ആപ്പാണ് സൂക്ഷിക്കുക

ഏപ്രിൽ പത്തിന് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടതിനുപിന്നിൽ ലോൺ ആപ് സംഘങ്ങളുടെ ഭീഷണിയുമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് തുച്ഛമായ തുക നൽകി സമ്പാദ്യവും മാനവും ജീവനും കൊള്ളയടിക്കുന്ന വ്യാജ ലോൺ ആപ് മാഫിയയുടെ കൊടുംചതികൾ ചർച്ചയാകുന്നത്

പണത്തിന് അടിയന്തര ആവശ്യം വന്നപ്പോഴാണ് പാലക്കാട് കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് എന്ന 37കാരൻ റൂബിക് മണി എന്ന ആപ് വഴി 6000 രൂപ വായ്പയെടുത്തത്. ആഴ്ചയിൽ ആയിരം രൂപ വീതമായിരുന്നു തിരിച്ചടവ്. അത് വൈകിയതോടെ ലോൺ ആപ്പിന് പിന്നിലെ സംഘം ഭീഷണി തുടങ്ങി. ആപ് ഡൗൺലോഡ് ചെയ്തപ്പോൾ തന്നെ കോൺടാക്ടും മെസേജുകളും ചിത്രങ്ങളും ലൊക്കേഷനും ഗാലറിയുമടക്കം അജീഷിന്‍റെ മൊബൈലിലെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള അനുമതി സംഘം സ്വന്തമാക്കിയിരുന്നു. രൂപമാറ്റം വരുത്തിയ (മോർഫിങ്) അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നതായിരുന്നു പ്രധാന ഭീഷണി. ആ സമ്മർദം സാധാരണക്കാരനായ അജീഷിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 19ന് അജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫോൺ പരിശോധിച്ച കുടുംബാംഗങ്ങൾ ലോൺ ആപ് സംഘത്തിന്‍റെ ഭീഷണിയെക്കുറിച്ച വിവരങ്ങൾ കണ്ട് ഞെട്ടി. അജീഷിന്‍റെ മരണ ശേഷവും സംഘം ഭീഷണി തുടർന്നു. അശ്ലീല ദൃശ്യങ്ങളടക്കം ഫോണിലേക്ക് വന്നുകൊണ്ടിരുന്നു.

ലോൺ ആപ്പിന്റെ കെണിയിൽപ്പെട്ട് കഴിഞ്ഞ മാർച്ചിൽ മുംബൈയിൽ ജീവനൊടുക്കിയ പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്‍റെ കുടുംബം ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകൾ എത്തുന്നു. മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും അവർ പിന്തുടർന്നതായി വീട്ടുകാർ പറയുന്നു. എടുത്ത വായ്പയുടെ ഭൂരിഭാഗവും അടച്ചുതീർത്തിട്ടും ഭീഷണി തുടർന്നപ്പോഴാണ് ദേവനാഥ് ജീവനൊടുക്കിയത്.

ലോൺ ആപ് സംഘത്തിന്‍റെ ഭീഷണിയെത്തുടർന്ന് ഏപ്രിൽ 13ന് കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ ഒരാഴ്ചക്ക് ശേഷമാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. ലോൺ ആപ്പിൽ നിന്നെടുത്ത വായ്പയുടെ കെണികളും ആ കടം വീട്ടാൻ ബ്ലേഡ് സംഘങ്ങളിൽനിന്ന് പണം വാങ്ങിയതോടെ അകപ്പെട്ട പ്രതിസന്ധിയും തുക നൽകിയവരുടെ കടുത്ത ഭീഷണികളുമാണ് വിഷ്ണുവിനെ നാടുവിടാൻ പ്രേരിപ്പിച്ചത്.

ഏത് തട്ടിപ്പിനും തലവെക്കുന്ന മലയാളികൾക്കിടയിൽ വായ്പാ ആപ്പുകൾ ഒരു ദുരന്തമായി പടരുകയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവിതവും കുടുംബവും തകരുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുമ്പോഴും ഇത്തരം സംഘങ്ങൾ കോർപറേറ്റ് സ്ഥാപനങ്ങളുടെ സംവിധാനങ്ങളോടെ ആസൂത്രിതമായി പ്രവർത്തനം തുടരുകയാണ്. മാനഹാനിയും ഭീഷണിയും ഭയന്ന് പലരും തട്ടിപ്പ് പുറത്ത് പറയുന്നില്ലെന്ന് മാത്രം.

ഏപ്രിൽ പത്തിന് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടതിനുപിന്നിൽ ലോൺ ആപ് സംഘങ്ങളുടെ ഭീഷണിയുമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് തുച്ഛമായ തുക നൽകി സമ്പാദ്യവും മാനവും ജീവനും കൊള്ളയടിക്കുന്ന വ്യാജ ലോൺ ആപ് മാഫിയയുടെ കൊടുംചതികൾ ചർച്ചയാകുന്നത്. മരിക്കുന്നതിന്‍റെ തലേ ദിവസവും നിതിന് ലോൺ ആപ് ഉടമകളിൽ നിന്ന് ഭീഷണി എത്തിയിരുന്നു.

ഈ കണക്ക് നോക്കൂ

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് മാത്രം 15,115 പേരാണ് നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (എൻ.സി.ആർ.പി) വഴി വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലേക്ക് പരാതി എത്തിച്ചത് 284 പേർ മാത്രം. ഈ കാലയളവിൽ ലോൺ ആപ് സംഘങ്ങൾ കേരളത്തിൽ നിന്ന് 70 കോടിയോളം രൂപ തട്ടിയെടുത്തു. ഇതിൽ 28 കോടി മാത്രമാണ് നിയമ വഴികളിലൂടെ തിരിച്ചുപിടിക്കാനായത്. പൊലീസിൽ എത്താത്ത കേസുകൾ കൂടിയാകുമ്പോൾ തട്ടിയ തുക ഇനിയും കുത്തനെ ഉയരും. കേരളത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏഴ് ആത്മഹത്യകൾ ലോൺ ആപ് സംഘങ്ങളുടെ ഭീഷണിയെത്തുടർന്നാണെന്ന് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. നിതിൻ രാജിന്‍റേതടക്കം ചില കേസുകളിൽ അറസ്റ്റുണ്ടായി. ലോൺ ആപ് ഇരകളില്‍ 32 ശതമാനം പേർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും 20.18 ശതമാനം വീട്ടമ്മമാരുമാണ്. അതായത്, കെണിയിൽപ്പെടുന്നവരിൽ അഞ്ചിലൊന്നും വീട്ടമ്മമാർ. 9.79 ശതമാനം പേർ വ്യാപാരികളും അഞ്ച് ശതമാനം ഡ്രൈവർമാരും 4.37 ശതമാനം വിദ്യാർഥികളുമാണെന്ന് പൊലീസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃതമെന്ന് കണ്ടെത്തിയ 1,836 ലോണ്‍ ആപ്പുകളും 5,317 വെബ്‌സൈറ്റുകളും പൊലീസ് പൂട്ടിച്ചു. ലോൺ ആപ് തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ആയിരത്തിലധികം വീതം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് ലോൺ ആപ്പുകാരെ ചോദ്യം ചെയ്തപ്പോൾ കേരളത്തിൽ നിന്ന് മാത്രം 1200 പേർ ഇവരിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. നോയിഡയിൽ വൻകിട ഐ.ടി പാർക്കിന് സമാനമായ സൗകര്യങ്ങളോടെ അമ്പതോളം ജീവനക്കാരുമായാണ് ‘ഇൻസ്റ്റന്‍റ് ഫണ്ട്സ്’ എന്ന പേരിൽ ഇവരുടെ ലോൺ ആപ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഫോണിന് പകരം വ്യത്യസ്ത സേവന ദാതാക്കളുടെ ഒട്ടേറെ സിമ്മുകൾ ഒരുമിച്ച് ഉപയോഗിക്കാവുന്ന സിം ബോക്സുകൾ വഴിയാണ് ഇവർ ഇരകളെ വശീകരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത് എന്നും കണ്ടെത്തി.

സ്വകാര്യതയാണ് ഈട്

പെട്ടെന്ന് പണം ആവശ്യമുള്ള കുറഞ്ഞ വരുമാനക്കാരും അസംഘടിത മേഖലകളിലെ ജീവനക്കാരും വീട്ടമ്മമാരുമാണ് കൂടുതലായും ലോൺ ആപ് സംഘങ്ങളുടെ ചതിക്കെണിയിൽപ്പെടുന്നത്. കാര്യമായ ഈടോ പരിശോധനകളോ രേഖകളോ ഒന്നുമില്ലാതെ അഞ്ച് മിനിറ്റിനകം വായ്പ കിട്ടുമെന്ന വാഗ്ദാനം തന്നെയാണ് പ്രധാന ആകർഷണം. മഹാരാഷ്‌ട്ര, ഡൽഹി, ബിഹാർ, പശ്‌ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ഝാർഖണ്ഡ്‌, എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് ലോൺ ആപ് സംഘങ്ങൾ കൂടുതലും പ്രവർത്തിക്കുന്നത്. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി കംബോഡിയ, ചൈന, മലേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റും.

ഫ്ലിപ് കാഷ്, അപ്നാ ആരോഹം, കാഷ് ഫിഷ്, ക്രെഡി പെ, ഫ്ലൈ കാഷ്, ലോൺ ക്യൂബ്, റുപ്പി മാസ്റ്റർ, റുപ്പീ ഗോ, ലോൺ മാമ, റുപ്പി ഗോൾഡ്, ലെൻഡ് നൗ, കാഷ്ഫുൾ, കാഷ് റെ, പഞ്ച് മണി, ഗ്രാന്‍റ് ലോൺ, ലെൻഡ്കർ, ഇൻഫിനിറ്റി കാഷ്, ഡ്രീം ലോൺ, ക്രെഡിറ്റ് മാൻഗോ എന്നിവ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളിൽ ചിലതാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് നൂലാമാലകളില്ലാതെ വായ്പ കിട്ടുമെന്നറിയുമ്പോൾ പലരും ലോൺ ആപ്പുകളെ തേടിപ്പോകുന്നു. സാധാരണ ബാങ്ക് വായ്പകളിൽ നിന്ന് വ്യത്യസ്തമായി ലളിതമായ നടപടിക്രമങ്ങളിലൂടെ നിമിഷങ്ങൾക്കുള്ളിൽ വായ്പ നൽകുന്നു എന്ന പ്രലോഭനത്തിന്‍റെ ചൂണ്ടയിലാണ് ലോൺ ആപ്പുകാർ ഇരകളെ കൊരുക്കുന്നത്.

ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോർമാറ്റായ ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ) ഫയലായി എത്തുന്ന ലിങ്ക് വഴി ലോണ്‍ ആപ് മൊബൈലിൽ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കഴുത്തിൽ സ്വയം കുരുക്ക് മുറുകുകയായി. വായ്പ തരപ്പെടുത്താനുള്ള തത്രപ്പാടിൽ കോണ്‍ടാക്ടും ചിത്രങ്ങളും കാമറയും സന്ദേശങ്ങളും ഉള്‍പ്പെടെ മൊബൈലിലെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുകയറാൻ കണ്ണടച്ച് അനുമതി നൽകുമ്പോൾ സ്വന്തം ജീവിതവും സ്വകാര്യതയും അന്തസ്സും ആണ് ‘ആപ്പുകാരന്’ ഈടായി സമർപ്പിക്കുന്നതെന്ന് ആരും ഓർക്കാറില്ല. സിബിൽ സ്കോർ, മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടോ എന്നതൊന്നും ഇവിടെ വിഷയമല്ല. ആപ് ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ ‘അനുമതി’കളും പാൻ കാർഡ്, ആധാർ കാർഡ് പകർപ്പുകളും ഫോട്ടോയും നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ പണം എത്തും. അനുവദിക്കുന്ന വായ്പയിൽനിന്ന് പ്രോസസിങ് ഫീ എന്ന പേരിൽ ആദ്യം തന്നെ നല്ലൊരു തുക അവർ ഈടാക്കും. താൻ അകപ്പെട്ട കെണിയുടെ ആഴമോ സ്വന്തം ഫോണിൽ നിന്ന് സുപ്രധാന വിവരങ്ങൾ ചോർത്തിയെടുത്തതോ ഈ സമയം വായ്പ എടുത്തയാൾ അറിയുന്നില്ല.

മരിച്ചാലും വെറുതെ വിടില്ല

അമിത പലിശയും കുറഞ്ഞ തിരിച്ചടവ് കാലാവധിയുമാണ് ലോൺ ആപ്പുകളുടെ മുഖമുദ്ര. വായ്പ തരുമ്പോൾ പറഞ്ഞ പലിശ പിന്നീട് മൂന്നും നാലും ഇരട്ടിയായി ഉയരും. പതിനായിരം വാങ്ങിയവരുടെ കടം ലക്ഷങ്ങളിലേക്ക് നീങ്ങും. പണം വാങ്ങി ചെലവഴിച്ചവർ ഇത് നൽകാൻ നിർബന്ധിതരാകും. കൂടുതൽ വ്യക്തി വിവരങ്ങൾ കൈമാറാൻ തയാറുള്ളവർക്ക് വായ്പാ പരിധി ഉയർത്തി നൽകുന്ന ആപ്പുകളുമുണ്ട്. തിരിച്ചടവ് ഒരു ദിവസം വൈകിയാൽപോലും ഭീഷണി തുടങ്ങും. മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഫോണിലെ എല്ലാ കോൺടാക്ടുകളിലേക്കും സമൂഹ മാധ്യമങ്ങളിലും എത്തുമെന്നായിരിക്കും ഭീഷണി.

