കവിത ഒരു മതമാണ്
ഈ മതത്തിലില്ല പുണ്യവും പാപവും
ഇല്ല പ്രവാചകനും സുവിശേഷവും.
കവിതയിൽ വിശ്വസിക്കുന്നവർ
കൂട്ടം ചേരുന്നില്ല മതം മാറുന്നില്ല
വിഗ്രഹമില്ലാത്തതിനാൽ
വിഗ്രഹത്തിന്റെ പേരിൽ കലഹിക്കുന്നില്ല
ക്ഷേത്രമില്ലാത്തതിനാൽ
മറ്റാരുടെയും ക്ഷേത്രം തകർക്കുന്നില്ല.
(കവിത, ഒരു മതം: സച്ചിദാനന്ദൻ)
ഓരോരുത്തരും അവരവരുടെ ആത്മീയത കണ്ടെത്തുകയാണ് വേണ്ടത്. അത് പ്രതിജനഭിന്നവിചിത്രമാവും! പക്ഷേ, അതിനൊരിക്കലും ഏറ്റുമുട്ടാനാവില്ല, എന്തുകൊണ്ടെന്നാൽ ഏതുതരം ആത്മീയതയും ഒരു പരസ്യവും ആവശ്യമില്ലാത്തൊരനുഭൂതി ആയതിനാൽ! ഞാൻ കണ്ടിട്ടുണ്ട്, ഒന്നും പറയാതെ വെറുതെ ഇരിക്കുന്ന മനുഷ്യരെ, അവരുടെ കണ്ണിലെ തിളക്കത്തെ.
ആശിക്കാനില്ലൊരു മന്ദഹാസം എന്ന കിതപ്പിൽനിന്നും, ആശിക്കാനുണ്ടേറെ മന്ദഹാസം എന്നതിലേക്ക് കുതിക്കാനായാൽ, അസഹിഷ്ണുത കുറയും. നിശ്ചിതമായ സാമൂഹികക്രമങ്ങൾക്കും അധികാരവ്യവസ്ഥക്കും അകത്തുവെച്ചാണിതൊക്കെയും സംഭവിക്കുന്നത് എന്നതിനാൽ ഇപ്പറയുന്നതിലൊക്കെയും അതിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും. എന്നാൽ, മനുഷ്യർ എത്ര നിസ്സഹായരാവുമ്പോഴും, അപ്പത്തിനൊപ്പം വചനത്തിൽകൂടിയാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരും ആത്മവിചാരണയുടെ അഗ്നിയിൽ നിരന്തരം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്.
ചീത്തമനുഷ്യരെ അന്വേഷിച്ചു ഞാൻ നടന്നു, കിട്ടിയില്ല. എന്റെ ഉള്ളിലേക്കുനോക്കിയപ്പോൾ എന്നെക്കാൾ ചീത്തയായിട്ട് ആരുമില്ല (കബീർ). കബീർ ഹൃദയം പിളർന്ന് പകുക്കുന്നത് നല്ലത് ചീത്ത എന്നതിനപ്പുറം ഒരു വിനയ വിസ്തൃതിയാണ്. പരിഭ്രമജനകമായ ഒരേകാന്തത. അത് എന്റെ ഓരോ അണുവിലൂടെയും ഹൃദയത്തിന്റെ അകക്കാമ്പ് വരെ എത്തി. അപ്പോൾ എനിക്കോർമ വന്നു. പുരാതനമായ ആദി പൊരുൾ. ഊരും പേരുമില്ലാത്തവരുടെ ഒടുവിലത്തെ ആശ്രയമാണ്, ഈശ്വരൻ. എനിക്കിതെന്നിൽ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. നിന്റെ ഈ മഹാപ്രഭാവം. ഞാൻ വളരെ ചെറിയ ഒരു ജീവിയാണല്ലോ! എനിക്കു വയ്യ. എന്നെ രക്ഷിക്ക് (ബഷീർ). ഞാൻ വളരെ ചെറിയ ഒരു ജീവിയാണല്ലോ എന്ന ആ തിരിച്ചറിവ് അഗാധമാവുമ്പോൾ, സർവരും സ്വന്തമായ വിധത്തിൽ ആത്മീയതയുടെ മധു നുകരും.
