ഡോ. പായൽ തദ് വിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നടത്തിയ പ്രതിഷേധം
തുല്യത പ്രോത്സാഹിപ്പിക്കുന്ന യു.ജി.സിയുടെ നിയമത്തിനെതിരെ (പ്രമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ റെഗുലേഷൻ) രാജ്യത്തെ വിവിധ സവർണ സംഘടനകൾ പ്രക്ഷോഭം നടത്തുകയും സുപ്രീം കോടതിയിൽ കേസുമായി എത്തുകയും ചെയ്തു. സവർണ സംഘടനകളുടെ വാദം മുഖവിലക്കെടുത്ത കോടതി, തുല്യതാ ചട്ടം സ്റ്റേ ചെയ്തു. രാജ്യത്ത് ദലിത്- പിന്നാക്ക വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾ നേരിടുന്ന വിവേചനവും അതിക്രമവും അവസാനിപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് യു.ജി.സി ചട്ടം തയാറാക്കിയത്. സ്ഥാപനവത്കൃതമായ ജാതിഹത്യക്ക് ഇരയായ ദലിത് ഗവേഷണ വിദ്യാർഥിയായ രോഹിത് വെമുലയുടെയും ഗോത്രവർഗ മുസ്ലിം ഡോക്ടറായ പായൽ തദ്വിയുടെയും അമ്മമാർ സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്നാണ് ജാതിവിവേചനങ്ങൾ അവസാനിപ്പിക്കാൻ ചട്ടം തയാറാക്കാൻ സുപ്രീം കോടതി യു.ജി.സിക്ക് നിർദേശം നൽകിയത്.
രാജ്യത്ത് ദലിത് ആദിവാസി-പിന്നാക്ക വിദ്യാർഥികൾക്കെതിരായ ജാതി- അതിക്രമം 118 ശതമാനം വർധിച്ചതായി യു.ജി.സി മുൻ ചെയർമാനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രഫ. സുഖദേവ് തൊറാട്ട് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഏഴുവർഷ കാലയളവിൽ ഇന്ത്യയിലെ ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊണ്ണൂറ്റി എട്ടോളം ദലിത്-ആദിവാസി-ബഹുജൻ വിദ്യാർഥികൾ ജാതിഹിംസയുടെ ഇരകളായി ‘ആത്മഹത്യ’ ചെയ്തതായി കേന്ദ്ര സർക്കാർ രാജ്യസഭയിൽ വെളിപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളിൽ 55 ശതമാനവും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ തന്നെ ലോക്സഭയെ അറിയിച്ചിരുന്നു. യാഥാർഥ്യമിതായിരിക്കെയാണ് ദലിത്- പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനവും ഹിംസയും അവസാനിപ്പിക്കാനുള്ള തുല്യതാ നിയമങ്ങൾ ‘ദുരുപയോഗം’ ചെയ്യപ്പെടുമെന്ന വാദമുന്നയിച്ച് സവർണ സംഘടനകൾ കോടതിയെ സമീപിച്ചത്.
