ഈ രാജ്യത്തെ മുസ്‌ലിം പൗരന്മാരെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? സ്ഥിരമെന്നോണം അപമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച്?

ഇന്ന് ഇന്ത്യ ഭരിക്കുന്ന ഹിന്ദു അധീശവാദികള്‍ ഞങ്ങളുടെ ചരിത്രത്തെയും വിശ്വാസത്തെയും മുതല്‍ വസ്ത്രവും ഭക്ഷണരീതിയും വരെ ഒന്നിനെയും വെറുതെവിട്ടിട്ടില്ല. വേട്ടയാടാന്‍ പുതിയ പുതിയ വഴികള്‍ മെനഞ്ഞുണ്ടാക്കിക്കൊണ്ട് എട്ടു വര്‍ഷമായി നിലനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണം രാജ്യത്തിന്റെ മതേതര അടിത്തറക്ക് കോടാലിവെച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം അവര്‍ എന്റെ വീട്ടിലേക്കും ബുള്‍ഡോസറുമായി വന്നു.

ബി.ജെ.പി ദേശീയ വക്താവ് ലൈവ് ചര്‍ച്ചക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിച്ചത് മേയ് അവസാനത്തിലാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സമൂഹം അതിനോട് എതിർപ്പറിയിച്ചു. അതിന്റെ ഭാഗമായാണ് ജൂണ്‍ 10ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. അതില്‍ അക്രമത്തില്‍ കലാശിച്ച ഒരു സംഭവം എന്റെ നഗരമായ പ്രയാഗ് രാജിലായിരുന്നു (അലഹബാദ്). പിന്നാലെ മുസ്‌ലിംകളെ അന്യായമായി അറസ്റ്റു ചെയ്യലും പൊലീസ് അതിക്രമങ്ങളും അരങ്ങേറി. സമുദായ നേതാവും ആക്ടിവിസ്റ്റുമായ എന്റെ പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതോടെ ഹീനമായ ഭരണകൂടവേട്ടയുടെ ഇരകളായി എന്റെ കുടുംബം മാറി. പൊലീസ് കസ്റ്റഡിയുടെ സകല നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ട് എന്റെ ഉമ്മയെയും അനുജത്തിയെയും ഒരു വാറന്റ് പോലുമില്ലാതെ അര്‍ധരാത്രി വീട്ടില്‍ വന്ന് പിടിച്ചുകൊണ്ടുപോവുകയും 35 മണിക്കൂര്‍ പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഉമ്മയെയും അനുജത്തിയെയും മര്‍ദിക്കുമെന്നും കുറ്റങ്ങള്‍ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി പൊലീസും നഗരസഭ ഉദ്യോഗസ്ഥരും ഞങ്ങളുടെ കുടുംബത്തോട് വീടൊഴിയാന്‍ നിര്‍ബന്ധിക്കുകയും വീട് അനധികൃതമായി നിര്‍മിച്ചതാണെന്നും പിറ്റേ ദിവസം പൊളിക്കുമെന്നുമറിയിച്ച് ജൂണ്‍ 11ന് രാത്രി ഗേറ്റില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. സ്ഥിരമായി നികുതിയടച്ചുവരുന്ന എല്ലാ രേഖകളും കൈവശമുള്ള ഞങ്ങളുടെ വീട് പെട്ടെന്നൊരു ദിവസം 'അനധികൃതം' ആവുന്നു.

