മൂന്നു കുടുംബങ്ങളിൽ നിന്നായി ഇസ്രായേൽ കൊലപ്പെടുത്തിയ 50 ഫലസ്തീനികളുടെ കൂട്ട സംസ്കാര ചടങ്ങ്

വേദിയിൽനിന്ന് സിവിൽ ഡിഫൻസിന്റെ ഓറഞ്ച് കുപ്പായമണിഞ്ഞ രക്ഷാപ്രവർത്തകൻ യൂണിസെഫ് എന്നെഴുതിയ ചെറിയൊരു സഞ്ചി ഉയർത്തിക്കാട്ടി അതിലുള്ളത് ഉബൈദ എന്ന കുഞ്ഞിന്റെ പാൽക്കുപ്പിയാണെന്ന് പറയുന്നു. പിന്നാലെ മറ്റൊരാൾ അദ്ദേഹത്തിന്റെ കൈയിലേക്ക് ഫലസ്തീൻ പതാക കൊണ്ടുള്ള മറ്റൊരു സഞ്ചി വെച്ചുകൊടുക്കുന്നു. അത് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു: ‘‘ഇതാണ് ഉബൈദ’’. 2026 ഒക്ടോബർ ഒന്നിന് ഗസ്സ കണ്ടൊരു കാഴ്ചയാണിത്.

മാധ്യമപ്രവർത്തകയും റേഡിയോ അവതാരകയുമായിരുന്ന ദുആ ശറഫിന്റെ മകനായിരുന്നു ഉബൈദ. 2023 ഒക്ടോബർ 26-ന് വീടിനുനേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഉമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. മൂന്നുവർഷത്തിനുശേഷം അവശിഷ്ടങ്ങൾക്കടിയിൽനിന്ന് കുറച്ച് അസ്ഥികളും വസ്തുക്കളുമായി അവരെ കണ്ടെത്തുമ്പോഴും ആ കുഞ്ഞുശരീരം അവന്റെ ബേബി സീറ്റിൽത്തന്നെയായിരുന്നു. ആ പാൽക്കുപ്പി മാത്രമാണ് ഉബൈദയുടെ കുഞ്ഞുജീവിതത്തിന്റെ ഓർമയ്ക്ക് ശേഷിച്ചത്. ഉബൈദയും ലോകത്തോട് ഗസ്സയുടെ കഥ പറഞ്ഞിരുന്ന അവന്റെ ഉമ്മയും മൂന്നുവർഷം സ്വന്തം വീടിന്റെ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു. ഒക്ടോബർ ഒന്നിന് ഗസ്സ സിറ്റിയിലെ അൽ-യർമൂക്കിൽ, മൂന്നുവർഷം മുമ്പ് തകർന്ന അൽ-താജ് താമസസമുച്ചയത്തിനടിയിൽനിന്ന് കണ്ടെടുത്ത 37 കുട്ടികളും 38 സ്ത്രീകളുമടക്കം 105 പേരെ ശൈഖ് റദ്‌വാൻ ഖബർസ്ഥാനിൽ അടക്കം ചെയ്ത കൂട്ടത്തിലാണ് ഇവരുമുണ്ടായിരുന്നത്.

മനുഷ്യർക്ക് അന്തസ്സിനുള്ള അവകാശം ജീവിതത്തോടെ അവസാനിക്കുന്ന ഒന്നല്ല. യുദ്ധത്തിൽ മരിച്ചവരെ മാന്യമായി സംസ്കരിക്കണമെന്നും അവരുടെ കല്ലറകൾ സംരക്ഷിക്കപ്പെടണമെന്നും ജനീവ കൺവെൻഷനുകളും അന്താരാഷ്ട്ര മാനുഷികനിയമങ്ങളും നിഷ്കർഷിക്കുന്നു. സഹോദരന്റെ ശരീരം അന്തസ്സോടെ അടക്കം ചെയ്യാൻ രാജശാസനയെ ധിക്കരിച്ച ആന്റിഗണിയുടെ കഥ ഗ്രീക്ക് സാഹിത്യകാരൻ സോഫോക്ലിസ് എഴുതിയത് ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പാണ്. എന്നാൽ, മരിച്ചവർക്ക് അന്ത്യകർമങ്ങൾ നൽകാനുള്ള അവകാശം ഏതൊരു ഭരണകൂട അധികാരത്തിനും മുകളിലാണെന്ന ചരിത്രബോധ്യമാണിന്ന് ഗസ്സയിൽ ഇല്ലാതാകുന്നത്.

