??.??. ?????? ?????? ???????????? ???????? ??????????

വാരിയൻകുന്നനും സ്വാതന്ത്ര്യസമരവും ഒറ്റുകാരെന്തിന് ഭയക്കുന്നു? 


1920കളുടെ തുടക്കത്തിൽ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്​​പ്രസ്ഥാനവുമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​​െൻറ ഭാവവും ഭാഷയും. കേരളത്തിലും ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ നേതൃത്വത്തിൽ ഇരു മുന്നേറ്റങ്ങളും സജീവമായിരുന്നു. മലബാറിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപിന് ദേശീയ വ്യവഹാരത്തിൽ നല്ലൊരു ഇടംകൊടുക്കുമാറ് ഖിലാഫത്​​ പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും പ്രാധാന്യം കൈക്കൊണ്ടു. മഹാത്മ ഗാന്ധി അടക്കമുള്ള ഖിലാഫത്​​ പ്രസ്ഥാനനേതൃത്വം മലബാറിലെത്തി വ്യാപകമായ ജനകീയ യോഗങ്ങളും മറ്റും സംഘടിപ്പിച്ചു. അതോടെ, ടിപ്പുസുൽത്താ​​െൻറ മൈസൂർ രാജ്യം പരാജയപ്പെട്ട ശേഷം പരാധീനതകളുടെ പടുകുഴിയിലേക്കു വീണ മലബാറിലെ സാധാരണക്കാർ  ബ്രിട്ടീഷുകാർക്കെതിരെ നടത്തിവന്ന ചെറുത്തുനിൽപുകൾക്ക് അനിതരസാധാരണമായ ശക്തി കൈവന്നു. മലബാർ ദേശീയപ്രസ്ഥാനത്തി​​െൻറ ശ്രദ്ധാകേന്ദ്രമായി മാറാൻ കുറഞ്ഞ നാളുകളേ വേണ്ടിവന്നുള്ളൂ. അത്രമേൽ സ്വീകാര്യതയാണ് ഗാന്ധിക്കും അദ്ദേഹം മുന്നോട്ടുവെച്ച നിസ്സഹകരണ-ഖിലാഫത്​ പ്രസ്ഥാനങ്ങൾക്കും ലഭിച്ചത്. 

ഒരുപക്ഷേ, ബ്രിട്ടീഷ്​ കോളനികളുടെ എക്കാലത്തെയും ചരിത്രത്തിൽ അവർക്കേറ്റവും കൂടുതൽ തലവേദനയുണ്ടാക്കിയത് 1920കളുടെ തുടക്കത്തിലെ മലബാറായിരിക്കും. അവകാശത്തിനും ആത്മാഭിമാനത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങളിൽ മലബാറിലെ സാധാരണക്കാരായ മാപ്പിളമാരും അവരോട് ചേർന്നുനിന്നവരും നടത്തിയ പോരാട്ടം ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഖിലാഫത്​​ പ്രസ്ഥാനം ഏറെ ശ്രദ്ധനേടുകയും ജനകീയമാവുകയും ചെയ്‌ത കാലത്ത് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മറ്റും മുന്നേറ്റങ്ങൾക്ക് മണ്ണിൽ ചവിട്ടിനിന്ന് നേതൃത്വം നൽകിയ മഹാനായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 

മലബാറിലെ സമരമുന്നേറ്റങ്ങളെ ലഹള, കലാപം എന്നിങ്ങനെ ആദ്യം പ്രയോഗിച്ചത് സ്വാഭാവികമായും ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാർതന്നെ. 1857ലെ പ്രൗഢോജ്ജ്വലമായ ഒന്നാം സ്വാതന്ത്ര്യസമരത്തെ വെറും ശിപായി ലഹളയെന്ന് പരിഹസിച്ച അതേ രീതിശാസ്ത്രംവെച്ച്​ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തെ മതലഹളയും കലാപവുമാക്കുകയായിരുന്നു. ഭരണകൂടത്തി​​െൻറ അതേ ഭാഷ അന്നത്തെ ദേശീയമാധ്യമങ്ങളും ചരിത്രകാരന്മാരും ആവർത്തിച്ചു. ഗാന്ധിയും അംബേദ്കറുംവരെ ബ്രിട്ടീഷ്-ജന്മി ആഖ്യാനങ്ങളെയാണ് വിശ്വസിച്ചത്. 

നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്​ പ്രസ്ഥാനവും അഹിംസാധിഷ്ഠിത സമരപദ്ധതിയാണെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രിട്ടീഷുകാർ ബീഭത്സമായ മർദനമുറകളിലൂടെയും വൃത്തിഹീനമായ പ്രകോപനപരിപാടികളിലൂടെയും അഹിംസ കരാർ തെറ്റിക്കുന്നതിൽ വിജയിച്ചു. മലബാറിൽ സായുധപ്രതിരോധങ്ങൾ ഉണ്ടായി. പിറന്ന നാട്ടിൽ വിദേശികൾ നടത്തുന്ന ക്രൂരഭരണത്തിനെതിരെ പോരാടാൻ വിശ്വാസത്തിലും വലിയ ആയുധം അവരുടെ പക്കലുണ്ടായിരുന്നില്ലെന്ന് പഴമക്കാർ കൈമാറിയ അനുഭവങ്ങളാണ് സാക്ഷ്യം. തുർക്കി കേന്ദ്രമായ ഉസ്മാനിയ ഖിലാഫത്​ ഇല്ലാതാക്കിയ ബ്രിട്ടീഷുകാർക്ക് ഇസ്​ലാം മതത്തിനോട് കടുത്ത ശത്രുതയുണ്ടെന്ന് മുസ്​ലിംകൾ സംശയിച്ചിരുന്നു. 

തിരൂരങ്ങാടി പള്ളിയടക്കം പല പള്ളികളും ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചെന്ന വാർത്ത പരന്നതോടെയാണ് സമരം കൊടുമ്പിരിക്കൊണ്ടത്. ആലി മുസ്​ലിയാരുടെയും വാരിയൻകുന്ന​​െൻറയും നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കും ആശ്രിതർക്കുമെതിരെ ഗറില മുറകളിലൂടെ ആക്രമണങ്ങൾ നടന്നു. കാലങ്ങളായി മലബാറിലുണ്ടായിരുന്ന ജന്മി-കുടിയാൻ സംഘർഷങ്ങളും ഈ സമരത്തിൽ കനത്തു. കർഷകരും സാധാരണക്കാരുമായിരുന്നു ബ്രിട്ടീഷുകാരുടെ എതിർപക്ഷത്ത്. ജന്മിമാർ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് മാപ്പിളമാരെ അടിച്ചമർത്താൻ എല്ലാ ശ്രമവും നടത്തി. 1920ൽ കട്ടിലശ്ശേരി മുഹമ്മദ് മുസ്​ലിയാരുടെയും എം.പി. നാരായണ മേനോ​​െൻറയും നേതൃത്വത്തിൽ കുടിയാൻസംഘവും നിലവിൽവന്നിരുന്നു. സവർണ ജന്മിമാരും ദലിതുകളും മാപ്പിളകളുമായ കുടിയാന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും നടന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരുടെ അടുത്ത ആശ്രിതരായ പല ജന്മിമാർക്കും കനത്ത തിരിച്ചടിയുണ്ടായി. അന്നത്തെ ജന്മിമാരിൽ ഭൂരിഭാഗവും സവർണ ഹിന്ദുക്കളായിരുന്നതിനാൽ ബ്രിട്ടീഷുകാർക്കൊപ്പം നാശങ്ങളേറ്റത് കൂടുതലും ഹിന്ദുക്കൾക്കായിരിക്കണം. എന്നാൽ, മുസ്​ലിംകളായ ബ്രിട്ടീഷ്പക്ഷ ജന്മിമാരെയും അധികാരികളെയും പ്രമാണികളെയും വാരിയൻകുന്ന​​െൻറ പട്ടാളം വകവരുത്തിയിരുന്നു. 