ഇത്തിരി പോരും മെയ്യിന്/സർവം പോരാ മാനുഷസത്ത പുലർത്താൻ എന്ന് ഏറെ മുമ്പേ വൈലോപ്പിള്ളി. ‘Eat the best, forget the rest’ എന്ന ശരീരമാത്ര ആസക്തിക്കെതിരെയാണ്, ഭക്ഷണ ആവശ്യകതക്ക് എതിരായല്ല ആ ഇടപെടലെന്ന് വ്യക്തം. വിശപ്പുള്ളിടത്തോളമാണ് ഭക്ഷണം ആവശ്യമാവുന്നതെങ്കിൽ, മനുഷ്യരുടെ ആത്മീയാവശ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന, മാനുഷസത്ത പുലർത്താൻ, താൽക്കാലിക ആശ്വാസങ്ങളെക്കൊണ്ടാവില്ല. അറിഞ്ഞതുമതി, സൗഹൃദം മതി, എന്നതിൽ സ്തംഭിക്കുമ്പോൾ, പട്ടിണിയിലാവുന്നത്, മനുഷ്യരിൽ നിരന്തരസാന്നിധ്യമായി, തങ്ങളുള്ളേടത്തോളം കാലം തുടരേണ്ട, ആത്മീയതയാണ്.
മറ്റെല്ലാം നേടിയിട്ടും ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെ എന്ത്? എന്തിന്? സൂക്ഷ്മാർഥത്തിൽ, സമസ്തതരത്തിലുള്ള ആത്മീയതയും ബന്ധവിസ്തൃതികളുടെയും വൈവിധ്യങ്ങളുടെയും സമാന്തരലോകമാണ്. നാനാതരത്തിലുള്ള ബന്ധവളർച്ചയുടെ മറ്റൊരു പേരുകൂടിയാണ് ആത്മീയത. ശരീരം ഭക്ഷണം കാംക്ഷിക്കുന്നതുപോലെ, ബന്ധങ്ങൾ കാംക്ഷിക്കുന്ന മനസ്സിന്റെയും സർഗാത്മകവും ആപേക്ഷികവുമായ അർഥത്തിൽ ശമനമില്ലാത്ത അസ്വസ്ഥതകളുടെയും, അവസാനങ്ങളില്ലാത്ത ആത്മാന്വേഷണങ്ങളുടെയും അനിവാര്യഭാഗമാണ്, തുടർച്ചയാണ്, തളിർപ്പാണ്, ആത്മീയത. അതൊരർഥത്തിലും ഒരാഡംബരമല്ല, മാനവജീവിതത്തിന്റെ അനിവാര്യതയാണ്. ഒരു വഴിയല്ല പലവഴികളുണ്ട് അതിലേക്കെത്താൻ എന്ന വിനയമാണ് വികസിപ്പിക്കേണ്ടത്. അതിനുപകരം, ഇത്രമാത്രം, അതുമാത്രം എന്ന തർക്കങ്ങൾക്കിടയിൽ മാത്രമായി അകപ്പെട്ടാൽ, വിവരം കൂടാൻ സാധ്യതയുണ്ടെങ്കിലും ആത്മീയത തളിർക്കില്ല! ബഹുസ്വരനിഷേധിയും അധികാരകേന്ദ്രിതവുമായ തർക്കത്തിൽ, സർവം തകർക്കുന്നതിൽ ആഹ്ലാദിക്കുന്ന പ്രച്ഛന്നഹിംസയാണ് പ്രവർത്തിക്കുന്നത്. അതാവശ്യപ്പെടുന്നത്, സ്വയംബോധ്യത്തിന്റെ ബലിയാണ്.