ജീവന്റെ ശേഷിപ്പുകൾ

കഴിഞ്ഞ സെപ്റ്റംബർ 29-ന് നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ 41 പേരുടെ കൂട്ടസംസ്കാരം നടന്നിരുന്നു. സെപ്റ്റംബർ ആറിന് സൈത്തൂനിൽ 62 കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെയും, ആഗസ്റ്റ് നാലിന് സബ്‌റയിൽ 112 പേരെയും ഇത്തരത്തിൽ ഒരുമിച്ച് അടക്കം ചെയ്തു. നുസൈറാത്തിലെ സംസ്കാരത്തിനെത്തിയ അരീജ് ഫറജല്ലയ്ക്ക് ഭർത്താവ് സമീറിന്റെ രണ്ട് അസ്ഥികൾ മാത്രമാണ് ലഭിച്ചത്. ‘‘ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണിത്, മക്കൾക്കും എനിക്കും സന്ദർശിക്കാൻ ഇപ്പോൾ ഒരു ഖബറുണ്ടല്ലോ’’ എന്നായിരുന്നു അവരുടെ പ്രതികരണം. ആ വാക്കുകളിലുണ്ട് ഗസ്സയുടെ മുഴുവൻ ദുരന്തവും. അവിടെ മരണം ഒരു ഉറപ്പാണ്; അനിശ്ചിതമായി തുടരുന്നത് അന്തസ്സോടെയുള്ള സംസ്കാരമാണ്. പ്രിയപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷ എന്നേ അസ്തമിച്ചു; ഇന്ന് കുടുംബങ്ങൾ കാത്തിരിക്കുന്നത് അവരുടെ ശരീരത്തിന്റെ ഒരംശമെങ്കിലും തിരികെ ലഭിക്കാനാണ്. ജീവിച്ചിരിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം ഉറ്റവരെ ഒരു ഖബറിലേക്ക് യാത്രയാക്കുക എന്നതായി ചുരുങ്ങിയിരിക്കുന്നു.

ഈ കൂട്ടസംസ്കാരങ്ങൾപോലും ഭാഗ്യം ലഭിച്ചവരുടെ കഥയാണ്. എണ്ണായിരത്തിലധികം മനുഷ്യർ ഇപ്പോഴും ഗസ്സയിലെ അവശിഷ്ടങ്ങൾക്കടിയിലുണ്ട്. ശരിയായ ഉപകരണങ്ങൾ ലഭിച്ചാൽ എല്ലാ മൃതദേഹങ്ങളും 90 ദിവസംകൊണ്ട് വീണ്ടെടുക്കാമെന്നും ഉപരോധം തുടരുന്നിടത്തോളം ഈ ജോലി വർഷങ്ങൾ നീളുമെന്നും ഗസ്സ സിവിൽ ഡിഫൻസ് മേധാവി റാഇദ് അൽ-ദഹ്ശാൻ വ്യക്തമാക്കുന്നു. വെടിനിർത്തലിനുശേഷം ഗസ്സയുടെ 35 ശതമാനം പ്രദേശത്തുമാത്രമാണ് മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിക്കാനായത്. ഇസ്രായേൽ സൈനികനിയന്ത്രണത്തിലുള്ള ബാക്കി 65 ശതമാനം പ്രദേശങ്ങളിൽ അത് അനുവദിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, ദിവസേനയെന്നോണം നശീകരണവും നിരപ്പാക്കലും തുടരുകയുമാണ്.

