ശക്തമായ സംസ്ഥാനം, അത്രതന്നെ ശക്തവും സാർഗാത്മകവുമായ ഇന്ത്യൻ യൂനിയൻ, അതാവണം നമ്മുടെ സ്വപ്നം. കൽപിക്കുന്നൊരു കേന്ദ്രവും അനുസരിക്കുന്ന സംസ്ഥാനങ്ങളും എന്നുള്ളത് കൊളോണിയൽ കാഴ്ചപ്പാടാണ്. അതിനുമുന്നിൽ മുട്ടുമടക്കിയാൽ, ജനായത്ത രാഷ്ട്രസങ്കൽപം പൊളിയും. ചേർത്തുപിടിക്കലെന്ന എക്കാലത്തെയും ഫെഡറൽ ചേതോഹരിതത്വം അതോടെ ചോർന്നുതീരും. സമസ്ത ഇടപെടലുകളെയും സാധ്യമാക്കിയതും, അതുവഴി ആധുനിക ഇന്ത്യൻ യൂനിയന്റെ രൂപവത്കരണത്തിൽ നേതൃത്വസ്ഥാനം വഹിച്ചതും ഓരോ പ്രദേശത്തിന്റെയും ജീവൽഭാഷയാണ്.
ആരൊക്കെ എപ്പോഴൊക്കെയോ അതിൽ ജീവിക്കുന്നുവോ, അവരൊക്കെയും ആ ജീവൽഭാഷയുടെ ഭാഗമാവും. എവിടെ ജനിച്ചു എന്നതിനെക്കാൾ, എങ്ങനെ ജീവിക്കുന്നു എന്നുള്ളതാവും, മറ്റെന്തിലുമെന്നപോലെ ഭാഷയുടെയും ജനകീയതത്വം. ഹിമാദ്രിമാജി എന്ന അസമിലെ പെൺകുട്ടി ജനിച്ചതും വളർന്നതും അസമീസ്ഭാഷയുടെ ഭാഗമായാണ്. പക്ഷേ, അവർ കേരളത്തിലെത്തി, മലയാള കവിതാരചനയിൽ ഒന്നാം സ്ഥാനം നേടി. മലയാളം ശരിക്കും പഠിച്ചിട്ടില്ലെങ്കിലും ഹോട്ടലിൽ ചെന്ന് പൊറോട്ടയും ബീഫും എന്നു പറയാൻ, അതിഥിതൊഴിലാളികൾക്കാരും പ്രത്യേകം മലയാളം ട്യൂഷൻ കൊടുത്തിട്ടില്ല. പറഞ്ഞുവരുന്നത് കേരളം പഴയതുപോലെ ഇപ്പോൾ മലയാളികളുടെ മാതൃഭൂമി മാത്രമല്ല, മലയാളം വേണ്ടവിധം പഠിച്ചിട്ടില്ലെങ്കിലും ഇവിടെ ജീവിക്കുന്നവരുടെ മുഴുവൻ ആവാസകേന്ദ്രമാണ്. 1947ൽ നാം സ്വാതന്ത്ര്യം നേടിയെങ്കിലും ആ സ്വാതന്ത്ര്യം ഓരോ ജനവിഭാഗത്തിന്റെയും അഗാധജീവിതസത്യമായി മാറാൻ തുടങ്ങുന്നത്, ഓരോ ജനവിഭാഗത്തിന്റെയും ജീവൽഭാഷകളെ അടിസ്ഥാനമാക്കിയുള്ള ഭാഷാസംസ്ഥാന രൂപവത്കരണത്തോടെയാണ്. ഭരണസൗകര്യമല്ല, ഭാഷാസ്വാതന്ത്ര്യമാണ്, ശരിക്കുള്ള ജനസ്വാതന്ത്ര്യമാണ് ആത്യന്തികമായി ഓരോ സംസ്ഥാനവും ആഘോഷിച്ചത്.
പിണറായി വിജയൻ
1956 നവംബർ ഒന്നാം തീയതി ഐക്യകേരള പിറവിയെ ലോകത്തെങ്ങുമുള്ള മലയാളികൾ മഹത്തായൊരു ഉത്സവമായാണ് കൊണ്ടാടിയത്. എവിടെയായാലും നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുവേണം എന്നത് മലയാളികളായ മലയാളികളുടെയെല്ലാം സ്വപ്നമായിരുന്നു. ചൂഷകവിരുദ്ധസമരത്തിന്റെ തീയാണവരുടെ സിരകളിൽ ത്രസിച്ചത്. പലതരത്തിലുള്ള വെറുപ്പുകളെ വെട്ടിപ്പിളർന്ന്, വൈകാരിക ഐക്യത്തിന്റെ വഴിയാണ് ഓരോ ജീവൽഭാഷയും വിസ്തൃതപ്പെടുത്തിയത്. ഐക്യകേരളം, വിശാല ആന്ധ്ര, നൂതൻ ബംഗ്ലാ, സംയുകത കർണാടക, സംയുക്ത മഹാരാഷ്ട്ര, മഹാ ഗുജറാത്ത് എന്നിങ്ങനെയുള്ള സംസ്ഥാന പേരുകളിൽപോലും തിളങ്ങിയത് ഒരു കാരണവശാലും മങ്ങാൻ പാടില്ലാത്ത ഐക്യത്തിന്റെ വിശേഷണങ്ങളാണ്. ഐക്യം, വിശാലം, നൂതനം, സംയുക്തം, മഹാ എന്നിങ്ങനെ ഓരോ സംസ്ഥാനത്തിനും മുന്നിലുള്ള വിശേഷണങ്ങളോരോന്നും, വെറുപ്പിലേക്ക് വഴുക്കുന്നതിനെതിരെയുള്ള സാംസ്കാരിക ചെറുത്തുനിൽപുകൾകൂടിയാണ്.
കേരളീയർ രൂപംകൊണ്ടതും ഐക്യപ്പെട്ടതും ഫ്യൂഡൽ തനിമകളിലല്ല, മലയാള പുതുമകളിലാണ്. തമ്പുരാക്കന്മാരുടെ കസവുമുണ്ടല്ല, അടിസ്ഥാന ജനതയുടെ ചളിപുരണ്ട കള്ളിമുണ്ടാണ്, കേരളത്തിന്റെ ശരിക്കുള്ള സാംസ്കാരിക ഭൂപടം നിർമിച്ചത്. ഇന്നും മലയാളിയുടെ വൈകാരിക ഐക്യത്തിനു മുന്നിൽ വെല്ലുവിളികളുയർത്തുന്നത് പലതരത്തിൽ അവതരിച്ച് വഴിമുടക്കുന്ന ആ സവർണ കസവാണ്. ഇംഗ്ലണ്ടിൽ നാടുവാഴികൾ കർഷകരുടെ ഭൂമി പിടിച്ചെടുത്ത് ആടുകൃഷി നടത്തിയത്, സാമ്പ്രദായിക കൃഷിയെക്കാൾ, കമ്പിളികൃഷി ആദായകരമായതുകൊണ്ടാണ്. പാവം ആടുകൾ മനുഷ്യരെ തിന്നുന്ന, പട്ടണങ്ങൾ ഇടിച്ചുപൊളിക്കുന്ന ചെന്നായ്ക്കളായി മാറിയതിനെക്കുറിച്ച്, ഉട്ടോപ്യ എന്ന ഗ്രന്ഥത്തിൽ തോമസ്മൂർ എഴുതിയത്, ലാഭത്തിനുവേണ്ടി എന്തും ചെയ്യുന്ന മുതലാളിത്തത്തിന്റെ വിമർശനമായാണ്. എന്നാൽ, ഇന്ത്യയിൽ ജാതിമേൽക്കോയ്മ ലാഭയുക്തി നോക്കാതെയും വെറുപ്പുത്സവങ്ങൾ നടത്തിയതിന് ചരിത്രം സാക്ഷിയാണ്.
