ഇളയ തലൈവി


ഇദയക്കനിയുടെ പിന്‍ഗാമിയാകാന്‍ എന്തു വേണം? നല്ല ദുര്‍മേദസ്സ് വേണം. ദ്രാവിഡ പാര്‍ട്ടിയെന്നൊക്കെയാണ് പേരെങ്കിലും ബ്രാഹ്മണകുലത്തിന്‍െറ നിറം വേണം. മുഖം നല്ളോണം ചെമന്നു തുടുത്തിരിക്കണം. സാരി ചുറ്റുമ്പോള്‍ മേലു പുതച്ചു ചുറ്റണം. കൈകൊണ്ട് വിക്ടറി ചിഹ്നം കാട്ടാനറിയണം. പുരട്ച്ചി തലൈവിയെപ്പോലെ കോണ്‍വന്‍റ് ഇംഗ്ളീഷ് പേശാന്‍ കഴിഞ്ഞാല്‍ അത് അഭിലഷണീയ യോഗ്യതയായി കണക്കാക്കാം. ഭാഗ്യവശാല്‍ ദീപ ജയകുമാറിന് ഇതൊക്കെയുണ്ട്. തലൈവിയുടെ അതേ ഛായ. അതേ രക്തം. ഏക സഹോദരന്‍ ജയകുമാറിന്‍െറ മകള്‍. പക്ഷേ, അമ്മ എന്നു വിളിച്ചുശീലിച്ചവരെക്കൊണ്ട് ചിന്നമ്മ എന്നെങ്കിലും വിളിപ്പിക്കാന്‍ കഴിഞ്ഞ ശശികല പിന്‍ഗാമിയുടെ പ്രതിച്ഛായ ചമയിച്ച് ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പുരട്ച്ചി തലൈവി എന്നാല്‍ വിപ്ളവനായിക എന്ന് അര്‍ഥം. ആരായിരിക്കും പുതിയ തലൈവി എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. ഇളയ തലൈവിയാകാന്‍ തലവരയുണ്ടെങ്കില്‍ മരുമകള്‍ക്ക് ശിഷ്ടകാലം ചിന്നമ്മയുമായി പൊരുതിജീവിക്കാം.

എ.ഐ.എ.ഡി.എം.കെ ജനാധിപത്യപാര്‍ട്ടിയാണ് എന്നൊക്കെയാണ് വെപ്പ്. എവിടെനിന്നോ അങ്ങനെയൊക്കെ കേട്ടതുകൊണ്ട് ഇംഗ്ളീഷ് ചാനലുകളിലൊക്കെ കേറി ദീപ അങ്ങനെയൊക്കെ പറയുന്നുമുണ്ട്. ഒരാളുടെ സര്‍വാധിപത്യമുള്ള വിചിത്രമായ ജനാധിപത്യമായിരുന്നു പാര്‍ട്ടിയില്‍ ഇക്കാലംവരെ. ജനാധിപത്യപാര്‍ട്ടിയായതിനാല്‍ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച ആസൂത്രണങ്ങളൊന്നും അമ്മായി ചെയ്തുവെച്ചിരുന്നില്ളെന്നാണ് മരുമകള്‍ പറയുന്നത്. അതുകൊണ്ടാണ് അമ്മായിയുടെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്. അങ്ങനെയിറങ്ങിയില്ളെങ്കില്‍ തലൈവിയുടെ ബംഗ്ളാവ് ആരെങ്കിലും കൊണ്ടുപോകും. സ്വത്തുവകകളും നാനാവിധമാകും. അതുകൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങണമെന്ന് 42ാം വയസ്സില്‍ ബോധോദയമുണ്ടായത്. സ്വന്തമായി ഉണ്ടാക്കുന്ന പാര്‍ട്ടിക്ക് അമ്മാ ഡി.എം.കെ എന്നാണ് പേരിട്ടിരിക്കുന്നത്. പേരില്‍തന്നെ കിടക്കട്ടെ അമ്മ. തലൈവിയുടെ മരണത്തിനുശേഷമുള്ള ആദ്യ പിറന്നാള്‍ വരുന്ന 24നാണ്. അന്ന് പാര്‍ട്ടി പ്രഖ്യാപിക്കും. ഇളയ പുരട്ച്ചി തലൈവി വാഴ്ക, ദീപാ അമ്മ വാഴ്ക എന്ന് തമിഴ് മക്കള്‍ ഇപ്പോഴേ തൊണ്ട പൊട്ടി ആകാശത്തേക്കു മുഷ്ടിയെറിഞ്ഞ് വിളിച്ചുതുടങ്ങിയിട്ടുണ്ട്. ജൂനിയര്‍ അമ്മ ജെ. ദീപ എന്ന പേരില്‍ പരസ്യപ്പലകകള്‍ ഉയര്‍ന്നിട്ടുമുണ്ട്. പോസ്റ്ററുകളില്‍ ‘കുലവിളക്കാ’ണ്. അതായത് മാര്‍ഗദീപം. ‘ആള പിറന്തവള്‍’. അതായത് അമ്മയുടെ അവതാരം.

