വിദ്യാര്‍ഥികള്‍ ഇവിടെ സേവകപ്പരിഷകള്‍

കുടിവെള്ളവും ഭക്ഷണവും ഒക്കെ മുടങ്ങുമെങ്കിലും കോട്ടയം മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തെറ്റാത്തൊരു ചിട്ടവട്ടമുണ്ട്.  ദിവസവും രാത്രി എട്ടരക്കുള്ള കോളജ് മേധാവിയുടെ സന്ദര്‍ശനം! ‘‘നമ്മള്‍ ഏതുവേഷത്തിലാണോ അതുപോലെ നില്‍ക്കണം. നൈറ്റ് ഡ്രസ് ആണെങ്കില്‍ അങ്ങനെ. ഇത് ചോദിച്ചാല്‍ ഹോസ്റ്റലിലെ ഡ്രസ് കോഡിന്‍െറ ലംഘനമാകുമെന്നാവും മറുപടി. പഠിക്കുന്നുണ്ടോയെന്ന് നോക്കാനാണ് വരുന്നതെന്നാണ് വിശദീകരണം. കൂടുതല്‍ ആരും ചോദിക്കില്ല. ഇഷ്ടപ്പെട്ടില്ളെങ്കില്‍ അറപ്പുളവാക്കുന്ന വാക്കുകളാകും കേള്‍ക്കേണ്ടിവരുക -ചെയര്‍മാന്‍െറ ‘ക്രൂരവിനോദങ്ങളില്‍’ മനംമടുത്ത് മൂന്നുമാസം മുമ്പ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച വിദ്യാര്‍ഥിനിയുടേതാണ് ഈ വെളിപ്പെടുത്തല്‍. 

ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു ‘പഠനം’ കൂടിയുണ്ട് മേധാവിയുടെ വക. ഒമ്പതിനാണ് കോളജില്‍ ക്ളാസ് ആരംഭിക്കുക. ഇതിന് ഒരുമണിക്കൂര്‍ മുമ്പ് ചെയര്‍മാന് ഹോസ്റ്റലിലെ കാന്‍റീനില്‍നിന്ന് വിദ്യാര്‍ഥിനികള്‍ ഊഴമനുസരിച്ച് ഒരോദിവസവും ഭക്ഷണം എത്തിച്ചുനല്‍കണം. ഭക്ഷണം നല്‍കിയശേഷം മുറിയിലുള്ള തലേന്നത്തെ പാത്രങ്ങളെല്ലാം കഴുകിവെക്കണം. പത്രമെടുത്ത് നിവര്‍ത്തിനല്‍കണം. അതില്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകളുണ്ടെങ്കില്‍ എടുത്തെറിയും. വിദ്യാര്‍ഥിനികള്‍ ഇതെടുത്ത് വീണ്ടും കൊടുക്കണം. രാത്രി സന്ദര്‍ശനത്തിനിടയില്‍ മേധാവിക്ക് ചായ നിര്‍ബന്ധമാണ്. ഇതും വിദ്യാര്‍ഥിനികളുടെ കൈകൊണ്ടുതന്നെ വേണമെന്നും ഈ വിദ്യാര്‍ഥിനി ‘മാധ്യമത്തോട്’ പറഞ്ഞു. ചെയര്‍മാന്‍െറ ക്രൂരതമാശകളില്‍ മനംനൊന്ത് ഒരിക്കല്‍ ആത്മഹത്യക്കും ശ്രമിച്ചു ഈ കോട്ടയംകാരി.