സമരം അഹിംസദർശനങ്ങളിൽനിന്ന് അകന്നുപോയതു കണ്ട ഗാന്ധി മലബാർ സമരത്തെ അപലപിച്ചു. ചൗരിചൗരാ സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനം പിരിച്ചുവിട്ട പിൽക്കാല സംഭവംപോലെ മലബാറിലെ സായുധസമരവും മഹാത്മാവിനെ വേദനിപ്പിച്ചുകാണണം. സുഭാഷ് ചന്ദ്രബോസും മഹാത്മ ഗാന്ധിയും സമരമുറകളെ സംബന്ധിച്ച് വ്യത്യസ്ത ധ്രുവങ്ങളിൽ നിലയുറപ്പിച്ചത് ഇവിടെ ചേർത്തുവായിക്കേണ്ടതാണ്​. സമരത്തിന് വർഗീയസ്വഭാവമുണ്ടായിരുന്നു എന്ന ഗാന്ധിയുടെയും അംബേദ്കറി​​െൻറയുമെല്ലാം നിരീക്ഷണങ്ങൾ നേരത്തേ പറഞ്ഞതുപോലെയേ കാണേണ്ടതുള്ളൂ. കേരളത്തിലെ കോൺഗ്രസ് നേതാക്കളായിരുന്ന കെ.പി. കേശവമേനോൻ, മാധവമേനോൻ, കെ. കേളപ്പൻ തുടങ്ങിയവരും വിവിധ കാരണങ്ങളുടെ പേരിൽ സമരത്തെ തള്ളിപ്പറഞ്ഞു. തട്ടാങ്കര കുട്ട്യാമു​ മുസ്‌ലിയാർ അടക്കമുള്ള ചില മുസ്​ലിംപണ്ഡിതരും ബ്രിട്ടീഷ് സാമ്രാജ്യംപോലെ വ്യവസ്ഥാപിത ഭരണക്രമമുള്ള  വലിയ ശത്രുവിനെ നേരിടുന്നത് ഉചിതമല്ലെന്നതിനാൽ സമരത്തെ എതിർത്തിരുന്നു. 

എന്നാൽ, വർഗീയമായ ഏതെങ്കിലും തരത്തിലുള്ള അനിഷ്​ടസംഭവങ്ങൾ സമരത്തിനുണ്ടായിരുന്നില്ല. ആലി മുസ്​ലിയാരോ വാരിയൻകുന്നത്ത്​ ഹാജിയോ ഒരിക്കൽപോലും സമരശത്രു ഹിന്ദുക്കളാണെന്നു പറഞ്ഞില്ല. മാത്രവുമല്ല, അവർക്കൊപ്പം കാപ്പാട് കൃഷ്ണൻ നായരും നാരായണൻ നമ്പീശനും ഉണ്ണീൻകുട്ടി അധികാരിയും ഉണ്ടായിരുന്നു. എതിർപക്ഷത്ത് ആമു അടക്കമുള്ള മുസ്​ലിംകളും. ഹിന്ദുക്കൾക്കെതിരെ എന്ന നിലക്കുണ്ടായ ചില സംഭവങ്ങൾ ശ്രദ്ധയിൽപെട്ട സമരനേതൃത്വം അത്തരം കാര്യങ്ങൾ ചെയ്യുന്ന സ്വാർഥതാൽപര്യക്കാരെ ശിക്ഷിക്കുകയും നാശനഷ്​ടങ്ങൾ പരിഹരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. സമരത്തി​​െൻറ മറവിൽ ഹിന്ദുക്കൾ എന്ന നിലക്ക് ആരെയും ആക്രമിക്കുക ലക്ഷ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയും ഗാന്ധിയുടെയും മൗലാനാ അലി സഹോദരന്മാരുടെയും തെറ്റിദ്ധാരണകൾ മാറണമെന്ന് അഭ്യർഥിച്ചും അന്നത്തെ ‘ദ ഹിന്ദു’ പത്രാധിപർക്ക് വാരിയൻകുന്നൻ കത്തെഴുതിയിരുന്നു.

ബ്രിട്ടീഷുകാരുടെ അധികാരവ്യവസ്ഥകളെ വെല്ലുവിളിച്ച്​ സമാന്തര ഭരണക്രമം സ്ഥാപിച്ചു എന്നത് ലോകചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത അധിനിവേശ പോരാളിയാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് വ്യക്തമാക്കുന്നു. നിലമ്പൂർ ആസ്ഥാനമായി ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഭാഗങ്ങൾ ചേർത്ത് വാരിയൻകുന്നൻ സ്ഥാപിച്ച ‘മലയാളരാജ്യം’ ഒരു സാധാരണ വെൽഫെയർ സ്​റ്റേറ്റ് ആയിരുന്നു. ഹിച്കോക്കിനെപ്പോലുള്ള കൊളോണിയൽ ചരിത്രകാരന്മാർ വക്രീകരിച്ചെഴുതിയതുപോലെ  മുസ്​ലിംകൾക്കു മാത്രമായുള്ള ഒരു ഇസ്​ലാമിസ്​റ്റ്​ സ്​റ്റേറ്റ് ആയിരുന്നില്ല അത് (മുഹമ്മദ് നബിയുടെ രാഷ്​ട്രദർശനങ്ങളിൽ അധിഷ്ഠിതമായി സ്ഥാപിക്കപ്പെട്ട ഇസ്​ലാമിക രാഷ്​ട്ര വ്യവസ്ഥിതികൾ സർവമതക്കാർക്കും ഇടംനൽകിയ ബഹുസ്വര രാഷ്​ട്രസങ്കൽപമായിരുന്നു എന്ന ചരിത്രവസ്തുതകൾ വിസ്മരിച്ച് തീവ്ര ഇസ്​ലാമിസ്​റ്റ്​ സങ്കൽപങ്ങളുടെ ചുവടുപിടിച്ച് ആധുനിക ലോകത്ത് കാണപ്പെടുന്ന ഇസ്​ലാമിസ്​റ്റ്​ സ്​റ്റേറ്റുകളെയും ഇതര സംവിധാനങ്ങളെയും ദ്വന്ദ്വവത്കരിച്ചുള്ള ചർച്ചകൾതന്നെ നീതിയാവില്ല എന്നതും കൂട്ടിവായിക്കണം). വാരിയൻകുന്ന​​െൻറ ഭരണക്രമം കർഷകക്ഷേമവും ബ്രിട്ടീഷ് വിരോധവും മുഖ്യമായി കണ്ടു. ബ്രഹ്​മദത്തൻ നമ്പൂതിരിപ്പാടി​​െൻറ ഖിലാഫത്​ ഓർമകളിൽ മലബാർസമരം ഹിന്ദു-മുസ്​ലിം ഐക്യത്തി​​െൻറ പോരാട്ടമായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്​ലിംകളും ഒരുമിക്കാതെ പിറന്നനാടിന് മോചനം സാധ്യമല്ലെന്ന് വാരിയൻകുന്നൻ ഉറച്ചുവിശ്വസിച്ചിരുന്നു.

