താജ്മഹൽ
ഛാവ എന്ന സിനിമയുടെ റിലീസിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഖുൽദാബാദിലുള്ള കുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തിന്റെയും നാഗ്പൂരിലെ അക്രമസംഭവങ്ങളുടെയും പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. അതിനിടയിൽ താജ്മഹൽ ഒരു ശിവക്ഷേത്രമാണെന്ന വ്യാജവാദത്തിന് ഇന്ധനം പകരുന്ന പുതിയൊരു ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്.
പരേഷ് റാവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി താജ് സ്റ്റോറി സിനിമയുടെ ആദ്യ ടീസറിൽ, താജ്മഹലിന്റെ താഴികക്കുടം തുറക്കുമ്പോൾ, അതിനുള്ളിൽ നിന്ന് പരമശിവന്റെ രൂപം പുറത്തുവരുന്നതായി കാണിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിവിട്ടു. പിന്നീട് വന്ന ടീസറിൽ, താജ്മഹൽ ഒരു ക്ഷേത്രമാണെന്ന് ചിലർ വാദിക്കുന്നതിന്റെ ‘രഹസ്യം’ കണ്ടെത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
രണ്ട് ടീസറുകളും താജ്മഹലിന്റെ ചരിത്രം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനാണ് ലക്ഷ്യമിടുന്നത്; മുഗൾ ചക്രവർത്തി ഷാജഹാൻ പത്നിയുടെ സ്മാരകമായി 17-ാം നൂറ്റാണ്ടിൽ നിർമിച്ച കുടീരമാണ് താജ്മഹൽ എന്ന ചരിത്രസത്യത്തെയും, താജ്മഹൽ ‘തേജോ മഹാലയ’ ക്ഷേത്രമാണ് എന്ന കെട്ടുകഥയെയും തുല്യമായി ചിത്രീകരിക്കലാണ് പദ്ധതി.
താജ്മഹൽ മുഗൾ കുടീരമല്ല, ‘ഹിന്ദു’ സ്മാരകമാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പി.എൻ. ഓക്ക് ആയിരുന്നു. 1965ൽ പുറത്തിറക്കിയ ‘താജ്മഹൽ ഒരു രജപുത്ര കൊട്ടാരമാണ്’ എന്ന പുസ്തകത്തിൽ, ‘‘താജ്മഹൽ ഒരുപക്ഷേ, നാലാം നൂറ്റാണ്ടിൽ ഒരു കൊട്ടാരമായി നിർമിച്ചതും പിന്നീട് പരിവർത്തനം ചെയ്യപ്പെട്ടതുമായ ഒരു ഹിന്ദു നിർമിതിയാണ്’’ എന്ന് വാദിച്ചു.
നിയമം പഠിച്ച ഓക്ക്, തന്റെ പുസ്തകത്തിൽ 17ാം നൂറ്റാണ്ടിലെ പേർഷ്യൻ ഗ്രന്ഥമായ ‘പാദ്ഷാ നാമ’യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. താജ്മഹലിനുവേണ്ടിയുള്ള സ്ഥലം ഷാജഹാൻ അംബറിലെ മഹാരാജാവ് ജയ് സിങ് ഒന്നാമന്റെ പൈതൃക സ്വത്തിൽ നിന്ന് വിലക്ക് വാങ്ങുകയും മഹാരാജാവിന് സമാനമായ മറ്റ് സ്വത്തുക്കൾ നഷ്ടപരിഹാരമായി നൽകുകയും ചെയ്തെന്ന് ഈ ഗ്രന്ഥം വിവരിക്കുന്നു.
പേർഷ്യൻ ഭാഷയിലുള്ള ഈ എഴുതിയ സ്രോതസ്സ് പ്രകാരം, ചക്രവർത്തി വാങ്ങിയ ഭൂമിയിൽ ജയ്സിങ്ങിന്റെ പൂർവികർ നിർമിച്ച ഒരു മൻസിൽ (വലിയ കൊട്ടാരം) ഉണ്ടായിരുന്നു. അതിനെയാണ് പി.എൻ. ഓക്ക് നാലാം നൂറ്റാണ്ടിലെ കൊട്ടാരമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തന്റെ അസംബന്ധ വാദത്തിന് അദ്ദേഹം പരിമിതമായ തെളിവുകളേ സമർപ്പിച്ചിട്ടുള്ളൂ-കാരണം, പുസ്തകം വ്യക്തമായി വെളിപ്പെടുത്തുന്നതുപോലെ ആ മൻസിൽ ജയ്സിങ്ങിന്റെ പൂർവികനായ രാജാ മൻസിങ് നിർമിച്ചതാണ്.
രാജാ മൻസിങ് അക്ബറിന്റെ കോടതിയിലെ ഉന്നതനായ മൻസബ്ദാർ ആയിരുന്നു; പ്രശസ്തമായ ഹൽദിഘാട്ടി യുദ്ധത്തിൽ ജയിച്ചയാളുമാണ്. അതുകൊണ്ടുതന്നെ, രാജാ മൻസിങ്ങിന്റെ മൻസിൽ വ്യക്തമായും നാലാം നൂറ്റാണ്ടിലേതല്ല, 16ാം നൂറ്റാണ്ടിലേതാണ്. പേർഷ്യൻ ഭാഷ അറിയാത്തതുകൊണ്ടാവണം പുതുക്കിപ്പണിത നാലാം നൂറ്റാണ്ടിലെ കൊട്ടാരമാണ് താജ്മഹൽ എന്ന തന്റെ സിദ്ധാന്തത്തെ തകർക്കുന്ന ഈ നിർണായക വിശദാംശം ഓക്കിന് മനസ്സിലാവാതെ പോയി. ഗൈൽസ് ടില്ലോട്സനെപ്പോലുള്ള ചരിത്രപണ്ഡിതർ ഓക്കിന്റെ ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ‘‘താജ്മഹലിന്റേതിന് സമാനമായ ഘടനയിലുള്ള ഒരു കെട്ടിടം നിർമിക്കാൻ തക്ക സാങ്കേതിക വൈദഗ്ദ്ധ്യം മുഗൾ ഭരണത്തിന് മുമ്പുള്ള ഇന്ത്യയിലുണ്ടായിരുന്നില്ല’’ എന്നദ്ദേഹം തറപ്പിച്ചു പറയുന്നു.
തന്റെ ആദ്യ സിദ്ധാന്തം പൊളിഞ്ഞതോടെ, ഓക്ക് ഒരു പുതിയ കെട്ടുകഥ ഇറക്കി. 1989ൽ പുറത്തിറങ്ങിയ ‘താജ്മഹൽ: ദി ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിൽ, ‘‘താജ്മഹൽ യഥാർഥത്തിൽ 1155ൽ നിർമിച്ച ശിവ ക്ഷേത്രമായിരുന്നെന്നും, അത് ജയ് സിങ് ഒന്നാമൻ ഷാജഹാന് സമ്മാനമായി നൽകുകയും ഷാജഹാൻ അതിനെ കുടീരമാക്കി മാറ്റുകയായിരുന്നെന്നും ഓക്ക് വാദിച്ചു.
എന്നാൽ, ചരിത്രമറിയുന്നവർ ഈ വാദത്തെയും എതിർത്തു. താജ്മഹലിന്റെ വാസ്തുവിദ്യ തികച്ചും സവിശേഷമായ മുഗൾ ശൈലിയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഉയരത്തിൽ വളഞ്ഞ ഗോളാകാരത്തിലുള്ള താഴികക്കുടം (bulbous pendentive dome), ദീർഘചതുരാകൃതിയിലുള്ള കമാനം (Timurid pishtaq), ചാർബാഗ് (നാല് പൂന്തോട്ടങ്ങൾ),അതിമനോഹരമായ വിശിഷ്ട കല്ലുകൾ പതിച്ച അലങ്കാരപ്പണികൾ (Pietra Dura) എന്നിവയെല്ലാം നിർമിതിയുടെ മുഗൾ സ്വഭാവം വ്യക്തമാക്കുന്നതായി അവർ പറഞ്ഞു.
അതിനെ മറികടക്കാനായി ഇന്ത്യയിലെ എല്ലാ മുഗൾ നിർമിതികളും ഒരുകാലത്ത് ‘ഹിന്ദു നിർമിതികൾ’ ആയിരുന്നെന്നും അതിനാൽ മുഗൾ വാസ്തുവിദ്യ അടിസ്ഥാനപരമായി ‘ഹിന്ദു വാസ്തുവിദ്യ’ ആണെന്നുമുള്ള കുതർക്കമാണ് ഓക്ക് മുന്നോട്ട് വെച്ചത്. ഓക്കിന്റെ വാദങ്ങൾ ഭാവനാസമൃദ്ധമായിരുന്നു, ഇല്ലാതെപോയത് ചരിത്രപരമായ തെളിവുകളാണ്.
താജ്മഹൽ ഒരു രജപുത്ര കൊട്ടാരമായിരുന്നെന്ന ആദ്യ വാദഗതിക്കായി ഓക്ക് അവലംബിച്ച പേർഷ്യൻ സ്രോതസ്സായ ‘പാദ്ഷാ നാമ’ തന്നെ, താജ്മഹൽ പണിയാനുള്ള തൊഴിലാളികളെയും അലങ്കരിക്കാനാവശ്യമായ മാർബിളുകളും ഒരുക്കി നൽകി ജയ് സിങ് ഒന്നാമൻ ഷാജഹാനെ സഹായിച്ച കാര്യങ്ങളെല്ലാം വിശദമായി പറയുന്നുണ്ട്.
