രാഷ്ട്രപതി ഭവനിലെ രാജാജി പ്രതിമ രാഷ്ട്രപതി ​ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തപ്പോൾ


സ​ങ്കു​ചി​ത കാ​ല​ത്തെ പ്ര​തി​മ​യും, ബ​ഹു​സ്വ​ര​ത​ കാത്ത രാ​ജാ​ജി​യും

ത്യാ​ഗോ​ജ്വ​ല​നാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി, ഭ​ര​ണാ​ധി​കാ​രി, എ​ഴു​ത്തു​കാ​ര​ൻ, അ​പൂ​ർ​വ​മാ​യ ചി​ന്താ​ശു​ദ്ധി​യു​ള്ള രാ​ഷ്ട്രീ​യ ചി​ന്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സി.​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ (രാ​ജാ​ജി) പ്ര​തി​മ രാ​ഷ്ട്ര​പ​തി ഭ​വ​ൻ പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കു​ക എ​ന്ന​ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ല്ലാ ഇ​ന്ത്യാ​ക്കാ​രി​ലും അ​ഭി​മാ​ന​മു​ണ്ടാ​ക്കേ​ണ്ട ഒ​ന്നാ​യി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഗ​വ​ർ​ണ​ർ ജ​ന​റ​ലു​മാ​യി​രു​ന്ന രാ​ജാ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ, അ​ദ്ദേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ വൈ​സ്രോ​യ് ഭ​വ​നം അ​ട​ക്കം ഡ​ൽ​ഹി എ​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത എ​ഡ്‌​വി​ൻ ല്യൂ​ട്ട​ൻ​സി​ന്റെ പ്ര​തി​മ മാ​റ്റി അ​വി​ടെ​യാ​ണ് രാ​ജാ​ജി​യെ പ്ര​തി​ഷ്ഠി​ച്ച​ത്.