അപരബലിയല്ല അഗാധകരുണയാണ്, നിസ്സഹായരുടെ തലയിൽ കാലെടുത്തു വെക്കാനല്ല, അവരുടെ കാൽ കഴുകാനാണ്, മഹാത്മാബുദ്ധൻ, യേശുദേവൻ, മുഹമ്മദ്നബി, ശ്രീനാരായണഗുരുദേവൻ എന്നിവർ അധികാരശക്തികളോട് ആവശ്യപ്പെട്ടത്. താഴെയുള്ളവർ മുകളിലുള്ളവരുടെ കാലു കഴുകുന്ന വിധേയ പാദപൂജയല്ല; മുകളിലുള്ളവർ താഴെയുള്ളവരുടെ ജീവിതം തിരിച്ചറിയുന്ന, അവരുടെ കാല് കഴുകുന്ന വിനീത പാദപ്രിയതയാണവരൊക്കെ പലപ്രകാരങ്ങളിൽ മുന്നോട്ടുവെച്ചത്. ഭൗതികതയിലായാലും ആത്മീയതയിലായാലും നീതിതന്നെയാണ് നേതൃത്വം വഹിക്കേണ്ടത്. തെളിവുകൾ ഉണ്ടെങ്കിലും അവ പിന്നീട് പിറകെ വന്നാലും ഇനി ഇല്ലെങ്കിൽപോലും!
സത്യം ശ്വസിച്ചും
സമത്വമാർന്നും
സ്നേഹസത്തു നുകർന്നും
കൃതാർഥരായി
സദ്ധർമത്തൂടെ ചരിക്കട്ടെ മാനവ-
രിദ്ധര സ്വർഗമായിത്തീർന്നിടട്ടേ
എന്ന് ‘സ്വാതന്ത്ര്യഗാഥ’ എന്ന കവിതയിൽ ആശാൻ സംഗ്രഹിച്ചത്, ആത്മീയനിർവൃതിയുടെ തത്ത്വമാണ്. വൃക്ഷങ്ങളൊരിക്കലും ഫലങ്ങൾ ഭുജിക്കില്ല/ സംഭരിക്കില്ല നദിജലവും തനിക്കായി/ ലോകത്തിൽ സേവക്കായിട്ടിതുപോൽ സന്യാസികൾ ജനിക്കും/ അവർക്കെന്നും ജീവിതം പരസേവ എന്ന് കബീർ പാടിയപ്പോഴും, ചിനു അച്ചബെ ‘സർവം ശിഥിലമാകുന്നു’ എന്ന പ്രശസ്ത നോവലിൽ അനശ്വരമാക്കിയ, ഉച്ചണ്ടുവിന്റെ, പണമല്ല, കൂടുതൽ ബന്ധുക്കളുണ്ടാവാൻ അപേക്ഷിക്കുന്ന പ്രാർഥനയിലും, ഇടശ്ശേരി സാക്ഷ്യപ്പെടുത്തിയ, നാനാജഗമ്മനോരമ്യഭാഷയിലും, തുളുമ്പുന്ന, കാവ്യാത്മക അനുഭൂതി, സൗന്ദര്യശാസ്ത്രം സൃഷ്ടിച്ച, ആത്മീയതയാണ്. മതരഹിത ആത്മീയതയെ സംബന്ധിച്ചിടത്തോളം, എന്തിനെയും സൗന്ദര്യപ്രയോഗത്തിലേക്ക് പരിഭാഷപ്പെടുത്താൻ സാധാരണഗതിയിൽ പ്രയാസമുണ്ടാവില്ല. എന്നാൽ, മതങ്ങൾ യാഥാസ്ഥിതികമായാൽ, അതായത്, അതിനകത്തുതന്നെ വികസിച്ചുവന്ന പ്രവാചക-നവോത്ഥാന-വിമോചന ദൈവശാസ്ത്ര കാഴ്ചപ്പാടുകളെ കൈയൊഴിക്കുന്ന മുറക്ക് അവർക്ക്, കാവ്യാത്മക അനുഭൂതി നഷ്ടമാവും.
അക്ഷര വായന പൊരുൾ വായനയിലേക്ക് വളരാതിരുന്നാൽ, മതഗ്രന്ഥങ്ങളിലെ ആത്മീയപ്രകാശം അസ്തമിക്കും. ആചാരനുഷ്ഠാനങ്ങളിൽ മതം നിർബന്ധംപിടിക്കുന്നതുകൊണ്ടല്ല, അതിൽമാത്രം ആരംഭിച്ച് അതിൽതന്നെ അവസാനിക്കുന്നതുകൊണ്ടാണ് ഈയൊരു വൻനഷ്ടം അതിനു വന്നുചേരുന്നത്. സർവർക്കും സ്വർഗം വാഗ്ദാനം ചെയ്യുമ്പോഴല്ല, സങ്കൽപത്തിലെങ്കിലും എത്ര പ്രയാസങ്ങൾക്കും പരിമിതികൾക്കുമിടയിലും സ്വയമൊരു സ്വർഗമായി മാറാൻ ഓരോ മനുഷ്യനും ശ്രമിക്കുമ്പോൾ, അവർക്കുള്ളിലാളുന്ന അപരവിദ്വേഷത്തിന്റെ നരകത്തീ അതോടെ അണയും. അല്ലാഹുവിന്റെ തൊണ്ണൂറ്റി ഒമ്പത് നാമങ്ങളിൽ ഒന്ന്, അൽമുഖ്സിത്വ അഥവാ നീതി നടപ്പാക്കുന്നവൻ എന്നാണ്. ഇമാം ഗസ്സാലി അതിനു നൽകുന്ന വിശദീകരണത്തിൽ തുളുമ്പുന്നത്, മത-മതരഹിത മതേതര ആത്മീയതയാണ്.
പ്രശസ്ത തത്ത്വചിന്തകനായ ഗസ്സാലിയുടെ വിശദീകരണം ഇങ്ങനെ: അക്രമത്തിന് വിധേയനായവന് അക്രമിയിൽനിന്ന് നീതിയും അവകാശവും നേടിക്കൊടുക്കുന്നവനാണ് അൽമുഖ്സ്വിത്. അക്രമിക്കപ്പെട്ടവനെയെന്നപോലെ അക്രമിയെയും തൃപ്തിപ്പെടുത്തുകയെന്ന അസാധ്യമായ കാര്യം അല്ലാഹുവിന് മാത്രമേ കഴിയൂ. ഒരിക്കൽ പ്രവാചകൻ എന്തോ ആലോചിച്ച് ചിരിച്ചുപോയി. ഉമർ(റ) ചോദിച്ചു. പ്രവാചകനെ അങ്ങ് ചിരിക്കാൻ കാരണം? നബി(സ്വ): എന്റെ സമുദായത്തിലെ രണ്ടാളുകൾ അല്ലാഹുവിന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു. അവരിൽ ഒരാൾ സങ്കടപ്പെടുന്നു. നാഥാ എന്നിൽനിന്ന് ഇയാൾ പിടിച്ചുപറ്റിയ എന്റെ അവകാശം വാങ്ങിത്തരണേ. അല്ലാഹു (അക്രമിയോട്): നിന്റെ ഈ സഹോദരന്റെ അവകാശം തിരിച്ചുകൊടുക്കൂ. അക്രമി: അതിന് എന്റെ നന്മകൾ തീർന്നുപോയല്ലോ. എന്തുചെയ്യും? അല്ലാഹു (സങ്കടക്കാരനോട്): നിന്റെ സഹാദരന്റെ നന്മകളൊന്നും ബാക്കിയില്ല. എന്തുചെയ്യും? സങ്കടക്കാരൻ: നാഥാ, എന്റെ പാപങ്ങൾ അയാൾ ഏൽക്കട്ടെ. ഇത് പറഞ്ഞപ്പോൾ നബി (സ്വ) കരഞ്ഞുപോയി.
ഗദ്ഗദത്തോടെ പറഞ്ഞു: അത് അതിഭയാനകമായൊരു ദിവസംതന്നെ. തങ്ങളുടെ പാപങ്ങൾ മറ്റുള്ളവരെക്കൊണ്ട് വഹിപ്പിക്കേണ്ടി വരുന്ന ദിവസം. അല്ലാഹു(സങ്കടക്കാരനോട്): അതാ അങ്ങോട്ട് നോ ക്കൂ, സ്വർഗത്തിലേക്ക്. സങ്കടക്കാരൻ: നാഥാ, ഹായ്, രജതനഗരങ്ങൾ, രത്നം പതിച്ച കനകക്കൊട്ടാരങ്ങൾ ഏതെങ്കിലും പരമസത്യവാനോ രക്തസാക്ഷിക്കോ ഒരുക്കിവെച്ചതായിരിക്കും, ആരാണാ ഭാഗ്യവാൻ? അല്ലാഹു: അതിന്റെ വില കൊടുക്കുന്ന ആൾക്ക്. നാഥാ ഇത്രയും വില ആരുടെ പക്കൽ ഉണ്ടാകും? നിന്റെയടുത്തുണ്ട്. എന്റെയടുത്തോ, അതെങ്ങനെ? നിന്റെ ഈ സഹോദരന് മാപ്പ് നൽകൂ. എങ്കിലതിന്റെ വിലയായി. നാഥാ, ഞാനിതാ അയാൾക്ക് മാപ്പുനൽകുന്നു. ശരി, നിന്റെ സഹോദരന്റെ കൈ പിടിച്ചുകൊണ്ട് രണ്ട് പേരും സ്വർഗത്തിലേക്ക് കടന്നോളൂ. ദാസന് നീതിലഭിക്കാൻ സൗകര്യമുണ്ടാക്കണം, തന്നിൽനിന്ന് മറ്റുള്ളവർക്ക്.
പിന്നെ മറ്റുള്ളവരിൽനിന്ന് മറ്റുള്ളവർക്ക്. അവസാനമായി മറ്റുള്ളവരിൽനിന്ന് തനിക്ക്. എങ്കിൽ അയാൾ വലിയ നീതിമാനായി. ഇത്രയും വിശദമായി മഹാനായ ഗസ്സാലിയെ ഉദ്ധരിച്ചത്, നീതി ബലിയല്ല കരുണയാണെന്ന യേശുദേവന്റെ മുമ്പേ പരാമർശിച്ച കാഴ്ചപ്പാട് ദൃഢപ്പെടുത്താനാണ്. കുറ്റവാളിയെമാത്രം കണ്ടാൽ പോരാ. കുറ്റം നടന്നുവരുന്ന വഴികൾകൂടി കാണണം എന്നോർമിപ്പിക്കാനാണ്. സ്വത്ത് മുഴുവൻ പല കാരണങ്ങളാൽ നഷ്ടമായവരെയാണ് പൊതുവിൽ, പാപ്പർ എന്ന് പറയുന്നത്. എന്നാൽ മുഹമ്മദ് നബി അതിനെ അത്ഭുതപ്പെടുത്തുംവിധം അപനിർമിച്ചതും ഈയൊരു സന്ദർഭത്തിൽ ഓർമിക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞത് എന്റെ സമുദായത്തിൽ, പാപ്പർ സ്വത്ത് നഷ്ടമായവരല്ല. അവർ നല്ല ഭക്തരായിരിക്കും. സർവ അനുഷ്ഠാനങ്ങളും തെറ്റാതെ നിർവഹിച്ചിരിക്കും. എന്നാൽ, മറ്റുള്ളവരോട് വിദ്വേഷം പുലർത്തിയിരിക്കും. വിചാരണനാളിൽ അവനവന്റെ വെറുപ്പിനിരയായവർക്ക് അവന്റെ പുണ്യം വീതിച്ചുനൽകും. അത് തീർന്നാൽ അവന്റെ വിദ്വേഷത്തിന് പാത്രമായവരുടെ പാപം അവന്റെ മേൽ ചാർത്തും! ഭൗതികയുക്തിയുടെ തലംവിട്ട് ധാർമിക ഔന്നത്യത്തിലേക്കുള്ള നൈതികതയുടെ ഈ വിധമുള്ള സവിശേഷമായ ഉയിർത്തെഴുന്നേൽപുകൂടിയാണ്, ആവണം മതാത്മക ആത്മീയത. പലപ്പോഴും അതിന് ആവിധം ആവാൻ കഴിയാറില്ലെങ്കിലും!
