കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിച്ചെത്തിയ ഒരു സുഹൃത്ത് പങ്കുവെച്ച വിവരം ഏറെ ആകർഷകമായിത്തോന്നി: ദശലക്ഷക്കണക്കിന് തീർഥാടകരുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് സൗദി ഹജ്ജ് മന്ത്രാലയം ഉപയോഗപ്പെടുത്തിയത്. കവാടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിച്ചു. സങ്കീർണമായ സംവിധാനങ്ങളെ സുരക്ഷിതമായും കാര്യക്ഷമമായും നിയന്ത്രിക്കാൻ ‘റിയൽ ടൈം ഡേറ്റ’ (Real-time data) എങ്ങനെ ഉപയോഗിക്കാം എന്നതിന് മികച്ച ഉദാഹരണമാണിത്.
വൈദ്യുതിയുടെ ആവശ്യകതയും ഏതാണ്ട് ഒരു ആൾക്കൂട്ടത്തെപ്പോലെയാണ് വർത്തിക്കുന്നത്. എല്ലാവരും ഒരേസമയം വൈദ്യുതി ഉപയോഗിക്കുമ്പോൾ സിസ്റ്റം അമിതഭാരത്താൽ തളരും. കൃത്യമായ നിയന്ത്രണ സംവിധാനമില്ലെങ്കിൽ എത്ര മികച്ച ആസൂത്രണ പദ്ധതികളും താളംതെറ്റും. ഒറ്റനോട്ടത്തിൽ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ലളിതമായി തോന്നാം: ആവശ്യത്തിന് വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. എന്നാൽ, യാഥാർഥ്യം കൂടുതൽ സങ്കീർണമാണ്. ‘എത്ര’ വൈദ്യുതി ഉപയോഗിക്കുന്നു എന്നതിനേക്കാൾ ‘എപ്പോൾ’ ഉപയോഗിക്കുന്നു എന്നതാണ് യഥാർഥ പ്രശ്നം.
വർഷങ്ങളായി കേരളത്തിലെ വൈദ്യുതി ഉപഭോഗം സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്ന താപനില, മാറിയ ജീവിതശൈലി, ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ടിതിന്. ഇതിൽ എയർ കണ്ടീഷണറുകളാണ് (AC) പ്രധാന പങ്കുവഹിക്കുന്നത്. ഒരുകാലത്ത് ആഡംബരമായിരുന്ന എ.സി ഇന്ന് അത്യാവശ്യ ഉപകരണമായി മാറിയിരിക്കുന്നു. എങ്കിലും, ഉപയോഗ രീതിയിലാണ് യഥാർഥ പ്രശ്നം ഒളിഞ്ഞിരിക്കുന്നത്. ഭൂരിഭാഗം വീടുകളും വൈകുന്നേരം ആറിനും 11നും ഇടയിലാണ് എ.സികൾ ഉപയോഗിക്കുന്നത്. ഇത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈദ്യുതി ആവശ്യകതയിൽ വലിയ വർധന (Peak Load Spike) ഉണ്ടാക്കുന്നു. സന്തുലിതമായ ഉപയോഗത്തിന് രൂപകൽപന ചെയ്തിട്ടുള്ള നമ്മുടെ വൈദ്യുതി വിതരണ ശൃംഖല, ഇത്തരത്തിൽ ‘പീക്ക്’ സമയങ്ങളിലുണ്ടാകുന്ന അമിതഭാരം താങ്ങാൻ ബുദ്ധിമുട്ടുന്നു. ഒരു ദിവസത്തെ മൊത്തം ഉപഭോഗം നിയന്ത്രണവിധേയമാണെങ്കിൽ പോലും, കുറഞ്ഞ സമയത്തെ ഈ അമിത ഉപയോഗം സിസ്റ്റത്തെ തകരാറിലാക്കുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും വെല്ലുവിളിയാണ്. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനത്തോളം മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. സാധാരണ നിലയിൽ ഇത് കുഴപ്പമില്ലെങ്കിലും, മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമമുള്ള ‘പീക്ക്’ സമയങ്ങളിൽ ഈ ആശ്രയത്വം അപകടകരമാണ്. കേരളത്തിന്റെ ഊർജ ആവശ്യങ്ങളെ എന്നും തുണച്ചിരുന്ന ജലവൈദ്യുതി പദ്ധതികൾ ജലലഭ്യതക്കുറവ് കാരണം ഇപ്പോൾ പൂർണമായി വിശ്വസിക്കാവുന്ന അവസ്ഥയിലല്ല. ഇത്തരമൊരു സാഹചര്യത്തിൽ, ഉയർന്ന വില നൽകി കൂടുതൽ വൈദ്യുതി വാങ്ങുക എന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഉപയോഗരീതിയിൽ മാറ്റം വന്നില്ലെങ്കിൽ ഓരോ വർഷവും ഈ പ്രതിസന്ധി ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇവിടെയാണ് സ്മാർട്ട് മീറ്ററുകൾ നൽകുന്ന വിവരങ്ങൾ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്മാർട്ട് മീറ്ററുകൾ നിലവിൽ വന്നുകഴിഞ്ഞു.
