ധ​ന​കാ​ര്യ ക​മീ​ഷ​നും കേ​ര​ള​വും നേ​ട്ട​മോ ആ​ശ്വാ​സ​മോ?

ഇന്ത്യ​യി​ലെ ഫെ​ഡ​റ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലെ നി​കു​തി വി​ഭ​ജ​നം. ഈ ​വി​ഭ​ജ​ന​ത്തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​ത് ധ​ന​കാ​ര്യ ക​മീ​ഷ​നു​ക​ളാ​ണ്. 2026-27 ൽ ​പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​ന്ന 16ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്റെ ശി​പാ​ർ​ശ​ക​ൾ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക ഭാ​വി​യി​ൽ പ്ര​തീ​ക്ഷ​ക​ളും ചോ​ദ്യ​ങ്ങ​ളും ഒ​രേ​സ​മ​യം ഉ​യ​ർ​ത്തു​ന്നു.

15ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ കാ​ല​ത്ത് കേ​ര​ള​ത്തി​ന്റെ കേ​ന്ദ്ര നി​കു​തി വി​ഹി​തം 1.92 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​തി​നാ​ലാം ധ​ന ക​മീ​ഷ​ൻ കാ​ല​ത്തു​ള്ള വി​ഹി​ത​മാ​യ 2.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 1.92ലേ​ക്കു​ള്ള കു​റ​വ് വ​ലി​യ ആ​ഘാ​ത​മാ​യി​രു​ന്നു. 16ാം ക​മീ​ഷ​ൻ പ്ര​കാ​രം ഇ​ത് 2.382 ശ​ത​മാ​ന​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​കു​റി പ​രോ​ക്ഷ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം അ​നു​ഭ​വി​ച്ച സം​സ്ഥാ​ന​മാ​യ കേ​ര​ളം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്ക​ത്തി​ലാ​വു​ന്ന​തി​ൽ കേ​ന്ദ്ര​വി​ഹി​ത കൈ​മാ​റ്റ​ങ്ങ​ളു​ടെ കു​റ​വി​ന് വ​ലി​യ പ​ങ്കു​ണ്ട്. എ​ന്നാ​ൽ, 2021-23 കാ​ല​യ​ള​വി​ൽ വ​രു​മാ​ന ക​മ്മി ഗ്രാ​ന്റ് ഉ​ള്ള​തി​നാ​ൽ ഇ​തി​ന്റെ ആ​ഘാ​തം കു​റ​ച്ചൊ​ക്കെ ല​ഘൂ​ക​രി​ക്ക​പ്പെ​ട്ടു. മ​റു​വ​ശ​ത്ത് കേ​ര​ള​ത്തി​ന്റെ നി​കു​തി സ​മാ​ഹാ​ര​ണ​ത്തി​ലും ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്റി​ലു​മു​ള്ള മി​ക​വും ഗു​ണ​ക​ര​മാ​യി വ​ർ​ത്തി​ച്ചു.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷം കേ​ര​ള​ത്തി​ന് കേ​ന്ദ്ര നി​കു​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ക ഏ​ക​ദേ​ശം 36,355 കോ​ടി രൂ​പ​യാ​യി​രി​ക്കും. 2025-26ൽ ​ഇ​ത് ഏ​ക​ദേ​ശം 26,814 കോ​ടി​യാ​യി​രു​ന്നു. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം 10,000-15,000 കോ​ടി രൂ​പ​ക്കി​ട​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

15ാം ധ​ന​കാ​ര്യ ക​മീ​ഷ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ധ​ന കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്ക് മ​തി​യാ​യ പ​രി​ഹാ​ര​മാ​ണോ എ​ന്ന ചോ​ദ്യം നി​ല​നി​ൽ​ക്കു​ന്നു. സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ, ക​ട​ബാ​ധ്യ​ത കൂ​ടി​വ​രു​ന്ന വ​യോ​ജ​ന​സം​ഖ്യ എ​ന്നി​വ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക ഘ​ട​ന​യെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 16ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ മ​റ്റു ഗ്രാ​ന്റു​ക​ൾ ശി​പാ​ർ​ശ ചെ​യ്യാ​ത്ത​ത് തി​രി​ച്ച​ടി​യാ​ണ്.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​കു​തി​ക​ളു​ടെ വി​ഭ​ജ​ന​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന പ​ങ്കി​ട​ൽ ഇ​പ്പോ​ഴും 41:59 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ൾ ഈ ​വി​ഹി​തം 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും, വി​ഹി​തം കു​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ നി​ല​നി​ന്നി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 41 ശ​ത​മാ​നം നി​ല​നി​ർ​ത്തി​യ​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പ​റ​യാം.

