തെരുവുനായ്ക്കളും എന്റെ വടിയും

നാട്ടുവഴിയിലൂടെ ഒന്നര കിലോമീറ്റർ നടന്ന് ബസിലാണ് ഞാൻ ടൗണിലെ ജോലിസ്ഥലത്തേക്ക് പോകുന്നത്. രണ്ടു മീറ്റർ നീളവും ഒന്നരയിഞ്ച് കനവുമുള്ള വടിയും കൈയിൽ കരുതും. കവലയിലേക്കുള്ള നടത്തം വലിയ പാടാണ്. തെരുവുനായ്ക്കൾ ഏതുനിമിഷവും എത്തും. നാലഞ്ചു തവണ കടിക്കാൻ വന്നിട്ടുണ്ട്. വടികൊണ്ട് പ്രത്യേക രീതിയിൽ വീശി ഓടിച്ചാണ് കടിയേൽക്കാതെ രക്ഷപ്പെടാറ്. രാവിലെ കവലയിലെ സതീശന്റെ പീടികയുടെ പിറകിൽ വടികൊണ്ട് വെക്കും. വൈകുന്നേരം തിരിച്ചെടുക്കും.

തിരുവോണത്തിന്റെ പിറ്റേന്ന് പതിവുപോലെ ഞാൻ ജോലിക്ക് ഇറങ്ങി. കവലയിലെ ക്ലാസിക് ക്ലബ്ബിന്റെ ഓണാഘോഷം അന്നാണ്. പരിപാടി കാണണമെന്ന് ആഗ്രഹമുണ്ട്. ജോലി സ്വകാര്യ സ്ഥാപനത്തിലായതിനാൽ ലീവ് വളരെ കുറച്ചേ കിട്ടൂ. പ്രത്യേകിച്ച്, പ്യൂണായതിനാൽ ഓഫിസ് തുറക്കുന്ന ദിവസങ്ങളിൽ ഞാൻ ഉണ്ടാകണമെന്ന് നിർബന്ധമാണ്.അന്ന് വൈകുന്നേരം ആറരയോടെ ഞാൻ കവലയിൽ തിരിച്ചെത്തി. ഓണാഘോഷം അവസാന ഘട്ടത്തിലാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരൊക്കെ ക്ലബ് മുറ്റത്ത് വട്ടത്തിൽ തടിച്ചുകൂടിയിരിക്കുകയാണ്. ഇനിയെന്ത് കാണാനെന്ന ചിന്തയിൽ ഞാൻ സതീശന്റെ പീടികയ്ക്ക് പിറകിലെത്തി. വടി കാണാനില്ല. വയറ്റിലൂടെ ഒരാന്തൽ.

ചെത്തിമിനുക്കിയ വടിയായിരുന്നു. ഒന്നാന്തരം ഈറ്റ. വീട്ടിലേക്ക് നടന്നുപോകണമെങ്കിൽ വടി കൂടിയ തീരു. വേറെ വടിക്കായി ഒരു തിരച്ചിൽ നടത്തി. ഓട്ടോ വിളിച്ചുപോകാമെന്നു വെച്ചാൽ അവർ വരില്ല. റോഡ് അത്രമാത്രം പരിതാപസ്ഥിതിയിലാണ്. ഏറെ തിരഞ്ഞപ്പോൾ ഒരു ചുള്ളിക്കമ്പ് കിട്ടി. അതുമായി നടക്കാൻ തുടങ്ങി. ഇരുട്ടുന്നതിന് മുമ്പ് വീട്ടിലെത്തണം. ഭാര്യയും മക്കളും കവലയിലെ ഓണപരിപാടി കാണണമെന്ന് രാവിലെ പറഞ്ഞിരുന്നു. ഞാൻ വിലക്കിയതാണ്. പട്ടികടിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ മാത്രമേയുള്ളൂവെന്ന് അവരെ ധരിപ്പിച്ചു. വൈകിച്ചെന്നാൽ അവരെ കൂട്ടാതെ ഞാൻ പരിപാടി കണ്ടുവെന്ന പരാതി ഉണ്ടാകും.