സാധാരണ മീറ്ററുകളിൽനിന്ന് വ്യത്യസ്തമായി, ഓരോ മണിക്കൂറിലെയോ മിനിറ്റുകളിലെയോ ഉപയോഗം ഇവ രേഖപ്പെടുത്തും. വൈദ്യുതി എപ്പോൾ, എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇത് നൽകുന്നു. വൈദ്യുതി ബോർഡിനെ സംബന്ധിച്ചിടത്തോളം ഈ വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. ഓരോ പ്രദേശത്തെയും കൃത്യമായ ഉപയോഗരീതി മനസ്സിലാക്കാനും പീക്ക് സമയങ്ങൾ തിരിച്ചറിയാനും ഇതുവഴി സാധിക്കും. ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാം. ഉദാഹരണത്തിന്, രാത്രി ഏഴ് മുതൽ 10 വരെയാണ് ഉപഭോഗം ഏറ്റവും കൂടുതലെന്ന് സ്മാർട്ട് മീറ്റർ വിവരങ്ങൾ കാണിക്കുകയാണെങ്കിൽ, ആ സമയത്ത് ഉപയോഗം നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങളോ ആപ്പുകളോ വഴി നിർദേശം നൽകാം. വാഷിങ് മെഷീനുകളുടെ ഉപയോഗം മറ്റൊരു സമയത്തേക്ക് മാറ്റുക, എ.സി താപനില അൽപം ഉയർത്തിവെക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾപോലും വലിയ വ്യത്യാസം ഉണ്ടാക്കും.
സമയത്തിനനുസരിച്ചുള്ള വൈദ്യുതി നിരക്ക് (Time-of-Day Pricing) നടപ്പിലാക്കാനും സ്മാർട്ട് മീറ്ററുകൾ സഹായിക്കും. തിരക്കേറിയ സമയങ്ങളിൽ ഉയർന്ന നിരക്കും അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കും ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളെ അവരുടെ ഉപയോഗശൈലി മാറ്റാൻ പ്രേരിപ്പിക്കും. ഇത് വൈദ്യുതി ആവശ്യകത ഒരു ദിവസത്തിന്റെ വിവിധ സമയങ്ങളിലേക്ക് പകുത്തുനൽകാൻ സഹായിക്കുകയും സിസ്റ്റത്തിന് മേലുള്ള സമ്മർദം കുറക്കുകയും ചെയ്യും. ഭാവിയിൽ ഇതിലും വലിയ സാധ്യതകളുണ്ട്. നൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ച് പീക്ക് സമയങ്ങളിൽ ചില ഉപകരണങ്ങൾ സ്വയമേവ നിയന്ത്രിക്കാൻ സാധിക്കും. ഉദാഹരണത്തിന്, തണുപ്പിനെ കാര്യമായി ബാധിക്കാതെ തന്നെ കുറച്ചു നേരത്തേക്ക് എ.സിയുടെ പ്രവർത്തനം ക്രമീകരിക്കാം. ആയിരക്കണക്കിന് വീടുകളിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അത് വലിയൊരു ഊർജ ലാഭമായി മാറും.
തീർച്ചയായും ആവശ്യകത മാനേജ് ചെയ്യുന്നതുകൊണ്ട് മാത്രമായില്ല. കേരളം സ്വന്തം നിലക്കുള്ള ഊർജ ഉൽപാദനം വർധിപ്പിക്കുകയും വേണം. റൂഫ്‌ടോപ് സോളാർ പദ്ധതികൾ ഇതിന് മികച്ച അവസരമാണ് നൽകുന്നത്. കൂടാതെ, വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നത് സാമ്പത്തിക ലാഭമുണ്ടാക്കും. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെ അമിതഭാരം സുരക്ഷിതമായി കൈകാര്യം ചെയ്യാനും സാധിക്കും.
ഒരുകാര്യം തീർച്ചയാണ്: കൂടുതൽ പവർ പ്ലാന്റുകൾ നിർമിച്ചതുകൊണ്ട് മാത്രം കേരളത്തിന്റെ ഊർജ പ്രതിസന്ധി തീരില്ല. വൈദ്യുതി എപ്പോൾ, എങ്ങനെ ഉപയോഗിക്കുന്നു എന്നത് നിയന്ത്രിക്കാതെ ഉൽപാദനം കൂട്ടിയാലും അത് തികയാതെ വരും. പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതിലും പൊതുസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും കേരളം എന്നും മുന്നിലാണ്. സ്മാർട്ട് മീറ്റർ വിവരങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചും, ഉത്തരവാദിത്തമുള്ള ഉപഭോഗ ശീലങ്ങൾ വളർത്തിയെടുത്തും, ഭാവിയിലേക്കുള്ള പരിഹാരങ്ങളിൽ നിക്ഷേപിച്ചും നമുക്ക് ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാം. ജനങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കിയാൽ കൂടുതൽ സുസ്ഥിരമായ ഒരു ഊർജ സംവിധാനം നമുക്ക് കെട്ടിപ്പടുക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.