ഇന്ന് ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന 'ബുള്‍ഡോസര്‍ നീതി'യെന്ന ശ്രേണിയിൽ അങ്ങനെ ഞങ്ങളുടെ വീടും ഉള്‍പ്പെട്ടു. ഇത് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്: പ്രതിഷേധത്തില്‍ പങ്കുകൊള്ളല്‍പോലുള്ള ദാരുണമായ 'കുറ്റകൃത്യങ്ങളില്‍' സര്‍ക്കാര്‍ മുസ്‌ലിംകളെ പെടുത്തുന്നു, അക്രമസംഭവങ്ങളില്‍ അവരെ ഉത്തരവാദികളാക്കുന്നു, അതിന്റെ പേരില്‍ അവരുടെ വീടുകള്‍ തകര്‍ക്കുന്നു. ഈ വര്‍ഷാദ്യം നടന്ന ഒരു ഉത്സവത്തിനിടെ വാളേന്തിയ സായുധസംഘം പല നഗരങ്ങളിലും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തേക്ക് മാര്‍ച്ച് നടത്തുകയും ഉച്ചഭാഷിണിയിലൂടെ റമദാന്‍ മാസത്തില്‍ പള്ളികള്‍ക്കു മുന്നില്‍ നിന്ന് വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും തുടര്‍ന്ന് മുസ്‌ലിം വീടുകളും കച്ചവടസ്ഥാപനങ്ങളും ആക്രമിക്കുകയുമുണ്ടായി. അപ്പോഴും പൊലീസ് അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായി മുസ്‌ലിംകളെ പഴിച്ചു, കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് നിരപരാധികളെ അറസ്റ്റു ചെയ്തു, അവരുടെ വീടുകള്‍ ബുള്‍ഡോസറുകളുപയോഗിച്ച് തകർത്തു. അങ്ങനെ സ്വത്തുവകകള്‍ തകര്‍ക്കുന്നതിന് നിയമത്തിന്റെ പിൻബലമൊന്നുമില്ല. ഈ രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു നിയമസംരക്ഷണവും ലഭിക്കില്ലെന്നും ഞങ്ങൾ തുല്യ പൗരന്മാരല്ലെന്നും കാണിക്കലാണ് ഇതിന്റെയെല്ലാം ലക്ഷ്യം.

ഞങ്ങളുടെ വീട് തകർക്കപ്പെട്ടതു മുതല്‍ എന്റെ പിതാവ് ജയിലിലാണ്. പ്രൈംടൈം ടി.വി ചര്‍ച്ചകളില്‍ അവതാരകര്‍ ഞങ്ങളുടെ മുഖങ്ങള്‍ സ്‌ക്രീനിലൊട്ടിച്ചുവെച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തെയും സമരത്തെയുംകുറിച്ച് കഥകള്‍ മെനയുകയും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നിര്‍മിക്കുകയും ജിഹാദികളെന്നും ദേശദ്രോഹികളെന്നും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എനിക്ക് നിരന്തരം ബലാത്സംഗഭീഷണിയും വധഭീഷണിയും വന്നുകൊണ്ടിരിക്കുന്നു. ഒരു ജയില്‍പുള്ളിയെപ്പോലെയാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.

എനിക്കെതിരെ അറസ്റ്റ് വാറന്റൊന്നുമില്ല; അതിന്റെ ആവശ്യവും ഇനിയില്ലല്ലോ. എന്നെപ്പോലുള്ള ഒട്ടുമിക്ക മുസ്‌ലിം വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്ത് ജയിലിലിട്ടിരിക്കുന്നത് യാതൊരു രേഖാമൂലമുള്ള നടപടികളുമില്ലാതെയാണ്. തീവ്രവലത് ഹിന്ദുക്കള്‍ ഓണ്‍ലൈനില്‍ ലേലത്തിനു വെച്ചതുകൊണ്ട് ഒരു മുസ്‌ലിം യുവതിയെന്ന നിലയില്‍ ഞാന്‍ തടങ്കലിലകപ്പെട്ടതുപോലെതന്നെയാണ്.

എന്റെ അബ്ബു ഒരു കച്ചവടക്കാരനും ആക്ടിവിസ്റ്റുമായിരുന്നു. കുറഞ്ഞ വരുമാനമായിരുന്നിട്ടുകൂടി അബ്ബുവും അമ്മിയും ഞങ്ങള്‍ അഞ്ചു മക്കളെയും നഗരത്തിലെ ഏറ്റവും മികച്ച സ്‌കൂളില്‍ പഠിപ്പിച്ചു, സര്‍വസ്വതന്ത്രരായി വളര്‍ത്തി, ദൈവഭയമുള്ളവരും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരും പൗരബോധമുള്ളവരുമാക്കി. അവര്‍ക്കങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. കാരണം, നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യപൗരത്വത്തിന് അര്‍ഹരല്ലെന്ന് ഹിന്ദു അധീശവാദികള്‍ വിശ്വസിക്കുന്ന ഒരു ജനതയില്‍ അവര്‍ അത്തരം ഗുണങ്ങളൊന്നും വിലമതിക്കില്ല.