മൂന്നു രീതിയിലാണ് ഈ നശീകരണമെന്ന് ലണ്ടൻ സർവകലാശാലയിലെ ഗോൾഡ്സ്മിത്ത്സ് ആസ്ഥാനമായ അന്വേഷണ ഏജൻസി ഫോറൻസിക് ആർക്കിടെക്ചർ പുറത്തുവിട്ട റിപ്പോർട്ട് വിശദീകരിക്കുന്നു: തകർന്ന കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു. കനത്ത യന്ത്രങ്ങൾകൊണ്ട് അവശിഷ്ടങ്ങൾ അമർത്തുമ്പോൾ അടിയിലെ ശരീരങ്ങൾ ചതഞ്ഞ് മണ്ണിലേക്ക് ആഴ്ന്നുപോകുന്നു. അവശിഷ്ടങ്ങൾ മറ്റിടങ്ങളിലേക്ക് നീക്കം ചെയ്യുന്നതോടെ ആ ശരീരഭാഗങ്ങൾ കണ്ടെത്തുക ഏതാണ്ട് അസാധ്യമാകുന്നു. ഖാൻ യൂനിസിൽ ഒരു മൺതിട്ട നിർമിക്കാനായി നീക്കം ചെയ്ത അവശിഷ്ടങ്ങൾക്കടിയിൽ, 2023 ഒക്ടോബറിൽ കൊല്ലപ്പെട്ട സമൂർ കുടുംബത്തിലെ മൂന്നുപേരുണ്ടായിരുന്നു. പുതിയൊരു സൈനികറോഡിനായി ശുജാഇയ്യയിൽ നിരപ്പാക്കിയ ഭാഗത്തായിരുന്നു 2025 ഏപ്രിലിലെ ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ട അബൂ അംശ കുടുംബത്തിന്റെ വീട്. ബൈത്ത് ഹാനൂനിൽ 2024 ഡിസംബറിലെ ആക്രമണത്തിനുശേഷം കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടന്ന നാസർ കുടുംബവീടിന്റെ അവശിഷ്ടങ്ങൾ ഇന്ന് മണ്ണിലേക്ക് ചതച്ചമർത്തപ്പെട്ടിരിക്കുന്നു. ഏതു പ്രദേശത്താണ് ഒരു വീട് തകർന്നത് എന്നത് മാത്രമാണ് ഒരു കുടുംബത്തിന് തങ്ങളുടെ മരിച്ചവരെ സംസ്കരിക്കാനാകുമോ എന്ന് ഇന്ന് ഗസ്സയിൽ നിശ്ചയിക്കുന്നത്.

ഇത്തരം രണ്ടായിരത്തിലധികം സംഭവങ്ങൾ ശേഖരിച്ചതിൽ 43 ഇടങ്ങളിൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിലുണ്ടെന്ന് സ്ഥിരീകരിച്ചതായി ഗവേഷക ജൂലിയ നുവേനോ ഗിതാർട്ട് പറയുന്നു. സൈന്യം നിലയുറപ്പിച്ച പ്രദേശങ്ങൾ മരിച്ചവരോട് ആദരവില്ലാതെ ബുൾഡോസറുകൾകൊണ്ട് നിരപ്പാക്കുകയാണെന്നും ഇതുവരെ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും യു.എൻ. മനുഷ്യാവകാശ ഹൈക്കമീഷണർ വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഗസ്സയിലെ 62 ഔദ്യോഗിക ഖബർസ്ഥാനുകളിൽ 39 എണ്ണം പൂർണമായും 19 എണ്ണം ഭാഗികമായും നശിപ്പിക്കപ്പെട്ടുവെന്നാണ് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ കണക്ക്. പുരാതന ഖബർസ്ഥാനുകൾ ബുൾഡോസറുകൾകൊണ്ട് നിരപ്പാക്കി സൈനികകേന്ദ്രങ്ങളാക്കി മാറ്റി.

ഈ നശീകരണത്തിന്റെ ആഴത്തിലുള്ള യുക്തി ഫോറൻസിക് ആർക്കിടെക്ചറിന്റെ സ്ഥാപകനും ഡയറക്ടറുമായ ബ്രിട്ടീഷ്-ഇസ്രായേലി വാസ്തുശിൽപി ഇയാൽ വൈസ്മാൻ തന്റെ പുതിയ പുസ്തകമായ ‘അൺഗ്രൗണ്ടിംഗ്: ദ ആർക്കിടെക്ചർ ഓഫ് ജെനോസൈഡ്’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. സിറിയയിലോ അഫ്ഗാനിസ്താനിലോ ബോംബാക്രമണത്തിനുശേഷവും ഒരു കെട്ടിടം എവിടെ നിന്നിരുന്നുവെന്ന് തിരിച്ചറിയാനാകും; എന്നാൽ, ഗസ്സയിൽ തകർക്കപ്പെട്ട ജീവിതങ്ങളുടെ അടയാളങ്ങൾപോലും ഇസ്രായേൽ നശിപ്പിക്കുകയാണ്. ബോംബുകൾ സൃഷ്ടിക്കുന്ന ഗർത്തങ്ങളിലേക്ക് നഗരഭാഗങ്ങൾ ഇടിഞ്ഞുവീഴുന്നു; തുടർന്ന് ബുൾഡോസറുകൾ വീടുകളും വയലുകളും ഒരുപോലെ ഇളക്കിമറിക്കുന്നു. തിരിച്ചുവരുന്നവർക്ക് അവിടെയൊരു ജനവാസകേന്ദ്രം ഉണ്ടായിരുന്നുവെന്നുപോലും തിരിച്ചറിയാനാവില്ല.

