നമ്മുടെ അനീതിയുടെ ഇരകളാണ് കർഷകർ. കടുത്ത നൈരാശ്യം ബാധിച്ച് സ്വയംഹത്യക്ക് മുതിർന്ന സന്ദർഭത്തിൽപോലും അവർക്ക് കൈത്താങ്ങേകാൻ രാഷ്ട്രീയ നേതൃത്വം സന്നദ്ധമായില്ല. അവർ ജീവിക്കുന്ന ദുരിതപൂർണമായ അന്തരീക്ഷത്തെ സംബന്ധിച്ച് കർഷകർക്കൊപ്പം ആക്ടിവിസ്റ്റുകളും ശബ്ദിക്കാൻ തുടങ്ങിയ സമീപ കാലത്തു മാത്രമാണ് കർഷക പ്രതിസന്ധി പല നേതാക്കളുടെയും കണ്ണുതുറപ്പിച്ചത്. ഒരുപേക്ഷ, സ്വരാജ് അഭിയാൻ എന്ന സന്നദ്ധ സംഘടനക്ക് ചുക്കാൻപിടിക്കുന്ന യോഗേന്ദ്ര യാദവായിരിക്കും കർഷകസമൂഹം അഭിമുഖീകരിക്കുന്ന തീരാദുരിതങ്ങളുടെ സ്പഷ്ടമായ ചിത്രങ്ങൾ ഏറ്റവും ശക്തമായി മാലോകരെ അറിയിച്ചിരിക്കുക.
‘‘ബജറ്റ് കർഷകക്ഷേമം ലക്ഷ്യമിടുന്നുവെന്ന പ്രതീതിയാണ് സർക്കാർ ജനിപ്പിക്കുന്നത്. എന്നാൽ, ശുദ്ധ വ്യാജമാണിത്. കർഷകരുടെ വേവലാതികൾക്ക് ഒറ്റ പരിഹാരമേയുള്ളൂ. അവരുടെ ആദായം വർധിപ്പിക്കുക’’ -ബജറ്റുമായി ബന്ധപ്പെട്ട അധികൃതരുടെ അവകാശവാദങ്ങളിലെ വൈരുധ്യങ്ങൾ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. കാർഷിക മേഖലക്ക് വകയിരുത്തുന്ന തുക സർക്കാർ ഇൗ വർഷം വെട്ടിക്കുറക്കുകയാണുണ്ടായത്. 2.36 ശതമാനം മാത്രമാണ് ബജറ്റ് കാർഷിക മേഖലക്കായി ഇൗ വർഷം വകയിരുത്തിയത്. കർഷകരുടെ ആദായത്തിൽ കഴിഞ്ഞ നാലു വർഷമായി സ്തംഭനാവസ്ഥ തുടരുകയാണ്. കാൽനൂറ്റാണ്ടായി കർഷകർ ഏറ്റവും കുറഞ്ഞ ആദായനിലയിലേക്ക് താഴ്ന്നിരിക്കുന്നു.
കർഷകക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ടതും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടതുമായ വാഗ്ദാനങ്ങളിൽ പലതും പാലിക്കുന്നതിൽ സർക്കാറിെൻറ വീഴ്ച തുടരുകയാണ്. കർഷകർക്ക് വകയിരുത്താൻ സംസ്ഥാന സർക്കാറുകൾക്ക് നൽകേണ്ട തുക നൽകുന്നതിലും കേന്ദ്രം വീഴ്ചവരുത്തുന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരല്ല കർഷകർ. 2018ലെ ഖാരിഫ് വിളവെടുപ്പ് സീസണിൽ താങ്ങുവില വർധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രഖ്യാപനങ്ങൾ മുൻവർഷങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ, അവ പ്രയോഗവത്കരിക്കുന്നതിൽ അശേഷം താൽപര്യം പ്രകടിപ്പിക്കാത്ത ഭരണാധികാരികൾ ആവർത്തിച്ചുനടത്തുന്ന വാഗ്ദാനങ്ങൾ പൊയ്വെടികളാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.സർക്കാർ പ്രഖ്യാപനങ്ങൾക്ക് പഞ്ഞമില്ല. പക്ഷേ, പ്രവൃത്തിപഥത്തിൽ ശൂന്യത മാത്രം. വിളസംഭരണത്തിൽ റെക്കോഡ് സ്ഥാപിച്ചതായി പോയവർഷം അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവ യഥാസമയം വിറ്റഴിക്കാനോ പൊതുവിതരണത്തിന് നൽകാനോ നടപടികളുണ്ടായില്ല.