ഏതൊരു ജിജ്ഞാസയുള്ള മനസ്സിൽ നിന്നും സംശയങ്ങൾ നീങ്ങാനും താജ്മഹൽ ഇസ്ലാമിന് മുമ്പുള്ള ‘പരിവർത്തനം’ ചെയ്യപ്പെട്ട സ്മാരകമല്ലെന്ന് ഉറപ്പാക്കാനും ഈ വസ്തുതകൾ ധാരാളമാണ്. എന്നിട്ടും ഓക്ക് തന്റെ കല്പിത കഥകളും അതിശയോക്തികളും കുത്തിക്കെട്ടി, 2000 ജൂലൈയിൽ സുപ്രീംകോടതിയിൽ ഹരജി നൽകി. 12-ാം നൂറ്റാണ്ടിൽ രാജാ പരമാർ ദേവിന്റെ പ്രധാനമന്ത്രി സലക്ഷൻ പണിത “തേജോ മഹാലയ”യാണ് താജ്മഹലെന്നും അത് മുഗൾ നിർമിതിയല്ലെന്നുമായിരുന്നു വാദം.
യാതൊരു തെളിവുകളുടെയും പിൻബലമില്ലാത്ത ഹരജി സുപ്രീംകോടതി തള്ളിയതിൽ ഒരത്ഭുതവുമില്ല. ഓക്കിന്റെ ഭാവനാസൃഷ്ടിയായി ഒടുങ്ങേണ്ടിയിരുന്ന ഈ വാദത്തിന്, അമർ നാഥ് മിശ്രയെ (നിലവിൽ അയോധ്യ സദ്ഭാവന സമിതിയുടെ തലവൻ) പ്പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രവാദികൾ വീണ്ടും ഊർജം നൽകി. അദ്ദേഹം 2005ൽ മറ്റൊരു ഹരജി, അലഹബാദ് ഹൈകോടതിയിൽ ഫയൽ ചെയ്തു. താജ്മഹൽ 1196ൽ ചന്ദേല രാജാവായ പരമർദി ആണ് നിർമിച്ചതെന്നായിരുന്നു വാദം. ചരിത്രപരമായ തെളിവുകളുടെ കടുത്ത അഭാവം കാരണം ഈ ഹരജിയും ഹൈകോടതി ഉടനടി തള്ളി.
ഇത്തരം അസംബന്ധ വാദങ്ങൾക്ക് വിരാമമിടാനായി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2017ൽ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. താജ്മഹലിൽ എന്നെങ്കിലും ഒരു ക്ഷേത്രമുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന തരം തെളിവുകളൊന്നും ലഭ്യമല്ല എന്ന് ആ പ്രസ്താവന വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലിം ഭരണകാലം ഹിന്ദുക്കളുടെ മേലുള്ള അധിനിവേശത്തിന്റെയും, കവർച്ചയുടെയും, അടിമത്തത്തിന്റെയും കാലഘട്ടമായിരുന്നെന്ന ഹിന്ദുത്വ ആശയം ഊട്ടിയുറപ്പിക്കാൻ വേണ്ടി പടച്ചുവിട്ടതാണ് ഇവിടത്തെ ഇസ്ലാമിക സ്മാരകങ്ങൾ പരിവർത്തനം ചെയ്യപ്പെട്ട ‘ഹിന്ദു’ സ്മാരകങ്ങളോ ‘ഹിന്ദു’ നിർമാണ രീതികളും വസ്തുക്കൾ ഉപയോഗിച്ച് പണികഴിച്ചവയോ ആണ് എന്ന വാദം.
ഓക്ക് ഇത്തരത്തിൽ വേറെയും ഒരുപാട് അബദ്ധവാദങ്ങളും എഴുന്നള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ക്രിസ്തുമതം യഥാർഥത്തിൽ കൃഷ്ണ നീതിയായിരുന്നെന്നും, ഡൽഹിയിലെ ‘ചെങ്കോട്ട’ ലാൽ കോട്ട് എന്ന ഹിന്ദു കോട്ടയായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹിന്ദുക്കളുടെ ഔദാര്യത്തെ പ്രകീർത്തിക്കുകയും ഇസ്ലാമിക അസഹിഷ്ണുതയെ അപലപിക്കുകയും ചെയ്യുന്ന വാട്സ്ആപ് സന്ദേശങ്ങളാൽ ആവേശഭരിതരായ ശരാശരി ഹിന്ദുത്വ അനുഭാവികൾക്കുപോലും എളുപ്പത്തിൽ വിശ്വസിക്കാനാവാത്തതാണ് ഈ അവകാശവാദങ്ങൾ.
പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഈ കുടീരം, കലാചരിത്രകാരുടെയും കഥമെനയുന്നവരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയെന്നത് സത്യമാണ്. താജ്മഹൽ പോലൊരു അതിമനോഹര സ്മാരകം തീർച്ചയായും അത്തരമൊരു ആദരം അർഹിക്കുന്നുമുണ്ട്. എന്നാൽ, ചരിത്രത്തെ മിഥ്യയുമായി കൂട്ടിക്കുഴക്കുന്ന ഒരു സിനിമ നിർമിക്കാൻ അതൊരു ന്യായീകരണമല്ല.
(ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചരിത്രകാരിയും യൂട്യൂബറുമായ രുചിക ശർമ The India Cableൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.