ചൂഷണത്തിനെതിരെ ഉയർന്ന വാരിക്കുന്തങ്ങൾ

കയർ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ അടിസ്ഥാന വിഭാഗങ്ങൾ ജന്മിത്വത്തിനും ഭരണകൂട അതിക്രമങ്ങൾക്കുമെതിരെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലും വയലാറിലുമായി നടത്തിയ ചെറുത്തുനിൽപുകൾ ഐതിഹാസികമാണ്. ജന്മിമാരുടെ ചൂഷണത്തിനെതിരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച തൊഴിലാളി സംഘങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ജന്മിമാർ കൂട്ടാക്കിയില്ല.

പകരം ഭരണകൂടത്തിന്റെ സമ്പൂർണ പിന്തുണയോടെ തൊഴിലാളികളെ ആക്രമിച്ചും ജോലിയിൽനിന്ന് പിരിച്ചുവിട്ടും പകവീട്ടി. മര്‍ദനങ്ങള്‍ക്കെതിരെ ചെറുത്തുനിൽപ് ആരംഭിച്ച തൊഴിലാളികൾ വയലാര്‍, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളില്‍ ക്യാമ്പുകൾ ആരംഭിച്ചു.

കുന്തക്കാരൻ പത്രോസ് എന്നും കേരള സ്റ്റാലിൻ എന്നും അറിയപ്പെടുന്ന കെ.വി. പത്രോസ് കൺവീനറും കെ.സി. ജോർജ്, സി.കെ. കുമാരപ്പണിക്കർ, കെ.കെ. കുഞ്ഞൻ, പി.ജി. പത്മനാഭൻ, സി.ജി. സദാശിവൻ എന്നിവർ അംഗങ്ങളുമായി സായുധ സമരം നടത്താൻ ഒരു സമിതിക്ക് രൂപം നൽകി. തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തണമെന്ന ദിവാൻ സി.പി രാമസ്വാമി അയ്യരുടെ ആഗ്രഹവും ജനങ്ങളിൽ എതിർപ്പ് ശക്തമാക്കി.

തിരുവിതാംകൂറിലെ തൊഴിലാളി സംഘടനകളുടെ ഐക്യവേദിയായ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (എ.ടി.ടി.യു.സി) 1946 ഒക്ടോബര്‍ 22 മുതല്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചതോടെ യൂനിയനും പാര്‍ട്ടിക്കും അനുബന്ധ സംഘടനകള്‍ക്കും ദിവാന്‍ നിരോധം ഏര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ പ്രകടനമായി ചെന്ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു.

ഇവിടെ 28 പേർ വെടിയേറ്റു മരിച്ചു; നാല് പൊലീസുകാരും കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിനം ദിവാന്‍ സര്‍ സി.പി തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ ഒമ്പതുപേർ മരിച്ചു. വാരിക്കുന്തങ്ങളുമായാണ് തൊഴിലാളികൾ പട്ടാളത്തെ എതിരിട്ടത്. ഒക്ടോബര്‍ 27ന് വയലാറിലും ഒളതലയിലും മേനാശേരിയിലും പട്ടാളം കൂട്ടക്കൊല നടത്തി.

Tags:    
News Summary - protest rose up against exploitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.