ഒക്ടോബർ 7: ചരിത്രത്തിന്റെ ഗതിമാറ്റിയ ‘തൂഫാൻ’

2023 സെപ്റ്റംബർ 22ന് ഐക്യരാഷ്ട്ര സഭ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വലിയ ആത്മവിശ്വാസത്തിലായിരുന്നു. ഒരു ദിഗ്‍വിജയിയെ പോലെ അയാൾ തന്റെ അധിനിവേശ രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം ലോകത്തിന് മുന്നിൽ അനാവരണം ചെയ്തു. പ്രസംഗത്തിന്റെ പ്രധാന സന്ദേശം പശ്ചിമേഷ്യയിൽ വരാനിരിക്കുന്ന മാറ്റത്തെ കുറിച്ച ശുഭാപ്തിവിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ചരിത്രപരമെന്ന് വിശേഷിക്കപ്പെട്ട 2020ലെ അബ്രഹാം ഉടമ്പടി വഴി യു.എ.ഇ, ബഹ്റൈൻ, സുഡാൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ഇസ്രയേൽ ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടർച്ചയായി, സൗദി അറേബ്യയുമായി ചരിത്രപരമായ സമാധാന കരാറിന്റെ ‘വക്കി’ലാണ് തന്റെ രാജ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് മുമ്പുതന്നെ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള സമാധാനവും സഹകരണവും മുന്നോട്ട് കൊണ്ടുപോകുമെന്നും നെതന്യാഹു അവകാ​ശപ്പെട്ടു. മാത്രമല്ല, പശ്ചിമേഷ്യയുടെ രണ്ട് വ്യത്യസ്ത ഭൂപടങ്ങൾ അദ്ദേഹം സംസാരത്തിനിടെ ഉയർത്തിക്കാട്ടി. മേഖലയിൽ ചരിത്രപരമായി നേരിട്ട ഒറ്റപ്പെടലിൽ നിന്ന് ഇസ്രായേൽ മാറുന്നത് വ്യക്തമാക്കുന്നതിനായിരുന്നു ഈ ഭൂപടങ്ങളുടെ ഉപയോഗം.

അതോടൊപ്പം ഇറാന്റെ ആണവ പദ്ധതിയുടെ പുരോഗതിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ ‘സ്നാപ്ബാക്ക്’ രീതിയിൽ പുനഃസ്ഥാപിക്കണമെന്നും, ഇറാനെതിരെ സൈനിക നടപടി ആവശ്യമാണെന്നും ആഹ്വാനം ചെയ്തു.

സ്വതന്ത്ര ഫലസ്തീൻ എന്ന സ്വപ്നം കുഴിച്ചുമൂ​ടപ്പെട്ടുവെന്ന് പറയാതെ പറഞ്ഞ ആ പ്രസംഗം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ട ദിനത്തിൽ ‘ഒക്ടോബർ 7’ സംഭവിച്ചത് ലോകത്തിന് യാദൃശ്ചിമായിരിക്കാം. പക്ഷേ ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ നിരീക്ഷിക്കുന്നവർക്ക്, നെതന്യാഹുവിന്റെ പദ്ധതി തകർത്തെറിയാനുള്ള ആസൂത്രിതമായ മുന്നേറ്റമായി അതിനെ മനസിലാക്കാനാകും. തുറന്ന ജയിലിന് സമാനമായ രീതിയിൽ പൂർണമായും ഉപരോധിക്കപ്പെട്ട് രാജ്യമോ മനുഷ്യാവകാശങ്ങളോ ഇല്ലാതെ കടുത്ത സ്വാതന്ത്ര നിഷേധത്തിൽ കഴിഞ്ഞ ഒരു ജനതയുടെ ഉയിർപ്പായിരുന്നു ‘തൂഫാനുൽ അഖ്സ’.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പിൻബലമുള്ള അധിനിവേശ രാജ്യം അക്ഷരാർഥത്തിൽ ഞെട്ടിവിറച്ച സംഭവം, ഇസ്രയേൽ എന്ന സംവിധാനം പുറംലോകത്തോട് വിളിച്ചു പറഞ്ഞിരുന്ന വീമ്പുകളുടെ സോപ്പു കുമിളകൾ തകർക്കുന്നതായിരുന്നു. എന്നാൽ ഇസ്രയേൽ എന്ന ഭൂമിശാസ്ത്ര പരിധികൾക്കപ്പുറം ലോകത്താകമാനം ‘തൂഫാനി’ന്റെ പ്രകമ്പനങ്ങൾ പ്രതിധ്വനി സൃഷ്ടിച്ചു, ഇപ്പോഴുമത് തുടരുന്നു. ഗസ്സയിൽ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ചോരക്കറയുമായി ലോക മനസ്സാക്ഷിക്ക് മുമ്പിൽ നെതന്യാഹു കൊടുംകുറ്റവാളിയാണിന്ന്. യു.എൻ പൊതു സഭയിൽ മൂന്നുവർഷത്തി​ന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സംസാരിക്കുമ്പോൾ നെതന്യാഹുവിന് പഴയ വീറില്ലെന്ന് മാത്രമല്ല, ലോകത്തിന്റെ ബഹിഷ്‍കരണത്തിൽ നാണംകെട്ടാണയാൾ പ്രസംഗം തുടർന്ന​ത്.

