പത്ത് വർഷം പൊലീസിന്‍റെ അടികൊണ്ട് വശംകെട്ടവരാണ് യൂത്ത് കോൺഗ്രസുകാർ. ജലപീരങ്കി പ്രയോഗവും ലാത്തിയടിയും ഏറെ നേരിട്ടവർ. എന്നാൽ, മുൻ മുഖ്യന്ത്രി ജലപീരങ്കി വെള്ളം കുപ്പിയിലാക്കി ചെളിവെള്ളമെന്ന് പരാതി പറഞ്ഞതിൽ പണ്ട് പീരങ്കി വെള്ളത്തിൽ കുളിച്ചവരുടെ രോഷം സ്വഭാവികം. നിങ്ങളുടെ കാലത്ത് ജലപീരങ്കിയിൽ നിന്നടിച്ചത് തിളപ്പിച്ചാറ്റിയ വെള്ളമാണല്ലോ എന്നായി സുധീർഷാ പാലോട്. അമീബിക് മസ്തിഷ്ക ജ്വരം വരുന്ന വെള്ളമാണെന്ന പിണറായി വിജയന്‍റെ പരാമർശത്തിന്, ഇതേ ആൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ സമരക്കാരുടെ മസ്തിഷ്കം അടിച്ചുപൊളിക്കാനാണ് നിദേശിച്ചതെന്നും സുധീർഷക്ക് പരിഭവമുണ്ട്.
പനിനീരും പനീർപൂവും ഒഴിച്ചല്ല സമരങ്ങൾ നേരിട്ടതെന്നതെന്ന് കെ.എം. അഭിജിത്തും ഒപ്പം ചേർന്നു. ജലപീരങ്കി അടിക്കുമ്പോൾ വെള്ളം കുപ്പിയിൽ എങ്ങനെ പിടിക്കുമെന്ന വി.എസ്. ജോയിയുടെ സംശയം മാറ്റിയത് ഒരു വാർത്താചിത്രമാണ്. ജലപീരങ്കിയിൽനിന്ന് റോഡിൽ വീണ് കലങ്ങിയ വെള്ളം കോരിയെടുത്ത് കുപ്പിയിലാക്കുന്ന ചിത്രം ജോയ് സഭയിലുയർത്തി. കലക്കവെള്ളം റോഡിൽനിന്ന് കൊണ്ടുവന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചത്രെ. വിസ്മയാന്വേഷണത്തിലായിരുന്നു ബജറ്റ് ചർച്ചയുടെ രണ്ടാം ദിനം സഭ.
പ്രതിപക്ഷം ബജറ്റ് രേഖകൾ കുത്തിയിരുന്ന് പരതിയിട്ടും വിസ്മയങ്ങളൊന്നും തെളിഞ്ഞില്ല. ഭരണപക്ഷമാകട്ടെ വിസ്മയത്തിന്‍റെ വിസ്ഫോടനമാണ് കണ്ടത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിസ്മയമുണ്ടായില്ലെന്ന് മുഹമ്മദ് മുഹ്സിൻ. വിസ്മമില്ലായ്മയാണ് വിസ്മയമെന്നാണ് സി.കെ. ഹരീന്ദ്രന്‍റെ പക്ഷം. ബജറ്റ് വന്നപ്പോൾ വിസ്മയമല്ല, വൻ വിസ്മയമാണ് കണ്ടതെന്നും കൂട്ടുത്തരവദിത്വം നഷ്ടപ്പെടുംവിധമായി പ്രഖ്യാപനങ്ങളെന്നും ബി.ജെ.പിയിലെ വി. മുരളീധരൻ. ലീഗിലെ പി.എം.എ. സമീറിന് അതിനൊക്കെ മറുപടിയുണ്ടായിരുന്നു.
വീര്യം കുറഞ്ഞ മദ്യം ഹലാലായോ എന്നായായിരുന്നു മുഹമ്മദ് മുഹ്സിന്‍റെ സംശയം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് മുഹ്സിന്‍റെ ചോദ്യവും അതായിരുന്നു. ഹറാമാണെന്ന് പറഞ്ഞ പി.എം. ശ്രീ ഹലാലായോ എന്ന ആശങ്ക കൂടി അദ്ദേഹത്തിനുണ്ടായി. ഇന്ദിരാ ഗ്യാരണ്ടിയല്ല, അദാനി ഗ്യാരണ്ടിയാണെന്ന് ചിറ്റിലപ്പിള്ളിക്ക് തോന്നിയപ്പോൾ മോദി ഗ്യാരണ്ടിയായാണ് മുഹ്സിന് തോന്നിയത്.
പൂക്കി ചിരിയെ കുറിച്ച ഗവേഷണത്തിലായിരുന്നു സേവ്യർ ചിറ്റിലപ്പള്ളി. വേഷം സിനിമയിൽ മമ്മൂട്ടി കഥാപാത്രത്തിന്‍റെ പുറകിൽ നിന്ന് ജഗതി ഇടയ്ക്കിടക്ക് ആക്കിയൊരു ചിരിയുണ്ട്. ആ ചിരിയാണ് പൂക്കി ചിരിയെത്രെ. വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ കാര്യമായി ഒന്നും നടക്കാതെ വന്നതോടെ തേച്ച പൂക്കിച്ചിരിയെന്നാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ചിരിയെ കുറിച്ച് കുട്ടികൾ പറയുന്നതെന്നും നിരീക്ഷണം.
അറബിക്കഥയിൽ ക്യൂബ മുകുന്ദൻ ശുചിമുറിയുടെ കതകടച്ച് പ്രതിഷേധിക്കുന്നത് പോലെയാണ് നേതൃത്വത്തിനെതിരെ സി.പി.എം അണികുളുടെ പ്രതിഷേധമെന്ന് ടി.ഒ. മോഹനൻ. ബജറ്റിൽ നവ ലിബറൽ നയം കണ്ട പ്രഫ. രവീന്ദ്രനാഥിനോട്, തോമസ് ഐസക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിച്ചത് ഏത് കമ്യൂണിസ്റ്റ് നയമെന്ന് ചോദ്യമുയർന്നു.
മതം നോക്കണമെന്ന് പറഞ്ഞ മുൻ മന്ത്രിയുടെ വാക്കുകൾക്ക് മലപ്പുറത്തെ വോട്ടർമാരുടെ മധുരമനോഹര മറുപടിയായാണ് തന്‍റെ വിജയമെന്നും അത് റിയൽ മലപ്പുറം സ്റ്റോറിയാണെന്നും വി.എസ്. ജോയി വിശേഷിപ്പിച്ചു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാനും. ദേവികുളത്തെ എഫ് രാജ തമിഴിലാണ് സംസാരിച്ചത്. വർഗസമരത്തിന് പകരം വർഗീയതയാണ് ഇടതുപക്ഷം പ്രയോഗിക്കുന്നതെന്ന് എം.എ. റസാഖ് മാസ്റ്ററുടെ ആരോപണം.
കവിത പോലെ മനോഹരമായിരുന്നു ഫൈസൽ ബാബുവിന്‍റെ പ്രസംഗം. വളരെ കാവ്യാത്കമായാണ് അദ്ദേഹം ബജറ്റിനെ സമീപിച്ചത്. മലയാളികളുടെ പരിഹാസപ്പേരിൽനിന്ന് കുതിരവട്ടം എന്ന പേര് മാഞ്ഞുപോകുമെന്ന് പറഞ്ഞ ഫൈസൽ ബാബുനെ പക്ഷേ, മന്ത്രി കെ. മുരളീധരൻ തിരുത്തി. കുതിരവട്ടം അങ്ങയുടെ മണ്ഡലമാണെങ്കിൽ ഉളംപാറ എന്‍റെ മണ്ഡലമാണ്. സ്ഥലംവെച്ച് പരിഹസിക്കുന്നത് ശരിയല്ല. പി.എം.എ. സമീറിന്‍റെ പ്രസംഗശേഷം മുഖ്യന്ത്രി അദ്ദേഹത്തെ ഇരിപ്പിടത്തിനടുത്തേക്ക് വിളിച്ച് അഭിനന്ദിക്കുന്നത് കാണാമായിരുന്നു. പുതിയ അംഗങ്ങളുടെ കന്നി പ്രസംഗങ്ങളായിരുന്നു കൂടുതൽ. അവരെ മറ്റ് അംഗങ്ങൾ അടുത്തെത്തി അനുമോദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മികച്ച കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.