ആടിയുലയുന്ന ഇപ്രകാരമുള്ള ഇന്ത്യൻ അവസ്ഥയുടെ കീഴ്മേൽ മറിച്ചിലിന്റെ ആഴമാണ് ‘വീഴ്ച’ എന്ന കവിതയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന കവിയും ചിത്രകാരനുമായ മുനീർ അഗ്രഗാമി അടയാളപ്പെടുത്തുന്നത്.
അഹിംസയെ
ഹിംസ പിടിച്ചപ്പോൾ
ബുദ്ധനെയും
ഗാന്ധിജിയെയും
കാണാതായി
ഹിറ്റ്ലറും
മുസ്സോളിനിയും
പ്രത്യക്ഷപ്പെട്ടു.
ഹിംസ പുലിയും
അഹിംസ
മാനുമെന്ന ഉപമ
കുട്ടികൾക്ക് മനസ്സിലായതേയില്ല
മാനുകളെല്ലാം
അവരുടെ കുട്ടിക്കാലത്തിനും മുമ്പേ
വെടിയേറ്റ് വീണിരുന്നല്ലോ!
(വീഴ്ച: മുനീർ അഗ്രഗാമി)
ഇപ്പോഴും ആ പാവം പശുവിന്റെ വീഴ്ച നോക്കൂ, അതിന് വന്ന രൂപമാറ്റം ശ്രദ്ധിക്കൂ, തോമസ് മൂറിന്റെ ആട് അതിന് മുന്നിൽ തോറ്റ് കസവുടുക്കും! മുമ്പ് ഞങ്ങളുടെ നാട്ടിൽ ഇയ്യാത്തുതാത്ത അങ്ങേ പാടത്തെ നെല്ല് തിന്നതിന് നല്ല പച്ചമട്ടലുകൊണ്ട് പണ്ടാരപ്പയ്യേ എന്ന് അലറി സ്വന്തം പയ്യിന്റെ പുറത്തടിച്ചതും, പിന്നെ കുറെക്കഴിഞ്ഞ് അതേ പയ്യിനെ ന്റെ കുഞ്ഞോളേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞതും, ആ വീഴ്ചക്കു മുമ്പുള്ള നിസ്സഹായ സ്മരണകൾ മാത്രമായി ആധുനിക ഇന്ത്യയിൽ മാറുകയാണ്! ആരെ പേടിച്ചിട്ടില്ലെങ്കിലും മാറിവന്ന ആ പുതിയ പശുവിനെ പേടിക്കണം എന്നൊരവസ്ഥയിലേക്ക് സവർണ പ്രത്യയശാസ്ത്രം കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. അത്തരമൊരു ഇന്ത്യൻ ജാതി അവസ്ഥയിലാണ്, ആ ഇന്ത്യൻ യൂനിയന്റെ ഭാഗമായ കേരളം, ആ പരിപ്പൊന്നും ഇവിടെ വേവില്ലെന്ന് അറുത്തുമുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ആ പ്രഖ്യാപനത്തിന്റെ വീര്യമാണ്, നമ്മൾ മലയാളികൾ എന്ന ആത്മാഭിമാനം ആഘോഷിക്കുന്ന, നേറ്റിവിറ്റി കാർഡിൽ ഒരു നിർവൃതിയോടെ നിറയുന്നത്.
