ക്ഷേമ-വോട്ടർ കരാർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നവീന രീതിശാസ്ത്രം

മതേതരത്വത്തിനും ഉദാര ജനാധിപത്യ മൂല്യങ്ങൾക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ടപ്പെടുന്നു എന്നത് ഒരു വർത്തമാനകാല യാഥാർഥ്യമാണ്. ഇത്തരം മൂല്യങ്ങളെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ജനപിന്തുണ കുറയുന്നത് ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് വികസനത്തിനും സാമൂഹിക നീതിക്കുമപ്പുറം, സർക്കാർ എന്നത് കേവലം ‘അധികാരം’ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ജനങ്ങൾ സർക്കാറിനെ ഭരണകൂടത്തിനപ്പുറം, തങ്ങളുടെ സാംസ്കാരിക-മത ബോധങ്ങളുടെ സാക്ഷാത്കാരമായി കാണുമ്പോഴാണ് ഈ അധികാരം അതിന്റെ പൂർണരൂപത്തിൽ പ്രകടമാകുന്നത്.

ഇന്നിപ്പോൾ പൗരർ എന്ന അസ്തിത്വത്തേക്കാൾ, മതം, ജാതി, അല്ലെങ്കിൽ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിങ്ങനെ വിഘടിതവും സങ്കുചിതവുമായ സ്വത്വബോധത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഒരു രൂപക്ക് അരി നൽകിയാൽ ജനം വോട്ട് ചെയ്യുമെന്ന് എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി എൻ.ടി. രാമറാവു ആന്ധ്രയിൽ തെളിയിച്ചതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന്. പിന്നീട് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം പദ്ധതികൾ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാൻ തുടങ്ങി.

ഒന്നാം യു.പി.എ സർക്കാർ നിയമമായി നടപ്പാക്കിയ ‘ദേശീയ തൊഴിലുറപ്പു പദ്ധതി’ (MGNREGA) മറ്റു ക്ഷേമപദ്ധതികളിൽ നിന്നും വേറിട്ടുനിൽക്കുന്നത് അതിന് നിയമപരിരക്ഷയുണ്ട് എന്നതു കൊണ്ടാണ്. ഭരണകൂടങ്ങൾക്ക് താൽപര്യമില്ലെങ്കിൽക്കൂടി, പിന്നീട് വരുന്ന സർക്കാറുകൾക്ക് അത് ഒഴിവാക്കാനാകില്ല എന്നതാണ് ആ പദ്ധതിയുടെ രാഷ്ട്രീയ പ്രസക്തി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും ഇത്തരമൊരു ചുവടുവെപ്പായിരുന്നു. ക്ഷേമപദ്ധതികൾ നാമമാത്രമാണെങ്കിൽപോലും അവക്ക് നിയമപരിരക്ഷ ഉറപ്പാക്കി എന്നതാണ് ഒന്നാം യു.പി.എ സർക്കാറിന്റെ വിജയം. എന്നാൽ, പിൽക്കാലത്ത് ഒരു ക്ഷേമപദ്ധതിക്കും ഇത്തരത്തിൽ നിയമപരിരക്ഷ ഉറപ്പാക്കാൻ ഭരണകൂടങ്ങൾ തയാറായിട്ടില്ല. ഇതിനു പിന്നിലെ സാമ്പത്തിക-രാഷ്ട്രീയമാണ് വർത്തമാനകാല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സിദ്ധാന്തവും പ്രയോഗവും.

ഉദാഹരണത്തിന്, ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന’ ഒരു സമഗ്ര ക്ഷേമ പാക്കേജായാണ് സർക്കാർ അവതരിപ്പിച്ചത്. നിലവിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി റേഷനുപുറമെ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഗുണഭോക്താക്കൾക്ക് ഇതിലൂടെ നൽകുന്നു. സർക്കാർ കണക്കുപ്രകാരം 81 കോടി ഗുണഭോക്താക്കൾ ഈ പദ്ധതിയിലുണ്ട്. അതുപോലെ, മഹാരാഷ്ട്രയിലെ ‘ലഡ്കി ബഹൻ യോജന- ദരിദ്ര വനിതകൾക്ക് മാസം 1500 രൂപ വരെ നൽകുന്ന ഈ പദ്ധതിയാണ് മഹാരാഷ്ട്രയിൽ എൻ.ഡി.എക്ക് ഭരണത്തുടർച്ച നേടിക്കൊടുത്ത കാരണങ്ങളിലൊന്ന്. എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ച ശേഷം ഈ പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യം കൽപിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നു മാത്രമല്ല, ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അവർ വാദിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ‘മുഖ്യമന്ത്രി മഹിള റോസ്‌ഗാർ യോജന’ പ്രകാരം പതിനായിരം രൂപ വീതം 75 ലക്ഷം സ്ത്രീകൾക്ക് വിതരണം ചെയ്തു-ഇതുണ്ടാക്കിയ ഫലം നമുക്ക് മുന്നിലുണ്ട്.

അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് മാത്രമേ ഇത്തരം പദ്ധതികൾ അപ്പപ്പോൾ നടപ്പാക്കാൻ സാധിക്കൂ എന്നതാണ് ഇതിലെ രാഷ്ട്രീയം. കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്ത ‘എല്ലാവർക്കും അടിസ്ഥാന വരുമാനം’ (Universal Basic Income) എന്ന ആശയത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയതും ഇതുകൊണ്ട് കൂടിയാണ്.

നിയമപരമായ സംരക്ഷണമില്ലാത്ത ക്ഷേമപദ്ധതികൾക്ക് തെരഞ്ഞെടുപ്പിൽ അമിത പ്രാധാന്യം ലഭിക്കുന്നുവെന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, ഈ ചോദ്യം ഉന്നയിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറല്ല. ഈ മാറ്റം പൗരത്വത്തെ തന്നെ സങ്കുചിതമാക്കുന്നു. ഭരണകൂടവും പൗരനും തമ്മിൽ കേവലമൊരു ‘വിപണി ബന്ധം’ (Market Relation) രൂപപ്പെടുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഭരണകക്ഷിക്ക് വോട്ടുചെയ്താൽ മാത്രമേ ഈ പദ്ധതികളുടെ ഗുണഭോക്താവായി തങ്ങൾ മാറൂ എന്ന് പൗരജനങ്ങൾക്ക് തോന്നിത്തുടങ്ങുന്നിടത്താണ് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിജയിക്കുന്നത്. ഇതാണ് ഇന്ത്യയിലെ ‘ഗുണഭോക്തൃ രാഷ്ട്രീയത്തിന്റെ’ (Beneficiary Politics) യാഥാർഥ്യം.

ഇതിലൂടെ ഇന്ത്യൻ ജനാധിപത്യം വോട്ടിനെ ഒരു സാമൂഹിക-രാഷ്ട്രീയ അവകാശത്തിൽനിന്ന് വിപണി ഇടപാടിന്റെ തലത്തിലേക്ക് ചുരുക്കുന്നു. പൗരത്വത്തിന്റെ ആശയം ‘ഗുണഭോക്താവിന്റെ അവകാശം’ എന്ന നിലയിലേക്ക് താഴുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന മൂലധനക്കുറവ്, തൊഴിലില്ലായ്മ, പൊതുസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരം താൽക്കാലിക ക്ഷേമപദ്ധതികൾക്ക് സാധിക്കില്ല. അതിനാൽ, സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ കേവലം പ്രാദേശിക രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് ഇന്ത്യയിലുടനീളം രൂപമെടുക്കുന്ന ‘ക്ഷേമ-വോട്ടർ കരാർ’ (Welfare-Voter Contract) എന്ന പുതിയ രാഷ്ട്രീയ ധാർമികതയുടെ ഭാഗമാണ്.

ജനാധിപത്യ അവകാശങ്ങൾ സർക്കാർ, രാഷ്ട്രീയ പാർട്ടി, അല്ലെങ്കിൽ നേതാവ് നൽകുന്ന ‘ദാനമായി’ മാറുന്നു എന്നതാണ് ഈ താൽക്കാലിക ക്ഷേമരാഷ്ട്ര സങ്കൽപം സൃഷ്ടിക്കുന്ന വലിയ അപകടം. കൂടാതെ ഇത് വലിയ തോതിലുള്ള അധികാര കേന്ദ്രീകരണത്തിനും വഴിവെക്കുന്നു. പ്രതിപക്ഷത്തിന് മാത്രമല്ല, ഇപ്പോൾ ജയിച്ച പാർട്ടികൾക്കും ഈ താൽക്കാലിക ക്ഷേമ സങ്കൽപം ഒരു ബാധ്യതയാണ്; കാരണം ഇതിന് തുടർച്ച ഉറപ്പാക്കുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. ഇവിടെയാണ് ജനാധിപത്യത്തിന്റെ കാതലായ മൂല്യങ്ങൾക്ക് പ്രാധാന്യം കുറയുന്നതും രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതും.

Tags:    
News Summary - Welfare-Voter Contract: A New Methodology of Electoral Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.