മുസ്‌ലിംവിരുദ്ധ പ്രസംഗങ്ങളുടെയും നയങ്ങളുടെയും പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച അജയ് സിങ് ഭിഷ്ട് എന്ന യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന 2017ല്‍ ഞാന്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. തീവ്ര ഹിന്ദു രാഷ്ട്രീയം ത്വരിതഗതി പ്രാപിച്ചതോടെ സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം വഷളായി. രാഷ്ട്രീയപരമായ അരികുവത്കരണത്തിനു പുറമെ സാംസ്‌കാരികമായും മുസ്‌ലിംകള്‍ തുടച്ചുമാറ്റപ്പെടാന്‍ തുടങ്ങി. മുസ്‌ലിം പേരുകളുമായി സാമ്യമുള്ള സ്ഥലനാമങ്ങള്‍ തിരുത്തപ്പെട്ടു. മുഗള്‍കാലത്ത് അലഹബാദ് എന്ന പേരുവെക്കപ്പെട്ട എന്റെ നഗരം പ്രയാഗ് രാജ് ആക്കി മാറ്റി.

ഞങ്ങളുടെ സമുദായം ഇന്നനുഭവിക്കുന്ന നിലനിൽപുഭീഷണിയെക്കുറിച്ച് ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായി, ഈ അനീതിക്കെതിരെ നിലകൊള്ളാനാഗ്രഹിച്ചു. യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ ഇലക്ഷനില്‍ മത്സരിച്ച് ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും വിദ്വേഷപ്രചാരണങ്ങള്‍ക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ഭീഷണികള്‍ക്കുമെതിരെ ശബ്ദിക്കാനുള്ള വേദിയാക്കി അതിനെ മാറ്റുകയും ചെയ്തു. ഒരു വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുന്ന സ്വതന്ത്ര നിലപാടുള്ള ആധുനിക മുസ്‌ലിം യുവതിയായാണ് ഞാനറിയപ്പെട്ടത്. പക്ഷേ, ഞാന്‍ പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ മുസ്‌ലിം എന്ന യഥാര്‍ഥ സ്വത്വത്തെ എല്ലാവരും മനഃപൂര്‍വം അവഗണിച്ചു. അതിനാല്‍തന്നെ എന്റെ മുസ്‌ലിം സ്ത്രീസ്വത്വത്തിന്റെ പ്രകാശനത്തിനും ആ സ്വത്വത്തിന് പ്രവേശനം വിലക്കിയ ഇടങ്ങളിൽ പ്രതിനിധാനമുറപ്പിക്കാനുംവേണ്ടി ഞാൻ ഹിജാബ് ധരിച്ചുതുടങ്ങി.

മുസ്‌ലിംകള്‍ക്കെതിരെ വിവേചനമുണ്ടാക്കിയ 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാന്‍ എന്റെ ആക്ടിവിസം എന്നെ നയിച്ചു. മറ്റു പല മുസ്‌ലിം വിദ്യാര്‍ഥി നേതാക്കളെയുംപോലെ നിര്‍ലജ്ജം സര്‍ക്കാര്‍ പക്ഷംചേരുന്ന, വെറുപ്പിന്റെ പ്രഥമസ്ഥലികളായ ടി.വി ചാനലുകളില്‍വെച്ച് ഞാന്‍ മാധ്യമവിചാരണ നേരിടേണ്ടിവന്നു. അവരെന്റെ പ്രസംഗങ്ങളെ വളച്ചൊടിക്കുകയും വിഘടനവാദിയായി ചിത്രീകരിക്കുകയും ചെയ്തു. പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിനായി രാജ്യതലസ്ഥാനത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിയ മുസ്‌ലിംവിരുദ്ധ കലാപത്തില്‍ ഒട്ടേറെ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. മുസ്‌ലിംകളുടെ അക്രമരഹിതമായ അവകാശസമരത്തോട് അക്രമത്തിലൂടെ പ്രതികരിച്ചുകൊണ്ട് ഭരണകൂടം പറയാന്‍ ശ്രമിച്ചത് ഭരണഘടനാപരമായ അവകാശങ്ങളുടെ ഏറ്റവും ചെറിയ പ്രകടനംപോലും ഞങ്ങള്‍ക്ക് അസഹനീയമാണെന്നും മുസ്‌ലിംകള്‍ അവകാശങ്ങളില്ലാത്തവരാണെന്നുമായിരുന്നു.