സംസ്ഥാന രൂപവത്കരണത്തിനുശേഷം എഴുപത് വർഷം കഴിഞ്ഞ് നടക്കുന്ന ഗംഭീരമായ ഒരു സാംസ്കാരിക ചുവടുവെപ്പ് എന്ന നിലയിൽ കേരള സർക്കാർ നടപ്പാക്കുന്ന നേറ്റിവിറ്റി കാർഡ് ഇന്നും നാളെയും നമ്മുടെ സാംസ്കാരിക ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ഇന്ത്യൻ നവഫാഷിസം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ബഹുസ്വരതാ നിഷേധിയായ, അതിനാൽത്തന്നെ ദേശവിരുദ്ധമായ മേൽക്കോയ്മാദേശീയതയുടെ, അപരവിദ്വേഷം തിളച്ചുമറിയുന്ന തലച്ചോറിലേക്ക്, കേരളം വിക്ഷേപിച്ച ഒരു മിസൈൽതന്നെയായി നേറ്റിവിറ്റി ബിൽ മാറും. പോ ദേശീയതയുടെ അലർച്ചക്കെതിരെ, വാ ദേശീയതയുടെ മന്ദസ്മിതമാണ് നേറ്റിവിറ്റി കാർഡിൽ, ഒരു പൂവുപോലെ വിരിയുന്നത്. മുമ്പ് ഭാഷാസംസ്ഥാനത്തെ വിഘടനവാദം എന്ന് ആക്ഷേപിച്ച് എതിർത്തത് നവഫാഷിസ്റ്റുകളാണ്. ഒരത്ഭുതവുമില്ല, ഇന്നും അതേ ഭാഷാ സംസ്ഥാനത്തിന്റെ ആത്മാഭിമാനം നിയമതലത്തിൽ ദൃഢപ്പെടുത്തുന്ന നേറ്റിവിറ്റിബില്ലിലെ എതിർക്കുന്നതും അവരാണ്, അവർ മാത്രമാണ്.
ഈയൊരു ബിൽകൊണ്ട് ഭാരതം അപകടത്തിൽ എന്നാണവർ പറയാതെ പറയുന്നത്. സത്യത്തിൽ മുമ്പ്, അതായത് 2019 ഡിസംബർ 12ന് പൗരത്വഭേദഗതി ബിൽ തിരക്കിട്ട് പാസാക്കുന്നതിനുമുമ്പ്, സാധാരണഗതിയിൽ ഒരു ഇന്ത്യക്കാരനും മറ്റ് പല ബേജാറുകൾ ഉണ്ടായിരുന്നെങ്കിലും, സ്വന്തം പൗരത്വസംബന്ധമായി ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. ഇവിടെ ജനിച്ചാൽതന്നെ പൗരത്വം പിറകിലുണ്ടാവുമെന്ന ആ പ്രബുദ്ധ പ്രതീക്ഷയാണ് നവഫാഷിസ്റ്റുകൾ പൊളിച്ചത്. അപ്പോഴാണ് കേരളത്തിന്റെ പ്രിയമുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പറയുന്നത്, കേരളമക്കൾ സുരക്ഷിതർ എന്ന്! എന്തുകൊണ്ടോ എന്നറിയില്ല, വെറുപ്പിന്റെ വേനലിൽ മനസ്സിൽ ഏറെ കുളിര് കോരിയിട്ടു കേരളമക്കൾ സുരക്ഷിതർ എന്ന ആ സ്നേഹ ധീര പ്രയോഗം.
രാജ്യത്ത് ഒരു വിഭാഗം ആളുകളിൽ വലിയ തോതിൽ ആശങ്ക നിലനിൽക്കുന്ന ഇക്കാലത്തും കേരളത്തിന്റെ മക്കൾ ആശങ്കപ്പെടേണ്ടെന്നും എല്ലാവരും എല്ലാതരത്തിൽ സുരക്ഷിതരായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാവരുടെയും കൈയിൽ നേറ്റിവിറ്റി കാർഡുണ്ടാകും. ആർക്കുമത് നിഷേധിക്കാനാവില്ല. നമ്മുടെ സുരക്ഷിതത്വത്തെ ആരും ചോദ്യംചെയ്യില്ല. അതിനുള്ള ബിൽ ഉൾപ്പെടെ ചരിത്രത്തിലിടം പിടിക്കുന്ന നിരവധി നിയമനിർമാണങ്ങൾക്ക് രൂപംനൽകിയാണ് 15ാം നിയമസഭ കാലാവധി പൂർത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. (ദേശാഭിമാനി: 25.02.2026).
