ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ

തൂലിക പടവാളാക്കിയ ഒരുപറ്റം മാധ്യമങ്ങളും പത്രപ്രവർത്തകരും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലെ ധീര പത്രപ്രവർത്തനത്തിന്റെ കാര്യം പറയുമ്പോൾ ഏതൊരാളുടെയും മനസ്സിൽവരുക 'സ്വദേശാഭിമാനി' എന്ന പേരായിരിക്കും. സ്വദേശാഭിമാനി എന്ന് കേൾക്കുമ്പോൾ ഓർമവരുക കെ. രാമകൃഷ്ണപിള്ള എന്ന പത്രാധിപരെയും. അതോടൊപ്പം പലരും അറിഞ്ഞോ അറിയാതെയോ വിസ്മരിച്ച ഒരു പേരുകൂടിയുണ്ട്.

കെ. രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനിയാക്കിമാറ്റിയ പത്രത്തിന്‍റെ ഉടമ, കേരള നവോത്ഥാനത്തിന്‍റെ പുസ്തകപ്പുരയിൽ സാമൂഹിക പരിഷ്കർത്താവ് എന്ന തലക്കെട്ടിൽ ഒതുക്കിനിർത്തിയ വക്കം അബ്ദുൽ ഖാദർ മൗലവി. ലാഭമെന്ന ചിന്തക്കപ്പുറം നേരുപറയുന്ന പത്രമിറക്കുക എന്ന ലക്ഷ്യമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവിയുടേത്.

തിരുവനന്തപുരം നഗരത്തിന്‍റെ കണ്ണായ പ്രദേശങ്ങൾക്ക് ഏക്കറിന് നൂറുരൂപ വിലയുണ്ടായിരുന്ന കാലത്ത് 12000 രൂപ മുടക്കി ലണ്ടനിൽനിന്ന് അത്യാധുനിക പ്രസ് വരുത്തിയാണ് 'ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ' എന്ന ആപ്തവാക്യവുമായി അദ്ദേഹം സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. 1905ൽ അഞ്ചുതെങ്ങിൽനിന്ന് പുറത്തിറങ്ങുമ്പോൾ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു പത്രാധിപർ. റോയിട്ടേഴ്സ് ന്യൂസ് ഏജൻസിയിൽനിന്ന് വിദേശ വാർത്തകൾ സ്വീകരിച്ച ആദ്യ മലയാള പത്രമാണിത്.

1906 ജനുവരിയിൽ, അക്കാലത്ത് കലക്ടർക്ക് ലഭിക്കുന്നതിന് തുല്യമായ തുക ശമ്പളം നൽകി രാമകൃഷ്ണപിള്ളയെ പത്രത്തിന്റെ എഡിറ്ററായി നിയോഗിച്ചു. രാജാധികാരത്തെ നിരന്തരം ചോദ്യം ചെയ്യുകയും പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്ത 'സ്വദേശാഭിമാനി' സർക്കാറിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും പുറത്തുകൊണ്ടുവന്നു.

തിരുവിതാംകൂർ ദിവാനായിരുന്ന പി. രാജഗോപാലാചാരിക്കെതിരെ നിരന്തര വിമർശനങ്ങൾ ഉന്നയിച്ചു. 1910 സെപ്റ്റംബർ 26ന്‌ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനും ഉത്തരവിറങ്ങി.

ലേഖനങ്ങളുടെ ഉത്തരവാദിത്തം പത്രാധിപർക്ക് മാത്രമായിരുന്ന അക്കാലത്ത്, പത്രത്തിൽവന്ന വിമർശനങ്ങളിൽ തനിക്ക് ഒരു അറിവുമില്ല എന്ന് മാപ്പപേക്ഷ നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ അന്ന് ആ പ്രസ് തിരികെ ലഭിക്കുമായിരുന്നു. എന്നാൽ ''എന്‍റെ പത്രാധിപരില്ലാതെ എനിക്കെന്തിനാണ് പത്രവും അച്ചുകൂടവും'' എന്നാണ് വക്കം അബ്ദുൽ ഖാദർ മൗലവി ചോദിച്ചത്.

Tags:    
News Summary - Patriot K. Ramakrishna Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.