ഓപറേഷൻ യൂട്യൂബ്

രൂപംകൊണ്ട കാലം​തൊട്ടേ കാക്കിപ്പടയുടെ പ്രമാണം ഒന്നേയുള്ളൂ - മൃദുഭാവേ, ദൃഢകൃത്യേ! എന്നുവെച്ചാൽ, മൃദുവായ പെരുമാറ്റത്തോടെയും ദൃഢമായ കർമങ്ങളിലൂടെയും സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കുക. മൃദുഭാവവും ദൃഢകൃത്യവും സമം ചേർത്തുവേണം ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ; കേസന്വേഷണത്തിലും അങ്ങനെത്തന്നെ. അപ്പോഴേ പൊലീസിന് 'ജനമൈത്രി' ഭാവം വരൂ. പ്രമാണവും ആപ്തവാക്യവുമൊക്കെ ലോഗോയിൽ വെക്കാൻ കൊള്ളാം; കാര്യം 'അസ്സലായി' നടക്കാൻ പ്രമാണത്തിൽ അൽപം വെള്ളം ചേർക്കണമെന്നതിനാൽ ഇടിയൻ പൊലീസിന് 'ദൃഢകൃത്യ'ത്തോടാണ് പഥ്യം.

അങ്ങനെയായിപ്പോയി. എന്നുവെച്ച്, എല്ലാവരും അങ്ങനെയാണെന്ന് ധരിക്കരുത്. 'മൃദുഭാവ' വക്താക്കളുമുണ്ട് സേനയിൽ. ആർ. ശ്രീലേഖ എന്ന മുൻ ഐ.പി.എസുകാരിയെ വേണമെങ്കിൽ ടി 'ഭാവ'ത്തിന്റെ ബ്രാൻഡ് അംബാസഡർ എന്നുവരെ വിശേഷിപ്പിക്കാം. പക്ഷേ, മാഡത്തിന്റെ മൃദുഭാവം പലപ്പോഴും വേട്ടക്കാരോടാ​ണെന്നൊരു പരാതി പണ്ടേയുണ്ട്. കാക്കിക്കുപ്പായം അഴിച്ചുവെച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ആ 'ഭാവം' വിട്ടുപോയിട്ടില്ല. ഇപ്പോഴത് നടൻ ദിലീപിനോടാണ്. അതിജീവിതയല്ല, ശരിക്കും പീഡിപ്പിക്കപ്പെട്ടത് നമ്മുടെ 'ജനപ്രിയ' നായകനാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിനെ ഓപറേഷൻ യൂ ട്യൂബ് എന്നു വിശേഷിപ്പിക്കാം. റെയ്ഡുകൾക്ക് പേരു​കേട്ട ശ്രീലേഖയുടെ പുതിയ ദൗത്യമാണത്. 33 വർഷത്തെ സർവിസിനുശേഷം വിരമിച്ചപ്പോൾ തോന്നിയ ബുദ്ധിയാണ് സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ. ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കൊള്ളാവുന്നൊരു മൊ​ബൈൽ ഫോണുണ്ടെങ്കിൽ ആർക്കും തുടങ്ങാവുന്നൊരു സംരംഭം. 2021 ഫെബ്രുവരി ഏഴിന്, 'യൂനിഫോം ഇട്ട ഒരു വിചി​ത്ര ജീവി' എന്ന തലക്കെട്ടിൽ ആദ്യ വിഡിയോ എത്തി. ''സല്യൂട്ട് സഹൃദയരെ...'' എന്ന അഭിസംബോധനയോടെ അന്നു മുതൽ പുതിയൊരു ദൗത്യം തുടങ്ങുകയായിരുന്നു. പരിപാടിക്ക് പലവിധത്തിൽ സ്വയം പരസ്യവും നൽകി.