ഇത് നക്ബയുടെ തുടർച്ച

വൈസ്മാന്റെ അഭിപ്രായത്തിൽ ഇത് 1948-ലെ നക്ബയുടെ തുടർച്ചയാണ്. അന്ന് പലായനം ചെയ്ത ഫലസ്തീനികൾ തങ്ങളുടെ ഒരു ഖബർസ്ഥാനോ മരമോ വീടോ ബാക്കിയുണ്ടെങ്കിൽ മടങ്ങിവരുമെന്ന് ഭയന്ന ഇസ്രായേൽ, 1950-കളിൽ ആ ഭൂമി കലപ്പകൾകൊണ്ട് ഉഴുതുമറിച്ചു. അടയാളങ്ങളില്ലാത്ത ഭൂമിയിലേക്ക് തിരിച്ചുവരവ് അസാധ്യമാക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ കലപ്പയും ഇന്നത്തെ ബുൾഡോസറും ഒരേ ലക്ഷ്യത്തിന്റെ തുടർച്ചയാണ്. തകർച്ചയുടെ ശേഷിപ്പുകൾ അന്താരാഷ്ട്രകോടതിയിലെ വംശഹത്യക്കേസിൽ തെളിവുകളാണ്; അതോടൊപ്പം ഫലസ്തീനികളുടെ സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷയുമാണ്. അവകൂടി ഇല്ലാതാക്കുകവഴി ഫലസ്തീനെ മായ്ച്ചുകളയുന്ന പ്രക്രിയയാണ് നടക്കുന്നത്. അതുകൊണ്ടാണ് ഗസ്സയിൽ ഖബർ ദുഃഖത്തിന്റെ ഇടം മാത്രമല്ലാതാകുന്നത്; ഒരു മനുഷ്യൻ ഈ മണ്ണിൽ ജീവിച്ചിരുന്നു, ഇവിടെ മരിച്ചു എന്നതിന്റെ ചരിത്രസാക്ഷ്യംകൂടിയാണത്. ഒരു ശരീരം കണ്ടെടുക്കപ്പെടാതെ പോകുമ്പോൾ ഒരു മരണം രേഖകളിൽനിന്ന് അപ്രത്യക്ഷമാകുന്നു;

ഒരു കല്ലറ ഇല്ലാതാകുമ്പോൾ ഒരു ജനതയുടെ വേരുകളാണ് പിഴുതെറിയപ്പെടുന്നത്. മരണമുനമ്പിലെ ഈ മൂന്നുവർഷങ്ങളിൽ ഗസ്സക്കാർക്ക് മരിച്ചവർക്കുവേണ്ടിയുള്ള തിരച്ചിൽ ഭൂമിക്കും സ്വന്തം അസ്തിത്വത്തിനും വേണ്ടിയുള്ള പോരാട്ടംകൂടിയാണ്. മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള അനുമതിയും ഉപകരണങ്ങളും ഇന്നും അന്യമായി തുടരുമ്പോൾ, നാം അവരുടെ പേരുകൾ ഓർക്കുകതന്നെ വേണം; അവരുടെ കഥകൾ പറയുകതന്നെ വേണം. കാരണം ജീവിതത്തിൽ മാത്രമല്ല, മരണത്തിലും അന്തസ്സ് മനുഷ്യന്റെ മൗലികാവകാശമാണ്.

(മമ്പാട് എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)

Tags:    
News Summary - Dignity in Death: Gaza's Struggle for Burials and Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.