അതൃപ്ത

വിശ്വാസികൾ കാണുന്നത് അവിശ്വാസിയും യുക്തിവാദിയുമായാണ്. പാരമ്പര്യ വിരുദ്ധയെന്ന പേരും കിട്ടി. ബി.ജെ.പിയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ്​ കാശുകൊടുത്ത് ഇറക്കിയ പെണ്ണ് എന്നു വരെ മുദ്രകുത്തുന്നവരുണ്ട്.  ‘ഞാനും വിശ്വാസിയാണ്; പക്ഷേ, അന്ധമായ വിശ്വാസമല്ല എ​േൻറത്’ എന്ന് പറയുന്നു തൃപ്തി ദേശായി. തൃപ്തിക്ക് ഒരു കാര്യത്തിലേ തൃപ്തിക്കുറവുള്ളൂ. അത് ആരാധനാലയങ്ങൾ സ്​ത്രീകളോടു കാണിക്കുന്ന വിവേചനത്തിെൻറ കാര്യത്തിൽ മാത്രമാണ്. ദൈവം ആണിനെയും പെണ്ണിനെയും വേറിട്ടുകാണുന്നില്ലെങ്കിൽ ആരാധനാലയങ്ങളിലെന്തിനാ ലിംഗവിവേചനം എന്നാണ് തൃപ്തിയുടെ ചോദ്യം. പാരമ്പര്യവാദികളുടെ അതൃപ്തി മാത്രമല്ല, അടിയും വാങ്ങിവെക്കാറുണ്ട് തൃപ്തി.

ഹാജി അലി ദർഗയിലും ശനി ശിഗ്നാപുർ ക്ഷേത്രത്തിലും സ്​ത്രീകൾക്ക് പ്രവേശനം നേടിയെടുത്തതിെൻറ ആത്മവിശ്വാസവുമായി അടുത്ത വരവ് ശബരിമലയിലേക്കാണ്. ജനുവരിയിൽ നൂറു സ്​ത്രീകളുമായി വരും. പമ്പയിൽ തടയുമെന്ന് പറഞ്ഞത് വിശ്വഹിന്ദു പരിഷത്തിെൻറ വനിതാ വിഭാഗമായ ദുർഗാവാഹിനി.  പമ്പ പോലും കടക്കാനാവില്ലെന്നാണ് അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വറിെൻറ മുന്നറിയിപ്പ്. അഞ്ഞൂറു സ്​ത്രീകൾ കോർത്തുപിടിച്ച മനുഷ്യച്ചങ്ങല തടയുമെന്ന് വെല്ലുവിളി. ഭീഷണി വകവെക്കില്ലെന്ന് തൃപ്തി മറുപടി കൊടുത്തിട്ടുണ്ട്.

വയസ്സിപ്പോൾ 31. അതിനകംതന്നെ ലിംഗസമത്വവാദിയായി ദേശീയതലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നു. പൊതുസമൂഹത്തിലെ പ്രതിച്ഛായ സ്​ത്രീവിമോചനപ്രവർത്തകയുടേതാണ്. നീളം കുറച്ച മുടി, കമ്മീസ്​, സ്​ലീവ്ലസ്​ ജാക്കറ്റ്. പക്ഷേ, നല്ല മതവിശ്വാസിയാണ്. കോലാപുരിലെ ഗുരു ഗഗൻഗിരി മഹാരാജിെൻറ ശിഷ്യ. വീട്ടിൽ നിറയെ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ. ശനിഭഗവാൻ ഉൾപ്പെടെ. എന്നാൽ, ഹിന്ദുമതത്തിലെ ആരാധനാലയങ്ങളിൽ ലിംഗനീതി നേടിയതുകൊണ്ടു മാത്രം തൃപ്തി തൃപ്തയാവില്ല. ഭാരതീയ മുസ്​ലിം മഹിളാ ആന്ദോളൻ ഉൾപ്പെടെ എല്ലാ വിശ്വാസസംഹിതകളിലെയും ഭക്തരുമായി സംവദിക്കാൻ ശ്രമിക്കാറുണ്ട്.

ജനിച്ചത് കർണാടകയിലെ നിപാൻ താലൂക്കിൽ. പിതാവ് ഗഗൻഗിരി മഹാരാജിെൻറ ശിഷ്യത്വം സ്വീകരിച്ച് തെക്കൻ മഹാരാഷ്ട്രയിലെ ആശ്രമത്തിലെത്തിയപ്പോൾ അമ്മക്കും രണ്ടു സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി. പുണെയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വിമൻസ്​ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം തൊട്ട് സാമൂഹിക പ്രവർത്തകയായിരുന്നു. ഒരു കൊല്ലം അവിടെ പഠിച്ചത് ഹോം സയൻസ്​. പിന്നെ കുടുംബപ്രശ്നങ്ങൾ കാരണം പഠനം തുടരാൻ കഴിഞ്ഞില്ല.
2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ്​ സംഘ് എന്ന സംഘടനയിലൂടെ പൊതുപ്രവർത്തനത്തിനിറങ്ങി. 2007ൽ എൻ.സി.പിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്തുകൊണ്ടുവരുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. 35,000 ഉപഭോക്താക്കളെ കബളിപ്പിച്ച ബാങ്കിനെതിരെ നിലകൊണ്ടപ്പോൾ  നിരവധി വധഭീഷണികൾ നേരിട്ടു. പക്ഷേ, സമരത്തിെൻറ ഫലമായി 29,000 ഉപഭോക്താക്കൾക്ക് പണം തിരിച്ചുകിട്ടി.

സമരത്തിനിടെ സഹകരണമന്ത്രിയെ ഘെരാവോ ചെയ്തിരുന്നു. തൃപ്തിയുടെ സാമൂഹിക പ്രവർത്തനത്തിൽ തൃപ്തനായ മന്ത്രി അടുത്ത കോർപറേഷൻ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വാഗ്ദാനം ചെയ്തു. അങ്ങനെ 2012ൽ ബാലാജി നഗർ വാർഡിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി. പക്ഷേ, തോറ്റു. ഭാവിയിൽ രാഷ്ട്രീയ ഗോദയിൽ വീണ്ടും ഇറങ്ങാനുള്ള സാധ്യത പക്ഷേ, തൃപ്തി തള്ളിക്കളയുന്നില്ല.

2010ലാണ് ഭൂമാതാ ബ്രിഗേഡ് തുടങ്ങിയത്. അടുത്ത വർഷം അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിൽ പങ്കെടുത്തു. നാൽപതിൽ താഴെയുള്ളവരാണ് ബ്രിഗേഡിൽ. ഇപ്പോൾ 4,000 അംഗങ്ങൾ. മഹാരാഷ്ട്രയിൽ 21 ശാഖകൾ. അംഗങ്ങളായി ആണും പെണ്ണുമുണ്ട്. റാൻരാഗിണി ബ്രിഗേഡ് ആണ് സ്​ത്രീകളുടെ വിഭാഗം.
പുണെ കോലപുർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്​ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാർ തടസ്സമായി. പ്രതിഷേധിച്ച തൃപ്തിയെയും പ്രക്ഷോഭകരെയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ്​ അറസ്​റ്റ് ചെയ്തിരുന്നു.