ദിലീപ് അടക്കം പരിചയമുള്ള ആളുകൾക്കൊക്കെ മെസേജ് അയച്ചു: ''പ്ലീസ് ​ലൈക്, സബ്സ്ക്രൈബ്, ഷെയർ''. വ്യക്തി ജീവിതവും സർവിസുമൊക്കെ വിഷയമാക്കി എക്സ് ക്ലൂസീവ് ഐറ്റങ്ങൾ പലതും എപിസോഡുകളായി പിറന്നു. പക്ഷേ, കാഴ്ചക്കാർ കുറവ്! വീട്ടിലെ പൂന്തോട്ടവും അടുക്കളയും മത്സ്യക്കുളവുമൊക്കെ കാമറയിൽ പകർത്തി പലരും ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരെ സമ്പാദിക്കുമ്പോഴാണ് ഈ ദുർഗതി. അതും സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസുകാരിക്ക്. ഇനിയും ഇങ്ങനെ​ പോയാൽ ശരിയാവില്ലെന്ന് തോന്നിയപ്പോഴാണ് 75ാം എപ്പിസോഡിൽ ഒരു കളികളിക്കാൻ തീരുമാനിച്ചത്. ദിലീപ് നായകനായ ആ എപ്പിസോഡി​​പ്പോൾ വൈറലാണ്. ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയും വാർത്തയുമൊടുങ്ങിയിട്ടില്ല.

'ജനപ്രിയ നായകൻ' വേഷമിട്ടതോടെ ചാനലിനിപ്പോൾ മുക്കാൽ ലക്ഷം കാഴ്ചക്കാരുണ്ട്. അപ്പോൾ സംഗതി സക്സസ്. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്ന മട്ടാണ്. നടിയെ ആക്രമിച്ച കേസ് ദിലീപിനുവേണ്ടി ശ്രീലേഖ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് ആളുകൾ പറയുന്നത്. മാധ്യമങ്ങളും അതേറ്റുപിടിക്കുന്നുണ്ട്. അങ്ങിങ്ങായി പ്രതിഷേധ മാർച്ചുകൾ വേറെ. വനിത കമീഷൻ വരെ മാഡത്തിനെതിരാണ്. മാ​ത്രവുമല്ല, പണ്ട് യൂനിഫോമിൽ നടത്തിയ 'മൃദുഭാവകൃത്യങ്ങളും' ശത്രുക്കൾ കുത്തിപ്പൊക്കി തുടങ്ങിയിരിക്കുന്നു.

25 കൊല്ലം മുമ്പ്, പത്തനംതിട്ട എസ്.പിയായിരിക്കെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിന്റെ കാര്യം തിരക്കിച്ചെന്ന അഭിഭാഷകയെ മറ്റൊരു കേസിൽ കുടുക്കിയതും ഏതാണ്ടതേകാലത്തുതന്നെ കുഞ്ഞിനെക്കൊന്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചതുമൊക്കെ വീണ്ടും വാർത്തയായിരിക്കുകയാണ്. സി.ബി.ഐയിൽ പ്രവർത്തിക്കുന്ന കാലത്ത്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമേരിക്കൻ പാസ്​പോർട്ടുമായി എത്തിയ യുവാവിനെ നിയമം മറികടന്ന് കടത്തിവിടാൻ ശ്രമിച്ച സംഭവവും ചിലർ ഓർമപ്പെടുത്തുന്നുണ്ട്. വിഡിയോയിൽ ദിലീപിനെതിരായ കുറ്റപത്രത്തെതന്നെ തള്ളിക്കളയുകയാണ് ശ്രീലേഖ.

പൾസർ സുനി എഴുതി എന്നു പറയുന്ന കത്തും ദിലീപിനൊപ്പമുള്ള ഫോട്ടോയുമൊക്കെ വ്യാജമാണെന്നാണ് പറയുന്നത്. ക്വട്ടേഷനും ഇല്ലാകഥയാണത്രെ. ഇതൊക്കെ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് തന്റെ അധികാരപരിധിയിലുള്ള ജയിലിലെത്തിയപ്പോൾ ദിലീപിന് സുഖമായുറങ്ങാൻ പുതപ്പ് സമ്മാനിച്ചത് -മൃദുഭാവം! വിഡിയോ കണ്ടശേഷം ആരാധക വെട്ടുകിളികൾ പറയുന്നത്, അതിജീവിത ദിലീപേട്ടനെതിരെ നൽകിയ ക്വട്ടേഷനായിരുന്നു അതെന്നാണ്. അവരെ കുറ്റം പറയാൻ പറ്റില്ല. സുനിയെക്കുറിച്ച് മാഡം പറഞ്ഞതുതന്നെ ആവർത്തിക്കട്ടെ: നാവെടുത്താൽ കള്ളമേ പറയൂ.

സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി കൂടിയാണ്. ആ അർഥത്തിൽ ചരി​ത്ര വനിതതന്നെയാണ്. ചു​​രി​​ദാ​​ർ ധ​​രി​​ച്ചാ​​ലും സാ​​രി​​യു​​ടു​​ത്താ​​ലും മേ​​ലു​​ദ്യോ​​ഗ​​സ്​​​ഥ​​രു​​ടെ ചീ​​ത്ത കേ​​ട്ടി​​രു​​ന്ന കാ​​ല​​ത്തു​​നി​​ന്ന, വ​​നി​​ത പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ​​ക്ക്​ അ​​തെ​​ല്ലാം അ​​ന്ത​​സ്സിന്റെ​​യും അ​​ഭി​​മാ​​ന​​ത്തി​ന്റെയും വേ​​ഷ​​മാ​​ക്കി മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ആളുമാണ്. അതിനായി ഡിപ്പാർട്ട്മെന്റിനകത്ത് ഒരുപാട് പോരാടിയിട്ടുണ്ട്.

ഐ.പി.എസ് ട്രെയിനിങ് കഴിഞ്ഞ് സർവിസിൽ കയറിയ കാലം. എ.എസ്.പി പരിശീലനത്തിനായി ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയതായിരുന്നു ശ്രീലേഖ. 'ഏ​​ത്​ കോ​​ന്ത​​നെ വേ​​ണ​​മെ​​ങ്കി​​ലും സ​​ല്യൂ​​ട്ട​​ടി​​ക്കാം, പ​​ക്ഷേ, ഒ​​രു പെ​​ണ്ണി​​നെ സ​​ല്യൂ​​ട്ട്​ ചെ​​യ്യാ​​നി'​​ല്ലെ​​ന്ന്​ പ​​റ​​ഞ്ഞ്​ ലീ​​വെ​​ടു​​ത്തു പോ​​യ കോ​​ൺ​​സ്​​​റ്റ​​ബി​​ളി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി സ​​ല്യൂ​​ട്ട​​ടി​​പ്പി​​ച്ച്​ വി​​ട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയിൽ പ്രമാദമായ പ്രവീൺ കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് ദിവസങ്ങൾക്കുള്ളിലാണ്; 90ാം ദിവസം കുറ്റപത്രവും സമർപ്പിച്ചു. സി.ബി.ഐയിലായിരിക്കെ, നടത്തിയ റെയ്ഡുകളും പ്രസിദ്ധം. ആ വകയിലാണ് മാഡത്തിന് 'റെയ്ഡ് ശ്രീലേഖ' എന്ന ഇരട്ടപ്പേര് വന്നത്.

അഴിമതിക്കെതിരായ പോരാട്ടത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് അന്നതിനെ മാധ്യമങ്ങൾ വാഴ്ത്തിയത്. ആ കൈയടികൾക്കിടയിലും, ഇതുപോലൊരു കേസ് മുന്നിൽ വരുമ്പോൾ മനസ്സുമാറും. അറിയാതെ ഇരയാര്, വേട്ടക്കാരനാര് എന്ന് മറന്നുപോകൂം. കി​​ളി​​രൂ​​ർ കേ​​സി​​ലെ ​അ​​ന്വേ​​ഷ​​ണം അ​​ൽ​​പം വി​​വാ​​ദ​​വു​​മാ​​യി. ഇ​​ര​​യാ​​യ പെ​​ൺ​​കു​​ട്ടി പ​​റ​​ഞ്ഞ പ​​ല​കാ​ര്യ​​ങ്ങ​​ളും മൊ​​ഴി​​യി​​ൽ ​ശ്രീ​​ലേ​​ഖ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ല്ലെ​​ന്ന്​ ഹ​​ര​​ജി​​യി​​ൽ പെ​​ൺ​​കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ച​​ത്​ വ​​ലി​​യ ഒ​​ച്ച​​പ്പാ​​ടു​​ണ്ടാ​​ക്കി. അന്ന് സർവിസിലുള്ളതിനാലും യൂട്യൂബ് ചാനലില്ലാത്തതിനാലും വിശദീകരണമൊന്നുമുണ്ടായില്ല.

