തദ്ദേശ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. അക്ഷരാർഥത്തിൽ ഒരു ചരിത്രവിജയമാണ് യു.ഡി.എഫിന് ഉണ്ടായിട്ടുള്ളത്. ചുമതലയേൽക്കാൻ പോകുന്ന പുതിയ ഭരണസമിതികൾ ഗുരുതരമായ വെല്ലുവിളികളാണ് നേരിടാൻ പോകുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ആകെ കുത്തഴിഞ്ഞ നിലയിലാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാതെയാണ് പല ഭരണസമിതികളും പ്രവർത്തിച്ചുവന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിവിഹിതവും കേന്ദ്രം നൽകിയ വിഹിതവും യഥാവസരം നൽകാതിരുന്നതുമൂലം ഗുരുതര സാമ്പത്തിക പ്രതിസന്ധികളിലാണ് പഞ്ചായത്ത് സംവിധാനം ഇന്ന് എത്തിനിൽക്കുന്നത്.
വികേന്ദ്രീകൃത ആസൂത്രണം നടപ്പായ ശേഷം ഉണ്ടായ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് 2025-26 കാലത്ത് ഉണ്ടാകാൻ പോകുന്നത്. ബജറ്റിൽ മാറ്റിവെച്ച 8952 കോടിയിൽ ആകെ ചെലവ് 2591 കോടി മാത്രം- 30.66 ശതമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്ന് നിരന്തരം അവകാശപ്പെടുന്ന സി.പി.എം രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് അവയെ സാമ്പത്തികമായി ദുർബലപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് മൂന്നു ഗഡുവായാണ് പദ്ധതി പണം നൽകിക്കൊണ്ടിരുന്നത്. ഒന്നാം ഗഡു ഏപ്രിലിൽ, തുടർന്ന് ഒക്ടോബറിലും ജനുവരിയിലും രണ്ടും മൂന്നും ഗഡുക്കൾ. എന്നുമാത്രമല്ല, സർക്കാർ ഉത്തരവിലെ അവ്യക്തതമൂലമോ മറ്റു കാരണങ്ങളാലോ പദ്ധതി പ്രവർത്തനത്തിന് ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിന് മുമ്പ് ചേരുന്ന മൂന്നു മന്ത്രിമാരടങ്ങുന്ന കോഓഡിനേഷൻ കമ്മിറ്റി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമായിരുന്നു. തന്മൂലം നിർവിഘ്നം പദ്ധതി നടപ്പാക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് കഴിഞ്ഞിരുന്നു.
ഒന്നാം പിണറായി സർക്കാർ ഏതാണ്ട് ഇതു പിന്തുടർന്നുവെങ്കിലും രണ്ടാം പിണറായി സർക്കാർ ഇതെല്ലാം അട്ടിമറിച്ചു. യഥാസമയം പദ്ധതി വിഹിതം നൽകാത്ത സ്ഥിതിവിശേഷം ഉണ്ടായി. 2020-21 മുതൽ മൂന്നാം ഗഡു നൽകിയ ഷെഡ്യൂൾ താഴെ ചേർക്കുന്നു:
ഉമ്മൻ ചാണ്ടി സർക്കാർ ജനുവരി മാസത്തിൽ നൽകിവന്ന മൂന്നാം പദ്ധതി വിഹിതം പിണറായി സർക്കാർ നൽകിയത് മാർച്ച് മാസത്തിൽ മാത്രം. എന്നുമാത്രമല്ല, ഈ അഞ്ചു സാമ്പത്തിക വർഷവും മാർച്ച് 15 കഴിഞ്ഞ് കടുത്ത ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തി. തന്മൂലം മാർച്ചിൽ ലഭിച്ച പണംപോലും ചെലവാക്കാൻ കഴിയാത്ത ദുരവസ്ഥയിലേക്ക് തദ്ദേശസ്ഥാപനങ്ങൾ കൂപ്പുകുത്തി. ‘ഒരു കൈകൊണ്ട് നൽകുക, മറുകൈകൊണ്ട് തിരിച്ചെടുക്കുക’ -ഇതായിരുന്നു സമീപനം.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ജനുവരി മാസംതന്നെ മൂന്നാം ഗഡു നൽകിയിരുന്നതുമൂലം പദ്ധതി പണം 85 ശതമാനവും വിനിയോഗിക്കാൻ സാധിക്കുമായിരുന്നു. അവശേഷിക്കുന്ന 15 ശതമാനം ചേർത്ത് അടുത്ത വർഷത്തെ പ്ലാൻ തയാറാക്കാൻ കാരി ഓവർ സിസ്റ്റപ്രകാരം അനുമതി നൽകിയതുമൂലം ലഭ്യമായ ഫണ്ട് മുഴുവൻ ചെലവഴിക്കാൻ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. 85 ശതമാനം ചെലവഴിച്ചില്ലെങ്കിൽ ചെലവാക്കാത്ത പണം ലാപ്സ് ആകുമെന്നതിനാൽ 80 ശതമാനം സമിതികളും 85 ശതമാനത്തിലേറെ പണം യഥാസമയം ചെലവഴിക്കാൻ നിഷ്കർഷിച്ചിരുന്നു.
രണ്ടാം പിണറായി സർക്കാർ ഇതെല്ലാം മാറ്റിമറിച്ചു. മാർച്ച് മാസം മാത്രമാണ് മൂന്നാം ഗഡു ലഭിക്കുന്നത് എന്നതിനാൽ ട്രഷറി നിയന്ത്രണംമൂലം പദ്ധതിപ്പണം ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ചെലവാക്കാത്ത ഫണ്ട് കാരി ഓവർ ചെയ്യാൻ സമ്മതിച്ചില്ല എന്നുമാത്രമല്ല നടപ്പാക്കാതെ അവശേഷിക്കുന്ന സ്പിൽ ഓവർ വർക്കുകൾക്ക് അടുത്ത വർഷത്തെ ഫണ്ടിൽനിന്ന് പണം കണ്ടെത്തേണ്ടിവന്നു. ഫലത്തിൽ പിറ്റേ വർഷം ചെലവഴിക്കാനുള്ള ഫണ്ടിന്റെ ലഭ്യത കുറഞ്ഞു. ട്രഷറിയിൽ പണം ഇല്ലാതെ വന്നതുമൂലം ഉണ്ടായ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള തന്ത്രമായിരുന്നു ഇത്.
2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നീക്കിവെച്ച പ്ലാൻ ഫണ്ട് 8952.98 കോടിയാണ്. ഇതിൽ ഈ മാസം എട്ടാം തീയതി വരെ ചെലവഴിച്ചത് 2591.9 കോടിമാത്രം. അതായത്, 30.66 ശതമാനം. തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ ഡിസംബർ 15നോടെ പിൻവലിച്ചാൽ മാത്രമേ കെട്ടിക്കിടക്കുന്ന ബില്ലുകൾ പോലും ഇനി മാറാൻ കഴിയൂ. മാത്രവുമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി ചുമതലയേൽക്കാതെ പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച തുടർനടപടി സ്വീകരിക്കാനും സാധ്യമല്ല.
ഏപ്രിലിൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച് ആദ്യ ആഴ്ച ഉണ്ടായാൽ തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽവരും. ഫലത്തിൽ 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമേ കുറെയെങ്കിലും പദ്ധതി പണം ചെലവാക്കാൻ കഴിയൂ. ലഭ്യമായ പ്ലാൻ ഫണ്ടായ 8952 കോടിയിൽ ചെലവാക്കാൻ ബാക്കിയുള്ള 6361 കോടി ചെലവഴിക്കേണ്ടത് ഈ രണ്ടു മാസങ്ങളിലാണ്. ചുരുക്കത്തിൽ, 2025-26ലെ പ്ലാൻ ഫണ്ടിന്റെ 40 ശതമാനം (3580 കോടി) എങ്കിലും ചെലവാകാതെ ട്രഷറിയിൽ തിരിച്ചുകിട്ടും.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ സർക്കാർ കണ്ടെത്തിയ കുറുക്കുവഴിമൂലം വികേന്ദ്രീകൃത ആസൂത്രണം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ സർക്കാറിന്റെ ചുമലിൽ ഇതെല്ലാം കെട്ടിവെച്ച് ഇടതുമുന്നണി രക്ഷപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.