പൊതുവിദ്യാഭ്യാസം ഉടച്ചുവാര്‍ക്കണം

പുതിയ സര്‍ക്കാറില്‍ നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട പരിഷ്കരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയുമായ ലിഡ ജേക്കബ്

നിര്‍ണായകമായ ചില അഴിച്ചുപണികള്‍ക്കാണ് പൊതുവിദ്യാഭ്യാസരംഗം കാതോര്‍ക്കുന്നത്. കാലാനുസൃത മാറ്റംകൊണ്ടേ വിദ്യാഭ്യാസമേഖലക്ക് ഇനി പിടിച്ചുനില്‍ക്കാനാവൂ. കൃത്യവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള മാറ്റമായിരിക്കണമത്. നമ്മുടെ സംസ്കാരം, സമൂഹം, ദേശീയത തുടങ്ങിയവയെല്ലാം നിര്‍ണയിക്കുന്ന പ്രധാനഘടകമെന്ന നിലക്ക് സൂക്ഷിച്ചുവേണം പരിഷ്കാരം. ആത്യന്തികമായി നമ്മുടെ കുട്ടികളുടെ നന്മയും ഉയര്‍ച്ചയും ആവണം  ലക്ഷ്യം.
ഒരുകാര്യം വളരെ വ്യക്തമാണ്. പൊതുവിദ്യാഭ്യാസത്തിന്‍െറ നിലവാരത്തില്‍ നാമേറെ പിറകോട്ട് പോയിരിക്കുന്നു. 15-20 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന നിലവാരം ഇന്നില്ളെന്നത് അംഗീകരിച്ചേ മതിയാവൂ. പരീക്ഷയുടെ പ്രാധാന്യം കുറഞ്ഞു. എന്നാല്‍, പകരം നടത്തേണ്ട നിരന്തര മൂല്യനിര്‍ണയമെന്ന പ്രക്രിയ വെറും ചടങ്ങിലൊതുങ്ങി. കുട്ടികളെ യോഗ്യരാക്കാതെതന്നെ അടുത്ത ക്ളാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നു. ഫലമോ? പത്താംക്ളാസ് പാസാകുന്ന ഒരു വലിയവിഭാഗത്തിന് ശരിയാംവിധം എഴുതാനും വായിക്കാനും പോലും കഴിയുന്നില്ല.

മറ്റു സംസ്ഥാനങ്ങളിലേതുപോലെ കുട്ടികള്‍ സ്കൂളിലേക്കു വരാത്ത അവസ്ഥ ഇവിടെയില്ല. ഗുണനിലവാരമാണിവിടെ മുഖ്യപ്രശ്നം. സംസ്ഥാന സിലബസില്‍നിന്ന് വര്‍ഷന്തോറും കുറെ കുട്ടികള്‍ അണ്‍എയ്ഡഡ് മേഖലയിലേക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലേക്കും മാറുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ കണക്കുകളനുസരിച്ച് 2015-16ല്‍ 37.73 ലക്ഷം കുട്ടികളാണ് സ്റ്റേറ്റ് സിലബസ് സ്കൂളുകളില്‍ പഠിക്കുന്നത്. ഇതില്‍ 10.65 ലക്ഷംപേര്‍ ഇംഗ്ളീഷ് മീഡിയത്തിലാണ്. കൂടാതെ, സംസ്ഥാനത്തുള്ള 1200ഓളം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ 11 ലക്ഷം കുട്ടികള്‍ പഠിക്കുന്നു. അതായത്, ആകെ വിദ്യാര്‍ഥി സമൂഹമായ 48.69 ലക്ഷം കുട്ടികളില്‍ 44.39 ശതമാനം ഇംഗ്ളീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. ഈ കണക്കുകളില്‍നിന്ന് ചില യാഥാര്‍ഥ്യങ്ങള്‍ ഉള്‍കൊള്ളേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തിയും കാലാനുസൃതമാക്കിയും മത്സരപ്പരീക്ഷകള്‍ക്ക് ഉതകുന്നതാക്കി നഷ്ടപ്രഭാവം തിരിച്ചെടുക്കാന്‍ സാധിക്കും. ആ നിലക്കുള്ള ചിന്തകളും സംവാദങ്ങളുമാണ് ഉയര്‍ന്നുവരേണ്ടത്. പൊതുവിദ്യാലയങ്ങളുടെ സമയക്രമംമുതല്‍ അധ്യാപകരുടെ കാര്യക്ഷമതവരെ നീളുന്ന സമഗ്രമായ മാറ്റത്തിലൂടെ മാത്രമേ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കഴിയൂ. നാം പിന്തുടരുന്ന ചില രീതികളും സംവിധാനങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടിയും വരും. അംഗീകൃത ഗ്രേഡിങ് സംവിധാനത്തിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ക്ക് ഗ്രേഡിങ് നടത്തണം. തങ്ങളുടെ സ്കൂള്‍ എവിടെ നില്‍ക്കുന്നുവെന്ന് സ്വയം വിലയിരുത്താനും ഇതുവഴി സാധിക്കും. ഈ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ ആവശ്യമാണ്.

ഗുണനിലവാരം ഉയര്‍ത്തണം

2010-’11കാലയളവില്‍, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ സംസ്ഥാന ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ ഒരു ഏകാംഗ കമീഷന്‍ ആയി കേരള സര്‍ക്കാര്‍ എന്നെ നിയമിച്ചിരുന്നു. കമീഷന്‍ തയാറാക്കിയ ചട്ടങ്ങള്‍ ചെറിയ മാറ്റങ്ങളോടെ നിയമസഭ അംഗീകരിക്കുകയും ചെയ്തു. ഇതുപ്രകാരം സര്‍ക്കാര്‍ ചില നടപടികളെടുത്തിട്ടുണ്ട്. എന്നാല്‍, ഗുണനിലവാരം ഉയര്‍ത്തുന്നതിനായി നിര്‍ദേശിച്ച ചട്ടങ്ങള്‍ ഇനിയും പ്രാവര്‍ത്തികമാക്കാനുണ്ട്. പ്രധാനമായും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതുപ്രകാരം നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയ്നിങ്ങുമായി (എന്‍.സി. ഇ.ആര്‍.ടി) ചേരുന്ന പാഠ്യപദ്ധതി സംസ്ഥാനത്തും നടപ്പാക്കണം. ദേശീയതലത്തിലെ മത്സരപ്പരീക്ഷകളിലും പ്രധാനപ്പെട്ട കോഴ്സ് പ്രവേശത്തിലും നമ്മുടെ കുട്ടികള്‍ പിന്തള്ളപ്പെടുന്നതിന് പ്രധാന കാരണം എസ്.എസ്.എല്‍.സി പാഠ്യപദ്ധതിയും എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതിയും തമ്മിലുള്ള അന്തരമാണ്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയുമായി ഒത്തുപോവുന്ന രീതി വന്നാല്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ഗണ്യമായി തടയാന്‍ കഴിയും. ഗുണനിലവാരത്തിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇടംനല്‍കരുത്. ഇതിനായി പുതിയ അധ്യാപക പരിശീലനങ്ങള്‍ രൂപപ്പെടുത്തണം.  ക്ളാസ് മുറികളില്‍ അധ്യാപകര്‍ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. ചെറുപ്പം മുതല്‍ പുതിയ ടെക്നോളജി സ്വായത്തമാക്കിയ പുതുതലമുറയെ പഴഞ്ചന്‍ രീതിയിലാണ് മിക്ക അധ്യാപകരും പഠിപ്പിക്കുന്നത്. നവീന സാങ്കേതികവിദ്യ ഉള്‍ക്കൊണ്ട് പാഠ്യപദ്ധതിയിലും കാതലായ മാറ്റം അനിവാര്യമാണ്.

കേരള വിദ്യാഭ്യാസ അവകാശച്ചട്ടം റൂള്‍ 18 അനുസരിച്ച് പ്രധാനാധ്യാപകനും അധ്യാപകരും 11 പ്രധാന ഉത്തരവാദിത്തങ്ങളും ചുമതലകളും നിര്‍വഹിക്കേണ്ടതുണ്ട്.

അവയില്‍ ചിലത്: പാഠ്യ-പാഠ്യേതര പ്രവൃത്തികളുള്‍പ്പെടുത്തി എല്ലാ വര്‍ഷവും അക്കാദമിക് കലണ്ടര്‍ തയാറാക്കണം. പ്രധാനാധ്യാപകര്‍ ഈ കലണ്ടര്‍ പ്രകാരം അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തി നിര്‍ദേശങ്ങളും തിരുത്തലുകളും നല്‍കണം. അധ്യയനവര്‍ഷം ഉടനീളം, കുട്ടികളുടെ പഠനനിലവാരവും അതത് ക്ളാസില്‍ നേടിയിരിക്കേണ്ട അറിവുകളും നൈപുണ്യവും നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇവ നേടിയിട്ടില്ലാത്ത കുട്ടികള്‍ക്കു പരിഹാരക്ളാസുകള്‍ നടത്തണം.

മധ്യവേനലവധി കുറക്കണം

രണ്ടുമാസത്തെ വേനലവധിയാണ് നമുക്കുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷക്കു മുമ്പ് മറ്റു ക്ളാസുകളിലെ പരീക്ഷ തീര്‍ക്കുന്നതിനാല്‍, ഹൈസ്കൂളില്‍ അവധി യഥാര്‍ഥത്തില്‍ മൂന്നുമാസം വരെ നീളുന്നു. ഇത്രയും നീണ്ട അവധിനല്‍കുന്നത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കാണുന്നു. ആവശ്യമായ പ്രവൃത്തിദിവസങ്ങള്‍തന്നെ കിട്ടാതിരിക്കുന്ന വേളയിലാണ് ഈ നീണ്ട അവധി.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരം എല്‍.പി തലത്തില്‍ 200ഉം യു.പി തലത്തില്‍ 220ഉം പ്രവൃത്തി ദിനങ്ങള്‍ വേണം. ഹര്‍ത്താലുകള്‍, പ്രാദേശിക അവധികള്‍ മുതലായ പല അവധികളുമുള്ളതിനാല്‍ 150 പ്രവൃത്തിദിനംപോലും നിലവില്‍ ലഭിക്കുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്രയും നീണ്ട അവധിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റും മക്കളെ പഠിപ്പിക്കുന്നവരാണ് ഇവിടെ രണ്ടുമാസ അവധിക്ക് വാശിപിടിക്കുന്നത്. കുട്ടിയുടെ നിലവാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവധിക്കാര്യത്തില്‍ വീണ്ടുവിചാരം അനിവാര്യമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍

പൊതുവിദ്യാലയങ്ങളുടെ നിലവാരം കൂട്ടുന്നതില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണ്. നിര്‍ഭാഗ്യവശാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ വേണ്ടവിധം നടക്കുന്നില്ല. കുട്ടിയെ സ്കൂളിലത്തെിക്കുന്നതിന്‍െറ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. പി.ടി.എയുമായി ബന്ധപ്പെട്ട് സ്കൂളിലേക്കുള്ള യാത്രാസൗകര്യം ഒരുക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും വനം-മലയോര-ദ്വീപ് മേഖലകളിലെ കുട്ടികള്‍ക്കുവേണ്ടി. ക്ളാസ് സമയം ക്രമീകരിക്കുന്നതും പരിഗണിക്കേണ്ട വിഷയമാണ്. രാവിലെ ഏഴ്/എട്ട് മണി മുതല്‍ ഒന്ന്/ രണ്ട് മണിവരെ മാറ്റുന്നത് അഭികാമ്യം. ഇതുവഴി കളികള്‍ക്കും മറ്റു പാഠ്യേതര പ്രവൃത്തികള്‍ക്കും ആവശ്യമായ സമയം ലഭിക്കും. കൂടുതല്‍ അധികാരങ്ങള്‍ നല്‍കി പി.ടി.എ ശക്തിപ്പെടുത്തണം. സമൂഹവുമായി ബന്ധപ്പെട്ടായിരിക്കണം സ്കൂള്‍ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാര്‍ഥികളുടെ മാനസികസമ്മര്‍ദം കുറയ്ക്കുന്നതിന് കൗണ്‍സിലറുടെ സേവനം ലഭ്യമാക്കണം. ഉച്ചഭക്ഷണ രീതിയിലും ചെറിയ മാറ്റങ്ങളാവാം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തില്‍നിന്ന് വ്യത്യസ്തമായ മെനു പല സ്കൂളുകളും സ്വീകരിച്ചിട്ടുണ്ട്. അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ചില പൊതുവിദ്യാലയങ്ങള്‍ അല്‍പമെങ്കിലും ശക്തിയാര്‍ജിച്ചത്. 2010-2011ല്‍ കുട്ടികള്‍ വളരെ കുറവുള്ള 7301 സ്കൂളുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. കൂട്ടായ പ്രയത്നം വഴി 2015-2016ല്‍ 807 സ്കൂളുകള്‍ക്ക് നവജീവന്‍ നല്‍കി ഈ സംഖ്യ 6494 ആയി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് പ്രതീക്ഷക്ക് വകനല്‍കുന്നു.

തയാറാക്കിയത്: എം.സി. നിഹ്മത്ത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.