പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ ഓർമിക്കേണ്ടത്​

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ചട്ടക്കൂട് മാർച്ച് 31ന് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കയാണ്. ഇതി​െൻറ അടിസ്ഥാനത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ ഏപ്രിൽ മുതൽ തയാറാക്കുക. ചരിത്രത്തിലാദ്യമായി വിദ്യാർഥികളുടെ അഭിപ്രായം കൂടി സ്വരൂപിച്ചാണ് പുതിയ പാഠ്യപദ്ധതി രൂപവത്കരിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള പാഠ്യപദ്ധതി പരിഷ്കരണം രാജ്യത്തുതന്നെ ആദ്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. കേവലം ഒരു പിരീഡ് കൊണ്ടോ ഒരു ദിവസം കൊണ്ടോ പൂർത്തിയാക്കാനാവുന്നതല്ല ഇത്തരം ചർച്ചകളും അഭിപ്രായ രൂപവത്​കരണവുമെന്നതിനാൽ അവയുടെ ഫലപ്രാപ്​തി എത്രമാത്രമാകുമെന്ന്​ പരിശോധിക്കേണ്ടതുണ്ട്​.

കേരളത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടത് മികച്ച വിദ്യാഭ്യാസമാണ്. വിഷയാധിഷ്ഠിതവും ഉൾക്കാമ്പുള്ളതുമായ വിദ്യാഭ്യാസമാണ് അവർ ആഗ്രഹിക്കുന്നത്. ഒപ്പം വസ്തുനിഷ്ഠമായ മൂല്യനിർണയവും കൂടി ഉണ്ടെങ്കിലേ പഠനഫലങ്ങൾ പൂർണമായി അപഗ്രഥിക്കാനാവൂ.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ വിദ്യാലയങ്ങളിൽ സൃഷ്ടിച്ച പുത്തനുണർവി​െൻറ പശ്ചാത്തലത്തിലാണ് നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഓളം കേരളത്തിൽ മുന്നോട്ടുപോയത്. സർക്കാർ സ്കൂളുകളിൽ പോയകാലത്തെ അപേക്ഷിച്ച് അഡ്മിഷൻ വർധിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ക്ലാസ്മുറികൾ ഹൈടെക് ആക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രസ്തുത സൗകര്യങ്ങൾ പൂർണതോതിൽ സംസ്ഥാന വ്യാപകമായി ലഭ്യമാക്കാനായിട്ടില്ല. അതിനിടയിൽ എന്താണ് ഹൈടെക് ആകേണ്ടത് എന്ന ചോദ്യത്തിന് പ്രസക്തി കൂടുന്നു. വിവരശേഖരണത്തിനും ആശയ വിനിമയത്തിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ശേഷി ഇന്ന് വളരെ വിപുലമാണ്. എന്നാൽ, അവക്ക് വിജ്ഞാന നിർമിതിക്കുള്ള കഴിവില്ല. കുട്ടിയുടെ വിജ്ഞാന നിർമിതിയെ സഹായിക്കാൻ അധ്യാപകർക്കേ കഴിയൂ. അവർ ഉപയോഗിക്കുന്ന പഠനതന്ത്രങ്ങളും വിശേഷ സമീപനങ്ങളുമാണ് കുട്ടിയുടെ ജ്ഞാനനിർമിതിക്ക് ഹേതുവാക്കുന്നത്. ഒരു സാങ്കേതിക വിദ്യയും അധ്യാപകർക്ക്​ പകരമാവില്ല എന്നാണ് എ​െൻറ പക്ഷം. മറിച്ച്, അവക്ക് അധ്യാപകരെ കൂടുതൽ ശക്തരാക്കാനും കുട്ടിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും കഴിയും. കാലത്തിനനുസൃതമായി വിദ്യാഭ്യാസരീതി ഇനിയും മാറേണ്ടിയിരിക്കുന്നു. അതിനു നേതൃത്വം നൽകുന്ന അധ്യാപകരാണ് ഹൈടെക് ആവേണ്ടത്. അവരുടെ ചിന്ത, മനോഭാവം, കാഴ്ചപ്പാടുകൾ, വിവരശേഖരണ മാർഗങ്ങൾ, ആശയ വിനിമയ രീതി, മൂല്യനിർണയ സമീപനം ഇവയെല്ലാം കാലത്തിനൊപ്പം സഞ്ചരിക്കണം. സ്വയം ഹൈടെക്കായി മുന്നിലെത്തുന്ന കുട്ടികളുടെ തരംഗദൈർഘ്യത്തിനനുസൃതമായി സംവദിക്കാനാവുന്ന വിധത്തിൽ അധ്യാപകരും വിദ്യാലയങ്ങളും മുന്നൊരുക്കം നടത്തേണ്ടിയിരിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന വിദ്യാലയങ്ങളെ മാത്രമേ പൂർണാർഥത്തിൽ ഹൈടെക് എന്നു വിളിക്കാനാവൂ.