സാധാരണ വൈകുന്നേരം സുരേന്ദ്രൻ, രാജേഷ്, ഗൗരിയേടത്തി എന്നിങ്ങനെ ഞങ്ങൾ നാലഞ്ചു പേർ കൂട്ടമായിട്ടാണ് നടക്കാറുള്ളത്. അയൽക്കാരാണ്. ഓരോരോ ജോലിക്കുപോയി തിരിച്ചുപോകുന്നവർ. ഒന്നിച്ചു നടക്കുമ്പോൾ എല്ലാവരിലും പട്ടി ഭയത്തിൽ അൽപം കുറവുണ്ടാകാറുണ്ട്. ഓണമായതിനാൽ അവരാരുമില്ല. ചിലപ്പോൾ കവലയിൽ പരിപാടി കാണുന്നുണ്ടാകും. ഞാൻ വേഗം നടന്നു. അര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ആറേഴു നായ്ക്കൾ മുന്നിൽ. അവർ വലിയ കളിയിലാണ്. കളി കാര്യമായാലോ എന്ന പേടിയിൽ ഞാൻ തിരിച്ചുനടക്കാൻ തുടങ്ങി. പെട്ടെന്നാണ് അതിലൊരു നായ് കുരച്ചുകൊണ്ട് ഓടിവന്നത്. കൈയിലുള്ള വടിയുടെ വലുപ്പക്കുറവ് കണ്ടിട്ടാവണം മറ്റുള്ളവയും ഓടിയടുത്തു. അവസാന അടവ് എന്ന നിലയിൽ ഞാൻ ചുള്ളിക്കമ്പ് ചുഴറ്റി. പക്ഷേ, നായ്ക്കൾ ഗൗനിക്കുന്നില്ല.

പിന്നെ ഒന്നും ആലോചിച്ചില്ല. തിരിഞ്ഞോടി. കവലയിൽ എത്താറായപ്പോൾ അതിലൊരു നായ് എന്റെ മുണ്ടിൽ പിടിത്തമിട്ടു. മുണ്ട് പറിച്ചെറിഞ്ഞ് ഓടി. എന്നിട്ടും നായ്ക്കൾ വിട്ടില്ല. കാലിൽ കടിച്ചു. കടിയേറ്റിട്ടും ഞാനോടി. ക്ലാസിക് ക്ലബിന്റെ ഓണാഘോഷ വേദിയിലേക്കാണ് ഓടിക്കയറിയത്. അതിനുമുമ്പ് നായ്ക്കൾ എന്നെ ഒഴിവാക്കി തിരിച്ചുപോയിരുന്നു. വടംവലി വേദിയിലെ ആർപ്പുവിളികൾക്കിടയിൽ ഉടുമുണ്ടില്ലാതെ നിൽക്കുന്ന ഞാൻ. തോളിൽ ബാഗുണ്ട്. നാട്ടുകാരായ സ്ത്രീകളിൽ ചിലർ വാ പൊത്തി ചിരിക്കുന്നു. വടംവലി റഫറി പീതാംബരേട്ടൻ തുടർച്ചയായി വിസിലടിച്ച് എന്നെ ഓടിക്കാൻ നോക്കുന്നു.

''എന്നാടാ ഈ കാണിക്കുന്നേ...ഉടുമുണ്ടൊന്നുമില്ലാതെ...നീയും മൂക്കറ്റം കുടിച്ച് ആഘോഷിക്കാൻ തുടങ്ങിയോ...?''അയൽപക്കത്തെ സുശീലേടത്തിയുടെ ഉറക്കെയുള്ള ചോദ്യം. ഞാൻ കിതച്ചുകൊണ്ട് പറഞ്ഞു: ''അല്ല...അല്ല...പട്ടി...പട്ടി കടിച്ചു...'' ഏതായാലും അന്നുതന്നെ താലൂക്ക് ആശുപത്രിയിൽ പോയി വാക്സിൻ എടുത്തു. സതീശന്റെ കടയുടെ പിറകിൽ വെച്ച വടി ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ, എനിക്ക് കടി കിട്ടില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് ഓണാഘോഷത്തിന്റെ കലം തല്ലി പൊട്ടിക്കൽ മത്സരത്തിന് ക്ലബ് ഭാരവാഹികൾ എന്റെ വടിയാണ് കൊണ്ടുപോയത്...!

Tags:    
News Summary - Street dogs and my stick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.