ആത്മബലങ്ങള്‍ നഷ്ടമാകുന്ന ഉന്നത വിദ്യാഭ്യാസ മേഖല

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചത് 1986ലെ വിദ്യാഭ്യാസ നയമായിരുന്നു. അതുവരെ പിന്തുടര്‍ന്നുപോന്ന ഭരണകൂട കേന്ദ്രീകൃത വിദ്യാഭ്യാസ വ്യവസ്ഥയെ ആഗോളതലത്തിലുണ്ടായ നവലിബറല്‍ സാമ്പത്തിക വ്യതിയാനത്തിന്റെ ചട്ടക്കൂടിനനുസരിച്ച് പാകപ്പെടുത്തുകയെന്ന ദൗത്യമാണ് ആ നയത്തിന് നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നത്. '80കളുടെ തുടക്കത്തില്‍ ആഗോളീകരണത്തിന്റെ സമവാക്യങ്ങള്‍ മാറിയതോടെ ക്ഷേമരാഷ്ട്ര ഭരണകൂടം നിര്‍വാണംപ്രാപിക്കുകയും പുതിയ നവലിബറല്‍ ഭരണകൂടങ്ങള്‍ പൊങ്ങിവരുകയും ചെയ്യുന്ന കാഴ്ച ലോകമെമ്പാടും ദൃശ്യമായി.

അതിനു ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നതിനാണ് ലോകബാങ്കും ലോക വ്യാപാര സംഘടനയും വികസിത മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക കാർട്ടലുകളും (ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് രൂപം നൽകിയ സേവന/വിതരണ കൂട്ടായ്മകൾ) ചേര്‍ന്ന് തങ്ങളുടെ നയങ്ങളിലും കാര്യപരിപാടികളിലും ഇടപെടലിന്റെ രീതികളിലും അഭൂതപൂര്‍വമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്. നിർകോളനീകരണത്തിന് സമാന്തരമായി ആരംഭിച്ച സാമ്പത്തിക കോളനീകരണത്തിന് പുതിയ മേച്ചിൽപുറങ്ങള്‍ കണ്ടെത്തി ആഗോള മൂലധനത്തിന്റെ സാമ്പത്തിക താൽപര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ഈ ഇടപെടലുകളുടെ ആത്യന്തികലക്ഷ്യം.

സമാധാനപരമായ രീതിയില്‍ മൂന്നാംലോക ഭരണകൂടങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ചിലപ്പോള്‍ സോഷ്യലിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ചുമാണ് അവര്‍ ഈ ലക്ഷ്യം നേടുന്നതിന് വഴികള്‍ വെട്ടിത്തുറന്നത്. ഇന്ത്യയും ചൈനയുമടക്കം മിക്കവാറും എല്ലാ രാജ്യങ്ങളും സ്വീകരിച്ച നവലിബറല്‍ സാമ്പത്തിക നടപടികളുടെ ഭാഗമായിരുന്നു 1986ലെ ഇന്ത്യയിലെ വിദ്യാഭ്യാസ നയവും.

എന്നാല്‍, അന്നത്തെ കോൺഗ്രസ് സര്‍ക്കാര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ഉദാരവത്കരണത്തിന്റെ യുക്തിയില്‍ രാജ്യം വീഴുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ മേല്‍ക്കൈ ശക്തമായി നിലനിർത്തുക എന്നതായിരുന്നു അത്. പരിമിതികളോടെയാണെങ്കിലും രാജ്യത്തെ ഗവേഷണ-സാങ്കേതിക നവീകരണ വ്യവസ്ഥയെ പൂർണമായും സ്വകാര്യ മേഖലക്ക് തീറെഴുതരുത് എന്നൊരു ധാരണ അന്നത്തെ ഭരണകൂടത്തിനുണ്ടായിരുന്നു.

ഭരണകൂടം- ഉന്നത വിദ്യാഭ്യാസ മേഖല-വിപണി എന്ന പുതിയ സാങ്കേതിക നവീകരണ സമവാക്യം സ്വീകരിക്കുമ്പോഴും ആ വ്യവസ്ഥയിലെ ആദ്യത്തെ രണ്ടു ഏജന്‍സികളെയും റദ്ദുചെയ്ത് മുന്നോട്ടുപോകാന്‍ അവര്‍ വിപണിയെ അനുവദിച്ചില്ല. എന്നാല്‍, പിന്നീട് നാം കാണുന്നത് ഈ സമീപനത്തെ നിര്‍വീര്യമാക്കാന്‍ സ്വകാര്യ മേഖലയുടെ വക്താക്കള്‍ പണിപ്പെടുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭരണകൂടം അതിനു വഴങ്ങിയപ്പോഴും ചുക്കാന്‍ മുഴുവനായും കൈമോശപ്പെടുത്തിയില്ല.