അതിദ്രുതമാണ് ലോകത്ത് കാര്യങ്ങൾ മാറിമറിയുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കാൻ പുതുതലമുറക്ക് കഴിയാതെ വന്നാൽ സംഭവിക്കുന്നത് വൻ ദുരന്തമായിരിക്കും. അതുകൊണ്ടുതന്നെ, ഒരു പാഠപുസ്തകവും പാഠ്യപദ്ധതിയും അവസാനത്തേതല്ല. എല്ലാ പാഠ്യപദ്ധതിക്രമങ്ങളും കാലാനുസൃതമായ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും വിധേയമാകേണ്ടതു തന്നെയാണ്. കെട്ടിനിൽക്കുന്ന ജലാശയത്തോടല്ല ഒഴുകുന്ന പുഴയോടാണ് പാഠ്യപദ്ധതിയെ താരതമ്യം ചെയ്യേണ്ടത്. പാഠപുസ്തകങ്ങളിലും പഠനബോധന പ്രക്രിയയിലും മൂല്യനിർണയ സമീപനങ്ങളിലും അധ്യാപക പരിശീലനങ്ങളിലുമെല്ലാം ലോകത്ത് ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉൾക്കൊള്ളാൻ നമ്മളും തയാറാവേണ്ടിയിരിക്കുന്നു. പാഠപുസ്തക വിവാദവും സാമൂഹിക അസന്തുലിതാവസ്ഥയും പഠന സമിതി നിയോഗിക്കലും പുസ്തക തിരുത്തലുകളുമെല്ലാം നമുക്ക്​ മുന്നിലെ അനുഭവ സാക്ഷ്യങ്ങളാണ്.

പാഠപുസ്തകങ്ങൾ സമഗ്രവും സമ്പൂർണവും വിദ്യാർഥിയുടെ ബൗദ്ധിക ശേഷികൾക്കനുസൃതവും മാനസികതലത്തിൽ അനുകൂല ചിന്തകളാൽ സമ്പുഷ്ടമാക്കുന്ന മൂല്യാധിഷ്ഠിതവുമായിരിക്കണം. എല്ലാ വിഷയങ്ങളും പരസ്പരബന്ധിതവും ഒന്നിനെ മറ്റൊന്ന് പൂർത്തീകരണത്തിലേക്ക് നയിക്കുന്നുവെന്ന മനോഭാവ രൂപവത്കരണത്തിന് ഉതകുന്നതുമായിരിക്കണം. പുസ്തകത്തിലെ ഭാഷ, ആശയ വ്യാഖ്യാനങ്ങൾ, ഉദാഹരണങ്ങൾ തുടങ്ങിയ കേരളത്തിലെ പൊതുസമൂഹത്തിന് സ്വീകാര്യവും വസ്തുതാപരവും ആയിരിക്കണം. ശാസ്ത്രാഭിരുചി വളർത്താനും പുതിയ ശാസ്ത്ര അവബോധങ്ങൾ ഉൾപ്പെടുത്താനും സാധിക്കുന്നതാവണം പാഠ്യപദ്ധതി. ചരിത്രവസ്തുതകളെ തമസ്കരിക്കുന്ന പ്രവണത മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. മാതൃഭാഷാ പഠനം നിർബന്ധമാക്കുകയും മാതൃഭാഷയിലൂടെയുള്ള അധ്യയനം പ്രോത്സാഹിപ്പിക്കുകയും വേണം.

നാഷനൽ അച്ചീവ്മെൻറ് സർവേ കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണാത്മകതയെ സാധൂകരിക്കുന്ന പ്രവർത്തനങ്ങളായിരുന്നു. ഈ അവസരത്തിൽ പൊതുവിദ്യാഭ്യാസം ദേശീയ ശരാശരിയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു എന്ന റിപ്പോർട്ടും കേരളം ആദ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകുന്നതും അഭിമാനകരമാണ്. ഇന്നത്തെ സാമൂഹിക സംവിധാനത്തിലൂടെ തിരിച്ചറിയാൻ കഴിയാത്ത ഒരുപാട് പ്രതിഭകൾ നമ്മുടെ ക്ലാസ് മുറിയിലുണ്ട്. ഈ കുട്ടികളുടെ യഥാർഥ സർഗപ്രഭാവം തിരിച്ചറിഞ്ഞ് സമൂഹത്തിന് പ്രയോജനപ്പെടുത്താൻ കഴിയണം. എല്ലാ കുട്ടികളെയും ഒരേ തട്ടിലെത്തിക്കാനുള്ള ശ്രമമല്ല വേണ്ടത്, അവർക്ക് എത്തുവാനുള്ള വ്യത്യസ്തമായ തട്ടുകളിലെ ഉയർന്ന നിലയിലെത്തിക്കണം.

കേരളം അടിസ്ഥാനപരമായ നേട്ടങ്ങളിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്, അതിനാൽ നമുക്കിനി ഗുണമേന്മാ വിദ്യാഭ്യാസമായിരിക്കണം മുഖ്യ അജണ്ട. മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണ െൻറ വാക്കുകൾ ഓർക്കുന്നത് നന്ന്: ‘‘ഒരു തലമുറയുടെ വിദ്യാഭ്യാസം കൊണ്ടു കളിക്കുമ്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്’’. മാറ്റത്തിനു വേണ്ടിയുള്ള മാറ്റമാവരുത്. വസ്തുനിഷ്ഠവും സമഗ്രവും നിലവാരവും ആശയസമ്പുഷ്ടവുമായ ഒരു പാഠ്യപദ്ധതിയും പാഠപുസ്തകവുമാണ് നമ്മുടെ സമൂഹത്തിനാവശ്യം. അത്തരം മികച്ച പാഠ്യപദ്ധതിയും പാoപുസ്തകവും പിറവി കൊള്ളുന്നതിനായി നമുക്കു കാത്തിരിക്കാം.

(റിട്ട.​ അധ്യാപകനും വിദ്യാഭ്യാസ

പ്രവർത്തകനുമാണ്​ ലേഖകൻ)

Tags:    
News Summary - To be kept in mind while revising the curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.