പാഠ്യപദ്ധതി ചട്ടക്കൂടും, തഴയപ്പെടുന്ന ഇംഗ്ലീഷ് ഭാഷപഠനവും

ബോധനമാധ്യമം ഉയർന്ന ക്ലാസുകളിൽ (പ്ലസ് വൺ, പ്ലസ് ടു) ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കു മാറ്റപ്പെടുന്നത് വിദ്യാർഥികളുടെ തുടർപഠനത്തെയും തുടർപഠനത്തിനുള്ള മത്സരപ്പരീക്ഷകളിലെ പ്രകടനത്തെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലെ ബോധനമാധ്യമവും മാതൃഭാഷയിലേക്കു (പേജ് 101) മാറ്റപ്പെടാനുള്ള സാഹചര്യങ്ങൾ കേരളത്തെ വിദ്യാഭ്യാസപരമായി തകർച്ചയിലെത്തിക്കും

കേരളത്തിൽ പുതുതായി നടപ്പാക്കാൻ പോകുന്ന പാഠ്യപദ്ധതിയുടെ കരട് ലിസ്റ്റിന്റെ ചർച്ചകൾ വ്യത്യസ്ത മേഖലകളിൽ സജീവമാണ്. 26 മേഖലകളിലൂന്നിയ ലിസ്റ്റ് എസ്.സി.ഇ.ആർ.ടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷൻ ആൻഡ് റിസർച് ട്രെയിനിങ്) 'കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ' എന്ന തലക്കെട്ടുള്ള 117 പേജ് ബുക്‌ലെറ്റായി പുറത്തിറക്കിയിട്ടുണ്ട്.

ഈ ബുക്‌ലെറ്റ് പ്രധാനമായും ചർച്ചക്കെടുത്തിരിക്കുന്നത് സ്കൂൾതലങ്ങളിലാണ്. സ്കൂൾതലങ്ങളിൽ ക്രോഡീകരിക്കുന്ന കാര്യങ്ങൾ പഞ്ചായത്തുതലങ്ങളിലും ബ്ലോക്ക് തലങ്ങളിലും തുടർന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചർച്ചചെയ്ത് ബന്ധപ്പെട്ടവർക്ക് എത്തിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.

കേരളത്തിലെ അധ്യാപക സമൂഹത്തിനിടയിലും അവർ പ്രതിനിധാനംചെയ്യപ്പെടുന്ന വ്യത്യസ്ത അധ്യാപക സംഘടനകൾക്കിടയിലും പറയപ്പെടുന്ന ചട്ടക്കൂടുകൾ ജനാധിപത്യരീതിയിൽ ചർച്ചക്കു വന്നിട്ടില്ല. വിശിഷ്യ കൗമാരവിദ്യാഭ്യാസതലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകരെയോ അവർ പ്രതിനിധാനംചെയ്യപ്പെടുന്ന സംഘടനകളെയോ ചട്ടക്കൂട്‌ കരട് നിർമിതിയുടെ ഭാഗമായി കേൾക്കുകയോ അഭിപ്രായങ്ങൾ സ്വരൂപിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ലോകത്തിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഭാഷയായി ഉപയോഗിക്കപ്പെടുന്നത് ഇംഗ്ലീഷാണ്. ഇന്ത്യപോലെ ഭാഷാവൈവിധ്യമുള്ള രാഷ്ട്രങ്ങളിൽ വ്യത്യസ്ത ഭാഷാവിഭാഗങ്ങളെ ബന്ധിപ്പിക്കുന്നതും ഇംഗ്ലീഷ് മുഖേനയാണ്. നിലവിൽ കേരളത്തിലെ ഇംഗ്ലീഷ് ഭാഷ പഠനമേഖല കൂടുതൽ ശക്തിപ്പെടുത്തേണ്ട അവസ്ഥയാണുള്ളത്.