എ​ന്നാ​ൽ, ഈ ​വി​ഭ​ജ​ന​ത്തി​ൽ സെ​സ്സ്, സ​ർ​ചാ​ർ​ജ് മു​ത​ലാ​യ കേ​ന്ദ്രം പൂ​ർ​ണ​മാ​യി നി​ല​നി​ർ​ത്തു​ന്ന നി​കു​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്റെ ഫ​ല​മാ​യി, ഔ​പ​ചാ​രി​ക​മാ​യി 41 ശ​ത​മാ​നം വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്രാ​യോ​ഗി​ക​മാ​യി സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന കേ​ന്ദ്ര​നി​കു​തി വി​ഭ​വ​ങ്ങ​ളു​ടെ പ​ങ്ക് ഇ​തി​ലും കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണ്.

ഉ​യ​ർ​ന്ന നി​കു​തി സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ക​സി​ത സം​സ്ഥാ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ദ​ക്ഷി​ണ സം​സ്ഥാ​ന​ങ്ങ​ൾ, അ​വ​രു​ടെ സം​ഭാ​വ​ന​ക്ക് അ​നു​യോ​ജ്യ​മാ​യ വെ​യ്റ്റേ​ജ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും പൂ​ർ​ണ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ സം​സ്ഥാ​ന​ങ്ങ​ൾ ദേ​ശീ​യ നി​കു​തി വ​രു​മാ​ന​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും, തി​രി​കെ ല​ഭി​ക്കു​ന്ന വി​ഹി​തം താ​ര​ത​മ്യേ​ന കു​റ​വാ​ണ്. എ​ന്നി​രു​ന്നാ​ലും,15ാം ധ​ന​കാ​ര്യ ക​മീ​ഷ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, 16ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ക​ട​നം കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യി പ​രി​ഗ​ണി​ക്കു​ന്ന, താ​ര​ത​മ്യേ​ന നീ​തി​പൂ​ർ​ണ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.

നി​കു​തി സം​ഭാ​വ​ന, വി​ക​സ​ന നേ​ട്ട​ങ്ങ​ൾ, ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണം, ഭ​ര​ണ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​ക്ക് സ​മ​ചി​ത​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​സ​മീ​പ​നം ദ​ക്ഷി​ണ സം​സ്ഥാ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ ഭാ​ഗി​ക​മാ​യെ​ങ്കി​ലും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്. എ​ങ്കി​ലും, ഉ​യ​ർ​ന്ന നി​കു​തി സം​ഭാ​വ​ന​യും അ​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക ക്ഷേ​മം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ കൂ​ടു​ത​ലാ​യ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

16ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്റെ സ​മീ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​യ ഒ​രു തു​ട​ക്ക​മാ​യി കാ​ണു​മ്പോ​ഴും, ധ​ന​കാ​ര്യ ഫെ​ഡ​റ​ലി​സ​ത്തി​ന്റെ ആ​ത്മാ​വി​ന് അ​നു​സൃ​ത​മാ​യ കൂ​ടു​ത​ൽ സു​സ്ഥി​ര​വും സ​മ​തു​ലി​ത​വു​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​നി​യും പ്ര​തീ​ക്ഷി​ക്കാം.

(പൊ​തു​ധ​ന​കാ​ര്യ ഗ​വേ​ഷ​ക​യും സാ​മ്പ​ത്തി​ക ശാ​സ്ത്ര അ​ധ്യാ​പി​ക​യു​മാ​ണ് ലേ​ഖി​ക)

Tags:    
News Summary - Is the Financial Commission and Kerala a gain or a relief? -Malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.