റഫാൽ അഴിമതിയും മോദി സർക്കാറി​െൻറ ഒളിച്ചു​കളിയും

അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്‌ദാനം നൽകി അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ പൂർണ അറിവോടെ അരങ്ങേറിയ, രാജ്യ ം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് റഫാൽ കരാർ. റഫാൽ കരാറിലെ വൻ അഴിമതിയെക്കുറിച്ച്​ വസ്തുനിഷ്ഠമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതിനപ്പുറം, കാതലായ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാൻ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ബി.ജെ.പി നേതാക്കളോ തയാറായിട്ടില്ലെന്നുള്ളത് ഇക്കാര്യത്തിൽ അവർ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നതിനുള്ള വ്യക്തമായ സാക്ഷ്യമാണ്.

2008 ജനുവരി 25ന്​ യു.പി.എ സർക്കാറി​​െൻറ സമയത്താണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ പ്രതിരോധ രംഗത്ത് ആയുധ ഉപകരണ കൈമാറ്റം സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെക്കുന്നത്. ഈ കരാറിനെത്തുടർന്ന്​ 2012 ജനുവരി 31ന്​ ഇന്ത്യൻ വ്യോമസേനക്ക് 126 റഫാൽ പോർവിമാനങ്ങൾ നിർമിച്ചു നൽകാനും, 126 വിമാനങ്ങളിൽ 108 എണ്ണവും ബംഗളൂരു ആസ്ഥാനമായ കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സ്​ ലിമിറ്റഡിൽ നിർമിക്കുമെന്നും ധാരണയായതാണ്. മൊത്തം വിമാനങ്ങളിൽ 18 എണ്ണം മാത്രമാണ് പൂർണമായും ഫ്രാൻസിൽ നിർമിക്കുക. ‘മേക്ക്‌ ഇൻ ഇന്ത്യ’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി രൂപംകൊള്ളുന്നതിനു മുമ്പുതന്നെ തദ്ദേശീയമായി പ്രതിരോധ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിട്ടിരുന്നത്. ഇതുവഴി രാജ്യത്ത്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും, ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ ഗവേഷണ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ഉന്നംവെച്ചിരുന്നു. കരാർ തുകയുടെ 50 ശതമാനവും രാജ്യത്തുതന്നെ ചെലവഴിക്കണമെന്ന നിബന്ധനയും കരാറി​​െൻറ ഭാഗമായിരുന്നു. ഇത്രയും സുതാര്യമായ ഒരു കരാറിലെ എല്ലാ നിബന്ധനകളെയും കാറ്റിൽപറത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫ്രാൻ‌സിൽ പോയി പുതിയ കരാറിൽ ഒപ്പിട്ടത്.

കരാറിലൊപ്പിടുന്നതിന്​ രണ്ടു ദിവസം മുമ്പ് 2015 ഏപ്രിൽ 8ന്​ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയത്, പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട്​ ഒരു തീരുമാനവും എടുക്കുകയില്ലെന്നാണ്. പിന്നീടുള്ള 48 മണിക്കൂറിൽ എല്ലാ നടപടിക്രമങ്ങളെയും മറികടന്ന്​, മുമ്പ് നിലവിലുണ്ടായിരുന്ന കരാറിലെ എല്ലാ നിബന്ധനകളെയും കാറ്റിൽപറത്തി ഒരു ജാലവിദ്യക്കാരനെപ്പോലെ പുതിയ കരാറിൽ ഒപ്പിടാൻ പ്രധാനമന്ത്രി തയാറായത് ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്​. പുതിയതായി ഒപ്പിട്ട കരാറിൽ 126 വിമാനങ്ങൾ എന്നുള്ളത് വെട്ടിച്ചുരുക്കി 36 എണ്ണമാക്കി മാറ്റിയതോടൊപ്പം, വിമാനം നിർമിക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സിനു പകരം ഫ്രഞ്ച് കമ്പനിയായ ഡാസൾറ്റ് ഏവിയേഷനോടൊപ്പം പ്രധാനമന്ത്രിയുടെ ഇഷ്​ട തോഴരിലൊരാളായ സ്വകാര്യ വ്യവസായിയായ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന് പങ്കാളിയാകാൻ അവസരം നൽകുകയും ചെയ്തു. പോർവിമാനങ്ങൾ ഉൾപ്പെടെ പ്രതിരോധ ആയുധ നിർമാണ മേഖലയിൽ പതിറ്റാണ്ടി​​െൻറ പാരമ്പര്യമുള്ള രാജ്യത്തി​​െൻറ അഭിമാന സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സിനെ അവഗണിച്ചത് ഏതു പ്രതിബദ്ധതയുടെ മുകളിലാണെന്ന്​ പ്രധാനമന്ത്രി വ്യക്തമാക്കണം.

ഇനി എന്തുകൊണ്ടാണ് റഫാൽ വിമാനങ്ങളുടെ വില പൊതുജനസമക്ഷം വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ വിമുഖത പ്രകടിപ്പിക്കുന്നതെന്നു നോക്കാം. യു.പി .എ ഭരണകാലത്ത്​ ഒരു വിമാനത്തി​​െൻറ നിർമാണത്തിന് വരുന്ന ചെലവ് ഏകദേശം 526.10 കോടി രൂപയായിരുന്നു. ഇതുപ്രകാരം 36 വിമാനങ്ങൾക്ക് വരുന്ന നിർമാണ ചെലവ് ഏകദേശം 18,940 കോടി രൂപയാണ്. യു.പി.എ ഭരണകാലത്തുണ്ടായ കരാറിൽ സൂചിപ്പിച്ച മാനദണ്ഡങ്ങളെല്ലാം അതിലംഘിച്ചുണ്ടാക്കിയ പുതിയ കരാർ പ്രകാരം തത്ത്വത്തിൽ വിമാനങ്ങളുടെ വില കുറയുകയാണ് വേണ്ടത്. എന്നാൽ, പ്രധാനമന്ത്രി പുതുതായി ഒപ്പിട്ട കരാർ പ്രകാരം ഒരു വിമാനത്തിന് വരുന്ന നിർമാണ ചെലവ് ഡാസൾറ്റ് ഏവിയേഷ​​െൻറ 2016 വർഷത്തെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയ വില അനുസരിച്ച്​ 1670.70 കോടി രൂപയാണ്. ഇതടിസ്ഥാനത്തിൽ 36 വിമാനങ്ങൾക്ക് വേണ്ട ചെലവ് 60,145 കോടി രൂപയാണ്. ഇതുപ്രകാരം 41,205 കോടി രൂപയുടെ അധിക തുക നൽകാൻ കേന്ദ്ര സർക്കാർ തയാറായത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന്​ പ്രധാനമന്ത്രി വ്യക്തമാക്കണം. ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത 2015 കാലയളവിൽ ഡാസൾറ്റ്​ ഏവിയേഷൻ വിമാനമൊന്നിന്​ 1319.80 കോടി നിരക്കിൽ ഖത്തറിനും ഈജിപ്തിനും 24 റഫാൽ ജെറ്റ് വിമാനങ്ങൾ കൈമാറാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു. ഈ വില മാനദണ്ഡമാക്കിയാൽ പോലും ഇന്ത്യ ഓരോ വിമാനത്തിനും അധികമായി നൽകുന്നത് 350.90 കോടി രൂപയാണ്. അതായത്, മൊത്തം 36 വിമാനങ്ങൾക്ക് അധികമായി നൽകുന്നത് 12,632 കോടി രൂപ.

ഫ്രഞ്ച് കമ്പനിയുമായി ധാരണയായിട്ടുള്ള വിമാനങ്ങളുടെ വിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ നിയമനിർമാണ സഭയായ പാർലമ​െൻറിൽനിന്നും പൊതുജനങ്ങളിൽനിന്നും മറച്ചുവെക്കുക വഴി പ്രധാനമന്ത്രിയുടെ ഇഷ്​ടതോഴരായ കോർപറേറ്റുകൾക്ക് യഥേഷ്​ടം അഴിമതി നടത്താനുള്ള വാതിലുകൾ തുറന്നുകൊടുക്കുകയാണ് ചെയ്തത്​. ഇതിനു മുന്നോടിയായി പ്രതിരോധ വകുപ്പുൾപ്പെടുന്ന കാബിനറ്റ് കമ്മിറ്റിയുടെ അനുമതി പോലും വാങ്ങിയിട്ടില്ല. വിമാനത്തി​​െൻറ വില വെളിപ്പെടുത്താൻ പാടില്ലെന്നുള്ളത് യു.പി.എ ഭരണകാലത്ത്​ ഒപ്പിട്ട കരാറിലുണ്ടെന്ന നഗ്​നമായ കളവാണ് വില വെളിപ്പെടുത്താതിരിക്കുന്നതിനുള്ള ന്യായീകരണമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധോപകരണങ്ങളുടെ സാങ്കേതിക വശങ്ങളും പ്രവർത്തന മികവും കാര്യക്ഷമതയും വെളിപ്പെടുത്തരുതെന്നാണ് യു.പി.എ ഭരണകാലത്ത്​ ഒപ്പിട്ട കരാറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ കരാറിൽ ഒരിടത്തും ഇരു രാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുന്ന ആയുധങ്ങളുടെയോ ഉപകരണങ്ങളുടേയോ വില വെളിപ്പെടുത്തരുതെന്നു പറയുന്നില്ല. വിമാനം ഉൾപ്പെടെയുള്ള ആയുധങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും വില വെളിപ്പെടുത്തരുതെന്ന്​ കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അത് സഭയുടെ മേശപ്പുറത്തു വെക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി തയാറാവണമെന്ന് ആവശ്യപ്പെട്ടിട്ടും, സർക്കാർ അതിനു തയാറായിട്ടില്ല.

(എ.​െഎ.സി.സി ജനറൽ സെക്രട്ടറിയും ലോക്​സഭാംഗവുമാണ്​ ലേഖകൻ)

Tags:    
News Summary - Rafale Scam And Modi govt. - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.