ദേശീയ ഗെയിംസിൽ വോ​ളി വ​നി​ത, പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ചാമ്പ്യന്മാരായ കേ​ര​ള ടീമുകൾ

ബുധനാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ ദേശീയ ഗെയിംസ് വോളിബാൾ സ്വർണ്ണം നേടിയ കേരള പുരുഷ ടീം അംഗങ്ങൾ ചുണ്ടിനോട് വിരൽ ചേർത്ത് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു. വിജയനായകനായ മുത്തുസ്വാമിയും കൂട്ടരും നിശബ്ദരായിരിക്കാൻ പറഞ്ഞത് അംഗീകാരമില്ലാത്ത കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷനോടാകാനാണ് സാധ്യത. വെറും സ്വർണമല്ല ഈ മെഡൽ. നമ്മുടെ സംസ്ഥാനത്തിന് കിട്ടിയ തനി തങ്കമാണ്. ദേശീയ ഗെയിംസിൽ അവസാന ദിനം കേരളം വോളിബാളിൽ നേടിയ ഇരട്ട സ്വർണത്തിന് അത്രമേൽ പ്രാധാന്യമുണ്ട്. വോളിബാളിന്റെ അപ്പോസ്തലന്മാരും പ്രചാരകരുമായി നടിച്ച് ഒരു കൂട്ടർ നടത്തുന്ന കളി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയം. വോളി അസോസിയേഷൻ അംഗീകാരമില്ലാത്തതിനാൽ കേരള സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീമിനെ ഗുജറാത്തിലേക്ക് അയക്കാതിരിക്കാൻ ചെലവഴിച്ച സമയവും പണവും ഉണ്ടായിരുന്നെങ്കിൽ നിരവധി കുട്ടികൾക്ക് പരിശീലനം നൽകാമായിരുന്നു. വോളി അസോസിയേഷനും അവരുടെ മച്ചുനന്മാരായ കേരള ഒളിമ്പിക് അസോസിയേഷനുമാണ് ഈ കളിക്ക് പിന്നിൽ എന്നതാണ് ഏറെ കൗതുകം. ഹൈകോടതിയിലും സുപ്രീംകോടതിയിലും ലക്ഷങ്ങൾ മുടക്കി കേസ് നടത്തി കേരള ടീമിൻറെ ഗുജറാത്ത് യാത്ര മുടക്കാൻ ശ്രമിച്ചത് ഈ രണ്ടു കൂട്ടരാണ്. വേറെ ഏത് രാജ്യത്ത് ഉണ്ടാകും ഇതുപോലെ കളിയെ 'സ്നേഹിക്കുന്നവർ ' .

അംഗീകാരമില്ലാത്ത അസോസിയേഷൻ 

കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിന് കേരള വോളിബാൾ അസോസിയേഷന്റെ അംഗീകാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ റദ്ദാക്കിയിരുന്നു. കേരള അസോസിയേഷന്‍റെ അഖിലേന്ത്യപതിപ്പായ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 2020 ജൂൺ 25 മുതൽ അംഗീകാരമില്ല. 2018 ൽ സ്പോർട്സ് കൗൺസിൽ വോളിബാൾ അസോസിയേഷന്റ അഫിലിയേഷൻ റദ്ദാക്കിയ ചരിത്രമുണ്ട്. അന്ന് പലതരം സമ്മർദ്ദങ്ങൾ പുറത്തെടുത്ത് അസോസിയേഷൻ തിരിച്ചു കയറി. എന്നാൽ ഇത്തവണ പണി പാളി. സമ്മർദ്ദങ്ങൾ ഒന്നും ഫലം കണ്ടില്ല. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും സർക്കാരും തീരുമാനത്തിൽ ഉറച്ചുനിന്നു. സ്പോർട്സ് കൗൺസിൽ സെലക്ഷൻ ട്രയൽസ് നടത്തി വോളിബാൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ചു. സബ്ജൂനിയർ മുതൽ സീനിയർ തലം വരെ ചാമ്പ്യൻഷിപ്പുകൾ മികച്ച രീതിയിൽ നടന്നു. വോളി അസോസിയേഷൻ കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. നേരത്തെ അസോസിയേഷൻറെ കൂടെയുണ്ടായിരുന്ന പലരും സ്പോർട്സ് കൗൺസിലിന്റെ 'കോർട്ടിലേക്ക് ' മാറി. 


(​വ​നി​ത വോ​ളി​ബാ​ളി​ൽ സ്വർ​ണം നേ​ടി​യ കേ​ര​ളം -        ചിത്രം: പി.സന്ദീപ്)

 


അതിനിടയാണ് പ്രൈം വോളി ലീഗ് തുടങ്ങിയത്. ഈ ലീഗിലെ ടീമുകളിൽ ചേർന്നാൽ പുറത്താക്കുമെന്ന് അസോസിയേഷനും ദേശീയ ഫെഡറേഷനും ഭീഷണിപ്പെടുത്തി. ഭീഷണികളുടെ സ്മാഷുകൾ സമർഥമായി ബ്ലോക്ക് ചെയ്ത താരങ്ങൾ വിവിധ ടീമുകളിൽ ചേർന്നതോടെ വോളി മേലാളന്മാർ ഇളിഭ്യരായി. കോച്ചായും കളിക്കാരായും മലയാളികൾ തിളങ്ങിയ പ്രൈം ലീഗിന്റ രണ്ടാം സീസണിലെ താരലേലം തുടങ്ങുന്നതിൻറെ തലേന്നാണ് ദേശീയ ഗെയിംസിലെ സ്വർണ്ണ നേട്ടം എന്നതും യാദൃശ്ചികം. പ്രൈം വോളിയിൽ പങ്കെടുത്ത താരങ്ങളെ ഒരു മത്സരത്തിലും കയറ്റില്ലെന്ന വാശിയിലാണ് അസോസിയേഷനും ഫെഡറേഷനും. എന്ത് നല്ല നടക്കാത്ത സ്വപ്നം.



(ദേ​ശീ​യ ഗെ​യിം​സ് പു​രു​ഷ വോ​ളി​ബാളി​ല്‍ സ്വ​ര്‍ണം നേ​ടി​യ കേ​ര​ള ടീം)

 


കോർട്ടിൽ നിന്ന് 'കോർട്ടി 'ലേക്ക് 

ദേശീയ ഗെയിംസിന് മുമ്പ് കോർട്ടിൽ (കളിക്കളം) നിന്ന് കോർട്ടിലേക്ക് (കോടതി) പോകേണ്ട ഗതികേടിലായിരുന്നു കേരള താരങ്ങൾ. ഇതിൽ പലരും വെറും കേരള താരങ്ങൾ അല്ല, ഇന്ത്യൻ ക്യാപ്റ്റൻ വരെയുണ്ട്. ദേശീയ ഗെയിംസിന് മുന്നോടിയായി ആഗസ്റ്റ് ഏഴിന് സ്പോർട്സ് കൗൺസിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തിയിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത കൗൺസിൽ ആഗസ്റ്റ് 15 മുതൽ പരിശീലന ക്യാമ്പും തുടങ്ങി. ഇതിനിടയാണ് 'കളികൾ ' വരുന്നത്. കേരളത്തിലെ ഒളിമ്പിക് അസോസിയേഷനും വോളിബാൾ അസോസിയേഷനും കളിയിലെ സെറ്ററും അറ്റാക്കും പോലെ പരസ്പരം മനസ്സ് അറിയുന്നവരാണ്. വോളി അസോസിയേഷനിലെ പ്രമുഖൻ അടക്കം ഒളിമ്പിക് അസോസിയേഷനിലുമുണ്ട്. സ്പോർട്സ് കൗൺസിൽ ദേശീയ ഗെയിംസിലേക്ക് ടീമിനെ അയക്കാതിരിക്കാൻ വോളി അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചു. ഉചിതമായ ടീമിനെ തെരഞ്ഞെടുത്ത് അയക്കാൻ കോടതി ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടു. തക്കം പാർത്തുനിന്ന് അസോസിയേഷൻ തെരഞ്ഞെടുത്തത് വോളി അസോസിയേഷൻ കൊടുത്ത പട്ടികയിൽ നിന്നുള്ളവരെ. തുടർന്ന് ഇൻറർനാഷണൽ താരങ്ങൾ അടക്കം ഹൈകോടതിയെ സമീപിച്ചാണ് സ്പോർട്സ് കൗൺസിൽ ടീമിന് ദേശീയ കൗൺസിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയത്. മുൻ താരങ്ങൾ അടക്കം നിരവധി പേർ ഈ പോരാട്ടത്തിന് പിന്തുണയേകി.