മോ​ദി​ക്കും സം​ഘ​ത്തി​നും രാ​ജാ​ജി പ്രി​യ​പ്പെ​ട്ട​യാ​ളാ​കു​ന്ന​ത് അ​ദ്ദേ​ഹം ക​ടു​ത്ത നെ​ഹ്‌​റു വി​മ​ർ​ശ​ക​നാ​യി​രു​ന്നു എ​ന്ന​തി​നാ​ലാ​ണ്. ത​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തീ​വ്ര​വ​ല​തു​പ​ക്ഷ യാ​ഥാ​സ്ഥി​തി​ക​ത​യു​ടെ ഭാ​ഗ​മാ​യി രാ​ജാ​ജി​യു​ടെ പൈ​തൃ​ക​ത്തെ മാ​റ്റാ​ൻ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളോ​ടും ഇ​തി​നെ കൂ​ട്ടി​വാ​യി​ക്ക​ണം. എ​ന്നാ​ൽ, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ​ബോ​ധം പു​ല​ർ​ത്തി​യ രാ​ജാ​ജി​യു​ടെ രാ​ഷ്ട്രീ​യം ഒ​രി​ക്ക​ലും സ​ങ്കു​ചി​ത​മാ​യി​രു​ന്നി​ല്ല. ഇ​ത് മ​ന​സ്സി​ലാ​ക്കാ​ൻ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. 1959-ൽ ​കേ​ര​ള​ത്തി​ലെ ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ അ​ന്ന് കേ​ന്ദ്രം ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു. രാ​ജാ​ജി എ​ന്നും ക​മ്മ്യൂ​ണി​സ​ത്തി​ന്റെ ആ​ശ​യ​പ​ര​മാ​യ എ​തി​രാ​ളി​യാ​യി​രു​ന്നു. ക​മ്യൂ​ണി​സം ഏ​കാ​ധി​പ​ത്യ​വും സ്വേ​ച്ഛാ​ധി​പ​ത്യ​വു​മാ​യി മാ​റു​മെ​ന്നും, ജ​നാ​ധി​പ​ത്യ​ബോ​ധ​മി​ല്ലാ​ത്ത നേ​താ​ക്ക​ൾ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ കാ​ണി​ക്കു​മെ​ന്നും, ബ​ഹു​സ്വ​ര​ത​യു​ടെ ശ​ത്രു​ക്ക​ളാ​കു​മെ​ന്നും ഭ​യ​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യെ അ​ദ്ദേ​ഹം അ​തി​ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. നെ​ഹ്‌​റു​വു​മാ​യു​ള്ള വ്യ​ക്തി​ഗ​ത​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ കാ​ര​ണ​മാ​യി​രു​ന്നി​ല്ല അ​ത്; മ​റി​ച്ച്, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു സ​ർ​ക്കാ​രി​നെ ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യേ മാ​റ്റാ​വൂ എ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്താ​ലാ​യി​രു​ന്നു. എ​തി​ർ​ചേ​രി​യി​ലു​ള്ള​വ​രോ​ട് രാ​ഷ്ട്രീ​യ ഭി​ന്ന​ത എ​ത്ര ശ​ക്ത​മാ​യാ​ലും, അ​തൊ​രി​ക്ക​ലും ഏ​ക​പ​ക്ഷീ​യ​മാ​യ ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലി​ന് ന്യാ​യീ​ക​ര​ണ​മ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം. സ​ഹി​ഷ്ണു​ത​യി​ലും തു​ല്യ​നീ​തി​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഈ ​പ്ര​തി​ബ​ദ്ധ​ത, കോ​ൺ​ഗ്ര​സു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും രൂ​പ​പ്പെ​ട്ട ഒ​ന്നാ​ണ്. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വേ​ർ​പെ​ട്ടെ​ങ്കി​ലും ആ ​പ​ഴ​യ വി​ശാ​ല രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്റെ ഉ​ൽ​പ്പ​ന്ന​മാ​യി അ​ദ്ദേ​ഹം തു​ട​ർ​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര​തീ​യ​താ സം​ര​ക്ഷ​ണ​വാ​ദം ഭൂ​രി​പ​ക്ഷാ​ധി​പ​ത്യ​പ​ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് നൈ​തി​ക​വും ത​ത്വ​ചി​ന്താ​പ​ര​വു​മാ​യി​രു​ന്നു. ഉ​റ​ച്ച മ​ത​വി​ശ്വാ​സി​യും ഭാ​ര​തീ​യ ദ​ർ​ശ​ന​ങ്ങ​ളി​ൽ വേ​രൂ​ന്നി നി​ന്ന​യാ​ളു​മാ​യി​രു​ന്നെ​ങ്കി​ലും, ഇ​ന്ത്യ ഒ​രു മ​താ​ത്മ​ക രാ​ഷ്ട്ര​മാ​ക​ണ​മെ​ന്നോ ഭൂ​രി​പ​ക്ഷ മ​ത​ത്തി​ന് ഇ​ത​ര മ​ത​സ്ഥ​ർ കീ​ഴ​ട​ങ്ങ​ണ​മെ​ന്നോ രാ​ജാ​ജി ഒ​രി​ക്ക​ലും വാ​ദി​ച്ചി​ല്ല.

കോ​ൺ​ഗ്ര​സു​മാ​യു​ള്ള രാ​ജാ​ജി​യു​ടെ അ​ന്തി​മ​മാ​യ വേ​ർ​പി​രി​യ​ൽ സാം​സ്കാ​രി​ക സം​ഘ​ർ​ഷ​ത്തി​ന്റെ ഫ​ല​മാ​യി​രു​ന്നി​ല്ല, നെ​ഹ്‌​റു​വു​മാ​യു​ള്ള ആ​ശ​യ​പ​ര​മാ​യ ഭി​ന്ന​ത​ക​ൾ മാ​ത്ര​മാ​യി​രു​ന്നു കാ​ര​ണം. സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ സ്വാ​ധീ​ന​ത്തി​ൽ നി​യ​ന്ത്രി​ത സോ​ഷ്യ​ലി​സ​ത്തോ​ടും കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി ന​ട​ത്തി​പ്പു​ക​ളോ​ടും നെ​ഹ്‌​റു​വി​നു​ണ്ടാ​യി​രു​ന്ന പ്ര​തി​ബ​ദ്ധ​ത, വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും അ​മി​ത​മാ​യ ബ്യൂ​റോ​ക്ര​സി​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് രാ​ജാ​ജി ഭ​യ​പ്പെ​ട്ടു. 1959-ൽ ​അ​ദ്ദേ​ഹം സ്വ​ത​ന്ത്ര പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തു​പോ​ലും അ​ന്ന് നി​ല​നി​ന്ന പ്ര​ബ​ല രാ​ഷ്ട്രീ​യ ഏ​കാ​ഭി​പ്രാ​യ​ത്തി​ന് ഒ​രു ലി​ബ​റ​ൽ-​സം​ര​ക്ഷ​ണ​വാ​ദ ബ​ദ​ൽ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷം അ​നി​വാ​ര്യ​മാ​ണെ​ന്നും ഒ​രൊ​റ്റ പാ​ർ​ട്ടി​ക്ക് ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത മേ​ൽ​ക്കോ​യ്മ അ​നു​വ​ദി​ക്ക​പ്പെ​ട​രു​ത് എ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു.

