​സംവരണം ക്ഷേമപദ്ധതിയല്ല, അവകാശമാണ്​

മഹാരാഷ്​ട്രയിലെ പ്രബലവും പ്രമുഖവുമായ ശൂദ്ര ഉപജാതിയായ മറാത്തകളെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ (SEBC) പെടുത്തി വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലിയിലും 16 ശതമാനം സംവരണം നൽകാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണിപ്പോൾ.

മറാത്ത വോട്ടുകൾ നേടാനുള്ള അറ്റകൈയെന്ന നിലക്ക്​ പൃഥ്വിരാജ്​ ചൗഹാ​​​െൻറ നേതൃത്വത്തിലെ കോൺഗ്രസ്​ സർക്കാറാണ് 2014ൽ, തങ്ങളുടെ അവസാനസമയത്ത് മറാത്തകൾക്ക് പിന്നാക്ക സംവരണം ഏർപ്പാടാക്കി ഒാർഡിനൻസ് ഇറക്കിയത്. പിന്നാലെ വന്ന ബി.ജെ.പി സർക്കാർ ഒാർഡിനൻസ് നിയമമാക്കുകയും ചെയ്തു.

നാലു കാരണങ്ങളാലാണ്​ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയത്. ഒന്നാമതായി, സംവരണത്തിന് 50 ശതമാനം എന്ന കർശന പരിധി ഏർപ്പെടുത്തിയ, ഭരണഘടനയിൽ അങ്ങനെയൊരു നിയന്ത്രണം പറഞ്ഞിട്ടില്ലെങ്കിൽ കൂടിയും ഇന്ദിര സാഹ്നി കേസിൽ 1992ലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചി​െ​ൻറ വിധിക്ക്​ വിരുദ്ധമായതിനാൽ. മറാത്ത സംവരണം മഹാരാഷ്​ട്രയിലേത് 66 ​ശതമാനത്തിൽ എത്തിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പരിധി മറികടക്കാൻ ഇന്ദിര സാഹ്നി വിധി അനുവദിക്കുന്നുള്ളൂ.

മറാത്ത സംവരണത്തിനായി 50 ശതമാനം പരിധി മറികടന്നതിന്​ അസാധാരണ സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്ന്​ സ്​ഥാപിക്കുന്നതിൽ മഹാരാഷ്​ട്ര സർക്കാർ പരാജയപ്പെട്ടതായി സുപ്രീംകോടതി കണ്ടെത്തി. പട്ടികജാതി, പട്ടികവർഗങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും 50 ശതമാനം സംവരണം കുറയാതിരിക്കാൻ പരിധി മറികടക്കേണ്ടിയിരുന്നു എന്ന മഹാരാഷ്​ട്രയുടെ വാദം കോടതി തള്ളി.

രണ്ടാമത്, പിന്നാക്ക വിഭാഗത്തിന്​ മതിയായ പ്രാതിനിധ്യമില്ലായ്മ എന്ന ഭരണഘടന മുൻകൂർ നിബന്ധന പാലിക്കപ്പെട്ടില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിരവധി മറാത്തകളുണ്ടെന്ന്​ നിരീക്ഷിച്ചതല്ലാതെ, മതിയായ പ്രാതിനിധ്യം കണ്ടെത്താൻ ഉപയോഗിച്ച മാനദണ്ഡം ഏതെന്ന്​ കോടതി വ്യക്തമാക്കിയില്ല. സർക്കാർ ഹാജരാക്കിയ കണക്കുകൾ അവർക്ക് നല്ലപ്രാതിനിധ്യമുണ്ടെന്നാണ്​ കാണിച്ചതും.

മൂന്നാമത്, സർക്കാർ കണക്കുകൾ ആധാരമാക്കിത്തന്നെ, മറാത്തകൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്ന മഹാരാഷ്​ട്ര നിയമത്തിലെ പ്രഖ്യാപനം കോടതി റദ്ദാക്കി. നല്ല പ്രാതിനിധ്യം ഉള്ളതിനാൽ മറാത്തകൾ പിന്നാക്കക്കാരല്ലെന്ന്​ കോടതി പറഞ്ഞു. ഇത്​ വീണ്ടുമൊരു വിവാദപ്രസ്താവമാണ്. ഒരു വിഭാഗത്തിന്​ മതിയായ പ്രാതിനിധ്യം ഉണ്ടായിരിക്കെത്തന്നെ, അവർ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കവും ആകാം.

നാലാമത്, ദേശീയ പിന്നാക്ക വിഭാഗ കമീഷനെ ഭരണഘടനാസ്ഥാപനമാക്കിയ 102ാംഭരണഘടന ഭേദഗതിക്കുശേഷം, പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും, ആ അധികാരം ഇപ്പോൾ കേന്ദ്ര സർക്കാറിന്​ മാത്രമാണെന്നും 3-2 എന്ന നേരിയ ഭൂരിപക്ഷത്തിന്​ കോടതി അതിനിർണായക തീരുമാനം എടുത്തിരിക്കുന്നു.

മറാത്ത സംവരണവിധിയുടെ കാതലായ സന്ദേശം ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി കർശനമായി നടപ്പാക്കും എന്നതാണ്. ഏതൊരു ഇളവും ശരിക്കും അസാധാരണം ആയിരിക്കും.

സാങ്കേതികമായി സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണം എന്ന്​ വിളിക്കപ്പെടുന്ന, സത്യത്തിൽ പൂർണമായും സവർണർക്കായി നടപ്പാക്കപ്പെടുന്ന ​പ്രത്യേക സംവരണം എന്തെല്ലാം കുരുക്കുകളാണ്​ സൃഷ്​ടിക്കുക​?

മുന്നാക്ക സംവരണം കർശനമായ ഈ 50 ശതമാനം പരിധിക്കകത്ത് നടപ്പാക്കും എന്നതാണ് അർഥമെങ്കിൽ, ഈ 10 ശതമാനം നിലവിലെ 50 ശതമാനം പിന്നാക്ക സംവരണത്തിെ​ൻറ ഒരുഭാഗം കാർന്നുതിന്നും. സവർണർക്ക് 10 ശതമാനം സംവരണം നൽകുന്നതിനായി, പിന്നാക്ക വിഭാഗങ്ങൾക്ക്​ നിലവിലുള്ള 50 ശതമാനം സംവരണം സ്വാഭാവികമായും 40 ശതമാനം ആയി കുറക്കപ്പെടും. ഇത്, സാമൂഹികമായി ബഹിഷ്കൃതരായ, ചരിത്രപരമായി വിവേചനത്തിന്​ ഇരയായ ജാതിസമൂഹങ്ങൾക്ക്​ അർഹതപ്പെട്ട വിഹിതം ലഭ്യമാക്കണമെന്നും സ്ഥാപനങ്ങളിൽ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യമുണ്ടാകണമെന്നുമുള്ള ഇന്ത്യൻ ഭരണഘടനയിലെ സംവരണത്തിെ​ൻറ അടിസ്ഥാനലക്ഷ്യത്തെ വഞ്ചിക്കുന്നതാണ്.

മുന്നാക്ക സംവരണം, നിലവിലെ 50 ശതമാനം പിന്നാക്ക സംവരണത്തിനും (പട്ടികജാതി-പട്ടികവർഗമടക്കം) ഉപരിയായി നടപ്പാക്കണമെങ്കിൽ, ഈ പ്രബലസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്, 50 ശതമാനം പരിധി മറികടന്ന്​ സംവരണം നൽകുന്നതിന് ആവശ്യമായ അസാധാരണ സാഹചര്യം നിലനിൽക്കുന്നുവെന്ന് കൃത്യമായ കണക്കുകൾ സഹിതം സ്ഥാപിക്കേണ്ടതിെ​ൻറ ആവശ്യകത മറാത്ത സംവരണ വിധി അടിവരയിട്ട്​ പറയുന്നു. ഇങ്ങനെയൊരു കണക്ക്, ജാതി സെൻസസ്​ അടക്കം, ഇന്ന്​ ലഭ്യമേയല്ല.

സവർണ സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക്, ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധിമറികടന്ന് -ഇരട്ടസംവരണം അവകാശപ്പെടാത്ത താഴ്ന്ന ജാതികളിലെ പാവപ്പെട്ടവരെയും ഒഴിവാക്കി- സംവരണം നൽകാനുള്ള അസാധാരണ സാഹചര്യം നിലവിലുണ്ടെന്ന്​ ഔദ്യോഗിക പ്രക്രിയയിലൂടെ സ്ഥാപിക്കാതെ കേരള സർക്കാറോ മറ്റേതൊരു സർക്കാറോ ശ്രമിക്കുന്നത്​ സുപ്രീംകോടതിയുടെ മറാത്ത സംവരണവിധിയുടെ ധിക്കാരപരമായ ലംഘനമായിരിക്കും.

ഇത് ചെയ്യുന്നതുവരെ മുന്നാക്ക സംവരണം നടപ്പാക്കുന്നത്​ സർക്കാറുകൾ നിർത്തി വെക്കണം. മറിച്ച്, സംവരണം ഒരു അവകാശമല്ല എന്ന സുപ്രീംകോടതി വിധിയുടെയും സംവരണം നൽകണമോ എന്നത്​ സർക്കാറിെ​ൻറ വിവേചനാധികാരത്തിൽപെടുന്നതാണ് എന്നതിെ​ൻറയും അടിസ്ഥാനത്തിൽ, നിയമവിരുദ്ധ മുന്നാക്കസംവരണം ഏർപ്പെടുത്താൻ വിസമ്മതിച്ച തമിഴ്നാട്​ സർക്കാറിെ​ൻറ മാതൃക പിന്തുടരുകയാണ്​ സാമൂഹിക നീതി സൗഹൃദ സർക്കാറുകൾ ചെയ്യേണ്ടത്.

16 (4) വകുപ്പ്​ ആവശ്യപ്പെടുന്നത്, മൗലികാവകാശം എന്നനിലയിൽ, 'സർക്കാറിന്​ കീഴിലെ സേവന മേഖലകളിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത' പിന്നാക്കവിഭാഗത്തിൽപെട്ട ഏതൊരു പൗരനും സംവരണം നൽകാം എന്നാണ്. എങ്ങനെയാണ്​ ഈ മതിയായ എന്നത്​ കണക്കാക്കുന്നത്.ഭരണഘടന നിർമാണസഭയിലെ ചർച്ചകളും ധാരണയും കണ്ണാടിപോലെ തെളിഞ്ഞതായിരുന്നു. ഇക്കാര്യത്തിൽ മതിയായ പ്രാതിനിധ്യം കണക്കാക്കേണ്ടത്​ ജനസംഖ്യാനുപാതിക വിഹിതം അടിസ്ഥാനമാക്കി ആകണമെന്ന്. പ​േക്ഷ, ഇന്ദിര സാഹ്നി വിധി മുതൽ ന്യായാധിപന്മാർ ഈ അളവുകോൽ തള്ളിക്കളയുന്നു. മറാത്ത കേസ്​ വിധി ജനസംഖ്യാനുപാതിക വിഹിതം എന്ന മാനദണ്ഡത്തിെ​ൻറ നിരാകരണം ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നു. മതിയായ പ്രാതിനിധ്യം കണക്കാക്കാൻ പകരം മാനദണ്ഡമൊന്നും ന്യായാധിപന്മാർ നൽകുന്നതുമില്ല. ജനസംഖ്യാനുപാതികം എന്നതായിരിക്കും മാനദണ്ഡമെന്ന്​ വ്യക്തമാക്കാൻ ഭരണഘടന ഭേദഗതിചെയ്യുകതന്നെ വേണം.

ഭരണഘടനയിലെ പുതിയ 342A വകുപ്പ്​, പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാറുകളുടെ അധികാരം പൂർണമായും ഇല്ലാതാക്കിയതായി വ്യാഖ്യാനിച്ചുള്ള തീരുമാനവും മറാത്ത സംവരണ കേസിലെ നേരിയ ഭൂരിപക്ഷ (3-2) വിധിയിലുണ്ട്. ഇതിനായി, അവസാനവാക്ക് കേന്ദ്രസർക്കാറി​േൻറതായ, ഒരുസമുദായത്തെ പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുത്തുന്ന പ്രക്രിയയെ അമിതമായി ആശ്രയിച്ചിരിക്കുന്നു. 324A വകുപ്പ്​ സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്നെടുക്കുന്ന ഒന്നായി വ്യാഖ്യാനിക്കരുത് എന്നാണ്​ ​േകന്ദ്രം അറ്റോണി ജനറൽ മുഖാന്തരം വാദിച്ചതെന്നത്​ കൗതുകമായി. പ​േക്ഷ, ന്യായാധിപന്മാരിൽ മൂന്നുപേരെ പിന്തിരിപ്പിക്കാനായില്ല. ഒരു സമുദായത്തിെ​ൻറ സാമൂഹിക സ്വത്വം പിന്നാക്കവിഭാഗത്തിൽ ഉൾച്ചേരുന്നുവെന്ന്​ നിശ്ചയിക്കാനും സ്ഥാപിക്കാനുമുള്ള അധികാരം കക്ഷിരാഷ്​ട്രീയ തത്ത്വശാസ്ത്രത്തിന്​ അനുസരണമായി സമൂഹത്തെ രൂപപ്പെടുത്താൻ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യാം. ഇത്തരം അമിതാധികാര കേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനമൂല്യവും അതിെ​ൻറ അടിത്തറയുടെതന്നെ ഭാഗവുമായ ജനാധിപത്യം, ഫെഡറലിസം എന്നീ ജീവൽഘടകങ്ങളിൽ ഉൾച്ചേർന്നതുമായ ശാഖോപശാഖതത്ത്വത്തെ കടന്നാക്രമിക്കുന്നതാണ്. ആകയാൽ ഒരു ഭരണഘടന ഭേദഗതി മുഖേന ഈ ഭൂരിപക്ഷവിധി തിരുത്തപ്പെടേണ്ടതാണ്.

സംവരണത്തിെ​ൻറ ശരിയായ സ്വഭാവത്തെക്കുറിച്ച കോടതിയുടെ അങ്ങേയറ്റത്തെ അജ്ഞത മറാത്ത സംവരണ വിധി വെളിവാക്കുന്നു. പുറന്തള്ളപ്പെട്ട സമുദായങ്ങൾക്ക്​ വിദ്യാഭ്യാസത്തിലും തൊഴിലിലും അവർക്ക് അ ർഹതപ്പെട്ട വിഹിതം നൽകുന്നതിനുള്ള ഭരണഘടനാപരമായ രാഷ്​ട്രീയ ഉപകരണമായി സംവരണത്തെ അംഗീകരിക്കുന്നതിനുപകരം വ്യക്തികളുടെയും ഒരുകൂട്ടം ആളുകളുടെയും സാമ്പത്തികവും സാമൂഹികവുമായ ഉപാധിയായാണ്​ സുപ്രീംകോടതി കാണുന്നത്. ഇന്ത്യ ഒരു ജാതിരഹിത സമൂഹമാകാൻ ആഗ്രഹിക്കുന്നുവെന്നത്, ഭരണഘടനക്കുമേൽ തെറ്റായി ചാർത്തിക്കൊടുത്ത്, സംവരണം ജനങ്ങളെ വിഭജിക്കുന്നു എന്ന മായാവാദത്തിനൊപ്പം മടുപ്പുളവാക്കും വിധം വിധിയിൽ ആവർത്തിക്കുന്നു. ഈ ഭരണഘടന വിരുദ്ധ വാദങ്ങളെ നിരാകരിച്ചുകൊണ്ടും സർക്കാർ ജോലിയിൽ അടക്കം തുല്യാവസരം ഉറപ്പാക്കുന്ന സംവരണം നമ്മുടെ മൗലികാവകാശമാണെന്ന്​ ഉറപ്പിക്കുന്നതി​െ​ൻറ നിർണായക പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം പുറപ്പെടുവിച്ചുകൊണ്ടും ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരണം.

നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്​ടറാണ്​ ലേഖകൻ

Tags:    
News Summary - Reservation is a right, not a welfare scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.