അട്രോസിറ്റി ആക്ട് നിലനിൽക്കുന്ന ഒരു രാജ്യത്ത് ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ എത്രപേർ ശിക്ഷിക്കപ്പെടുന്നു എന്ന് പരിശോധിച്ചാൽ സവർണ വാദങ്ങൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെടും. സവർണ വാദങ്ങൾ കേട്ട മാത്രയിൽ സുപ്രീംകോടതി യു.ജി.സിയുടെ പുതിയ തുല്യതാ ചട്ടങ്ങൾ സ്റ്റേ ചെയ്തു. പുതിയ തുല്യതാ നിയമങ്ങൾപോലും വെള്ളം ചേർത്തവയാണെന്നാണ് സുഖദേവ് തൊറാട്ട് നിരീക്ഷിച്ചിരുന്നത്. ഈ ‘നേർപ്പിക്കപ്പെട്ട’ തുല്യതാചട്ടം പോലും സവർണവൃന്ദങ്ങൾക്ക് അസഹിഷ്ണുത ഉളവാക്കിയിരിക്കുന്നു. ഇ.ഡബ്ല്യു.എസ് സംവരണം സംബന്ധിച്ച കേസിൽ അത് സ്റ്റേ ചെയ്യാതെ വാദംകേട്ട കോടതി, ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന ദലിത്- പിന്നാക്ക ജനവിഭാഗങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയത്തിൽ ആദ്യം തന്നെ സ്റ്റേ അനുവദിക്കുകയാണുണ്ടായത്. ഇന്ത്യയിലെ തീർത്തും ന്യൂനപക്ഷമായ സവർണ വിഭാഗങ്ങളോടും ബഹുഭൂരിപക്ഷം വരുന്ന അവർണരോടുമുള്ള നീതിന്യായ വ്യവസ്ഥയുടെ പക്ഷപാതപരമായ സമീപനത്തിന്റെ ആഴം തുല്യതാ ചട്ടങ്ങൾ സ്റ്റേ ചെയ്ത വിധിയിൽ കാണാം. എത്രമാത്രം ആഴത്തിൽ നീതിന്യായ വ്യവസ്ഥയിൽ മനുസ്മൃതി നിലീനമായിരിക്കുന്നു എന്നതുകൂടി ഈ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇത് കേവലം ഒരു ചട്ടത്തിന്റെ പ്രശ്നം മാത്രമല്ല, അതിനുമപ്പുറം നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മനുസ്മൃതിയുടെ സംസ്കാരത്തിന്റെ സ്വാധീനമാണ് വെളിപ്പെടുത്തുന്നത്.
‘‘ധർമസങ്കൽപത്തെ ഭരണഘടന അവഗണിച്ചു’’ എന്നുപറഞ്ഞത് നീതിന്യായ പീഠം അലങ്കരിക്കുന്ന ഒരു ജഡ്ജിയാണ്. സനാതന ധർമത്തെ ഉയർത്തിപ്പിടിക്കുമെന്ന് മറ്റൊരു ജഡ്ജി പ്രസ്താവിക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങളും നിരവധി സമുദായങ്ങളും മതവിഭാഗങ്ങളും പുലരുന്ന ഒരു രാജ്യത്ത് തികച്ചും പക്ഷപാതപരമായ സമീപനം, നീതിപീഠം അലങ്കരിക്കുന്നവർ സ്വീകരിക്കുന്നതിലൂടെ അവരുടെ വിധിപ്രസ്താവങ്ങൾ തന്നെ സംശയാസ്പദമായി തീരുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അവർണ തന്ത്രിമാർക്ക് പൂജാപഠന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശമില്ലെന്ന് വാദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ച അഖില കേരള തന്ത്രിസമാജം എന്ന ബ്രാഹ്മണ തന്ത്രിമാരുടെ കൂട്ടായ്മ തന്ത്രസമുച്ചയം ഉദ്ധരിച്ചുകൊണ്ടാണ് ബ്രാഹ്മണ തന്ത്രിമാരുടെ അധികാരം സ്ഥാപിക്കാനും അവർണ തന്ത്രിമാരുടെ അധികാരം റദ്ദാക്കാനും ശ്രമിക്കുന്നത്.
ഭരണഘടനയെയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും പിൻവാതിലിലൂടെ മനുസ്മൃതിയെ കടത്തി റദ്ദാക്കാനുള്ള യത്നങ്ങൾ വളരെ ആഴത്തിൽ നടന്നുവരുകയാണ്. ഹിന്ദുരാഷ്ട്രം നിലവിൽ വരുന്നത് കോടതിവിധികളിൽനിന്നു കൂടിയാണെന്ന് ഭരണഘടനാ വിദഗ്ധനും നിയമപണ്ഡിതനുമായ പ്രഫ. ഡോ. ജി. മോഹൻ ഗോപാൽ നിരീക്ഷിക്കുന്നുണ്ട്. സുദീർഘകാലമായി ഭരണഘടനക്കെതിരായി നടന്നുവരുന്ന ആക്രമണത്തിന്റെ തുടർച്ചയിലാണ് തുല്യതാ ചട്ടങ്ങൾക്കെതിരായ സവർണ സംഘങ്ങളുടെ പ്രത്യക്ഷാക്രമണമെന്ന് മനുസ്മൃതി ഉദ്ധരിക്കുന്ന വിധിന്യായങ്ങൾ പരിശോധിച്ചാലറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.