ആ​ശ​യ​പ​ര​മാ​യി അ​ക​ന്നു​നി​ന്ന് പോ​ര​ടി​ക്കു​മ്പോ​ഴും രാ​ജാ​ജി​യു​ടെ​യും നെ​ഹ്‌​റു​വി​ന്റെ​യും ഇ​ട​യി​ൽ നി​ല​നി​ന്നി​രു​ന്ന സൗ​ഹൃ​ദം, ഇ​ന്ത്യ​യു​ടെ ആ​ദ്യ​കാ​ല ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പ​ക്വ​ത​യെ തെ​ളി​യി​ക്കു​ന്നു. നെ​ഹ്‌​റു​വി​ന്റെ ന​യ​ങ്ങ​ളെ രാ​ജാ​ജി ബൗ​ദ്ധി​ക സ​ത്യ​സ​ന്ധ​ത​യോ​ടെ വി​മ​ർ​ശി​ച്ചെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​പാ​ട​വ​ത്തെ​യോ അ​റി​വി​നെ​യോ ആ​ർ​ജ്ജ​വ​ത്തെ​യോ ദേ​ശ​സ്നേ​ഹ​ത്തെ​യോ ഒ​രി​ക്ക​ലും ചോ​ദ്യം ചെ​യ്തി​ല്ല.

ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള രാ​ജാ​ജി​യു​ടെ സ​മീ​പ​ന​വും കോ​ൺ​ഗ്ര​സി​നോ​ടും നെ​ഹ്‌​റു​വി​നോ​ടും ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹം ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തെ സം​ശ​യ​ത്തോ​ടെ മാ​ത്രം ക​ണ്ടു. ബ്രാ​ഹ്മ​ണ​വി​രു​ദ്ധ വാ​ച​ക​ശൈ​ലി, നാ​സ്തി​ക പ്ര​വ​ണ​ത, സ്വ​ത​വാ​ദ​ത്തി​ലൂ​ന്നി​യ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അം​ഗീ​ക​രി​ക്കാ​ൻ ഗാ​ന്ധി​യ​ൻ ദേ​ശീ​യ​വാ​ദി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ണ്ണാ​ദു​രൈ​യെ​യും പി​ന്നീ​ട് ക​രു​ണാ​നി​ധി​യെ​യും പോ​ലു​ള്ള നേ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി. മ​ദ്യ​നി​രോ​ധ​നം പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​മാ​യി ഉ​ണ്ടാ​യ ഇ​ട​ക്കാ​ല ഐ​ക്യ​വും പി​ന്നീ​ടു​ണ്ടാ​യ വി​യോ​ജി​പ്പും ആ​ശ​യ​പ​ര​മാ​യ ഏ​കീ​ക​ര​ണ​മ​ല്ല, ന​യ​പ​ര​മാ​യ പൊ​രു​ത്ത​പ്പെ​ട​ൽ മാ​ത്ര​മാ​യി​രു​ന്നു. എ​ത്ര ആ​ഴ​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും ശ​ക്തി​ക്കും സം​വാ​ദ​വും പൊ​രു​ത്ത​പ്പെ​ട​ലും ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു രാ​ജാ​ജി​യു​ടെ വി​ശ്വാ​സം.