1974 നവംബര്‍ 12ന്  ജയലളിതയുടെ വീട്ടിലാണ് ദീപ പിറന്നുവീണത്. പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ദീപാവലിയുടെ തലേന്ന് പിറന്നുവീണ പെണ്‍കുട്ടിക്ക് ജയലളിത ദീപ എന്നു പേരിട്ടു. പിതാവ് ജയകുമാര്‍ സഹോദരി ജയലളിതക്ക് ഒപ്പം പോയസ് ഗാര്‍ഡനിലായിരുന്നു താമസം. പക്ഷേ, അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പിന്നീട് ബംഗ്ളാവ് വിട്ടിറങ്ങേണ്ടിവന്നു. തന്‍െറ രാഷ്ട്രീയപ്രവേശത്തിന് സഹോദരി കളമൊരുക്കുമെന്ന് ജയകുമാര്‍ പ്രത്യാശിച്ചിരുന്നു. പക്ഷേ, ജയലളിത സഹോദരന്‍െറ ആഗ്രഹങ്ങള്‍ കണ്ടില്ളെന്നുനടിച്ചു. ശശികലയുടെ മരുമകനായ സുധാകരനെ വളര്‍ത്തുമകനാക്കിയതോടെയാണ് കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ തലപൊക്കിയത്. ജയകുമാര്‍ 1978ല്‍ ടി. നഗറില്‍ വീടുവെച്ച് താമസിച്ചു. പക്ഷേ, അപ്പോഴും ഇടക്കിടെ പോയസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുമായിരുന്നു.  1995ല്‍ വളര്‍ത്തുമകനായ സുധാകരന്‍െറ വിവാഹം ജയലളിത ആര്‍ഭാടമാക്കിയത് ഇവരുടെ ഇടയിലെ ഭിന്നിപ്പ് രൂക്ഷമാക്കി. അതേ വര്‍ഷമാണ് ജയകുമാര്‍ അപകടത്തില്‍ മരിച്ചത്. ഭൗതികാവശിഷ്ടങ്ങളുമായി കാശിയില്‍ പോകാന്‍ സൗകര്യമൊരുക്കിയതും ബ്രാഹ്മണാചാരങ്ങള്‍ പാലിച്ച് അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിഷ്കര്‍ഷിച്ചതും ജയലളിതയായിരുന്നു. അന്ന് ടി. നഗറിലെ വസതി സന്ദര്‍ശിച്ച ജയലളിത പിന്നീട് അവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ദീപയുടെ അമ്മ വിജയലക്ഷ്മി 2013ലാണ് മരിച്ചത്.  2012ല്‍ മാധവനെ വിവാഹം കഴിച്ചു. അത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച ബന്ധമായിരുന്നു. 2007ലാണ് അവസാനമായി ജയലളിതയെ കാണുന്നത്. അമ്മായിക്കും മരുമകള്‍ക്കുമിടയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. മുഖംകറുത്ത് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പക്ഷേ, പോയസ് ഗാര്‍ഡനില്‍ പ്രവേശനമുണ്ടായിരുന്നില്ല. ബന്ധുക്കളില്‍നിന്ന് അമ്മായിയെ അകറ്റിനിര്‍ത്താന്‍ ഏതൊക്കെയോ ശക്തികള്‍ എന്നും ശ്രമിച്ചുകൊണ്ടേയിരുന്നു.