തന്നെയും പിതാവിനെയും ചേര്‍ത്ത് മോശമായി സംസാരിച്ചപ്പോള്‍ സകലനിയന്ത്രണവും വിട്ടുപോയി. ഹോസ്റ്റലിലെ ടോയ്ലറ്റ് കഴുകുന്ന ലോഷന്‍ കുടിച്ചു. അത്രക്ക് തകര്‍ന്നുപോയിരുന്നു. പിന്നീടാണ് പഠനം നിര്‍ത്തിയത്. ഇതിനത്തെുടര്‍ന്ന് ടി.സിയും സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടപ്പോള്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും ഈ വിദ്യാര്‍ഥിനി പറയുന്നു. ഇത്തരത്തിലുള്ള നിരവധി ക്രൂരതമാശകളാണ് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത്. ക്ളാസ് റൂമിലേക്ക് പോകുന്നവഴി ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കാന്‍ പാടില്ളെന്നൊരു അലിഖിത നിയമമുണ്ട്.

സംസാരം കാമറകളില്‍ പതിഞ്ഞാല്‍ പിന്നെ കാബിനില്‍ വിളിച്ചുവരുത്തി ചീത്തവിളിക്കലും ഫൈനുമുണ്ടാകും. ഇതിനുപുറമെ, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അകറ്റിനിര്‍ത്താന്‍ നിരവധി വേലിക്കെട്ടുകളാണ് കാമ്പസില്‍. ക്ളാസ് മുറികളില്‍ നോട്ട്ബുക്ക് ഉപയോഗിക്കരുതെന്നാണ്  നിര്‍ദേശം. എല്ലാവരും വെള്ളക്കടലാസില്‍ എഴുതി ഫയല്‍ചെയ്തു സൂക്ഷിക്കണം. ക്ളാസ് സമയത്ത് വെള്ളക്കടലാസ് പറന്നുപോയാല്‍ അതിനും ശിക്ഷയുണ്ട്. ഇനി കടലാസ് പറക്കാന്‍ അനുവദിക്കില്ളെന്നു പത്തുതവണഎഴുതി ക്ളാസ് ടീച്ചറെ കാണിക്കണം. 

വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുമതിയില്ല. ഇത്തരത്തില്‍ ഹോസ്റ്റലിലേല്‍പിച്ച പൊതികള്‍ പൊട്ടിച്ച് ഭക്ഷണസാധനങ്ങള്‍ എടുത്തുമാറ്റിയ നിരവധി സംഭവങ്ങളും ഇവിടെയുണ്ട്. വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ സഹപാഠികളുടെ മുന്നിലിട്ട് മതതീവ്രവാദിയാണെന്നും പരിഹസിച്ചു.

കഴിഞ്ഞ ക്രിസ്മസിന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീട്ടില്‍പോയവരെ ഫൈനടക്കാത്തതിന്‍െറ പേരില്‍ പെരുവഴിയിലിറക്കിവിട്ടതും ഇവിടത്തെന്നെയായിരുന്നു. പ്രതികരിച്ചാല്‍ സ്വഭാവദൂഷ്യമാരോപിച്ചുള്ള നടപടിയായതിനാല്‍ പലരും മിണ്ടാറില്ല. ഇത്തരത്തിലുള്ള വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജിന്‍െറ അംഗീകാരം റദ്ദാക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. നേരത്തെതന്നെ കോളജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പലതിനും നടപടി സ്വീകരിക്കണമെന്ന് വിവിധ കമീഷനുകള്‍ നിര്‍ദേശിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

വളഞ്ഞവഴിയിലാണ് കോളജിന്‍െറ അംഗീകാരം നേടിയതെന്നും ആരോപണമുണ്ട്. മാനദണ്ഡമനുസരിച്ചുള്ള സ്ഥലമോ ലാബുകളോ കെട്ടിടങ്ങളോ ഇല്ളെന്നും മികച്ച റിസല്‍ട്ടിനായി കുറച്ച് കുട്ടികളെ മാത്രമാണ് പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതെന്നും പരാതികളുണ്ട്. ഒടുവില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുകയാണ് കോളജുമായി ബന്ധപ്പെട്ട പരാതിപ്രളയങ്ങള്‍.
(അവസാനിച്ചു)

Tags:    
News Summary - selfe finance colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.