ഭാ​ഷാ രാ​ഷ്ട്രീ​യ​ത്തി​ലും രാ​ജാ​ജി ക​ഠി​ന നി​ല​പാ​ടി​നേ​ക്കാ​ൾ പ്രാ​യോ​ഗി​ക സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. ആ​ദ്യം ഹി​ന്ദി​യെ ദ​ക്ഷി​ണ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തി​ന്റെ നി​ർ​ബ​ന്ധി​ത അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​നെ അ​ദ്ദേ​ഹം എ​തി​ർ​ത്തു. ഇ​ന്ത്യ​ൻ യൂ​ണി​യ​നി​ലെ ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ൾ എ​ക്കാ​ല​ത്തും ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം. ഒ​രു​കാ​ല​ത്തും അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​ലൂ​ടെ ദേ​ശീ​യ ഐ​ക്യം നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ഇ​തെ​ല്ലാം ചേ​ർ​ത്തു വാ​യി​ക്കു​മ്പോ​ൾ, രാ​ജാ​ജി​യെ ബി.​ജെ.​പി​യു​ടെ​യും ആ​ർ.​എ​സ്.​എ​സി​ന്റെ​യും ആ​ശ​യ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​യി എ​ത്ര​ത്തോ​ളം അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യം, ബ​ഹു​സ്വ​ര​ത, നൈ​തി​ക ആ​ത്മ​നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യം ഒ​രു നൈ​തി​ക​മാ​യ ആ​ഹ്വാ​ന​മാ​ണെ​ന്ന് വി​ശ്വ​സി​ച്ച ത​ല​മു​റ​യി​ലാ​ണ് രാ​ജാ​ജി ഉ​ൾ​പ്പെ​ടു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​ത്രം പോ​രാ; ആ​ത്മ​നി​യ​ന്ത്ര​ണം, വി​ന​യം, വി​യോ​ജ​ന​ത്തോ​ടു​ള്ള ബ​ഹു​മാ​നം എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തി. ബൗ​ദ്ധി​ക രാ​ഷ്ട്രീ​യ​ത്തി​നാ​യു​ള്ള വാ​ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം. ആ​ശ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന വി​ശ്വാ​സ​ത്തോ​ടെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഒ​രു പ്ര​തി​മ സ്ഥാ​പി​ക്ക​ൽ വ​ഴി ആ​ർ​ക്കും പ്ര​തീ​കാ​ത്മ​ക തു​ട​ർ​ച്ച​ക​ൾ അ​വ​കാ​ശ​പ്പെ​ടാം. എ​ന്നാ​ൽ ച​രി​ത്രം ഒ​രി​ക്ക​ലും അ​തി​ന്റെ അ​തി​ഭീ​ക​ര​മാ​യ ലാ​ളി​ത്യ​വ​ത്ക​ര​ണ​ത്തെ അം​ഗീ​ക​രി​ക്കാ​റി​ല്ല, അ​നു​വ​ദി​ക്കാ​റു​മി​ല്ല.

ആ​ത്യ​ന്തി​ക​മാ​യി, രാ​ജാ​ജി​യു​ടെ പാ​ര​മ്പ​ര്യം എ​ളു​പ്പ​ത്തി​ൽ അ​പ​ഹ​രി​ച്ചെ​ടു​ത്ത് ആ​രു​ടേ​യെ​ങ്കി​ലും ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. റി​പ്പ​ബ്ലി​ക്കി​നെ രൂ​പ​പ്പെ​ടു​ത്തി​യ വി​ശാ​ല ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ത്തി​ന്റെ അ​ച​ഞ്ച​ല ഭാ​ഗം ത​ന്നെ​യാ​ണ​ത്. അ​വി​ടെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും പ​ര​സ്പ​ര ബ​ഹു​മാ​നം നി​ല​നി​ന്നി​രു​ന്നു. എ​തി​ർ​പ​ക്ഷ​ത്തി​ന്റെ നി​യ​മാ​നു​സൃ​ത​ത​യും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും ഒ​രി​ക്ക​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ച​രി​ത്രം ഓ​ർ​ക്കു​ന്ന രാ​ജാ​ജി അ​താ​ണ്.

Tags:    
News Summary - The idol of a limited time and the king who awaited the multiplicity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.