അപ്പോളോ ആശുപത്രിയില്‍ പലതവണ കാണാന്‍ പോയിരുന്നു. സുരക്ഷാഭടന്മാര്‍ തള്ളി പുറത്താക്കി. ആശുപത്രി ഗേറ്റുപോലും കടക്കാന്‍ സമ്മതിച്ചില്ല. ജയലളിതയുടെ ഭൗതികശരീരത്തിന്‍െറ അടുത്തുപോലും ചെല്ലാന്‍ ദീപക്ക് കഴിഞ്ഞിരുന്നില്ല. 25 തവണയും താന്‍ പുറത്താക്കപ്പെട്ടുവെന്നാണ് ദീപയുടെ ആരോപണം. ഒന്നിനും സുതാര്യതയുണ്ടായിരുന്നില്ളെന്ന് മുനവെച്ച വാക്കുകള്‍. മറീന ബീച്ചില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പോയപ്പോള്‍ രൂപസാദൃശ്യമുള്ള തന്നെ കണ്ട് അനുയായികള്‍ ജയലളിതയുടെ പ്രേതമാണെന്നു ധരിച്ചുവെന്നും ദീപ അവകാശപ്പെടുന്നുണ്ട്. എല്ലാവരും ചുറ്റുംകൂടിയപ്പോള്‍ ഒരുവിധത്തില്‍ അവിടെനിന്ന് മാറുകയായിരുന്നു. ഒരു ഇളയ സഹോദരനുണ്ട്. പേര് ദീപക്. അമേരിക്കയില്‍നിന്ന് എം.ബി.എ കഴിഞ്ഞു. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് പണി. ദീപകാണ് തലൈവിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. 

അമ്മായിയും മരുമകളും ഒരുപോലെ ക്ഷിപ്രകോപികളാണ്. രണ്ടുപേരും പുസ്തകവായനയില്‍ തല്‍പരര്‍. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കുമായിരുന്നു ഇരുവരും. തന്നെ മരുമകള്‍ അനുകരിക്കുന്നതില്‍ അമ്മായിക്ക് ദേഷ്യമുണ്ടായിരുന്നുവെന്ന് ദീപ ഓര്‍ക്കുന്നു. അവള്‍ നിന്നെപ്പോലെയായതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും അത് അനുകരണമല്ളെന്നും അപ്പോള്‍ അമ്മ വിജയലക്ഷ്മി ഇടപെട്ട് പറയുമായിരുന്നു.
ചെന്നൈയിലെ ആദര്‍ശവിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. എതിരാജ് കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം. മധുര കാമരാജ് യൂനിവേഴ്സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. കുറച്ചുകാലം ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകയായി. 2010ല്‍ ബ്രിട്ടനിലേക്കു പറന്നു. വെയില്‍സിലെ കാര്‍ഡിഫ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇന്‍റര്‍നാഷനല്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ദക്ഷിണേഷ്യയിലെ ആശയവിനിമയത്തെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയാണിപ്പോള്‍. ഒരു മകനും മകളുമുണ്ട്. തമിഴും ഇംഗ്ളീഷും ഹിന്ദിയും അറിയാം. ചെന്നൈയിലെ ടി. നഗറില്‍ താമസം.  

നിയമപരമായ പിന്തുടര്‍ച്ചാവകാശമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം അമ്മായിയുടെ രോഗവും മരണവും സംബന്ധിച്ച ദുരൂഹതകളുടെ ചുരുളഴിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിപ്രവര്‍ത്തകരുടെ നിര്‍ബന്ധംമൂലമാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് ദീപ പറയുന്നു. ഇനിയന്‍ സമ്പത്ത് കഴിഞ്ഞമാസം അമ്മാ ഡി.എം.കെ എന്ന പേരില്‍ മറ്റൊരു ഈര്‍ക്കില്‍പാര്‍ട്ടി രൂപവത്കരിച്ചിട്ടുണ്ട്. ആ പേരു കിട്ടണമെങ്കില്‍ സമ്പത്തിനെ കൂടെ കൂട്ടേണ്ടിവരും. കാവല്‍ മുഖ്യമന്ത്രി പന്നീര്‍സെല്‍വവുമായി സഹകരിക്കാനുമിടയുണ്ട്. 

Tags:    
News Summary - article about tamilnadu politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.