വായ്പയെടുത്തയാളെക്കുറിച്ച് അയാളുടെ കോൺടാക്ടുകൾ വഴി ഇല്ലാക്കഥകൾ പ്രചരിപ്പിക്കും. ഭീഷണി കോളുകൾ പലപ്പോഴും വിദേശ നമ്പറുകളിൽ നിന്നാകും. നമ്പർ ബ്ലോക്ക് ചെയ്താലും മറ്റ് നമ്പറുകളിൽ നിന്ന് ശല്യം തുടരും. വായ്പ പലിശസഹിതം പൂർണമായി തിരിച്ചടച്ചവരും വായ്പയെടുത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങളുമെല്ലാം ഇത്തരം സംഘങ്ങളുടെ വേട്ടയാടലിന് എപ്പോഴും ഇരകളായിരിക്കും. വായ്പയെടുത്തയാളുടെ ഫോണിൽ നിന്ന് തട്ടിയെടുത്ത സ്വകാര്യ വിവരങ്ങളാണ് അവരുടെ മുഖ്യ ആയുധം. ഒരു ആപ്പിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുക്കുന്നവരും കുറവല്ല. ഇങ്ങനെ ഒരാൾ തന്നെ അമ്പതോളം വ്യത്യസ്ത ആപ്പുകളിൽ നിന്ന് വായ്പ എടുത്തതായി പൊലീസ് കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം വായ്പ വേണ്ടെന്ന് തീരുമാനിച്ച് ആപ് മൊബൈലിൽനിന്ന് നീക്കിയാൽ പോലും ഭീഷണി കോളുകളും സന്ദേശങ്ങളും നിങ്ങളെ തേടിയെത്തും. നിശ്ചിത സമയത്തിനകം വായ്പ തിരിച്ചടക്കാൻ ശ്രമിച്ചാൽ സാങ്കേതിക തകരാർ മൂലം കഴിയാതെ വരുന്ന സ്ഥിതിയുണ്ട്. ഈ തകരാർ തിരിച്ചടവ് വൈകിപ്പിച്ച് പിഴപ്പലിശ ഈടാക്കാൻ ലോൺ ആപ്പുകാർ ബോധപൂർവം സൃഷ്ടിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.

തട്ടിപ്പിനിരയായാൽ

  • ലോൺ ആപ്പും അതുമായി ബന്ധപ്പെട്ട മറ്റെല്ലാ ഹിഡൻ ആപ്പുകളും മൊബൈൽ ഫോണിൽനിന്ന് നീക്കണം.
  • സമൂഹ മാധ്യമ പ്രൊഫൈലുകൾ ഉടൻ ലോക്ക് ചെയ്യണം.
  • വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലും നൽകിയിട്ടുള്ള പ്രൊഫൈൽ ചിത്രങ്ങൾ നീക്കണം.
  • വായ്പയെടുക്കാൻ ഉപയോഗിച്ച സിം ഏഴ് ദിവസത്തേക്കെങ്കിലും മൊബൈലിൽ നിന്ന് ഊരിമാറ്റണം.
  • ഏഴുദിവസത്തേക്കെങ്കിലും മൊബൈലിൽനിന്ന് വാട്സ്ആപ് നീക്കണം
  • 9497980900 എന്ന വാട്‌സ്ആപ് നമ്പറിലൂടെ കേരള പൊലീസിനെ അറിയിക്കണം.
  • ഔദ്യോഗിക എൻ.സി.ആർ.പി പോർട്ടലായ cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും സൈബർ ക്രൈം സെല്ലിന്റെ 1930 എന്ന ടോൾ ഫ്രീ നമ്പറിലും പരാതിപ്പെടാം

മുൻകരുതലെടുക്കാം

  • ഡൗൺലോഡ് ചെയ്യും മുമ്പ് ആപ്പിന്‍റെ റിവ്യൂ വായിച്ചുനോക്കുകയും ആധികാരികത ഉറപ്പാക്കുകയും വേണം. എന്നാൽ, പ്ലേ സ്റ്റോർ റിവ്യൂകൾ മാത്രം വിശ്വസിക്കരുത്.
  • റിസർവ് ബാങ്കിന്‍റെ അംഗീകാരമുള്ള ബാങ്കുകളോ എൻ.ബി.എഫ്.സികളോ നടത്തുന്ന വായ്പാ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക.
  • എസ്.എം.എസ്, വാട്സ്ആപ് എന്നിവ വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഒരു കാരണവശാലും തുറക്കരുത്
  • ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലെ കോൺടാക്ട്, ഗാലറി, എസ്.എം.എസ് എന്നിവയിലേക്ക് അനാവശ്യമായി പെർമിഷൻ നൽകരുത്.
  • പരിചയമില്ലാത്തതും ആധികാരകത ഉറപ്പാക്കാത്തതുമായ ആപ്പുകളുമായി പാൻ, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കരുത്.

പരാതിപ്പെടാൻ മടിക്കരുത്

മാനക്കേട് ഭയന്ന് ഇരകൾ കേസുമായി സഹകരിക്കാൻ തയാറാകാത്തത് ലോൺ ആപ് തട്ടിപ്പുകളുടെ അന്വേഷണത്തിന് വെല്ലുവിളിയാകുന്നതായി എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറയുന്നു. ഇത്തരം സംഘങ്ങളിൽനിന്ന് ഇന്‍റർനാഷനൽ കോൾ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വരുന്നത് ലോക്കൽ കോൾ ആണ്. ഇതിലേക്ക് തിരിച്ചുവിളിച്ചാൽ മിക്കവാറും പ്രവർത്തനരഹിതമായിരിക്കും. ആരും നമുക്കൊന്നും വെറുതെ തരില്ല എന്ന ബോധം മലയാളിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. തട്ടിപ്പിന് ഇരയായാൽ ഉടൻ പൊലീസിനെ സമീപിക്കാൻ മടിക്കരുത്. എല്ലാ സഹായവും ലഭ്യമാക്കാൻ പൊലീസ് സജ്ജമാണ്. ഇരകളുടെ പേര് വിവരങ്ങൾ ഒരു കാരണവശാലും പുറത്തുവിടില്ല. സാമ്പത്തിക ഇടപാടുകൾ സർക്കാർ, ആർ.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിലൂടെ മാത്രമാക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകൾ തടയാനുള്ള പ്രധാന വഴി.

വേണം, സാമ്പത്തിക സെൻസ് -ഡോ.സി.ജെ. ജോൺ (മാനസികാരോഗ്യ വിദഗ്ധൻ)

കാശ് കടമായി തരാമെന്ന പ്രലോഭനം ഫോണിലൂടെ വരുമ്പോൾ വേണ്ടെന്നുപറയാൻ പറ്റാത്ത ജീവിത പരിസരങ്ങൾ ഇപ്പോഴുണ്ട്. കടം വീട്ടാനാകാം, ചികിത്സക്കാകാം, ദൈനംദിന ജീവിതത്തിൽ ഒരു ശൈലിയായി കയറിക്കൂടിയ അനാവശ്യ ചെലവുകൾക്കുമാകാം. വരും വരായ്ക നോക്കാതെ കടമെടുത്ത് ആവശ്യം നിറവേറ്റുകയെന്ന മനോനിലയെയാണ് വായ്‌പാ ആപ്പുകൾ ചൂഷണം ചെയ്യുന്നത്.

തിരിച്ചടവ് സാധ്യമാകുമോ എന്നൊന്നും നോക്കാതെയാണ് ലോൺ ആപ്പുകളുടെ കെണിയിൽ വീഴുന്നത്. ഇത് ചെലവായി പോകുന്ന പണമായതുകൊണ്ട് തീർച്ചയായും തിരിച്ചടവ് മുടങ്ങും. സമ്മർദവും ബ്ലാക്ക് മെയിലിങ്ങും ആയുധമാക്കിയ ലോൺ ആപ് രാക്ഷസന്മാർ നിർദാക്ഷിണ്യം ഉറഞ്ഞുതുള്ളും. ഫോണിലെ കോൺടാക്ടിൽ ഉള്ളവരെയും വെറുതെ വിടില്ല. അപ്പോൾ എങ്ങനെയും പണം ഉണ്ടാക്കേണ്ടിവരും. വഴിയില്ലാത്തവർ സ്വയം ഉയിരെടുക്കും. ചിലർ നാടുവിട്ട് ഓടും. ഏത് വായ്പ എടുക്കുമ്പോഴും പ്രയോഗിക്കേണ്ട സാമ്പത്തിക സെൻസ് ലോൺ ആപ്പിലും തുണയായില്ലെങ്കിൽ ആപ്പിലായതുതന്നെ.

Tags:    
News Summary - Keep the app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.