കോവിഡ് മഹാമാരി വ്യാപിച്ചതോടെ പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോള്‍ തകര്‍ക്കപ്പെട്ട ഞങ്ങളുടെ വീട് കോവിഡ് ലോക്ഡൗണില്‍ പട്ടിണികിടക്കുമായിരുന്ന നിരവധി മനുഷ്യര്‍ക്ക് മാസാമാസം റേഷന്‍ നല്‍കുന്ന വിതരണകേന്ദ്രമായി മാറി. വെറുപ്പിന്റെ വിതരണക്കാരാവട്ടെ തങ്ങളുടെ ജോലി അപ്പോഴും പൂര്‍വാധികം ശക്തിയോടെ ചെയ്തുപോന്നു, ഇന്ത്യയില്‍ വൈറസ് പടര്‍ന്നതിന് മുസ്‌ലിംകളെ പഴിചാരി. സര്‍ക്കാര്‍ തങ്ങളുടെ കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ മുസ്‌ലിം സമുദായത്തെ ബലിയാടാക്കുകയായിരുന്നു. കാരണം ഞങ്ങളോടുള്ള വിദ്വേഷം മറ്റെന്തിനെക്കാളും വിജയിച്ചുനില്‍ക്കും.

ഓരോ ആഴ്ചയും ഹിന്ദു അധീശവാദികളുടെ പദ്ധതിരേഖയില്‍ മുസ്‌ലിംകള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കും, പുതിയ വിവാദങ്ങള്‍, പുതിയ ഭയപ്പാടുകള്‍. സമുദായത്തെ ചൂഴ്ന്നുനിന്നിരുന്ന ഭയവിഹ്വലതകളില്‍നിന്നും ഒരു താല്‍ക്കാലിക ആശ്വാസമെന്നോണമായിരുന്നു ഇത്തവണത്തെ റമദാന്‍ വന്നെത്തിയത്, എന്നാല്‍ അതും നീണ്ടുനിന്നില്ല. ആക്രമണോത്സുകമായ ഹിന്ദു റാലികള്‍ കൂടുതല്‍ മുസ്‌ലിം വീടുകളും മറ്റും തകര്‍ത്തും തീവെച്ചും നാശനഷ്ടമുണ്ടാക്കി കടന്നുവന്നു. വിദ്വേഷത്തിരമാലകളെ നോക്കി നിസ്സഹായമായി അബ്ബുവിന് പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ടു. അദ്ദേഹത്തിനേറ്റവും നന്നായി അറിയാവുന്ന വഴിയിലൂടെ പ്രത്യാക്രമണം തുടര്‍ന്നു- പൊലീസിനും നീതിപീഠത്തിനും പരാതി നല്‍കുക.

ബി.ജെ.പി വക്താക്കളുടെ ഹീനമായ നബിനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്ന രോഷത്തെ ക്രിയാത്മകമായി നിയന്ത്രിച്ചുനിര്‍ത്താനും സമുദായത്തിനുവേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, ജൂണ്‍ 10ന് ജുമുഅ നമസ്‌കാരശേഷം പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കൂടുതല്‍ അടിച്ചമര്‍ത്തലുകളും പൊളിച്ചുനീക്കലുകളുമുണ്ടായി. 'ബുള്‍ഡോസര്‍ നീതി' ഞങ്ങളുടെ വീടിനെ ലക്ഷ്യമാക്കി വരുന്നത് അപ്പോഴാണ്. അവര്‍ ഞങ്ങളുടെ വീട് തകര്‍ക്കുകയും തത്സമയം അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

എനിക്കിനി എന്നാണ് ഒരു രാത്രിയെങ്കിലും സമാധാനമായി ഉറങ്ങാൻ കഴിയുക എന്നറിഞ്ഞുകൂടാ. ഭരണസ്ഥാപനങ്ങള്‍ എത്രത്തോളം നീതിപൂര്‍വമായിരിക്കുമെന്നും പൊലീസ് കസ്റ്റഡിയില്‍ അബ്ബുവിന് എന്തു സംഭവിക്കുന്നുവെന്നുമറിയില്ല. നിയമപോരാട്ടത്തിനു തയാറെടുക്കുകയാണ് ഞാനിപ്പോൾ. നിരപരാധിത്വം തെളിയിക്കേണ്ടിവരുന്ന, നിസ്സഹായതയുടെയും ഉത്കണ്ഠകളുടെയും വേദനകളുടെയും ഈ അവസ്ഥതന്നെ മോദിഇന്ത്യയിലെ ഒരു മുസ്‌ലിം ആയതിനുള്ള വലിയ ശിക്ഷാനടപടിയാണ്. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ലോകമറിയുന്നുണ്ടോ? അതിലവര്‍ക്ക് ആശങ്കയുണ്ടോ?

Tags:    
News Summary - afreen fatima's article published by time magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.