ഗസ്സയിൽ ഇസ്രായേൽ നശിപ്പിച്ച വീട്ടു ചുമരിൽ മാക്കിൾമോറിന് നന്ദി അറിയിച്ച് ചുമർ ചിത്രം വരക്കുന്ന ഫലസ്തീനി കലാകാരി

മാക്കിൾമോറിന്റെ പാട്ടും ഹോളിവുഡിന്റെ തിരുത്തും

‘പേജ് സിക്സ് ഹോളിവുഡ്’ അടുത്തിടെ ഒരു വാർത്ത പ്രസിദ്ധീകരിച്ചു: “ഹോളിവുഡിൽ ഇസ്രായേൽ അനുകൂലികളും ഫലസ്തീൻ അനുകൂലികളും തമ്മിൽ തുറന്ന കത്തുകളുടെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു.” ഏതാനും വർഷം മുമ്പുവരെ അത്തരമൊരു തലക്കെട്ട് സങ്കൽപ്പിക്കാൻ പോലും സാധ്യമായിരുന്നില്ല.

വിനോദവ്യവസായ മേഖലയിൽ ഫലസ്തീൻ അനുകൂലികളും ഇസ്രായേൽ അനുകൂലികളും തമ്മിൽ വർധിച്ചുവരുന്ന പരസ്യപോരാട്ടത്തെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. ഒരുവശത്ത് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ കൃത്യമായ നിലപാടെടുക്കുന്ന കലാകാരന്മാരും വ്യവസായ പ്രമുഖരും; മറുവശത്ത്, നിഷേധിക്കാനാവാത്ത തെളിവുകൾ നിലനിൽക്കെത്തന്നെ ആ വംശഹത്യയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇസ്രായേലിന്റെ വക്താക്കളും.

എന്നാൽ പ്രമുഖർ തമ്മിലുള്ള തർക്കത്തേക്കാളോ ‘തുറന്ന കത്തുകളുടെ യുദ്ധ’ത്തേക്കാളോ നിർണായകമായ ഒന്നാണ് ഇവിടെ അരങ്ങേറുന്നത്. അമേരിക്കൻ സമൂഹത്തിൽ രൂപപ്പെട്ടുവരുന്ന സാംസ്കാരിക വിപ്ലവത്തിന്റെ പ്രതിഫലനമാണിത്. ആ രാജ്യത്തിന്റെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഉന്നതതലങ്ങളിൽ വരെ അത് എത്തിനിൽക്കുന്നു. ആ പോരാട്ടത്തിൽ ഇസ്രായേൽ കനത്ത പരാജയം നേരിടുകയാണ്.

ഇസ്രായേലി ചലച്ചിത്ര പ്രവർത്തകരും നിർമാണക്കമ്പനികളും അഭിനേതാക്കളും ഹോളിവുഡിൽ കാര്യമായ സ്വാധീനമുറപ്പിക്കുന്നതിന് വളരെ മുമ്പുതന്നെ, ഈ വ്യവസായരംഗം ഇസ്രായേലിനെ വാഴ്ത്തിപ്പാടിയിരുന്നു.

അതേസമയം ഫലസ്തീനികളും അറബികളും മുസ്‍ലിംകളും എപ്പോഴും നിഷേധാത്മകമായാണ് ചിത്രീകരിക്കപ്പെട്ടത്.

പാശ്ചാത്യ ജനപ്രിയ സംസ്കാരത്തിൽ ഫലസ്തീനികളെ ആസൂത്രിതമായി മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നതിൽ ഹോളിവുഡ് വലിയ പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ, ആയിരക്കണക്കിന് അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും നിർമാതാക്കളും കലാകാരന്മാരും തൊഴിൽപരമായ അപകടസാധ്യതകൾ അവഗണിച്ചുകൊണ്ട് ഫലസ്തീന് വേണ്ടി പരസ്യനിലപാടുകൾ സ്വീകരിക്കുമ്പോൾ, ചരിത്രപ്രാധാന്യമുള്ള സാംസ്കാരിക മാറ്റത്തെക്കുറിച്ച് നമുക്ക് ഉറപ്പിച്ചുപറയാനാകും.

സുസൻ സറണ്ടൻ, മാർക്ക് റഫലോ, പെനലോപ്പ് ക്രൂസ്, ഹാവിയർ ബാർഡെം, ജോക്വിൻ ഫീനിക്സ്, ടിൽഡ സ്വിന്റൺ, ഒലിവിയ കോൾമാൻ, എമ്മ സ്റ്റോൺ, സിന്തിയ നിക്സൺ, റിസ് അഹ്മദ് എന്നിവർ ഈ മാറ്റത്തിന് നേതൃത്വം നൽകുന്ന കലാകാരന്മാരിൽ ചിലർ മാത്രമാണ്. എന്നിരുന്നാലും, ഈ മുന്നേറ്റം ഹോളിവുഡിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു. എഡ് ഷീറന്റെ സംഗീതപര്യടനത്തിലെ ശേഷിക്കുന്ന വേദികളിൽനിന്ന് മാക്കിൾമോറിനെ ഒഴിവാക്കിയതിനെത്തുടർന്ന് യു.എസിൽ പൊട്ടിപ്പുറപ്പെട്ട വിവാദം ഇതിനുദാഹരണമാണ്. മാക്കിൾമോർ വെറുമൊരു ഗായകൻ മാത്രമല്ല. ഗ്രാമി പുരസ്കാരം നേടിയ റാപ്പറും ഗാനരചയിതാവുമായ അദ്ദേഹം, സാമൂഹികപ്രതിബദ്ധതയെ മുഖ്യധാരാ കലാപ്രവർത്തനവുമായി സമന്വയിപ്പിച്ച ജനകീയ കലാകാരനാണ്. വംശഹത്യ ആരംഭിച്ചതുമുതൽ, യു.എസിലും പുറത്തും ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായി അദ്ദേഹം മാറി.

മാക്കിൾമോർ

ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഷീറൻ നടത്തിയ സംഗീതപരിപാടിക്കിടെ, ‘ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യമുയർത്തി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളോട് മാക്കിൾമോർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനി ബാലിക ഹിന്ദ് റജബിന്റെ സ്മരണയുണർത്തുന്ന ‘ഹിന്ദ്സ് ഹാൾ’ എന്ന പ്രതിഷേധഗാനം അദ്ദേഹം അവിടെ ആലപിക്കുകയും ചെയ്തു.

ഇതിനെതിരെയുള്ള നീക്കങ്ങൾ പെട്ടെന്നായിരുന്നു. ഗില്ലറ്റ് സ്റ്റേഡിയം ഉടമ റോബർട്ട് ക്രാഫ്റ്റ്, മക്കിൾമോറിനെ തന്റെ സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. പ്രതിരോധത്തിലായ ഷീറൻ, മാക്കിൾമോറിനെ ഒഴിവാക്കിയത് തന്റെ തീരുമാനമല്ലെന്നും പ്രമോട്ടറുടേതാണെന്നും വിശദീകരിച്ചു. എന്നാൽ ലോകപ്രശസ്തനായ ഒരു സംഗീതജ്ഞന്റെ ഇത്തരം ദുർബലമായ വിശദീകരണങ്ങളെ നിഷ്പക്ഷ നിലപാടായി കാണാനാവില്ല.

പണ്ടുകാലത്തായിരുന്നുവെങ്കിൽ കഥ അവിടെ അവസാനിക്കുമായിരുന്നു. മാക്കിൾമോർ ഒറ്റപ്പെടുകയും ഷീറനും പ്രമോട്ടർമാരും സ്റ്റേഡിയം ഉടമകളും പ്രതിസന്ധികളൊന്നുമില്ലാതെ മുന്നോട്ടുപോവുകയും ചെയ്യുമായിരുന്നു.

എന്നാൽ ആ കാലം കഴിഞ്ഞു. മാക്കിൾമോറിനും ഫലസ്തീനും വേണ്ടിയുള്ള ആഗോള ഐക്യദാർഢ്യം അതിവേഗം പടർന്നതോടെ അദ്ദേഹത്തെ ഒഴിവാക്കിയവർ മറുപടി പറയാൻ നിർബന്ധിതരായി. അപ്പോഴേക്കും അവർക്ക് തിരിച്ചടി നേരിട്ടുകഴിഞ്ഞിരുന്നു. ഷീറനെതിരെ ബഹിഷ്കരണാഹ്വാനങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. ഐറിഷ് റേഡിയോ സ്റ്റേഷൻ അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് നിർത്തിവെച്ചു. സംഗീതജ്ഞരായ ഫിനിയാസ്, ലൂക്കാസ് ഗ്രഹാം, ആരോൺ റോവ് എന്നിവരും ഷീറന്റെ അകമ്പടി ബാൻഡായ ബിയോഗയും പര്യടനത്തിൽനിന്ന് പിന്മാറി. വംശഹത്യയെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും കലയുടെ അതിരുകൾ നിശ്ചയിക്കാനുള്ള കോർപറേറ്റ് ശക്തിയെക്കുറിച്ചും കലാകാരന്മാർ പരസ്യമായി സംസാരിക്കാൻ തുടങ്ങി.

പോഡ്കാസ്റ്റർമാരും സാമൂഹികമാധ്യമ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ ഈ വിഷയം ദശലക്ഷങ്ങളിലേക്ക് എത്തി. ക്രാഫ്റ്റ് ആരാണെന്നും ഇസ്രായേലുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധവും ബി.ഡി.എസ്. വിരുദ്ധ പ്രചാരണങ്ങളും രാഷ്ട്രീയ ഇടപെടലുകൾക്ക് പിന്നിലെ സാമ്പത്തികസ്രോതസ്സുകളും അവർ തുറന്നുകാട്ടി.

മാക്കിൾമോറിനെയും ഫലസ്തീന്റെ വിമോചനസന്ദേശത്തെയും നിശ്ശബ്ദമാക്കാനുള്ള നീക്കം ആത്യന്തികമായി ആ ശബ്ദത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണുണ്ടായത്. ‘ഫ്രീ ഫലസ്തീൻ’ എന്ന മാക്കിൾമോറിന്റെ ആഹ്വാനം ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർ ഏറ്റുവിളിക്കുന്നു.

Tags:    
News Summary - Macklemore’s Anthem and Hollywood’s Shift: The Global Cultural Reckoning on Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.