ഭാഷയുടെ നാലു തലങ്ങളായ കേൾവി, സംസാരം, വായന, എഴുത്ത് എന്നിവക്ക് നാലിനും പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കണം ഇംഗ്ലീഷ് ഭാഷാപഠനം. നിലവിൽ കുട്ടിയുടെ ഇംഗ്ലീഷ് എഴുത്തിലുള്ള (പരീക്ഷ 'എഴുതുന്ന' രീതി) കഴിവു മാത്രമാണ് കണക്കിലെടുക്കുന്നത്.

കുട്ടിയുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള, കേൾക്കാനുള്ള, വായിക്കാനുള്ള കഴിവ് പലപ്പോഴും എഴുത്തിൽ മാത്രം ചുരുങ്ങിപ്പോകുന്നു. ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രാധാന്യം കൂടിവരുന്ന ഈ കാലഘട്ടത്തിൽ പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് കരടിൽ പ്രസ്തുത ഭാഷയെ അരികുവത്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മാതൃഭാഷ കൃത്യമായും കുട്ടി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യണം.

അതിനർഥം മാതൃഭാഷയിൽതന്നെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം നൽകണമെന്നല്ല. പുറത്തിറങ്ങിയ പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹചർച്ചക്കുള്ള കുറിപ്പിൽ ചോദിക്കുന്ന ചോദ്യം ''കുട്ടികളുടെ പഠനമികവ് വർധിപ്പിക്കുന്നതിനായി അധ്യയനമാധ്യമം മാതൃഭാഷതന്നെയാവണം എന്ന കാഴ്ചപ്പാട് പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള പ്രതിസന്ധികൾ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്?'' (പേജ് നമ്പർ 53) പൂർണമായും തള്ളിക്കളയേണ്ടതോ കൂടുതൽ ചർച്ചക്ക് വിധേയമാക്കേണ്ടതോ ആണ്.

മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള വ്യത്യസ്ത സമീപനങ്ങളാണ് നാം സ്വീകരിക്കേണ്ടത്. മറിച്ച് മാതൃഭാഷ പഠിക്കുന്നതിനുവേണ്ടി അല്ലെങ്കിൽ 'പഠിപ്പിക്കുന്നതിനുള്ള' സൗകര്യത്തിനുവേണ്ടി എല്ലാ വിഷയങ്ങളും മാതൃഭാഷയിലേക്കു മാറ്റലല്ല. ബോധനമാധ്യമം ഉയർന്ന ക്ലാസുകളിൽ (പ്ലസ് വൺ, പ്ലസ് ടു) ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കു മാറ്റപ്പെടുന്നത് വിദ്യാർഥികളുടെ തുടർപഠനത്തെയും തുടർപഠനത്തിനുള്ള മത്സരപ്പരീക്ഷകളിലെ പ്രകടനത്തെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിലെ ബോധനമാധ്യമവും മാതൃഭാഷയിലേക്കു (പേജ് 101) മാറ്റപ്പെടാനുള്ള സാഹചര്യങ്ങൾ കേരളത്തെ വിദ്യാഭ്യാസപരമായി തകർച്ചയിലെത്തിക്കും. മധ്യപ്രദേശ് സർക്കാറിന്റെ എം.ബി.ബി.എസ് ബിരുദം ഹിന്ദിയിൽ നൽകാനുള്ള തീരുമാനം വലിയ വിമർശനങ്ങൾക്കുതന്നെ വിധേയമായിട്ടുണ്ട്.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഹിന്ദിയിൽ എം.ബി.ബി.എസ് ബിരുദം നൽകുന്നത് തുടക്കത്തിൽ വിദ്യാർഥികളെ സഹായിക്കുമെങ്കിലും അവരുടെ തുടർപഠനത്തെ കാര്യമായി ബാധിക്കുമെന്നാണ്. ബോധനമാധ്യമം മാതൃഭാഷയിലോ മറ്റു പ്രാദേശിക ഭാഷയിലോ മാത്രമായി ചുരുക്കപ്പെടുമ്പോൾ നമ്മുടെ വിദ്യാർഥികൾ ലോക നിലവാരത്തിൽ പിന്നിലേക്കു പോകാൻ സാധ്യതയുണ്ട്.

Tags:    
News Summary - Curriculum Framework and English Language Learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT