സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ സേവനം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യാപകമായ ചർച്ചകൾ മാധ്യമങ്ങളിലും പൊതുസമൂഹങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ, ജയിലുകളിൽ കഴിയുന്ന മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആർക്കും താൽപര്യമേയില്ല. ജയിലിൽ കഴിയുന്നവർ മുഴുവൻ കുറ്റവാളികളാണ് എന്ന ധാരണ ആദ്യമേ തന്നെ തിരുത്തപ്പെടേണ്ടതുണ്ട്.
കുറ്റവാളികളെന്ന് കോടതികൾ കണ്ടെത്തിയവർ മാത്രമല്ല, കുറ്റാരോപിതരായി വിചാരണ കാത്ത് കഴിയുന്നവർ, കള്ളക്കേസുകളിൽ കുടുക്കപ്പെട്ടവർ, നിരപരാധികളെങ്കിലും കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ നിയമപോരാട്ടം നടത്താൻ കഴിയാതെ ജയിലിലാക്കപ്പെട്ടവർ എന്നിവരെല്ലാമടക്കം അഞ്ചര ലക്ഷത്തിലേറെ മനുഷ്യരുണ്ട് നമ്മുടെ രാജ്യത്തെ ജയിലറകളിൽ. ആയുഷ് കാലം മുഴുവൻ ജയിലിൽ അടക്കപ്പെടാൻ തക്ക കുറ്റകൃത്യങ്ങൾ ചെയ്തവർ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ സർവസ്വതന്ത്രരായി പുറംലോകത്ത് ചീറിപ്പാഞ്ഞു നടക്കുന്നുമുണ്ടല്ലോ.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ കണക്കനുസരിച്ച്, നമ്മുടെ രാജ്യത്ത് 1400 ജയിലുകളുണ്ട്. 396223 ആളുകളെ പാർപ്പിക്കാൻ മാത്രം സൗകര്യമുള്ള ഈ ജയിലുകളിലായി 530333 മനുഷ്യരെയാണ് ആഹാരം, നിദ്ര, പ്രാഥമിക കാര്യങ്ങളുടെ നിർവഹണം എന്നിവകൾക്കുപോലും പ്രയാസങ്ങൾ നേരിടുംവിധം കുത്തിനിറച്ചിരിക്കുന്നത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് തിഹാർ. 5000 പേർക്കുള്ള സൗകര്യമാണ് അവിടുള്ളത്. അവിടെ തടവിലിട്ടിരിക്കുന്നത് 12000 ലധികം പേരെ. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ ജല ലഭ്യതക്കുറവ് കാരണം ചളിവെള്ളം കൊണ്ടാണ് ടോയ് ലറ്റുകൾ കഴുകുന്നത്. തടവുകാർ തമ്മിൽ ധാരണയുണ്ടാക്കിയാണ് ആര് കുളിക്കണമെന്ന് തീരുമാനിക്കുക. മുറാദാബാദ് സെൻട്രൽ ജയിലിൽ 650 പേർക്കാണ് സൗകര്യം. 2200 പേരുണ്ടവിടെ. തടവുകാർ തമ്മിൽ ധാരണയുണ്ടാക്കി ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അവർ ഉറങ്ങുക.
ജയിലിലടച്ചിരിക്കുന്ന ഈ അഞ്ചര ലക്ഷത്തോളം പേരിൽ 73.5 ശതമാനം ആളുകളും വിചാരണത്തടവുകാരാണ് -389794 പേർ. കോടതികളിലെ കേസുകെട്ടുകളുടെ ആധിക്യം മൂലവും ജഡ്ജിമാരുടെ ലഭ്യതക്കുറവ് മൂലവും പക്ഷപാതംമൂലവുമെല്ലാം വിചാരണ നീണ്ടും അടിക്കടി ജാമ്യം നിഷേധിക്കപ്പെട്ടും പീഡനങ്ങൾ പേറിക്കഴിയുന്ന ഇവർക്ക് എന്നായിരിക്കും തങ്ങളുടെ മോചനമെന്നോ വിചാരണ എന്ന് പൂർത്തിയാകുമെന്നോ ഊഹിക്കാൻ പോലുമാകില്ല.
പൗരത്വസമരം നയിച്ചതിന്റെ പേരിൽ ജയിലിലേക്ക് പോകേണ്ടിവന്ന വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജിൽ ഇമാമിനും അഞ്ച് വർഷം ജയിലിൽ കിടന്നിട്ടും സുപ്രീം കോടതി ജാമ്യം നൽകിയില്ല. അതേ സമയം 27,000 കോടിയുടെ തട്ടിപ്പ് കേസിൽ അനധികൃത പണമിടപാട് നിരോധന നിയമ പ്രകാരം തടവിലായിരുന്ന അരവിന്ദ് ധാമിന് 16 മാസം കൊണ്ട് ജാമ്യമായി. കൊലപാതക, ബലാത്സംഗക്കേസുകളിൽ പ്രതിയെന്ന് കണ്ടെത്തി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം നിശ്ചിത ഇടവേളകളിൽ പരോൾ വാങ്ങി നാട്ടിലിറങ്ങി നടക്കുന്നു.