കോൺഗ്രസ് ഭരണകാലത്തെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ നടത്തിയ ആക്രോശങ്ങളുടെകൂടി ബലത്തിൽ രാജ്യത്ത് ചുവടുറപ്പിച്ച ഹിന്ദുത്വ ശക്തികള്‍ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഇന്ത്യയെ ക്രോണി മുതലാളിത്തത്തിനുവേണ്ടി വില്പനക്കുവെച്ചത്. സ്വകാര്യ മേഖലക്ക് ഒരു പങ്കുമില്ലാത്ത ഒരു വിദ്യാഭ്യാസ നയം നവലിബറല്‍ കാലത്ത് അതിനെ ബോധപൂർവം ചെറുക്കാനുള്ള പ്രതിബദ്ധതയുള്ള സര്‍ക്കാറുകള്‍ക്കല്ലാതെ ആര്‍ക്കും സ്വീകരിക്കാന്‍ കഴിയില്ല. അത്തരം ഭരണകൂടങ്ങള്‍ നിലനിൽക്കുന്നില്ല എന്ന് '80കള്‍മുതല്‍ ആഗോള മൂലധനം ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍, ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത് അതുവരെയുള്ള എല്ലാ അച്ചടക്കങ്ങളും അതിലംഘിക്കുന്ന സ്വകാര്യവത്കരണ ത്വരയായിരുന്നു. അതിനു അരുനില്‍ക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയവും.

ഇന്ത്യയിലെ ക്രോണി മുതലാളിത്തം പൊതുവില്‍ ഹിന്ദുത്വ ചായ്‍വ് ആണ് പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഹിന്ദുത്വ ഭരണകൂടത്തെ അവരോധിക്കുന്നതിന് കൈയുംമെയ്യുംമറന്ന് സഹായം ചെയ്തവരാണവര്‍. അവര്‍ക്കുള്ള സൗജന്യങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്നതില്‍ സര്‍ക്കാറും മടിച്ചിട്ടില്ല. ഇതോടൊപ്പം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഭരിക്കുന്നതിന് പ്രത്യയശാസ്ത്രപരമായി അഭിമതരായവരെമാത്രം നിയോഗിക്കുന്ന സമീപനം സ്വീകരിച്ചപ്പോള്‍ ഹിന്ദുത്വശൈലിയോടും അജണ്ടയോടുമുള്ള വിശ്വസ്ഥതക്കാണ് മുന്‍‌തൂക്കം നല്‍കിയത്.

ദേശീയ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലയുടെ ഭരണത്തിലുമൊക്കെ ഏതാണ്ട് പൂർണമായും ഹിന്ദുത്വ അജണ്ടയോട് പ്രതിബദ്ധതയുള്ളവര്‍മാത്രം നിയമിക്കപ്പെട്ടു.എന്നാല്‍ താഴേത്തട്ടിലുള്ള നിയമനങ്ങളില്‍, വിശേഷിച്ച് ഗവേഷണ വിദ്യാർഥികളുടെ കാര്യത്തിലും അധ്യാപക നിയമനത്തിലും എങ്ങനെ കൈകടത്താന്‍ കഴിയുമെന്ന ചിന്തയുടെകൂടി ഭാഗമായാണ് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ ഇവക്കുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. 2016ല്‍ എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികളുടെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കോ മറ്റ് അടിസ്ഥാന യോഗ്യതകളോ അഭിമുഖത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതുവരെ മാത്രം പരിഗണിച്ചാൽ മതിയെന്നും പ്രവേശനം പൂർണമായും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും യു.ജി.സി നിഷ്കര്‍ഷിച്ചിരുന്നു.

ഗവേഷണാഭിരുചി തെളിയിക്കുന്ന പശ്ചാത്തലം പാടേ അവഗണിക്കുന്നതാണ് ഇതെന്ന് ആരോപണമുയര്‍ന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ വ്യാപക പ്രക്ഷോഭമാണ് വിദ്യാർഥി സംഘടനകൾ നടത്തിയത്. ഇത് മത, ജാതി, ലിംഗ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് കാരണമാവുമെന്ന വാദവും സംഘടനകള്‍ മുന്നോട്ടുവെച്ചു. അവരുടെ ദീർഘകാല സമരത്തിന്റെ ഫലമായി 2018ൽ പ്രസ്തുത തീരുമാനം റദ്ദാക്കിയെങ്കിലും ആ വർഷം തന്നെ അധ്യാപക നിയമനത്തിന്റെ കാര്യത്തില്‍ ഇതേ മാനദണ്ഡം യു.ജി.സി കൊണ്ടുവന്നു. ഇന്ത്യയില്‍ കേന്ദ്ര സര്‍വകലാശാലകളിലും സംസ്ഥാന സര്‍വകലാശാലകളിലും ഇപ്പോഴുണ്ടാവുന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദു ഈ പുതിയ നയമാണ്.

