നീതി ലഭ്യമാക്കും വരെ പൗരരോടൊപ്പം

ലോകമാകെയുള്ള ന്യൂനപക്ഷ സമൂഹം ഭീതിയുടെയും അടിച്ചമർത്തലുകളുടെയും മുന്നിൽ പകച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഈ വർഷത്തെ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ആധിപത്യം ഇല്ലാത്തതും ഒരു പ്രത്യേക രാജ്യത്തിനുള്ളിൽ സംഖ്യാപരമായി താഴ്ന്നതുമായ ഒരു സമൂഹത്തെയാണ് ഐക്യരാഷ്ട്ര സംഘടന ന്യൂനപക്ഷമായി നിർവചിച്ചിരിക്കുന്നത്. 1992 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിലും ന്യൂനപക്ഷ അവകാശ ദിനം ആചരിച്ച് തുടങ്ങിയത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് വിവേചനം നേരിടാതെ സ്വന്തം സംസ്കാരം സ്വീകരിക്കാനും സ്വന്തം മതവിശ്വാസം ആചരിക്കാനും സ്വന്തം ഭാഷ ഉപയോഗിക്കാനുമുള്ള അവകാശം ഈ പ്രഖ്യാപനം അടിവരയിടുന്നു.

1992ലെ ദേശീയ ന്യൂനപക്ഷ കമീഷൻ നിയമപ്രകാരം ദേശീയ ന്യൂനപക്ഷ കമീഷനും അതിന്റെ ചുവടുപിടിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുമുണ്ടായി. 2013 മേയ് 15നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നിലവിൽ വന്നത്. സംസ്ഥാനത്തെ പ്രധാന ന്യൂന പക്ഷങ്ങളായ മുസ്‍ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഉറപ്പുവരുത്താൻ കമീഷൻ നിരന്തരം ഇടപെട്ടു. കമീഷനിൽ പരാതി നൽകുന്നതിനും തുടർ നടപടികൾക്കുമായി ഒരു ഫീസും പരാതിക്കാർ നൽകേണ്ടതില്ല. വാട്സ് ആപ്പിലൂടെ പരാതി നൽകാനും സൗകര്യമുണ്ട്. സിവിൽ കോടതിയുടെ അവകാശം നിക്ഷിപ്തമായതിനാൽ പരാതികൾക്ക് ഉടനടി പരിഹാരം കാണാനും കമീഷന് സാധിക്കും.

സൂക്ഷ്‌മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സ‌ി വിഭാഗങ്ങൾക്കായി സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുകയും കേരള മീഡിയ അക്കാദമിയുമായി ചേർന്ന് അവരുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി സർക്കാറിന് സമഗ്രമായ റിപ്പോർട്ട് നൽകുകയും ചെയ്തു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി വിഷയങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ സാധിക്കുകയും ചെയ്‌തത്‌ കമീഷന്റെ നേട്ടമായി കരുതുന്നു. സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക്’ സ്കോളർഷിപ് പദ്ധതിയിൽ നിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ തന്നെ കമീഷൻ ഇടപെടുകയും ഒഴിവാക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളിൽ അർഹരായവർക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് ഉൾപ്പെടുത്തുന്നതിനായി ‘മാർഗദീപം’ എന്ന പേരിൽ ആവിഷ്കരിച്ച് 2024-25 ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനമാകെ ശ്രദ്ധിച്ച മറ്റൊരു ഇടപെടലാണ് തിരുവനന്തപുരം മുതലപ്പൊഴി തീരത്തേത്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്ന് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് നിരവധി മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും മരണമടയുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ട കമീഷൻ ഫിഷറീസ് ഡയറക്‌ടർ, തിരുവനന്തപുരം ജില്ല കലക്‌ടർ, തീരദേശ പൊലീസ് ഇൻസ്പെക്ട‌ർ, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എന്നിവരെ എതിർകക്ഷികളാക്കി സ്വമേധയാ കേസെടുത്തു.

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ വസ്‌തുക്കളുടെ കയറ്റിറക്കത്തിനായി മുതലപ്പൊഴി തുറമുഖം ഉപയോഗിച്ചതുമൂലം പൊഴിമുഖം കല്ലുകളും മറ്റും അടിഞ്ഞുകൂടി ആഴം കുറഞ്ഞത് കാരണമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്നും പൊഴിമുഖം അപകടരഹിതമാക്കാൻ ഡ്രഡ്‌ജിങ് നടത്തേണ്ടതുണ്ടെന്നും കണ്ടെത്തി. കമീഷന്റെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ 80 ശതമാനം ഡ്രഡ്‌ജിങ് ജോലികളും പൂർത്തിയായിരിക്കുകയാണ്.

വിഷയങ്ങളിൽ ഇടപെടുക മാത്രമല്ല പൗരർക്ക് നീതി ലഭ്യമാക്കുംവരെ അവരോടൊപ്പം നിൽക്കുക എന്നതാണ് ന്യൂനപക്ഷ കമീഷന്റെ ഉറച്ച നിലപാട്. ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള മനുഷ്യരെ ഓർമിച്ചു കൊണ്ട് എല്ലാ വർക്കും ന്യൂനപക്ഷ അവകാശ ദിനാശംസകൾ നേരുന്നു.

(കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ് ലേഖകൻ)

Tags:    
News Summary - Minority Rights Day 2026 Special Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.