ഫലസ്തീൻ പ്രശ്നം ലോകത്തിന്റെ അധികാര ബലതന്ത്രത്തിൽ നിർണായകമായൊരു ബിന്ദുവാണെന്ന് സമ്മതിച്ചാൽ, ‘ഒക്ടോബർ 7’ ചരിത്രത്തിന്റെ ഗതിമാറ്റിമറിച്ച ‘മഹാപ്രളയ’മായിരുന്നുവെന്ന് തീർച്ചയായും വിലയിരുത്തപ്പെടും. കാരണം ഫലസ്തീൻ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായെന്ന് വിലയിരുത്തപ്പെട്ട ഒരു ഘട്ടത്തിലാണ് തൂഫാൻ സംഭവിക്കുന്നത്. ആക്രമണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ്, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മിഡിലീസ്റ്റിലെ സ്ഥിതിഗതികൾ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശാന്തമായ അവസ്ഥയിലാണെന്ന് വിശേഷിപ്പിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങളെ പരാജയപ്പെടുത്തി പ്രതിരോധവിപ്ലവം സംഭവിക്കുന്നത്. പിന്നാലെ ഫലസ്തീൻ പ്രശ്നം വീണ്ടും ആഗോള ശ്രദ്ധയിലെത്തി. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സമാധാന ധാരണക്കുള്ള സാധ്യത തകർന്നു. കൂടാതെ ലോകത്ത് ഇസ്രയേൽ ഒരു ഒറ്റപ്പെട്ട രാഷ്ട്രമായി മാറി. അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്രകൾക്കും വലിയ നിയന്ത്രണം വന്നു. അതോടൊപ്പം ചരിത്രപരമായ കാരണങ്ങളാൽ ഇസ്രയേലിന് പടിഞ്ഞാറൻ ലോകത്ത് ലഭിച്ചുവന്നിരുന്ന ‘ആഗോള സഹതാപം’ ഗസ്സയിലെ യുദ്ധം നീണ്ടതോടെ ഇല്ലാതായി.

ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ സഖ്യരാജ്യമായ അമേരിക്കയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഫെബ്രുവരിയിലെ ‘ഗാലപ്പ്’ സർവെ പ്രകാരം ആദ്യമായി അമേരിക്കക്കാരുടെ ഫലസ്തീനികളോടുള്ള സഹതാപം ഇസ്രയേലികളോടുള്ള സഹതാപത്തെ മറികടന്നു കഴിഞ്ഞു. ഇസ്രായേലിനുള്ള സൈനിക സഹായം നിർത്തിവെക്കുകയും ഉപരോധം ഏർപ്പെടുത്തുകയും വേണമെന്ന ആവശ്യങ്ങൾ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ മുഖ്യധാരാ നിലപാടുകളായി മാറിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലും തമ്മിൽ പലവിധ നയതന്ത്ര, വ്യാപാര സംഘർഷങ്ങൾ രൂപപ്പെട്ടതും തൂഫാനിന്റെ പ്രതിഫലനമാണ്. പല രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ചരിത്രപരമായ തീരുമാനമെടുത്തതും ഇക്കാലത്തിനിടയിലായിരുന്നു. അതിൽ ബ്രിട്ടന്റെയും ​ഫ്രാൻസിന്റെയും തീരുമാനങ്ങൾ ചരിത്രപരവും നിർണായകവുമാണ്.

ഒക്ടോബർ 7ന് ശേഷം ഫലസ്തീനികളുടെ ദുരിതം പരകോടിയിലെത്തിയെന്ന യാഥാർഥ്യം മുന്നിൽനിൽക്കെ തന്നെ, ഫലസ്തീൻ ഐക്യദാർഡ്യ മനസ്സ് ലോകത്തെ ജനകീയ മനസാക്ഷിയായി വളർന്നുവെന്നത് തെളിഞ്ഞ സത്യമാണ്.

ഫലസ്തീനെ മറന്നുകൊണ്ട് പുതിയ ലോകം പണിയാനുള്ള കുതന്ത്രങ്ങളുടെ ഗതിമാറ്റിയ ഒക്ടോബർ 7 ന്റെ പ്രതിഫലനം ഇന്നും ലോകത്തെ മുൾമുനയിൽ തന്നെ നിർത്തുകയാണ്. തൂഫാനുൽ അഖ്സക്ക് ശേഷം രൂപപ്പെട്ട സാഹചര്യങ്ങളുടെ സൃഷ്ടിയായ ഇറാൻ യുദ്ധം ആഗോള സാമ്രാജ്യത്വത്തിന് വലിയ തലവേദനയായി മാറിക്കഴിഞ്ഞു. പശ്ചിമേഷ്യയിലെ ഭൗമ രാഷ്ട്രീയവും ലോകത്തിന്റെ അധികാര ബലാബലങ്ങളും മെല്ലെയാണെങ്കിലും മാറിത്തുടങ്ങിയെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതിന്റെ നാന്ദിയേതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, ഒക്ടോബർ 7.

Tags:    
News Summary - October 7: How 'Al-Aqsa Flood' Reshaped Global Geopolitics and Revived the Palestinian Cause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.