1843ൽ ചേറൂരിലും 1849ൽ മഞ്ചേരിയിലും ബ്രിട്ടീഷുകാർക്കും മർദകവ്യവസ്ഥക്കുമെതിരെ പോരാടിയ ദേശാഭിമാനികളുടെയും രക്തസാക്ഷികളുടെയും ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിച്ചതി​​െൻറ പേരിൽ 1854ൽ മക്കയിലേക്ക് നാടുകടത്തപ്പെട്ട മമ്പുറം ഫസൽ തങ്ങളുടെയും അതേ വർഷം നടപ്പാക്കിയ മാപ്പിള ഔട്ട്റേജസ് ആക്ടി​​െൻറ ബലത്തിൽ അന്തമാനിലേക്കും ബർമയിലേക്കും നാടുകടത്തപ്പെട്ട പോരാളികളുടെയും ഓർമകളിൽ വാരിയൻകുന്ന​​െൻറ സമരം തീയായി പടർന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ വിന്യസിക്കപ്പെട്ടിരുന്ന നല്ലൊരു വിഭാഗം സൈനികരെയും മലബാറിലേക്ക് മാറ്റി വിന്യസിച്ചു. സമരം ക്രൂരമായി അടിച്ചമർത്തപ്പെട്ടു. ഇതിനിടയിൽ ബ്രിട്ടീഷുകാർ ധാരാളം കൊള്ളയും കൊള്ളിവെപ്പും നടത്തി. ഹിന്ദു-മുസ്​ലിം സംഘട്ടനത്തിന് വഴിയൊരുക്കാനുള്ള എല്ലാ കുത്സിത ശ്രമങ്ങളും നടന്നു.
മലബാർ സമരം മലബാറി​​െൻറ പിൽക്കാല ചരിത്രത്തിൽ ഏറ്റവും വലിയ ആഘാതമായി പരിണമിച്ചിരുന്നു. വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടം എന്നതിനപ്പുറം ആയിരക്കണക്കിന് കുടുംബങ്ങൾ അസ്ഥിരപ്പെടാൻ സമരകാലത്തും പിന്നീടും ബ്രിട്ടീഷുകാർ നടത്തിയ അക്രമപരമ്പരകളും കാരണമായി. എന്നിട്ടും മലബാറിൽ ഇന്നും ആ സമരകാലം ആത്മാഭിമാനത്തി​​െൻറയും സ്വദേശാഭിമാനത്തി​​െൻറയും ജ്വലിക്കുന്ന ഓർമകളാണ്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നത് ആ പോരാട്ടസ്മരണകളുടെ ഓർമപുതുക്കലാവും. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ ഒറ്റുകാരുടെയും ചതിയന്മാരുടെയും മാത്രം പേരുകളുള്ളവർ വാരിയൻകുന്ന​​െൻറ പാരമ്പര്യത്തിനുനേരെ അസൂയപ്പെടുന്നത് സ്വയം പരിഹാസ്യരാവാനേ വഴിവെക്കൂ. കീഴടങ്ങുന്നെങ്കിൽ ഉപദ്രവിക്കില്ലെന്നും മക്കയിലേക്ക് പലായനം ചെയ്യാൻ സൗകര്യം ചെയ്യാമെന്നും പ്രലോഭിപ്പിച്ച ബ്രിട്ടീഷുകാരോട് ‘‘മക്ക എനിക്ക് ഇഷ്​ടമാണ്. പക്ഷേ, ഏറനാടിനുവേണ്ടി പോരാടി മരിക്കുന്നത്രയും പ്രിയം വേറെയില്ല’’ എന്നായിരുന്നു വാരിയൻകുന്ന​​െൻറ മറുപടി. ഒടുവിൽ കോട്ടക്കുന്നി​​െൻറ ചരിവിൽ കണ്ണുകെട്ടി പിറകിൽനിന്ന് വെടിവെച്ചുകൊല്ലാൻ തുനിഞ്ഞ ബ്രിട്ടീഷ് പട്ടാളത്തോട് കണ്ണുകെട്ടാതെ മുന്നിൽനിന്നുവേണം നിറയൊഴിക്കാൻ എന്നു പറഞ്ഞ വാരിയൻകുന്നനും ജയിലിൽനിന്ന് മോചിപ്പിക്കുമെങ്കിൽ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കാമെന്ന് മാപ്പെഴുതിയ വിനായക ദാമോദർ സവർക്കറും ചരിത്രത്തിൽ തുല്യരാവില്ലല്ലോ.
l

Tags:    
News Summary - variyam kunnan and independent movement-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.