അധ്യാപക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ഉന്നതനിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ, അധ്യാപന പരിചയം തുടങ്ങിയവയൊക്കെ അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക നിർണയിക്കുന്നതിനുമാത്രം പരിഗണിച്ചാൽ മതിയെന്നും നിയമനം പൂർണമായും അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആവണമെന്നുമാണ് പുതിയ ഭേദഗതി.

ഇത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിവെക്കുമെന്ന് 2018 മുതൽതന്നെ അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളുമൊക്കെ ആരോപിക്കുന്നതാണ്. പ്രധാനമായും അസിസ്റ്റന്റ് പ്രഫസര്‍/അസോസിയറ്റ് പ്രഫസര്‍/ പ്രഫസര്‍ തസ്തികകളില്‍ നിയമനത്തിനുള്ള അടിസ്ഥാനയോഗ്യത തുല്യമാണെങ്കിലും ഗവേഷണ/അധ്യാപന പരിചയത്തിലും ഗവേഷണ സംഭാവനകളുടെ കാര്യത്തിലും ഉദ്യോഗാർഥികൾക്കിടയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാവാം. അത് ഇനിമുതല്‍ പരിഗണിക്കേണ്ടെന്നും അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിയമനം നല്കാമെന്നും യു.ജി.സി തീരുമാനിക്കുകയായിരുന്നു.

അഭിമുഖങ്ങൾ തന്നെ മുൻകൂട്ടി നിശ്ചയിച്ച നാടകമാവാനുള്ള പഴുതുകള്‍ ഇതിനുള്ള തിരഞ്ഞെടുപ്പു സമിതികളുടെ തിരഞ്ഞെടുപ്പുകള്‍ മുതല്‍ തുടങ്ങാം എന്ന സാധ്യത എക്കാലത്തും ഉണ്ടായിരുന്നുവെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. അഭിമുഖ സമിതിയുടെ നിയമനത്തിൽ ചില അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽപോലും പലപ്പോഴും സ്ഥാപന മേധാവിക്കുതന്നെ സമിതിയംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അമിതമായ സ്വാതന്ത്ര്യമാണുള്ളത്. ഇത് അവരുമായി ചേർന്നുനിൽക്കുകയും അവരുടെ തീരുമാനങ്ങളെ നിര്‍ലജ്ജം പിന്തുണക്കുകയുംചെയ്യുന്ന ഒരു സ്തുതിപാഠകവർഗത്തിന്റെ കൈയില്‍ ഉന്നത വിദ്യാഭ്യാസം അടിയറവെക്കപ്പെടുന്നതിനു കാരണവുമാകുന്നു.

എന്നാല്‍, ഈ മേഖലയിലെ വലിയ വെല്ലുവിളികള്‍ നിയമനവുമായി ബന്ധപ്പെട്ടവ മാത്രമല്ല. ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് വലിയൊരു ജനാധിപത്യ പാരമ്പര്യം ഉണ്ടായിരുന്നു. ആശയസമരങ്ങളുടെയും വ്യത്യസ്തമായ ചിന്തയുടെയും വിളനിലങ്ങളായിരുന്നു കാമ്പസുകള്‍. ബൗദ്ധികവും ധൈഷണികവുമായ അന്വേഷണങ്ങളുടെ ധീരമായ മാതൃകകള്‍ അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു. കലാശാലകളുടെ ഭരണംതന്നെ ഒരു വ്യക്തിയിലോ അവര്‍ സൃഷ്ടിക്കുന്ന ദുര്‍വൃത്തങ്ങളിലോമാത്രം തളക്കപ്പെടുന്ന സാഹചര്യങ്ങള്‍ കുറവായിരുന്നു. നിഷേധാത്മക പ്രവണതകളെ തുറന്നുകാട്ടാനുള്ള വേദികളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഇതില്‍ പലതും ഇന്നൊരു ഭൂതാതുരത മാത്രമാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവയുടെ സ്വകീയമായ ഇത്തരം ഉള്‍ബലങ്ങള്‍ നഷ്ടപ്പെട്ട് ആന്തരികമായിത്തന്നെ ദ്രവിക്കുകയാണ്. ധനപരമായ അപര്യാപ്തതകള്‍, സ്വകാര്യ മേഖലയോടുള്ള ആശ്രിതത്വം, ഹിന്ദുത്വ അജണ്ടകള്‍ സൃഷ്ടിക്കുന്ന വ്യാപകമായ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യ നിഷേധം, സിലബസുകളിലെ ചരിത്രനിഷേധങ്ങള്‍, ദൈനംദിന ഭരണത്തിലുള്ള അമിതമായ സർക്കാര്‍ ഇടപെടലുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഈ മേഖലയെ ഗ്രസിച്ചിരിക്കുന്നു. അവയുടെയെല്ലാം പരിണിതഫലമായി ഈ മേഖലയുടെ ഭാവിതന്നെ വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ് എന്നതാണ് പരമാർഥം.


Tags:    
News Summary - The higher education sector is losing its strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.