അഹ്മദ് നഗർ ജില്ലയിലെ ശനി ശിഗ്നാപുർ ക്ഷേത്രത്തിൽ ഒരു സ്​ത്രീ വിഗ്രഹത്തിെൻറ അടുത്തുവരെ എത്തി ദർശനം നടത്തിയപ്പോൾ പൂജാരിമാർ ശുദ്ധികലശം നടത്തി. ദൈവത്തെ ആരാധിക്കുന്ന സ്​ത്രീ അശുദ്ധയാവുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും തൃപ്തിക്ക് തൃപ്തികരമായ ഉത്തരം കിട്ടിയില്ല. ശനിഭഗവാൻ അമ്മയുടെ ഗർഭപാത്രത്തിലല്ലേ ജനിച്ചത്? പാലഭിഷേകം നടത്തുന്ന പാൽ പശുവിേൻറതല്ലേ; കാളയുടേതല്ലല്ലോ. കഴിഞ്ഞ ഡിസംബർ 20ന് പ്രിയങ്ക ജഗ്തപ്, പുഷ്പക് കെവാദ്കർ, ദുർഗ ശുക്രെ എന്നിവർക്കൊപ്പം തൃപ്തി ക്ഷേത്രത്തിൽ കയറി. വിഗ്രഹത്തിെൻറ അഞ്ചടി അടുത്ത് എത്തിയപ്പോഴേക്കും സുരക്ഷാഭടന്മാർ പിടിച്ചുമാറ്റി.  400 സ്​ത്രീകളെ സംഘടിപ്പിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആയിരുന്നു അടുത്ത പദ്ധതി. 4,000 പേരുമായി വന്ന് തടയുമെന്നായി ഹിന്ദുത്വ വിഭാഗക്കാർ.

ക്ഷേത്രത്തിെൻറ തുറന്നിരിക്കുന്ന മേൽക്കൂരയിലൂടെ പ്രവേശിക്കാനായി അടുത്ത പദ്ധതി. അതിനായി രണ്ടു മണിക്കൂറിന് 80,000 രൂപ കൊടുത്ത് പുണെയിൽനിന്ന് ചാർട്ടേഡ് ഹെലികോപ്ടർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കലക്ടർ അനുമതി നൽകിയില്ല. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സംസ്​ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തോളം സ്​ത്രീകൾ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ആ ഗ്രാമത്തിലേക്കു തിരിച്ചു. ബസുകളിൽ സ്​ത്രീകളെ എത്തിക്കാൻ വിവിധ സാമൂഹിക സംഘടനകൾ സഹായിച്ചു. അവരെ രണ്ടു കിലോമീറ്റർ അകലെ  പൊലീസ്​ തടഞ്ഞു. പിരിഞ്ഞുപോവാൻ അവർ തയാറായില്ല. ദേശായി ഉൾപ്പെടെയുള്ളവർ പൊലീസ്​ തടവിലായി. മുഖ്യമന്ത്രി ഫട്നാവിസ്​ ഇടപെട്ടു. പ്രക്ഷോഭകരുമായി ചർച്ച നടത്താൻ ക്ഷേത്ര അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന് ഹരജിയുമായി തൃപ്തി ബോംബെ ഹൈകോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ ഉത്തരവ്.

ഇടക്കിടെ ദേഹോപദ്രവമേൽക്കാറുണ്ട്.  കപാലേശ്വർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിെൻറ പിറ്റേന്ന് നാസിക്കിൽ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ഏപ്രിലിൽ കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽനിന്ന് അടികിട്ടി. സ്വന്തം ചെരിപ്പൂരി അടിച്ചത് വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയ പെൺകുട്ടിയെ വഞ്ചിച്ച 25കാരനെ. അതിെൻറ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചിട്ടുമുണ്ട്.  ഭാരതമാതാവിെൻറ പേരിൽ നിലനിൽക്കുന്ന ആർ.എസ്​.എസിൽ വനിതകൾക്ക് അംഗത്വം നൽകാത്തതിനെ ചോദ്യംചെയ്ത് സംഘടനാ തലവൻ മോഹൻ ഭാഗവതിന് കത്തെഴുതിയിട്ടുണ്ട്.

ആറു വയസ്സുള്ള യോഗിരാജിെൻറ അമ്മയാണ്. ഭർത്താവ് പ്രശാന്ത് എയർടെൽ ഫ്രാഞ്ചൈസി നടത്തുന്നു. ഭൂമി ഇടപാടുകാരനുമാണ്.

Tags:    
News Summary - thripthi desai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.