ഓരോ ദിവസവും പരിപൂർണമായും അവനവനെ പുതുക്കുക, വീണ്ടും അതുതന്നെ ചെയ്യുക, അതുതന്നെ എന്നും ചെയ്യുക എന്ന് തോറോ. സ്വന്തം മുന്നിൽ നല്ലവരാകുവാനായി നിരന്തരം സ്വന്തത്തോട് മൽപിടിത്തം നടത്തുക, ഒരു കണ്ണാടിക്കും ദൃശ്യപ്പെടുത്താനാവാത്ത സ്വന്തം അദൃശ്യതകളോട് അഭിമുഖമാവുക, മരണം ജീവിതത്തിനും, ജീവിതം മരണത്തിനും പകുത്തുനൽകുക. വിധിക്കും ആസൂത്രണത്തിനുമപ്പുറമുള്ള ഒരതിവർത്തനത്തിലേക്ക് തുളുമ്പുക. മത-മതരഹിതഭേദമന്യേ അതോടെ, ആത്മീയത ആർക്കും അനുഭവവേദ്യമാവും. സ്വയം വിശ്വസ്തനായിരിക്കുക എന്നത് ജീവിതത്തിലെ പ്രഥമവും സത്യസന്ധതയുള്ളതുമായ കാര്യമാണ്. ഇതുമൂലം വ്യക്തി മറുകര കാണാൻ കഴിവുള്ളവനായിത്തീരുന്നു എന്ന് ഗുലാബ് കോത്താരി. പല വിഭാഗത്തിൽപെട്ട മതവിശ്വാസികൾ അവരുടെ വിശ്വാസങ്ങളിലമർന്ന് സ്വയം ആഴത്തിലറിഞ്ഞ് അപരവിദ്വേഷമുക്തമാവുമ്പോൾ, മതനിരപേക്ഷ കാഴ്ചപ്പാട് മുൻ ഉദാഹരണങ്ങളിൽ വ്യക്തമാക്കിയപോലെ സ്വാംശീകരിച്ചാൽ മതേതര-ആത്മീയത ഇന്ന് നേരിടുന്ന പ്രായോഗിക പ്രയാസങ്ങൾ അവസാനിക്കും.
ഒരുറുമ്പും
ഒരുറുമ്പല്ല
സ്വയമറിഞ്ഞാൽ
ഒരാനയും ഒരാനയല്ല
സ്വയമറിയാതിരുന്നാൽ
(പി.കെ. പാറക്കടവ്).
വ്യക്തിതലത്തിൽ മറ്റ് പലതിനുമൊപ്പം സ്വയം ആഴത്തിലറിയലാണ്, അനുഭൂതിപ്പെടലാണ്, ആത്മീയത. സകലമാന മനുഷ്യർക്കും, അവർ മനുഷ്യരായിരിക്കുമ്പോൾ അനുഭവിക്കാനാവുന്നതിനപ്പുറമുള്ള ഒരുത്ഭുതവും അതിലില്ല. തന്നിൽ ഒതുങ്ങാതിരുന്നാൽ മാത്രം മതി, നീതിയിൽ പടരാനുള്ള അവസരമൊന്നും പാഴാക്കാതിരുന്നാൽ മതി, ഞാൻ ഞാൻ എന്ന അഹംമാത്രവാദത്തിന്റെ ഇരുളിൽ ആഴാതിരുന്നാൽ മാത്രം മതി, സങ്കുചിതത്വത്തിന്റെ ചതുപ്പുനിലങ്ങളിൽ നിന്നും പുറത്തുകടന്നാൽ മാത്രം മതി, മതേതര ആത്മീയത പലവഴികളിലൂടെ വന്നുചേരാൻ!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.