ബ്രസിന്‍സ്കിയുടെ പേടിസ്വപ്നങ്ങള്‍

വിദേശനയവും സുരക്ഷാനയവും കരുപ്പിടിപ്പിക്കുന്നതില്‍ വിവിധ യു.എസ് പ്രസിഡന്‍റുമാര്‍ക്ക് നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയ മീമാംസകനാണ് സിബ്ഗ്നിയോ ബ്രസിന്‍സ്കി. ഹാര്‍വസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളിലെ പ്രഫസര്‍, സോവിയറ്റ് ചേരിരാജ്യങ്ങളെ സംബന്ധിച്ച് നിര്‍ണായക പഠനങ്ങള്‍ നടത്തിയ ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ യു.എസ് വലതുപക്ഷത്തെ സദാ നിര്‍ണായകമായി സ്വാധീനിക്കാന്‍ പ്രാപ്തനായ അദ്ദേഹം ഇപ്പോള്‍ പ്രായാധിക്യത്തിന്‍െറ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍, അവശതക്കും പ്രായാധിക്യത്തിനും ഇടയിലും നടത്തിയ ‘ആഗോള പുന$ക്രമീകരണത്തിലേക്ക്’ (Towards a Global Realignment) എന്ന പ്രസംഗത്തില്‍ ബ്രസിന്‍സ്കി പഴയ നായകര്‍ക്ക് പുതിയ തന്ത്രങ്ങള്‍ പഠിക്കാനാകില്ളെന്ന് വിജയകരമായി കാട്ടിത്തന്നു. പ്രായാധിക്യവും അനാരോഗ്യവുമുണ്ടെങ്കിലും അഹംഭാവം അമേരിക്കന്‍ ഉന്നതരുടെ തന്ത്രോപദേഷ്ടാവ് എന്ന നശിച്ച പദവിയില്‍നിന്ന് വിരമിക്കുന്നതില്‍നിന്ന് ഈ യുദ്ധക്കുറ്റവാളിയെ തടയുകയാണ്. സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സര്‍വനാശത്തില്‍നിന്ന് വാള്‍സ്ട്രീറ്റിലെ വമ്പന്‍സ്രാവുകളെ രക്ഷിക്കാന്‍ തനിക്കുമാത്രമേ കഴിയൂവെന്ന് അവരെ അദ്ദേഹം ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. തന്‍െറ കിറുക്കന്‍ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയുടെ വിദേശനയം (പ്രത്യേകിച്ച് തന്‍െറ ശിഷ്യനായ ഒബാമ പ്രസിഡന്‍റായ ശേഷം) രൂപവത്കരിക്കപ്പെട്ടതെന്ന കാര്യം മറന്ന് തന്‍െറ യജമാനന്മാരോട് അദ്ദേഹം പറയുന്നത്: അമേരിക്കക്ക് അധികം വൈകാതെതന്നെ അധീശസ്ഥാനം നഷ്ടമാകുമെന്നും റഷ്യ, ചൈന തുടങ്ങിയ ശത്രുക്കളോട് യുദ്ധത്തിലേര്‍പ്പെട്ടാല്‍ കനത്ത പരാജയമായിരിക്കും ഫലം എന്നുമാണ്.

ഇതിനെതിരെ എന്തുചെയ്യാനാകും? എന്താണ് അദ്ദേഹത്തിന്‍െറ പദ്ധതി? ചൈനയെ റഷ്യയില്‍നിന്ന് അകറ്റുകയും അതില്‍ ഒരു രാജ്യത്തെ തങ്ങളുടെ ശത്രുവിനെതിരായി അമേരിക്കയുടെ ഭാഗത്ത് എത്തേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് അദ്ദേഹം നിര്‍ദേശിക്കുന്ന പരിഹാരം. കുറഞ്ഞപക്ഷം ഇത് യുക്തിഹീനവും ദയനീയവും തന്നെ. തങ്ങള്‍ക്കുനേരെ അഴിച്ചുവിട്ട സാമ്പത്തികവും സൈനികവും മാനസികവുമായ യുദ്ധത്തിന് കീഴടങ്ങാന്‍ വിസമ്മതിച്ച റഷ്യയുടെ ധിക്കാരത്തെ സൂചിപ്പിച്ച് ബ്രസിന്‍സ്കി, അമേരിക്കക്ക് ശത്രുവിനെപ്പറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്. അമേരിക്ക ഉഭയസമ്മതത്തോടെ (ശത്രുവുമായുള്ള) ചെയ്യുന്നത് ആത്മഹത്യയിലേക്കോ അവആധിപത്യ നഷ്ടത്തിലേക്കോ നയിക്കാവുന്ന പുതിയ ആയുധസംവിധാനങ്ങള്‍ വിന്യസിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കും. ഇത് ആഗോള രാഷ്ട്രീയത്തിലെ അമേരിക്കയുടെ മേല്‍ക്കൈ അവസാനിപ്പിക്കും. അദ്ദേഹത്തിന്‍െറ അഭിപ്രായപ്രകാരം ഇത് ആഗോളതലത്തില്‍ ഒരു ക്രമഭംഗത്തിലേക്ക് നയിക്കും. അതിനാല്‍, എത്രയും പെട്ടെന്ന് റഷ്യയെയും ചൈനയെയും തമ്മില്‍ പിണക്കുകയും അവരിലൊന്നിനെ അമേരിക്കന്‍ പങ്കാളിയാക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ, ആരെ ശത്രുവാക്കണം, ആരെ പങ്കാളിയാക്കണം എന്നത് വലിയ ആശയക്കുഴപ്പമാണ്. ‘ഏറ്റവുമധികം പ്രവചനാതീതരും അക്രമണം നടത്താന്‍ കൂടുതല്‍ സാധ്യതയുള്ളവരുമായവരെ തടയണം’. ‘ആരാണ് അത്?’ അമേരിക്കയുമായി ഒരു യുദ്ധത്തിന് തയാറെടുക്കാന്‍ സാധ്യത കൂടുതലുള്ളത് റഷ്യയാണ്. അപ്പോള്‍ പുടിന്‍െറ റഷ്യക്കെതിരായി ചൈനയുമായി കൂട്ടുചേരണോ? അത്ര പെട്ടെന്ന് വേണ്ടെന്ന് അദ്ദേഹം പറയുന്നു. ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ചൈന ആക്രമണം അഴിച്ചുവിടാനുള്ള സാധ്യതയാണ് കൂടുതല്‍.’ ആദ്യം കൈയുയര്‍ത്തുന്നവര്‍ക്ക് പങ്കാളിത്ത രാഷ്ട്രപദവി നല്‍കി ചൈനക്കും റഷ്യക്കും ഇടയില്‍ പിളര്‍പ്പുണ്ടാക്കുക എന്നതാകാം വാള്‍സ്ട്രീറ്റിന്‍െറ കുറ്റകരമായ രീതിയില്‍ കഴിവുകെട്ട ബൗദ്ധികാചാര്യന്‍ ഉന്നമിടുന്നത്. അങ്ങേയറ്റം അധ$പതിച്ച മിഥ്യാഭ്രമവും നാണക്കേടുളവാക്കുന്ന കഴിവുകേടുമാണ് നമുക്ക് ഇത്തരം പ്രവൃത്തികളില്‍ കാണാനാവുന്നത്.

അദ്ദേഹത്തിന്‍െറ കുടിലമായ തന്ത്രങ്ങള്‍ നിറഞ്ഞ പഠനത്തില്‍ പിന്നെ വരുന്നത് യൂറോപ്പിനെപ്പറ്റിയുള്ള വിലയിരുത്തലാണ്. അവ വ്യക്തമായി അദ്ദേഹം പറയുന്നില്ല എന്നതാണ് സത്യം. അവരുടെ പല്ലു കൊഴിഞ്ഞിരിക്കുന്നു. അമേരിക്കയുടെ ആധിപത്യത്തിന് ഒട്ടും ഭീഷണിയാകാതെ അവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട്. അവരുടെ പരമാധികാരത്തിന് എതിരായുള്ള എല്ലാ ആജ്ഞകളെയും അവര്‍ അനുസരിക്കുകയും നാറ്റോയെ ശക്തിപ്പെടുത്താന്‍ ആത്മപീഡയേല്‍പിച്ച് ശ്രമിക്കുകയും ചെയ്യും. തെക്കുനിന്നുള്ള ആസൂത്രിതമായ കുടിയേറ്റം (ബ്രസിന്‍സ്കിയുടെ ഭാഷയില്‍ ഉണര്‍വ്) സൃഷ്ടിക്കുന്ന ആശയക്കുഴപ്പം അവരെ അശക്തരും അപ്രസക്തരുമാക്കും. മിഡില്‍ ഈസ്റ്റിലെ പ്രക്ഷോഭങ്ങളും ആഭ്യന്തരയുദ്ധങ്ങളും തുടരുന്നത് ഉറപ്പാക്കി അമേരിക്ക ഒരു വെടിക്ക് രണ്ടുപക്ഷികളെ പിടിക്കും.
1) പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ട് പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും അനിശ്ചിതാവസ്ഥ ഉറപ്പുവരുത്തും. അവിടങ്ങളില്‍നിന്നുള്ള പൂര്‍ണമായ സൈനിക പിന്മാറ്റത്തിന് യു.എസ് തയാറാകില്ല.
2) ഇത്തരത്തില്‍ കലുഷിതമായ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കും.
‘പോസ്റ്റ് കൊളോണിയല്‍ മുസ്ലിംകള്‍ക്കിടയിലെ രാഷ്ട്രീയ ഉണര്‍വ് അവര്‍ നേരിട്ട മൃഗീയമായ അടിച്ചമര്‍ത്തലിനെതിരായി (മുഖ്യമായും യൂറോപ്യന്‍ ശക്തികളില്‍നിന്ന്), വൈകിയാണെങ്കിലും ഉണ്ടായ പ്രതികരണമാണ്’ എന്ന് വിശദീകരിച്ച് ബ്രസിന്‍സ്കി അക്രമങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. അതിനാല്‍, യൂറോപ്യര്‍ തങ്ങളുടെ കൊളോണിയല്‍ പാപങ്ങള്‍ക്കുള്ള പ്രതികാരത്തിന് പാത്രീഭൂതരാകണം എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. പ്രധാന യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളോ പാര്‍ട്ടികളോ സംഘടനകളോ ഇത്തരമൊരു വിമര്‍ശത്തിനെതിരായി പ്രതികരിച്ചില്ല എന്നത് അവിശ്വസനീയമാണ്. ‘ആഗോള രാഷ്ട്രീയ ഉണര്‍വ്’ എന്നത്, യൂറേഷ്യയെയും റഷ്യയെയും ഒറ്റപ്പെടുത്താനും അവിടെ അട്ടിമറിനടത്താനും ആവിഷ്കരിച്ച പദ്ധതിയെ ഗ്രാന്‍ഡ് ചെസ്ബോര്‍ഡ് എന്ന പേരുചൊല്ലി വിളിച്ചതിനു സമാനമായി ബ്രസിന്‍സ്കി തന്നെ കണ്ടത്തെിയ ഒരു പദപ്രയോഗമാണ്. 2008 ഡിസംബര്‍ 16ന് ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഗ്ളോബല്‍ ‘പൊളിറ്റിക്കല്‍ അവേക്കനിങ്’ എന്ന ലേഖനം പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട തന്‍െറ ശിഷ്യന് ബ്രസിന്‍സ്കി നല്‍കിയ തുറന്ന യുദ്ധകല്‍പനയായിരുന്നു.

