കഴുമരത്തെ ഭയക്കാത്ത കയ്യൂർ

ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്തത്തിനുമെതിരെ കാസർകോട് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷകമുന്നേറ്റമാണ് കയ്യൂർ സമരം എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് പട്ടാളവും പൊലീസും കർഷകരോട് അക്രമത്തിന്റെ ഭാഷയിൽ മാത്രമാണ് സംസാരിച്ചിരുന്നത്. തലശ്ശേരിയിൽ നടന്ന വെടിവെപ്പിൽ അബു മാസ്റ്റർ, ബീഡിത്തൊഴിലാളി ചാത്തുക്കുട്ടി എന്നിവർ കൊല്ലപ്പെട്ടതോടെ ജനരോഷം അതിശക്തമായി.

അക്രമത്തിൽ പ്രതിഷേധിച്ച് 1941 മാർച്ച് 28ന് നടത്തിയ മാർച്ചിനു മുന്നിലേക്കുവന്ന സുബ്ബരായൻ എന്ന പൊലീസുകാരനെക്കൊണ്ട് സമരക്കാർ നിർബന്ധിച്ച് കൊടി പിടിപ്പിച്ചു. വിരണ്ടുപോയ പൊലീസുകാരൻ പുഴയിലേക്ക്‌ ചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ഗ്രാമത്തിലെമ്പാടും പൊലീസ് നായാട്ട് നടത്തി. 61 പേർ പൊലീസിന്റെ പിടിയിലായി. നാലുപേർക്ക് വധശിക്ഷ ലഭിച്ചു.

1943 മാർച്ച് 29ന് കർഷകസംഘം പ്രവർത്തകരായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കൽ അബൂബക്കർ, പൊഡോര കുഞ്ഞമ്പുനായർ എന്നിവരെ കണ്ണൂർ ജയിലിൽ തൂക്കിലേറ്റി. പ്രായപൂർത്തിയാകാത്തതിനാൽ ചുരിക്കാടൻ കൃഷ്ണൻനായരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചു.

പിൽക്കാലത്ത് കേരള മുഖ്യമന്ത്രിയായ ഇ.കെ. നായനാരും കേസിൽ പ്രതിയായിരുന്നു. പൊലീസിന് പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.


Tags:    
News Summary - Kayyur is not afraid of the gallows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.