കേരള സർക്കാറിന്റെ ‘നേറ്റിവിറ്റി കാർഡും’ പ്രശസ്ത കവി കെ.ആർ. ടോണിയുടെ ‘റപ്പായി മാഷും റാഫേലു മാഷും’ എന്ന കവിതയിൽ എവിടെയോ വെച്ച് കൈ കൊടുക്കുന്നുണ്ട്.
മലയാളം മാഷിനെ കുട്ടികൾക്ക് വിലയില്ല
എന്നാൽ, അയാളുടെ കൈയിൽ
എപ്പോഴും ഒരു ചൂരൽ ഉണ്ടാകും,
ആ ചൂരൽ അയാൾക്കൊരു വിലനൽകിയിരുന്നു.
ഇംഗ്ലീഷ് ഭാഷ സ്വയം ഒരു ചൂരലായതുകൊണ്ട്
മറ്റൊരു ചൂരൽ കരുതേണ്ട ആവശ്യം
റപ്പായി മാഷ് ക്ക് വരാറില്ല.
അയാൾ ഇംഗ്ലീഷിൽ പറഞ്ഞാൽതന്നെ
കുട്ടികൾ വിരണ്ടുപോകും -കാരണം
അവർക്ക് ഒന്നും മനസ്സിലാകില്ല.
എങ്കിലും സൈലൻസ്, കീപ്പ് ക്വയറ്റ്
സ്റ്റോപ്പ് ടോക്കിങ് എന്നൊക്കെ
അവർ ഒച്ചവെച്ചു കളിച്ചിരുന്നു
(റപ്പായി മാഷും റാഫേലു മാഷും -കെ.ആർ. ടോണി)
മലയാളത്തിന് ഇനി ഒരു ‘ചൂരലും’ വേണ്ട. ‘കീപ്പ് ക്വയറ്റ്’ ഇംഗ്ലീഷ് കളിയുടെ മുന്നിൽ ആരും വിരളുകയും വേണ്ട. കാരണം മലയാളികളുടെ കൈകളിൽ ഇപ്പോൾ മതനിരപേക്ഷതയുടെ ഒരു പുതിയ നേറ്റിവിറ്റി കാർഡ് കൂടിയുണ്ട്! ഉത്തരേന്ത്യയിൽ ഫാഷിസ്റ്റ് നേതൃത്വത്തിൽ ഒരു വിഭാഗം ‘ഗർവ് സെ കഹൊ ഹം ഹിന്ദു ഹെ’ എന്ന് അലറിവിളിച്ചപ്പോൾ; ‘പ്രേം സെ കഹൊ ഹം ഇൻസാൻ ഹെ’ എന്നാണ് നമ്മൾ അന്ന് തിരിച്ചുവിളിച്ചത്. എന്നാലിപ്പോൾ ‘ഞങ്ങൾ മലയാളി ഇന്ത്യക്കാർ’ എന്നുകൂടി മുമ്പത്തേക്കാൾ ഉച്ചത്തിൽ വിളിക്കാനാവും വിധം മലയാളി സമൂഹം വളർന്നുകഴിഞ്ഞിരിക്കുന്നു.
ഇരകളെ മറക്കുക എന്നാൽ അവരെ രണ്ടാമതൊന്നുകൂടി കൊല്ലുകയാണ്. ആദ്യത്തെ തവണ അവർ ഇരകളായതിനെ നമുക്ക് തടയാനായില്ല. വീണ്ടുമത് സംഭവിച്ചാൽ ഉത്തരവാദിത്തം നമുക്ക് മാത്രമായിരിക്കും. (എലിവീസൺ).
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.