സർക്കാർ കൃഷിക്കാരൻെറ പക്ഷത്ത് നിന്നാൽ കേരളത്തിലെ കാർഷിക മേഖലയിൽ വൻ കുതിപ്പുണ്ടാക്കാൻ കഴിയും. 1957 ൽ സി. അച്യുതമേനോൻ കൃഷിയിൽ താൽപര്യം കാണിച്ചിരുന്നു. അന്നാണ് ഭൂപരിഷ്കരണനിയമം നടപ്പാക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. അതിൻെറ പേരിൽ സർക്കാർ ഗൗരിയമ്മയെ ആദരിക്കണം. കാരണം, കേരളത്തിൽ ജന്മിത്വം ഇല്ലാതാക്കാൻ നിയമം വഴി കഴിഞ്ഞു. ജന്മി ആരാണെന്ന് ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. അവരുടെ കൺമുന്നിൽ ജന്മിയില്ല. ‘പാട്ടബാക്കി’യെന്ന പദംപോലും കുട്ടികൾക്ക് അറിയില്ല. ഭൂവുടമയെന്നാൽ ഇന്ന് രണ്ടു സെൻറ് ഭൂമിയുള്ളവനായി. ജന്മി എന്നൊരു വർഗം സമൂഹത്തിൽനിന്ന് ഇല്ലാതായി. കാർഷിക വിപ്ലവമാണ് നടന്നത്. രാജസ്ഥാനിൽ ചെന്നാൽ എട്ടും പത്തും ഗ്രാമങ്ങൾ കൈവശംവെച്ചിരിക്കുന്ന മന്ത്രിമാരെ കാണാം. എന്നാൽ, കേരളത്തിൽ അത്തരമൊരു ഭൂ ഉടമ ഇന്നില്ല. യുദ്ധമോ വിപ്ലമോ നടന്ന രാജ്യങ്ങളിലാണ് സാധരണ ഇത്തരമൊരു അവസ്ഥയുണ്ടാവുന്നത്. ഇതൊന്നുമില്ലാതെ കേരളത്തിൽ ഭൂപരിഷ്കരണം നടന്നു.
കാർഷിക പരിഷ്കരണം നടന്നിടത്തെല്ലാം ഉൽപാദനരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായി. ഇക്കാര്യത്തിൽ കേരളത്തിൽ മുന്നേറ്റമുണ്ടായില്ല. കാർഷിക ഐശ്വര്യം കൊണ്ടുവരാൻ സർക്കാറിന് സാധിച്ചില്ല. നാട്ടുരാജാക്കന്മാരുടെ കാലത്ത് അവരാണ് കാർഷിക മേഖലയെ നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഭക്ഷ്യവിളയിലല്ല തോട്ടവിളയിലാണ് അവർ ശ്രദ്ധിച്ചത്. പ്ലാേൻറഷൻ വിളകൾ എന്നൊരു ഓമനപ്പേരും ബ്രിട്ടീഷുകാർ ഇതിന് നൽകി. അത് അതിസമ്പന്നരുടെ കൃഷിയായിരുന്നു. കയറ്റുമതി മാത്രം ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത കൃഷി. വിദേശമൂലധനവുമായി ബന്ധപ്പെട്ട് വളർന്നുവന്ന കൃഷിയുടെ ലോകമാണിത്. െവെറ്റ് കളർ വ്യവസായമെന്ന് അതിനെ വിളിക്കാം. ഭൂപരിഷ്കരണം നടപ്പാക്കാൻ ആലോചിച്ചപ്പോൾതന്നെ ബ്രിട്ടീഷ് അംബാസഡർ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ കണ്ട് ചർച്ച നടത്തിയിരുന്നു. പ്ലാേൻറഷൻ മേഖല നിയമത്തിൽ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ പ്ലാൻേറഷൻ ഒഴിവാക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിനുശേഷവും കർഷകത്തൊഴിലാളികൾക്ക് ആകർഷകമായ വരുമാനവും ഈ മേഖലയിൽനിന്ന് ലഭിച്ചില്ല. അതിനാൽ, ആദ്യ തലമുറ കൃഷിക്കാർ സ്വന്തം മക്കളെ കൃഷിക്കാരനാക്കാൻ ഒരിക്കലും ആഗ്രഹിച്ചില്ല. മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക മേഖലയിൽനിന്ന് ലഭിക്കുന്നത് വളരെ ചെറിയ തുകയാണ്. ഇന്ന് പ്ലാേൻറഷൻപോലും വിൽക്കുന്ന അവസ്ഥയിലാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്ത തലമുറ കൃഷി ഉപേക്ഷിച്ചുപോകും. കാർഷികമേഖലയിൽ ഇപ്പോൾതന്നെ തൊഴിലാളികളുടെ ദാരിദ്ര്യം അനുഭവപ്പെടുകയാണ്. അതിനെ മറികടക്കാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൻെറ കാലത്ത് കാർഷിക നയം രൂപവത്കരിച്ചിരുന്നു. കാർഷിക വികസനമെന്നാൽ കാർഷിക ക്ഷേമംകൂടിയാവണമെന്നും ഇത് രണ്ടും ഒന്നിച്ച് പോകണമെന്നും അതിൽ നിർദേശിച്ചിരുന്നു. രാജ്യത്തെ ബാങ്ക് ഉദ്യോഗസ്ഥരെപ്പോലെ കൃഷിക്കാർക്കും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണം. ജനസംഖ്യ കൂടുന്നതനുസരിച്ച് ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. അതിന് കർഷകരുടെ സുസ്ഥിരമായ നിലനിൽപ് ആവശ്യമാണ്. ഗർഭം ധരിക്കുന്ന സ്ത്രീകൾ തനിക്ക് പിറക്കുന്ന മകൻ മികച്ച കൃഷിക്കാരനാകണമെന്ന് ചിന്തിക്കുന്ന കാലം വരണം. കർഷക ക്ഷേമത്തിനുള്ള ബിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ സ്വകാര്യബില്ലായി നിയമസഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി മറുപടി നൽകിയത് ഇത് സർക്കാർ ബില്ലായി അവതരിപ്പിക്കുമെന്നാണ്. കർഷക ക്ഷേമം ദീർഘകാല ലക്ഷ്യത്തോടെ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. യുവതലമുറയെ കൃഷിക്കളത്തിലിറക്കാൻ ഇതാണ് മാർഗം. ക്ഷേമമില്ലാതെ കൃഷി വളരില്ല. സമൂഹിക േക്ഷമ പ്രവർത്തനം എന്നത് കർഷക ക്ഷേമമായിരിക്കണം. അതിനൊരു തുടക്കമാണ് കൃഷിവകുപ്പിൻെറ നീക്കം.
രണ്ടാമത്തെ കാര്യം നെൽക്കൃഷിയുടെ കാര്യത്തിൽ സ്വീകരിച്ച ധീരമായ നിലപാടാണ്. അെഞ്ചട്ടുവർഷത്തിനുള്ള നെല്ല് ഉൽപാദനം 10 ലക്ഷം ടൺ ആയി വർധിപ്പിക്കണമെന്നാണ് തീരുമാനം. നെൽകൃഷി വ്യാപകമായാൽ കിണറുകളിൽ വെള്ളം നിറയും, ഉദാഹരണമായി ഓണാട്ടുകര പ്രദേശത്ത് വയലിൽ അടിച്ചു കലക്കിയാൽ കിണറിലെ വെള്ളവും കലങ്ങുന്ന കാര്യമുണ്ടായിരുന്നു. നെൽപാടങ്ങളിലെ തലക്കുളങ്ങളും പുനഃസൃഷ്ടിക്കാം. സർക്കാറിൻെറ പ്രഖ്യാപനം മാത്രമല്ല, അതിന് ശ്രമങ്ങളും തുടങ്ങിയ മെത്രാൻ കായലിലും ആറന്മുളയിലും കൃഷി നടത്തിയത് കേരളത്തിൽ പുതിയ ഉണർവുണ്ടാക്കി. അതിൻെറ അലകൾ ഗ്രാമപഞ്ചായത്തുകളിൽവരെ എത്തി. നെൽകൃഷി പുനരുദ്ധാരണത്തിന് വലിയ ചലനമുണ്ടായി. നെല്ലരിയുടെ സവിശേഷതയനുസരിച്ച് ബ്രാൻറ് ചെയ്ത് വിൽക്കാൻ ശ്രമിച്ചതും നല്ല കാര്യമാണ്. കർഷകർ ഈ പാത പിന്തുടർന്ന ജീരകശാലപോലുള്ളവ ബ്രാൻറ് ചെയ്ത് വിൽക്കണം. ഇത് തകർന്നുപോയ കാർഷിക മേഖലയുടെ വീണ്ടെടുപ്പാണ്. കൃഷിവകുപ്പും യന്ത്രവത്കരണവും ഗ്രൗണ്ട് വാട്ടർ വകുപ്പും പഞ്ചായത്തും തമ്മിൽ ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാവണം. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സംവിധാനം വേണം. ഉദ്യോഗസ്ഥർ പലരും കടലാസിലാണ് ചലിക്കുന്നത്. താലൂക്ക് തലത്തിൽ ചലനങ്ങളുണ്ടാവണം. പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ രണ്ടുമാസത്തിൽ വിലയിരുത്തൽ നടത്തണം. മാധ്യമ ഇടപെടൽ ഈരംഗത്ത് ശക്തമാണ്. കൃഷി ഒരുവർഷത്തെ ബജറ്റിൽ ചെയ്യാൻ പാടില്ല. ദീർഘകാല കാഴ്ചപ്പാട് വേണം.
മൂന്നാമത്തെ കാര്യം പച്ചക്കറികൃഷിയുടെ കാര്യത്തിൽ സർക്കാർ എടുത്ത ഉറച്ച തീരുമാനമാണ്. അന്ന് പച്ചക്കറി കൃഷി ചെയ്യുന്നതിന് മാന്യത കൈവന്നിരിക്കുന്നു. ജനങ്ങൾക്ക് ആരോഗ്യത്തിന് അത് നല്ലതാണെന്ന കാര്യം ബോധ്യമായി. ചെലവ് നോക്കാതെ പലരും പച്ചക്കറി കൃഷിചെയ്ത് തുടങ്ങി. കറിവേപ്പിലയും പച്ചമുളകും വീടുകളിലെ മുറ്റത്ത് വളരാൻ തുടങ്ങി. അതിനൊരു സ്ഥായീഭാവം നൽകണം. കൃഷിവിഭവങ്ങൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പുതിയ സംവിധാനം വേണം. നിലവിലെ ഇക്കോഷേപ്പ് വെറും ബ്യൂട്ടിപാർലറാണ്. കർഷക സംഘങ്ങളുടെ ശൃംഖല മിൽമപോലെയുണ്ടാവണം. ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ച് ഇത് സാധ്യമല്ല. പച്ചക്കറി കൃഷിയിൽ ജനങ്ങളുടെ പങ്കാളിത്തം സജീവമാക്കിയത് ആരോഗ്യത്തെക്കുറിച്ച് ജനങ്ങളുടെയിടയിൽ അവബോധമുണ്ടായിട്ടുണ്ട്.
നാലമത്തേത് മൃഗസംരക്ഷണ മേഖലയാണ്. പാൽ അധികം വരുമ്പോൾ കർഷകരെ സഹായിക്കാനാണ് മിൽമയെന്ന ആശയം ഉണ്ടായത്. അതിന് രൂപം നൽകുന്ന കാലത്ത് ഇത്രയും വിപുലമായൊരു സംവിധാനമാവുമെന്നാരും ആലോചിച്ചിട്ടുണ്ടാവില്ല. പുതിയ കാലത്ത് പാൽ മാത്രം എടുത്ത് വിൽപന നടത്തിയിട്ട് കാര്യമില്ല. മിൽമയുടെ ചങ്ങലയെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. രാവിലെ മിൽമാ ബൂത്തിൽ പോകുന്നവർക്ക് പാൽ മാത്രം കൊടുക്കാനും വാങ്ങാനുമുള്ള സ്ഥലമാവരുത്. അതിനൊരു ജനകീയ മുഖം നൽകാനാവും. അതിലൂടെ പലതും കടത്തിവിടാൻ കഴിയും. മിൽമാ ഒൗട്ട്ലെറ്റിലൂടെ പച്ചക്കറി കർഷകരിൽനിന്ന് ശേഖരിക്കുകയും വിൽക്കുകയും ചെയ്യാം. കർഷകരുടെ അരിയും വിൽക്കാം. നിലവിലുള്ള കാഴ്ചപ്പാടിൽ മാറ്റംവരുത്തണം. മുട്ടക്കും കോഴിക്കുമായി സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നത് 6000 കോടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മലയാളിക്ക് ഇത് പിടിച്ചുനിർത്താൻ കഴിയുന്ന പദ്ധതി ആസൂത്രണം ചെയ്യണം.