ഹൈകോടതിയിൽ നിന്ന് തിരിച്ചടി ഏറ്റിട്ടും വോളി അസോസിയേഷൻ പിന്മാറിയില്ല. ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതിയിൽ ലീവ് പെറ്റീഷൻ ഹരജി നൽകി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്ന് പരമോന്നത കോടതി തറപ്പിച്ചു പറഞ്ഞു. ഈ ദിവസങ്ങളിലെല്ലാം താരങ്ങളും കോച്ചുമാരും അനുഭവിച്ച ടെൻഷൻ ഒന്നോർത്തു നോക്കൂ. വോളിബാളിനെ ഉദ്ധരിക്കാൻ എന്ന് അവകാശപ്പെട്ട് അവതാരപ്പിറവി എടുത്തവരാണ് ഇതിന് പിന്നിലെന്നതാണ് അത്ഭുതം. സ്പോർട്സ് കൗൺസിൽ അംഗീകാരം റദ്ദാക്കിയെങ്കിലും ഭരണപക്ഷത്തുള്ള പലരും വോളി അസോസിയേഷന്റെ സ്വന്തക്കാരാണ്. മന്ത്രിമാർ തന്നെ അംഗീകാരമില്ലാത്ത ഈ അസോസിയേഷന്റെ രക്ഷാധികാരികളാണെന്ന് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. അംഗീകാരം റദ്ദാക്കാൻ ഒപ്പിട്ട കായിക മന്ത്രി വി. അബ്ദുറഹ്മാൻ തന്നെയായിരുന്നു ഒരു രക്ഷാധികാരി! സ്പോർട്സ് കൗൺസിലെ ഒരു ഭാരവാഹി കേരള ഒളിമ്പിക് അസോസിയേഷൻറെ ഭാരവാഹിയും വോളിബാൾ അസോസിയേഷന്റെ സ്വന്തക്കാരനുമാണ്. ഇത്തരം വമ്പന്മാർക്കെല്ലാം പാഠമാണ് കേരള ടീമുകൾ ദേശീയ ഗെയിംസിൽ നേടിയ സ്വർണം.



(വോളിബാൾ ടീമിനെ അഭിനന്ദിച്ചുള്ള കേരള ഒളിമ്പിക് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, ചിത്രത്തിലുള്ളത് വെള്ളി നേടിയ പുരുഷ ഫുട്ബാൾ ടീമാണ്)

 


സെറ്റ് പോയന്‍റ്: ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള പുരുഷ ടീമിന് അഭിനന്ദനമറിയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടെയുള്ള ഫോട്ടോ കണ്ട് വോളിബാൾ പ്രേമികളും ഫുട്ബാൾ ആരാധകരും ഞെട്ടി. ഗെയിംസിൽ പുരുഷ ഫുട്ബാൾ രണ്ടാം സ്ഥാനം നേടിയ കേരള ടീമിൻറെ പടമായിരുന്നു അത്. സ്വന്തം ടീമിനെ പോലും തിരിച്ചറിയാൻ പറ്റാത്ത കായിക സംഘടനകൾക്ക് നമോവാകം. 

Tags:    
News Summary - Let's stop the 'game'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.