ഈ കുളിമുറിയിൽ സകലരും നഗ്നരാണ്

ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണെന്ന് പണ്ടാരോ പറഞ്ഞത് സമകാലിക കേരളത്തിലെ രാഷ്ട്രീയ നായകരുടെ വർഗീയ ബാന്ധവത്തെക്കുറിച്ചുള്ള പ്രവചനമായിട്ടായിരിക്കുമോ? . പകൽവെളിച്ചത്തിൽ പരിശുദ്ധി പ്രസംഗിക്കുമ്പോൾ, പക്ഷേ പണ്ട് പലപ്പോഴും തലയിൽ മുണ്ടിട്ടും നിലാവിന്‍റെ മറപറ്റിയും അവിശുദ്ധ ഇടവഴികളിലൂടെ പലരും നടന്നുതീർത്ത കഥകൾ ഒന്നൊന്നായി പൊങ്ങിവരികയാണ്. കണ്ണുമൂടാത്ത ഈ രാഷ്ട്രീയസത്യങ്ങൾ കൺമുന്നിൽ നിറയുമ്പോഴും എതിരാളിയെ പഴിചാരിയും പരസ്പരം തോളിൽ ചവിട്ടിയും സ്വയം വിശുദ്ധി പ്രഖ്യാപിക്കാനാണ് മുന്നണികളുടെയും നേതാക്കളുടെയും കഠിനശ്രമവും മത്സരവും.

ഭരണഘടന സംബന്ധിച്ച വിവാദപ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിറകെയാണ് വർഗീയ ബന്ധത്തിൽ ചൂണ്ടി പുതിയ തലങ്ങളിലേക്ക് വിവാദം കത്തിപ്പടർന്നത്. ഭിന്നധ്രുവങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ഇടതു- വലതുമുന്നണികൾ ബി.ജെ.പി-ആർ.എസ്.എസ് ബന്ധം പരസ്പരം ചാർത്തിയും അതിൽ ചാരി കടന്നാക്രമിച്ചുമായിരുന്നു നിയമസഭക്കകത്തും പുറത്തുമുള്ള പോരാട്ടം.

പഴയ ബന്ധങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് തെളിവുകൾ ഒന്നൊന്നായി പുറത്തേക്ക് ചീറ്റിയത് ഡിജിറ്റൽ കാലത്ത് പൊങ്കാലക്കും പടയണിക്കും വഴിമാറി. പ്രവചനാതീതമായ രാഷ്ട്രീയ കൊടുങ്കാറ്റിൽ മുൻനിര നേതാക്കൾ തന്നെ പ്രതിരോധത്തിലായി. പക്ഷേ, കളരികൾ പലത് കണ്ട അവർക്ക് അപ്പോഴും എതിരാളിയിലേക്ക് അമ്പ് തൊടുക്കാൻ പ്രയാസമുണ്ടായില്ല.

ഭരണഘടനയെ സംബന്ധിച്ച സജി ചെറിയാന്‍റെ അഭിപ്രായം ഗോൾവാൾക്കറുടെ പുസ്തകത്തിലെ ആശയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിക്കുകയും ഇതിനെതിരെ ആർ.എസ്.എസ് രംഗത്തുവരുകയും ചെയ്തതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. വക്കീൽ നോട്ടീസ് അയച്ച് ആർ.എസ്.എസ് കളമൊന്ന് കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വതസിദ്ധശൈലിയിൽ 'അർഹിക്കുന്ന അവജ്ഞയോടെ' തള്ളിയ സതീശൻ 'വിരട്ടാൻ നോക്കേണ്ടെന്ന' മുന്നറിയിപ്പ് കൂടി നൽകിയത് സംഘ്പരിവാരത്തിന് അപ്രതീക്ഷിത പ്രഹരമായി.

ആർ.എസ്.എസ് വിരോധത്തിൽ കഴമ്പില്ലെന്ന് വരുത്തിത്തീർത്ത് പ്രതിപക്ഷ നേതാവിനെ പത്മവ്യൂഹത്തിലടച്ച് പ്രതിരോധത്തിലാക്കാനായിരുന്നു ബി.ജെ.പി -ആർ.എസ്.എസ് നേതാക്കളുടെ നീക്കം. ആരോപണത്തിന് ബലം നൽകാൻ സതീശൻ പങ്കെടുത്ത രണ്ട് സംഘ്പരിവാർ പരിപാടികളുടെ ചിത്രങ്ങളും പുറത്തുവിട്ടു. ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് തങ്ങളുടെ സഹായം സതീശൻ തേടിയെന്ന 'ചരിത്രരഹസ്യ'വും അവർ പരസ്യമാക്കി. ചിത്രങ്ങൾ പുറത്തുവിട്ടത് സംഘ് കേന്ദ്രങ്ങളാണെങ്കിലും ഏറ്റെടുത്ത് ആഘോഷമാക്കിയത് സമൂഹമാധ്യമങ്ങളിലെ ഇടത് ഹാൻഡിലുകളായിരുന്നു. സജി ചെറിയാന്‍റെ രാജിയെ തുടർന്നുള്ള രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഇരുട്ടിൽപെട്ട സി.പി.എമ്മിനുള്ള വെളിച്ചം കൂടിയായി സതീശന്റെ 'വിളക്കുകൊളുത്തൽ ചിത്രങ്ങൾ'.

സംഘ്പരിവാർ പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മ-വാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിന്‍റേതായിരുന്നു. അത് ആര്‍.എസ്.എസ് വേദിയായിരുന്നില്ലെന്നാണ് സതീശന്‍റെ നിലപാട്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്‍റെ പ്രസ്താവനയെ തള്ളിപ്പറയാൻ സി.പി.എം തയാറാകാത്തത് സജി ചെറിയാൻ നടത്തിയ വിവാദ അഭിപ്രായത്തോട് സമാനമായതിനാലാണെന്ന വാദവും സതീശൻ തൊടുത്തു. തൃശൂരിലെ ചടങ്ങിന് സമാനമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധം.

അതേസമയം, 2006ൽ പറവൂരിലെ ആർ.എസ്.എസ് വേദിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രത്തിന്‍റെ കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഓർമക്കുറവും ചിത്രം കൃത്രിമമായി നിര്‍മിച്ചതാണെന്ന സംശയവും പറഞ്ഞ് വഴുതിമാറാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇത് ചൂണ്ടിക്കാട്ടി സൈബർ കടന്നലുകൾ മുതൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ സതീശനെ വളയുന്നുണ്ട്. ഇന്നേവരെ ആർ.എസ്.എസ് വോട്ട് തേടിയിട്ടില്ലെന്ന് ആണയിടുമ്പോഴും പഴയ ചില കാണാപ്പുറ ബന്ധങ്ങളുടെ പുകമറതീർത്ത കനലുകളിൽ അദ്ദേഹത്തിന് ഇപ്പോഴും കൈപൊള്ളുന്നുവെന്നത് യാഥാർഥ്യം. ഒന്നുകിൽ തള്ളിപ്പറയണം, അല്ലെങ്കിൽ കൃത്യമായി വിശദീകരിക്കണം. പുകമറ മാറാത്തിടത്തോളം എതിർ ആക്രമണങ്ങൾക്കും മൂർച്ചയേറും.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് സംഘ്പരിവാർ ബന്ധത്തിന്‍റെ തെളിവുകൾ സതീശൻ പുറത്തേക്ക് വലിച്ചിഴച്ചിട്ടു. കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചാണെന്ന സി.പി.എം ആക്ഷേപത്തിന് മറുപടി കൂടിയായിരുന്നു അത്. 1977ല്‍, ആര്‍.എസ്.എസുമായി വേദി പങ്കിട്ടും അവരുടെ വോട്ട് വാങ്ങിയുമാണ് പിണറായി വിജയന്‍ നിയമസഭാംഗമായതെന്ന് ചിത്രങ്ങളുടെ തെളിവുകളോടെയുള്ള സതീശന്‍റെ ആരോപണത്തിന് കൃത്യമായ മറുപടി പോലും ഇപ്പോഴുമില്ല.

താൽക്കാലിക നേട്ടങ്ങൾക്കുള്ള പഴയ രാഷ്ട്രീയബാന്ധവം ഇപ്പോൾ ആപത്തായതിന്‍റെ പശ്ചാത്താപം പിണറായിക്കും സി.പി.എമ്മിനും ഉണ്ടാകുമെന്നതിൽ സംശയമില്ല. അവിശുദ്ധബന്ധം പറഞ്ഞ് പരസ്പരം നോവിച്ചതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സന്തോഷിക്കുമ്പോഴും പഴയ രാഷ്ട്രീയ 'അവിശുദ്ധ'ബന്ധത്തിന്‍റെ പേരിലെ നാണക്കേട് മറയ്ക്കാൻ ഇരുവർക്കും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം.

സംഘ്പരിവാർ ബന്ധം പരസ്പരം ആരോപിച്ച് സംസ്ഥാനത്ത് വർഗീയ വിരുദ്ധ നിലപാടിന്‍റെ നേതൃത്വം ഉറപ്പിക്കാനാണ് കോൺഗ്രസും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നത്. കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബി.ജെ.പി സർക്കാറിന്റെ നയങ്ങളെ എതിർക്കുന്നതിനേക്കാൾ അവർക്ക് താൽപര്യം ഇത്തരത്തിൽ തർക്കിച്ച് നേരം കളയാനാണ്. 

Tags:    
News Summary - Everyone is naked in this bathroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT