കലണ്ടര്‍ പറയുന്നു: എന്‍െറ താളുകളില്‍നിന്ന് ഇറങ്ങിപ്പോകൂ 

മുമ്പ് എന്‍െറ താളുകളില്‍ അര്‍ധനഗ്നനായ ഒരു ഫക്കീറുണ്ടായിരുന്നു. 
ചമ്രംപടിഞ്ഞിരുന്ന് ഒരുകൈകൊണ്ട് ചക്രംതിരിച്ച് നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജി. എം.കെ. ഗാന്ധിയെന്ന പേരില്‍ വളരെക്കാലം മുമ്പ് അദ്ദേഹം ആത്മകഥയെഴുതിയിരുന്നു. ‘ആത്മകഥ അഥവാ എന്‍െറ സത്യാന്വേഷണ പരീക്ഷണ കഥ’ ആദ്യം താങ്കള്‍ക്കറിയാവുന്ന ഗുജറാത്തിയിലായിരുന്നു എഴുതിയത്. ഗുജറാത്തി വാരികയായ ‘നവജീവനി’ല്‍.  പുസ്തകം ഗുജറാത്തിയില്‍ ആദ്യമായി പ്രസദ്ധീകരിച്ചത് 1927ല്‍. അതുകഴിഞ്ഞ് 23 വര്‍ഷം കഴിഞ്ഞാണ് താങ്കള്‍ ജനിച്ചത്. 
പുസ്തകത്തിലെ ഒടുവിലത്തെ അധ്യായങ്ങളില്‍ ‘ഖാദിയുടെ പിറവി’ യെക്കുറിച്ച് പറയുന്നുണ്ട്.
അഭിമുഖീകരിച്ച അനന്തമായ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്നുണ്ട്.

വിജാപൂരില്‍ അവസാനം നൂല്‍പ് ചക്രം കണ്ടത്തെിയ കഥ പറയുന്നുണ്ട്. 

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദാരിദ്ര്യത്തിന് കൈത്തറിയാണ് സാക്ഷാല്‍ പ്രതിവിധിയെന്ന് കണ്ടത്തെിയ കഥ.
ആ ലക്ഷ്യത്തിനുവേണ്ടി സഹിച്ച യാതനയുടെ ചരിത്രം.

വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്വര്‍ണക്കുപ്പായമിട്ടിരുന്നില്ല ആ മനുഷ്യന്‍. 
പിന്നെ, നിങ്ങള്‍ക്കറിയാവുന്നതുപോലെ എല്ലാം  ചരിത്രം.
ഓരോ വീട്ടിന്‍െറ ചുവരില്‍നിന്നും അദ്ദേഹം വിളിച്ചുപറഞ്ഞതിന് ഞാന്‍ സാക്ഷി. 
‘‘ലോകം മാറ്റണമെങ്കില്‍ അത് നിങ്ങളില്‍നിന്നുതന്നെ തുടങ്ങുക’’
‘‘ഒരു കണ്ണിന് ഒരു കണ്ണ് എന്നത് ലോകത്തെതന്നെ  അന്ധമാക്കാനേ ഉപകരിക്കൂ’’
അത് പഴയകാലം.

ഖാദിചക്രത്തില്‍നിന്ന് അദ്ദേഹത്തെ മാറ്റി.
എല്ലാ രംഗങ്ങളില്‍നിന്നും അദ്ദേഹത്തെ മുമ്പേ മാറ്റിയിരുന്നു.
പിന്നെ എന്‍െറ താളുകളില്‍ താങ്കളുടെ ചിത്രം വന്നു.
കോട്ടും സൂട്ടുമിട്ട  ആള്‍ ഖാദി നെയ്യുന്ന ചിത്രം.
ഒരു വെറും കലണ്ടറാണെങ്കിലും എനിക്കുമുണ്ടല്ളോ ഒരു മനസ്സ്.

ഞാന്‍ കരഞ്ഞു.
ഞാന്‍ പറഞ്ഞു: ‘‘എന്‍െറ താളുകളില്‍നിന്ന് ഇറങ്ങിപ്പോകൂ. എനിക്കെന്‍െറ പഴയ ചിത്രം തിരിച്ചുതരുക.’’
നിങ്ങളുടെ മനസ്സുപോലെ കരിപുരണ്ട ചുവരുകളില്‍ നിങ്ങളുടെ അവധികള്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ പേറുന്ന വെറും കടലാസല്ല ഞാന്‍. 
ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെക്ക് മീറത്തില്‍ പ്രതിമയുണ്ടാക്കിയവരൊഴിച്ച് ഇന്ത്യമുഴുവന്‍ പറയുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.
‘‘ഗാന്ധിജിയെ തിരിച്ചുതരുക’’ഞാന്‍ വെറുമൊരു കീറ്റുപഞ്ചാംഗം മാത്രമല്ല. ചരിത്രവും തൂങ്ങിക്കിടക്കുന്നത് എന്നിലാണ്.

Tags:    
News Summary - story of calender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.