ് ഹൈകോടതി വഖഫ് ബോർഡിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് തടസ്സം നീക്കിയിരുന്നു. മുസ്‍ലിം അംഗങ്ങൾ അല്ലാത്തവരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തമിഴ്നാട് കേസ് സുപ്രീംകോടതിക്ക് മുമ്പാകെയുണ്ട്. ഇൗ കേസുകളിൽ ഉൾപ്പെടെ തീർപ്പാകുന്നതുവരെ മുസ്‍ലിം അല്ലാത്ത അംഗങ്ങളുടെ നാമനിർദേശം നീട്ടിവെക്കാനാണ് കേരള സർക്കാർ ആലോചിക്കുന്നതും. എന്നാൽ, ഇക്കാര്യത്തിൽ ഹൈകോടതിയുടെ അന്തിമ വിധിയും സർക്കാറിന് നിർണായകമാകും.
വഖഫ് ബോർഡ് പോലുള്ള സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങൾ സർക്കാർ മാറിവന്നാലും കാലാവധി പൂർത്തിയാകുന്ന മുറക്ക് മാത്രമേ പുനഃസംഘടിപ്പിക്കാറുള്ളൂവെന്നും ആ കീഴ്വഴക്കം ഇപ്പോഴത്തെ സർക്കാറും പാലിക്കണമെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായുള്ള വഖഫ് േബാർഡായിരുന്നു നിലവിലുണ്ടായിരുന്നത്.
അന്നത്തെ േബാർഡിനെ 2019ൽ കാലാവധി കഴിയുന്നതുവരെ തുടരാൻ എൽ.ഡി.എഫ് സർക്കാർ അനുവദിച്ചു. അതിനു ശേഷമാണ് പുതിയ ബോർഡ് എൽ.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്തതെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മുൻകാല ബോർഡുകളിൽ എല്ലാം മുത്തവല്ലി ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഭാഗങ്ങളിൽനിന്ന് മുസ്‍ലിം ലീഗിന് എക്കാലത്തും ബോർഡിൽ പ്രാതിനിധ്യമുണ്ടായിരുന്നു.
എന്നാൽ, നിയമ ഭേദഗതിയിലൂടെ ബോർഡ് പൂർണമായും സർക്കാർ നാമനിർദേശം ചെയ്യുന്നതായതിനാൽ മറുപക്ഷത്തുള്ള ആർക്കും പ്രാതിനിധ്യം ഇല്ലാത്ത ബോർഡാണ് നിലവിലുള്ളത്. ഇൗ സാഹചര്യം മറികടക്കാൻ ബോർഡ് പുനഃസംഘടനയാണ് പോംവഴിയായി സർക്കാർ കാണുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.