സർക്കാറിൻെറ മറ്റൊരു നേട്ടം ജൈവകൃഷിയെക്കുറിച്ചുണ്ടാക്കിയ പുതുബോധമാണ്. കാൻസർ സെൻററിൽ ഒരുതവണ പോകുന്നവർ പിന്നെ ജൈവകൃഷി വേണ്ടെന്ന് പറയില്ല. എന്നാൽ, ഇക്കാര്യത്തിൽ ജൈവവിത്ത്, ജൈവവളം, ജൈവ കീടനാശിനി തുടങ്ങിയവയെല്ലാംവേണം. ആ കാഴ്ചപ്പാടിൽ കൃഷി വികസിപ്പിക്കണം. ജൈവക്കൃഷിയെന്ന ബോർഡ് വെച്ചിട്ട് കാര്യമില്ല. സംസ്ഥാന കൃഷിവകുപ്പിൽ പ്രത്യേകമായി ജൈവവിഭാഗം രൂപവത്കരിക്കണം. നയംപ്രഖ്യാപിച്ചിട്ട് കാര്യമില്ല. പഴയകാലത്ത് നയം ചർച്ച ചെയ്താണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ന് വെറും പ്രഖ്യാപനമാണ് നടക്കുന്നത്. കൃഷിയുടെ അടുത്ത അഞ്ചുവർഷം നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തവും സുതാര്യവുമായ കാഴ്ചപ്പാട് വേണം.
സർക്കാറിൻെറ ഒൗദ്യോഗിക സംവിധാനം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻെറ തുടർച്ചയാണ്. പദ്ധതി നടപ്പാക്കേണ്ട നെടുംതൂണുകളാണ് ഉദ്യോഗസ്ഥർ. അത് അടിമുടി അഴിച്ചുപണിയേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണം ഗ്രാമതലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും അത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠനം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കാർഷിക മേഖലയിൽ സജീവ പങ്കാളിത്തം സാധ്യമാണെന്ന കേരളാനുഭവമുണ്ട്. അതിനെല്ലാം വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വേണം. സാങ്കേതിക പിന്തുണ സർക്കാർ ചെയ്യണം. സർക്കാർ വകുപ്പുകളെ ജനകീയ കാഴ്ചപ്പാടിന് അനുസരിച്ച് ചലിപ്പിക്കണം. ഗ്രാമസേവകർ സൃഷ്ടിച്ച ചലനം ഇന്നും ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്.
കാർഷികോൽപാദനം വർധിപ്പിച്ചാൽ വിഭവസമാഹരണത്തിന് സംവിധാനം വേണം. സംഭരിക്കാനും കയറ്റുമതി ചെയ്യാനും കർമ പദ്ധതിവേണം. ഇതിനെല്ലാം ഹരിത യൂനിറ്റുകൾ രൂപവത്കരിക്കണം. കാസർകോട് മുതൽ തിരുവനന്തപുരം വരെ നെറ്റ്വർക് വ്യാപിപ്പിക്കണം. പുതിയതായി സർക്കാർ രൂപം നൽകുന്ന കേരളാ ബാങ്കിൻെറ ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം ഉണ്ടായിരിക്കണം. കൃഷിയും വ്യവസായവും തമ്മിലുള്ള സമന്വയം ഉണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.