ജയിലുകളിലെയും ജുഡീഷ്യൽ സിസ്റ്റത്തിലെയും മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പതിറ്റാണ്ടുകൾ മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം പറഞ്ഞു. ‘‘വിചാരണാ കാലതാമസം ഒഴിവാക്കാൻ നിയമ പരിഷ്കരണത്തിലൂടെ സാധിക്കണം. ആ ഗുരുതര അനീതിയെപ്പറ്റി ഒട്ടും ചിന്തിക്കാത്ത തരത്തിലാണ് ഇന്ന് നിയമ നടപടികൾ. പൊലീസ് മൂന്നാംമുറയിലൂടെ നിരപരാധികളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നു. പണം കൊടുത്ത് സാക്ഷികളെക്കൊണ്ട് മൊഴിമാറ്റി പറയിപ്പിക്കുന്നു. വിചാരണ കൂടാതെ പൗരരെ തടവറയിലിടുന്നു. ഇവയെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം പല പ്രവണതകളും തുടച്ചുനീക്കേണ്ടതുണ്ട്. (പ്രബോധനം വാരിക, 2004 ഡിസം. 4).
ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ എഴുതി:‘‘ഭീകരാക്രമക്കേസുകളിലും മറ്റുമായി വിചാരണത്തടവുകാരായി അനവധി പേർ നമ്മുടെ ജയിലറകളിലുണ്ട്. ഇത്തരം കേസുകൾ ദ്രുതഗതിയിൽ കോടതികൾ സ്ഥാപിച്ച് ഒരു വർഷത്തിനകം തീർപ്പുകൽപിക്കണം. വർഷങ്ങളോളം തടവറകളിൽ കിടന്ന് നിരപരാധികളാണെന്ന് തെളിഞ്ഞ് മോചിതരാകുന്നവർക്ക് മതിയായ നഷ്ട പരിഹാരം നൽകണം. എത്ര നഷ്ടപരിഹാരം നൽകിയാലും ജയിലറകളിൽ കഴിഞ്ഞ നാളുകൾക്ക് അത് പകരമാവുകയില്ല. നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസം, കുടുംബം, സാമൂഹിക പ്രശ്നങ്ങൾ എന്നിവകൾക്കെങ്ങനെ
അത് പരിഹാരമാകും? (മതം, മതനിരാസ രാഷ്ട്രീയം, മദംപൂണ്ട് സമൂഹം, പേ. 77- 78).
ലക്ഷക്കണക്കിന് പൗരർ വിചാരണത്തടവുകാരായി അനവധി വർഷങ്ങളായി ജയിലിൽ കഴിയുമ്പോൾ, അഴികൾക്കുള്ളിൽ അവർ അനുഭവിക്കുന്ന പീഡനങ്ങൾക്കുമപ്പുറം, വെളിയിൽ അവരുടെ നിരാലംബരായ കുടുംബങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്ന യാതനകളും ദുഃഖങ്ങളും മനസ്സിലാക്കാനുള്ള ഹൃദയവിശാലത ന്യായാധിപന്മാർക്ക് ഉണ്ടായേ മതിയാകൂ. ഏറ്റവുമൊടുവിൽ, കേരള ഹൈകോടതി 14 വർഷം തടവിൽ കിടന്ന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.
പ്രോസിക്കൂട്ടറില്ല, വേണ്ടത്ര തെളിവുകളില്ല തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് വിധി. വിധി പറയാൻ ഇത്ര കാലതാമസം നേരിടുന്നതിലെ, നീതിന്യായ സംവിധാനത്തിലെ ഈ അശാസ്ത്രീയത കൊടും ദ്രോഹമാണ്. മനുഷ്യാവകാശ ലംഘനമാണ്. വിചാരണ എത്രയും വേഗം പൂർത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം. നിരപരാധികളെ ഉടൻ വിട്ടയക്കണം. അതോടെ, ജയിലറകളിലെ മഹാഭൂരിഭാഗവും മോചിതരാവും. ജയിലിൽ ബാക്കിയുള്ളവർക്ക് ഇടുക്കവും ഞ്ഞെരുക്കവും കുറയും. കൊടും ദുരിതങ്ങൾക്ക് ഇത്തിരി ശമനവുമാകും.
ജനാധിപത്യത്തിൽ, ജാമ്യം പൗരരുടെ അവകാശവും ജയിൽ അപവാദവുമാണെന്ന് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖ ജഡ്ജിമാർ പ്രസിദ്ധങ്ങളായ പല വിധികളിലും എടുത്തുപറഞ്ഞിട്ടുണ്ട്. ന്യായാധിപലോകം ജയിലറകളിലെ മനുഷ്യാവങ്ങളെപ്പറ്റി ഓർക്കാൻ, പരിഷ്കരണ പ്രക്രിയക്ക് തുടക്കമിടാൻ ഒട്ടും വൈകിക്കൂട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.