താങ്ങുവില പ്രഖ്യാപനത്തിൽ ഒതുങ്ങുകയും കർഷകരുടെ കൈകളിൽ ചില്ലിക്കാശും എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന ൈവരുധ്യം തുടരുേമ്പാൾ പുതിയ പ്രഖ്യാപനത്തെ പാഴ്വാക്കായി കാണുകയാണ് കൃഷിക്കാരും സന്നദ്ധ സംഘടനകളും. വിളകൾക്ക് വിലയിടുന്ന ഘട്ടങ്ങളിൽ കർഷകരെ വരുമാനത്തകർച്ചയിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ‘താങ്ങുവില’ക്കു പിന്നിലെ പ്രാഥമിക തത്ത്വം. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ ഇടപെടുമെന്ന് സദാ കർഷകർ പ്രതീക്ഷ പുലർത്തിവരാറുണ്ട്. എന്നാൽ, സമീപ വർഷങ്ങളിൽ കാർഷിക വിപണിയിലെ ഇടപെടലുകളിൽനിന്ന് ഭരണകൂടങ്ങൾ പിന്മാറുകയും അതുമൂലം അടിത്തട്ടിലെ കൃഷീവലന്മാർ ഉൽപന്ന വിലയിടിവുമൂലം വലയുകയും ചെയ്യുന്ന ദുരവസ്ഥ ഇന്ത്യയിലുടനീളം വ്യാപകമായിരിക്കുന്നു. കർഷകർ കടന്നുപോകുന്ന ഇരുണ്ട യാഥാർഥ്യങ്ങളെ തിരുത്താൻ പ്രസംഗപീഠങ്ങളിലെ വായ്ത്താരികൾ അപര്യാപ്തമാണെന്ന് മഹാരാഷ്ട്രയിലെ കർഷകമുന്നേറ്റം വീണ്ടും തെളിയിച്ചിരിക്കുന്നു.
നമ്മെ അന്നം നൽകി ഉൗട്ടുന്നവരാകുന്നു കർഷകർ. എന്നാൽ, അവരോടുള്ള നമ്മുടെ പെരുമാറ്റം എത്ര ഹീനമാണെന്ന് ആലോചിച്ചുനോക്കുക. അവരെ നാം നരകതുല്യമായ ദുരവസ്ഥയിലേക്ക് തള്ളിവീഴ്ത്തിയിരിക്കുന്നു. ഒടുവിൽ കർഷകൻ ആത്മഹത്യചെയ്യാൻവരെ നമ്മുടെ അനാസ്ഥ കാരണമായിത്തീരുന്നു. തുച്ഛവരുമാനംകൊണ്ട് ജീവിക്കേണ്ട നിത്യനിർധനരാകാൻ നാം നമ്മുടെ ആഹാരദായകരെ നിർബന്ധിക്കുന്നു. സർക്കാറിെൻറ വ്യാജ വാഗ്ദാനങ്ങളുടെ ചതിക്കുഴിയിൽ വീണ കർഷകരുടെ കഥകൾ നിത്യേന വായിക്കേണ്ട ദുരവസ്ഥ. ഇൗ ദാരുണ യാഥാർഥ്യങ്ങൾക്കിടയിൽ അശനിപാതംപോലെ നോട്ടുനിരോധനവും സംഭവിച്ചു. കഠിനാധ്വാനംവഴി ഉൽപാദിപ്പിച്ച വിളകൾ വിറ്റഴിക്കാനാകാതെ കർഷകെൻറ നടുവൊടിഞ്ഞു. വിളകൾ കെട്ടിക്കിടന്ന് ഉപയോഗ്യശൂന്യമായി. കർഷകകുടുംബത്തിൽ പിറന്നതിനാൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം അനായാസം ഗ്രഹിക്കാൻ എനിക്ക് സാധിക്കും. അരക്ഷിതാവസ്ഥ മൂലം വിളകൾ സൂക്ഷിച്ചുവെക്കാൻ ഇപ്പോൾ കർഷകർ ഭയപ്പെടുന്നു. വിലത്തകർച്ച ഏതു നേരവും സംഭവിച്ചേക്കാമെന്ന ആശങ്ക നിമിത്തം ലഭ്യമായ വിലക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള തിടുക്കം ഇന്ത്യയിൽ സർവത്ര പ്രകടമായിരിക്കുന്നു. അവരെ ഇപ്പോൾ തെരുവുകളിലേക്കും പ്രക്ഷോഭപാതകളിലേക്കും ആനയിക്കുന്നത് ഇത്തരം ആശങ്കകളാണ്. കർഷകസമൂഹമേ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ എന്തു സേവനം ചെയ്യണം എന്ന് ഒാരോ പൗരനും കർഷകരോട് ചോദിക്കേണ്ട സന്ദർഭമാണിത്. ഭക്ഷണത്തളികയുടെ മുന്നിൽ ഇരിക്കുന്ന നേരങ്ങളിൽ നമുക്ക് ഒരു കാര്യംകൂടി ചെയ്യാം; നമ്മുടെ ആഹാരത്തിനുള്ള വക പാടങ്ങളിൽ വിളയിക്കുന്ന കൃഷീവലന്മാരുടെ ദുരിതനിവാരണത്തിന് നമുക്ക് എന്തുചെയ്യാനാകും എന്ന ആലോചനയാണ് അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.