ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ ഭയാനകമായ തീ പടർന്നുപിടിച്ചു. ചെടികളെയും മരങ്ങളെയും നക്കിത്തുടച്ച അഗ്നിനാളം ആകാശത്തോളമുയർന്നപ്പോൾ സിംഹങ്ങളും ആനകളും കടുവകളും പുള്ളിപ്പുലികളും കരടികളുമടങ്ങുന്ന വലിയ മൃഗങ്ങളെല്ലാം ജീവരക്ഷാർഥം കാടുവിട്ടോടി. ഒരു കുരുവി മാത്രം അടുത്തുള്ള തടാകത്തിലേക്ക് പറന്നുചെന്ന് തന്റെ ചെറിയ കൊക്കിൽ കൊള്ളുന്ന ഏതാനും തുള്ളി വെള്ളം കോരിയെടുത്ത് തിരികെവന്ന് കൊടുംതീയിലൊഴിച്ചു.
നിരർഥകമെന്ന് തോന്നാവുന്ന ഈ പ്രവൃത്തികണ്ട് മറ്റൊരു പക്ഷി അതിനെ പരിഹസിച്ചു: “നീയെന്ത് ഭ്രാന്താണീ കാണിക്കുന്നത്? നിന്റെ കൊക്കിലൊതുങ്ങുന്ന തുള്ളി വെള്ളം കൊണ്ട് ഇത്രയും വലിയൊരു അഗ്നിബാധ കെടുത്താൻ സാധിക്കുമെന്നാണോ വിചാരം? വിഡ്ഢിത്തം മതിയാക്കി ഞങ്ങളോടൊപ്പം പോരൂ, സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കൂ.”
“ഈ തീ കെടുത്താൻ എന്നെക്കൊണ്ടാകുമോ എന്നറിയില്ല, പക്ഷേ എനിക്ക് സാധ്യമായ കർമം ഞാൻ നിർവഹിക്കുന്നു”- തന്റെ പാട്ടുപോലെ മനോഹരമായ മറുപടിയുമായി ഒട്ടും തളരാതെ കുരുവി ദൗത്യം തുടർന്നു.
ലോകങ്ങളെല്ലാം ചമച്ചു രക്ഷിക്കുന്ന ലോകൈകനാഥൻ ആ ചെറുപക്ഷിയുടെ പ്രയത്നം കണ്ട് സന്തോഷിച്ചു; പകരമായി കോരിച്ചൊരിയുന്ന മഴ വർഷിച്ചു നൽകി. കാട്ടുതീ ശമിച്ചു. ഈ കഥ ആദ്യം ആരാണ് പറഞ്ഞതെന്നോ എവിടെയാണ് ഉത്ഭവിച്ചതെന്നോ അറിയില്ല. ജാതക കഥകൾ, അമേരിക്കൻ ആദിവാസി ഗോത്രകഥകൾ, ആഫ്രിക്കൻ പഴങ്കഥകൾ എന്നിവയിലെല്ലാം ഈ കഥക്ക് വലിയ പ്രശസ്തിയും പ്രചാരവുമുണ്ട്.
78 വർഷത്തിനിടെ മൂന്ന് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും നൂറ്റാണ്ടുകളായി ഭൗമശാസ്ത്രപരമായി ഒന്നിച്ചുനിൽക്കുന്ന ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളടങ്ങുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിഴുങ്ങുന്ന വിദ്വേഷത്തീ കെടുത്താൻ ഈ കഥ ജനങ്ങളെ പ്രചോദിപ്പിക്കുമോ?
നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ പശ്ചാത്തലത്തിൽ, ഭയാനകമായ വർഗീയ-വംശീയ സംഘർഷങ്ങളായി മാറിയ വിദ്വേഷത്തിന്റെയും ശത്രുതയുടെയും പ്രതീകമാണ് ഈ ‘തീ’. ഇന്ത്യയിൽ മുസ്‍ലിംകൾ കൊല്ലപ്പെടുമ്പോഴോ പീഡിപ്പിക്കപ്പെടുമ്പോഴോ അവരുടെ വീടുകളും മസ്ജിദുകളും സ്മാരകങ്ങളും തകർക്കപ്പെടുമ്പോഴോ സ്വയം ‘ഹിന്ദു’ എന്ന് വിശേഷിപ്പിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം അതിൽ ആനന്ദം കണ്ടെത്തുന്നു എന്നത് ഹൃദയഭേദകമാണ്. അതുപോലെ തന്നെ, ബംഗ്ലാദേശിലും പാകിസ്താനിലും ന്യൂനപക്ഷമായ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും മുസ്‍ലിം സമുദായത്തിലെ ഒരു വിഭാഗം ആഹ്ലാദിക്കുന്നു. ഇന്ത്യയിലായാലും പാകിസ്താനിലായാലും ബംഗ്ലാദേശിലായാലും അടിച്ചമർത്തപ്പെടുന്നത് അവിടത്തെ ന്യൂനപക്ഷങ്ങളാണ്.
ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളുടെ സമീപകാല ഉദാഹരണങ്ങൾ സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിൻ 2026 ജനുവരിയിൽ പുറത്തിറക്കിയ ‘ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ 2025’ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പോയവർഷം 13 സംസ്ഥാനങ്ങളിലായി മുസ് ലിംകൾക്കെതിരെ 26ലധികം സംഘടിത ആക്രമണ സംഭവങ്ങളും നൂറുകണക്കിന് വ്യക്തിപരമായ ആക്രമണങ്ങളും സ്വത്ത് നശിപ്പിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിൽ ചുരുങ്ങിയത് 50 നിയമബാഹ്യ കൊലപാതകങ്ങളുണ്ട്. പശുസംരക്ഷണത്തിന്റെ പേരിലോ, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന ആരോപണത്തിന്റെ മറവിലോ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളായിരുന്നു അതിൽ 27 എണ്ണം. ബാക്കി 23 സംഭവങ്ങളിൽ പൊലീസോ സുരക്ഷാ സേനയോ പോലുള്ള ഭരണകൂട സംവിധാനങ്ങൾ ഉൾപ്പെട്ടിരുന്നു. ഉത്തർപ്രദേശാണ് ഈ പട്ടികയിൽ മുന്നിൽ.
ബംഗ്ലാദേശിൽ 2024 ആഗസ്റ്റിൽ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഹിന്ദുക്കൾക്കുനേരെ വലിയ ആക്രമണങ്ങളുണ്ടായി. രാഷ്ട്രീയ അസ്ഥിരതക്കിടയിൽ ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉന്നംവെക്കപ്പെട്ടു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂനിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, ആഗസ്റ്റ് നാലിനും 20നും ഇടയിൽ 2,010ലധികം വർഗീയ അതിക്രമ സംഭവങ്ങൾ നടന്നു. 69 ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷ പീഡനത്തിന് കുപ്രസിദ്ധമായ പാകിസ്താനിൽ മൂവ്മെൻറ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ്, ഹ്യൂമൻ റൈറ്റ്‌സ് കമീഷൻ ഓഫ് പാകിസ്താൻ എന്നിവയുടെ കണക്കുപ്രകാരം ന്യൂനപക്ഷ സമുദായങ്ങളിലെ ആയിരത്തോളം പെൺകുട്ടികൾ പ്രതിവർഷം തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതം മാറ്റത്തിനും ഇരയാകുന്നു. ഏറ്റവും ഭയാനകമായ കാര്യം, ഭൂരിപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗം ഈ പീഡനങ്ങളിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്നു എന്നതാണ്. സർക്കാറുകൾ പലപ്പോഴും ഇത്തരം തീവ്രവാദ ഘടകങ്ങളെ സംരക്ഷിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു.
മറ്റുള്ളവരുടെ ദുഃഖത്തിൽ ആനന്ദിക്കുന്നത് വൻപാപമാണെന്ന് എല്ലാ മതഗ്രന്ഥങ്ങളും ഒരേപോലെ പറയുന്നു. എന്നിട്ടും, സ്വന്തം വീടുകൾ മോശമായ അവസ്ഥയിലായിരുന്നിട്ടും, തൊഴിലില്ലായ്മ രൂക്ഷമായിട്ടും തന്റെ നാടായ കിഴക്കൻ യു.പിയിലെ ദിയോറിയയിൽ ഒരു സൂഫി കുടീരം (മസാർ) തകർക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കിയ ആളുകളെക്കുറിച്ച് ചരിത്രകാരൻ അശോക് കുമാർ പാണ്ഡെ പരിതപിക്കുന്നുണ്ട്.
സ്ത്രീപീഡനം, സ്ത്രീകളെ കൊലപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഗുർമീത് റാം റഹീമിനെയും ആസാറം ബാപ്പുവിനെയും പോലുള്ള ആരോപിതരായ ആൾദൈവങ്ങൾക്ക് യഥേഷ്ടം പരോൾ ലഭിക്കുന്നതിൽ ആനന്ദം കൊള്ളുന്നവർ തന്നെ, വിചാരണ പോലുമില്ലാതെ വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും ശർജീൽ ഇമാനിനെയും പോലുള്ള യുവ പണ്ഡിതർക്ക് ജാമ്യം നിഷേധിക്കപ്പെടുമ്പോൾ ആഘോഷിക്കുന്നത് വർത്തമാനകാല ഇന്ത്യയുടെ കാഴ്ചയാണ്.
വീണ്ടും കുരുവിയുടെ കഥയിലേക്ക് വരാം: അധികാരശക്തികൾക്കുപോലും നിയന്ത്രണം നഷ്ടപ്പെട്ട, മനുഷ്യത്വമില്ലാതെ പെരുമാറുന്ന ആൾക്കൂട്ടത്തിന് മുന്നിൽ വെറുമൊരു കഥപറച്ചിലുകാരന് എന്തുചെയ്യാൻ കഴിയും? ഒരുപക്ഷേ വളരെ ചെറിയ ശ്രമങ്ങൾ മാത്രമാവാം നടത്താനാവുക. എന്നിരിക്കിലും കാട്ടുതീ അണക്കാൻ തന്നാലാവുന്നത് ചെയ്ത ആ ചെറിയ കുരുവിയുടെ കഥ വീണ്ടും വീണ്ടും പറഞ്ഞുകൊള്ളട്ടെ. ആ കുരുവി നടത്തിയ ശ്രമംപോലെ ഉന്മാദത്തിന്റെ ആ തീജ്വാലകളെ അണക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പും.
nalinverma@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.