ബുഷ്-ഡിക്ചെനി സഖ്യത്തിന്‍െറ കുറ്റകരമാംവിധമുള്ള തലതിരിഞ്ഞ ഭരണത്താല്‍ വാള്‍സ്ട്രീറ്റിലെ രക്ഷസുകള്‍ക്ക് നഷ്ടമായ രാഷ്ട്രീയ അധികാരം വീണ്ടെടുക്കാനുള്ള മാന്ത്രികഗുളികക്ക് തിടുക്കംകൂട്ടുകയായിരുന്നു 2008ല്‍ ബ്രസസിന്‍സ്കി. ഇക്കാലത്ത് ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അമേരിക്ക പ്രതിഷേധം നേരിടുകയും അവര്‍ റഷ്യയോട് സാമ്പത്തിക, രാഷ്ട്രീയ പങ്കാളിത്തത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഈ ലേഖനത്തില്‍ ഒബാമ തനിക്ക് കുപ്പിയിലടച്ച ഭൂതത്തെപ്പോലെ വഴങ്ങുന്നയാളാണെന്ന് ബ്രസിന്‍സ്കി വമ്പു പറയുന്നു. അദ്ദേഹം ആംഗ്ളോ അമേരിക്കന്‍ അധികാരികള്‍ക്ക് തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താനുതകുന്ന തന്‍െറ സ്ഥിരം മാന്ത്രികക്കൂട്ട് നല്‍കുകയും ചെയ്യുന്നു. ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ നേതൃത്വത്തെപ്പറ്റിയുള്ള സംശയം വ്യാപകമായ ഒരു സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റ് അധികാരത്തിലത്തെുന്നത്. ഇതൊരു പച്ചയായ യാഥാര്‍ഥ്യമാണ്. ഈ വെല്ലുവിളിയെ കാലാവസ്ഥാ വ്യതിയാനം, ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍, സാമൂഹിക അസമത്വം എന്നിവ സങ്കീര്‍ണമാക്കുന്നുണ്ട്. ഇവ ഞാന്‍ നേരത്തേ സൂചിപ്പിച്ച ആഗോള രാഷ്ട്രീയ ഉണര്‍വിന്‍െറ സന്ദര്‍ഭത്തില്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.

ബ്രസിന്‍സ്കി വിളിച്ച ‘ആഗോള രാഷ്ട്രീയ ഉണര്‍വ്’ എന്നത് 1978-79 കാലഘട്ടത്തില്‍ അയാളുടെതന്നെ വൃത്തികെട്ട കളിയുടെ തനിയാവര്‍ത്തനമാണ്.അമേരിക്കയുടെ ആഗോള അധീശത്വം നിലനിര്‍ത്താന്‍ അന്യരാജ്യങ്ങളില്‍ ഇടപെട്ട് ശിഥിലീകരണം സൃഷ്ടിക്കാനുള്ള തന്‍െറ പദ്ധതികളെ മനോഹര പദാവലികളില്‍ അവതരിപ്പിച്ച് കസര്‍ത്തുനടത്തുകയാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ ആഗോള സന്തുലനത്വവും സ്ഥിരതയും നിലനിര്‍ത്താന്‍ ബഹുലോകക്രമം അനിവാര്യമാണെന്ന നിയോ റിയലിസ്റ്റുകളുടെ നിര്‍ദേശത്തെ ഇദ്ദേഹം പാടേ നിരാകരിക്കുന്നു. ഇവിടെ യുദ്ധകൃത്യം എന്ന് ലളിതമായും പച്ചക്കും വിളിക്കാവുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കുകയും വസ്തുതകളെ നിഗൂഢവത്കരിക്കുകയുമാണ്. പക്ഷേ, ഈ നാശമടുത്ത സര്‍പ്പത്തിന് താന്‍ ചെയ്ത യുദ്ധക്കുറ്റങ്ങളുടെ വലിയ പട്ടികയും തന്‍െറ കഴിവുകേടുകളും മറക്കാന്‍ ഇന്ന് അധികമൊന്നും ചെയ്യാനാകുന്നില്ല എന്നതാണ് വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.