ച​​രി​​ത്രാ​​ധ്യാ​​പ​​ക​​നാ​​യ പ്ര​​ഫ. എ​​ൻ. വേ​​ലാ​​യു​​ധ​​ൻ നാ​​യ​​രു​​ടെ​​യും രാ​​ധ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​ണ്. 1960 ഡിസംബർ 25ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ ജ​​ന​​നം. 16ാം വയസ്സിൽ പിതാവ് മരണപ്പെട്ടു. അതോടെ, ശ്രീലേഖയും മൂന്ന് സഹോദരങ്ങളും രാധമ്മയുടെ സഹോദരന്റെ തണലിലാണ് കഴിഞ്ഞത്. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു പഠനകാലം. അതിനെയെല്ലാം അതിജീവിച്ചാണ് എം.എ പഠനം പൂർത്തിയാക്കിയത്. അക്കാലത്തുതന്നെ മനസ്സിൽ ഐ.എ.എസ് മോഹം മുളപൊട്ടിയിരുന്നു. അതിനിടെ, കോളജ് അധ്യാപികയായി; പിന്നീട് റിസർവ് ബാങ്കിൽ ജോലികിട്ടി.

ഒഴിവുസമയത്ത് ഐ.എ.എസിന് പഠിച്ചു. പരീക്ഷഫലം വന്ന​പ്പോൾ ഏഴ് റാങ്ക് അകലെ ഐ.എ.എസ് പോയി. അങ്ങനെയാണ് ഐ.പി.എസിലെത്തിയത്. മൂ​​ന്ന്​ ജി​​ല്ല​​ക​​ളി​​ൽ പൊ​​ലീ​​സ്​ സേ​​ന​​യെ ന​​യി​​ച്ചിട്ടുണ്ട്. നാ​​ലു വ​​ർ​​ഷം സി.ബി.ഐയിലായിരുന്നു. എ​​റ​​ണാ​​കു​​ളം റേ​ഞ്ച്​ ഡി.​ഐ.​​ജി​​, ക്രൈം​​​ബ്രാ​​​ഞ്ച് ഐ.​​​ജി, വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ, ഇ​ൻ​റ​​​ലി​​​ജ​​​ൻ​​​സ് എ.​​​ഡി.​​​ജി.​​​പി., ജ​​​യി​​​ൽ മേ​​​ധാ​​​വി തു​​​ട​​​ങ്ങി​​​യ ചു​​​മ​​​ത​​​ല​​​ക​​​ളും വ​​​ഹി​​​ച്ചു. കാ​​ക്കി​​ക്കു​​പ്പാ​​യം അ​​ഴി​​ച്ചു​​വെ​​ക്കാ​​ൻ ആ​​റു​മാ​​സം ശേ​​ഷി​​ക്കെയാണ് അ​​ഗ്​​​നി​ശ​​മ​​ന സേ​​ന​​യി​​ൽ ഡി.ജി.പിയായി ചുമതലയേറ്റത്. രാഷ്ട്രപതിയുടെ ​പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരിയാണ്. നാല് കുറ്റാന്വേഷണ നോവലുകളടക്കം ഒരു ഡസൻ പുസ്തകങ്ങൾ സ്വന്തം പേരിലുണ്ട്. അതിനുപുറ​മെയാണ് ഇപ്പോഴത്തെ ഓപറേഷൻ യൂട്യൂബ്. ഭർത്താവ്: സേതുനാഥ്. മകൻ: ഗോകുൽ നാഥ്.

Tags:    
News Summary - Operation YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT