ഭഗവദ്ഗീത പാഠ്യപദ്ധതിയാവുമ്പോൾ...

ഭഗവദ്ഗീത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചു ള്ള വിധിപ്രസ്താവം പുറത്തുവരുന്ന സാഹചര്യത്തിലാണ് ഗീതാപഠനം സ്കൂൾതലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് മേൽക്കൈ ഉണ്ടായി വരുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതേതരമായി വ്യാഖ്യാനിച്ചുറപ്പിക്കുകയും മറ്റൊരു മതവിഭാഗത്തിന്റെ വിശ്വാസ വ്യവസ്ഥകൾ അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നത് ഭരണഘടനാ ജനാധിപത്യ സങ്കൽപങ്ങൾക്കോ തുല്യ പൗരത്വ വ്യവസ്ഥകൾക്കോ എത്രമാത്രം അനുയോജ്യമാണെന്നത് പരിശോധിക്കേണ്ടതാണ്.

ജാതിവ്യവസ്ഥക്കും സാമൂഹിക അസമത്വത്തിനുമെതിരായ ബുദ്ധന്റെ വിപ്ലവത്തിന് എതിരായ പ്രതിവിപ്ലവമായാണ് ഗീതയെ ഡോ. ബി.ആർ. അംബേദ്കർ ദർശിച്ചത്. ജാതിവ്യവസ്ഥയെയും അസമത്വ സാമൂഹിക വ്യവസ്ഥയെയും സാധൂകരിക്കുന്ന ഗീതയെ ഡോ. അംബേദ്കർക്ക് പ്രതിവിപ്ലവമായല്ലാതെ വിലയിരുത്താൻ കഴിയുമായിരുന്നില്ല. അടിമതുല്യമായ ദാസത്വവും തദനുബന്ധമായ കർമങ്ങളും ശൂദ്രാദി ജാതികൾക്കായി കൽപിച്ചുനൽകുന്ന ഗീത ( 18.44) സാമൂഹിക സമത്വത്തെ സമ്പൂർണമായി നിരസിക്കുന്നു.

ചാതുർവർണ്യം എന്ന ലോകം കണ്ട ഹീനമായ അസമത്വവ്യവസ്ഥയെ ദാർശനികവത്കരിച്ച് ('ചാതുർവർണ്യം മയാ സൃഷ്ടം', ഗീത. 4.13) അവതരിപ്പിക്കുന്ന ഗീതാവചനം അയിത്തത്തെയും തൊട്ടുകൂടായ്മയെയും നിയമം മൂലം നിരോധിച്ച ഭരണഘടനാ വ്യവസ്ഥയെതന്നെ വെല്ലുവിളിക്കുന്ന ഒന്നാണ്. സ്ത്രീകളും ശൂദ്രരും പാപയോനികളാണെന്ന് പ്രസ്താവിക്കുന്ന ഗീത (9.32) അസമത്വത്തിന്റെ ആര്യവത്കരണയുക്തിയാണ് പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ ജാതിവ്യവസ്ഥയെയും തദനുബന്ധമായ അനീതിയെയും സ്ഥാപനവത്കരിക്കുന്ന ഒരു ഗ്രന്ഥം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിന്റെ അപകടം അത്രമേൽ ആഴത്തിലുള്ളതാണ്.

സ്വകർമം, സ്വധർമം എന്നിങ്ങനെയൊക്കെ ഗീത പേർത്തും പേർത്തും വാഴ്ത്തുന്നത് ജാതിധർമത്തെതന്നെയാണ്‌. 1950ൽ ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സഹോദരൻ അയ്യപ്പൻ നടത്തിയ പ്രഭാഷണത്തിൽ 'ധർമം ധർമം എന്നു പറയുന്നത് വർണാശ്രമധർമത്തെയാണെന്ന്' വ്യക്തമാക്കുന്നുണ്ട്. സ്വധർമം എന്നാൽ ജാതിധർമംതന്നെയാണെന്ന് മനുസ്മൃതി പ്രഖ്യാപിക്കുന്നുണ്ട്. അന്യജാതികളുടെ ധർമം ആചരിക്കുന്നവർ ജാതിഭ്രഷ്ടരായിത്തീരും (മനു. 10.97) എന്ന മനുസ്മൃതിയുടെ ആശയധാരയാണ് ഗീതയും പിൻപറ്റുന്നത്. മനുസ്മൃതിയിൽ തെളിയുന്ന വർണസങ്കരം എന്ന ആശയമാണ് ഗീതയിൽ അർജുനവിഷാദയോഗത്തിൽ വിപുലീകൃതമാവുന്നത്.

വർണക്രമവും ജാതിക്രമവും തെറ്റിയുള്ള വിവാഹവും ജീവിതക്രമങ്ങളുമാണ് അർജുന വിഷാദത്തിന്റെ അടിസ്ഥാനം (ഗീത. 1.40). വർണക്രമത്തിന്റെ നിയമങ്ങൾ പാലിക്കാതെ സ്ത്രീകൾ മറ്റു വർണത്തിൽപെട്ടവരുമായി ബന്ധത്തിലേർപ്പെട്ടാൽ വർണസങ്കരമുണ്ടാവുമെന്നാണ് അർജുനന്റെ വിഷാദം. ഈ വിഷാദത്തിന്റെ നവീന രൂപമാണ് ലവ് ജിഹാദായി വേഷംകെട്ടിയാടുന്നത്. ജാതിധർമങ്ങൾ നശിക്കുമെന്ന അർജുനന്റെ ആധിയുടെ പ്രത്യക്ഷ രൂപമാണ് ജാതിക്കൊലകളായി ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യത്തെയും ബ്രാഹ്മണമതത്തെയും സ്ഥാപനവത്കരിക്കുകയും പുകഴ്ത്തുകയും നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യുന്ന ഗ്രന്ഥമായി ഗീതയെ ചരിത്രകാരനായ ഡി.ഡി. കൊസാംബി അടയാളപ്പെടുത്തിയതിന്റെ സാമൂഹിക സന്ദർഭം ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ ശൈശവകാലത്തുതന്നെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവും ഇതിൽ അന്തർലീനമാണ്. ജാതിധർമം അനുഷ്ഠിക്കണമെന്നും അസമത്വമെന്നത് ഹിന്ദു സാമൂഹിക വ്യവസ്ഥയുടെ സ്വാഭാവികമായ അവസ്ഥയാണെന്നും സ്പഷ്ടമാക്കുന്ന ഒരു ഗ്രന്ഥത്തിലെ ഭാഗങ്ങൾ വളരെ ചെറുപ്പത്തിൽതന്നെ കുട്ടികളുടെ മസ്തിഷ്കത്തിലേക്ക് കടത്തിവിടുന്നതിലൂടെ വെറുപ്പിന്റെ വിത്തുകൾ ഉയർന്ന ഫലശേഷിയിൽ വിളവെടുക്കാനാണ് ഹിന്ദുത്വശക്തികൾ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമാണ് ഗീതാപഠനം സ്കൂൾതലത്തിൽ പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ത്രൈവർണിക പുരുഷാധിപത്യ വ്യവസ്ഥയെ നീതീകരിക്കുന്ന,കീഴോർ സമൂഹത്തിലെ ജനവിഭാഗങ്ങളെയും സ്ത്രീകളെയും ഹീനരായി അടയാളപ്പെടുത്തുന്ന ഗീത സ്കൂൾപഠനത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്വാഭാവികമായി സ്വാംശീകരിക്കാനാണ് പ്രേരിപ്പിക്കുന്നത് എന്ന വിനാശകരമായ മൃത്യുരാഷ്ട്രീയമാണ് ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്നത്. ഇപ്പോൾതന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഗീത ഇടംനേടിയിട്ടുണ്ട്. ഒരു വിധത്തിലുമുള്ള വിമർശനാത്മക ഇടപെടലുകളും സംവാദങ്ങളുമില്ലാതെയുള്ള കേവലമായ വിവരവിതരണമായി സ്കൂൾതലത്തിൽ ഗീതാപഠനം മാറിത്തീർന്നാൽ അത് കൂടുതൽ വിപൽക്കരമായ സാമൂഹിക വേർതിരിവുകളാവും സൃഷ്ടിക്കുക.

ആർഷഭാരത മഹിമ ഉയർത്തിപ്പിടിക്കാനെന്ന വ്യാഖ്യാനത്തോടെയുള്ള ഗീതാപഠനം കൃത്യമായ അപരവത്കരണം ലക്ഷ്യമിട്ടുള്ളതാണ്. ഹിന്ദുത്വത്തിന്റെ കാളിമയാർന്ന മറുവശം മുസ്‍ലിം അപരവത്കരണവും ഹിംസയുമാണെന്ന് ശാസ്ത്രചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ ദീർഘദർശനം ചെയ്യുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. ''എങ്ങനെയാണ് കൃഷ്ണൻ അർജുനനോട് കൊല്ലാൻ പറയുക '' എന്ന ശിഷ്യന്റെ ചോദ്യത്തിന് നാരായണ ഗുരു പറഞ്ഞ മറുപടി

''അദ്ദേഹം പിന്നീട് ഖേദിച്ചിരിക്കാം'' എന്നാണ്. യഥാർഥത്തിൽ ഗീതയുടെ ഹിംസാരാഷ്ട്രീയത്തിനെതിരായ ഏറ്റവും ഉന്നതമായ സാമൂഹികവിമർശനമാണ് നാരായണഗുരുവിലൂടെ മുഴങ്ങുന്നത്.

l

Tags:    
News Summary - Bhagavad Gita becomes a syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.