ഹിജാസ്-നജ്ദ്-സിറിയൻ മരുഭൂ മേഖലയിലെ നാടോടികളും അർധ-നാടോടികളുമായ ഗോത്രങ്ങൾ സംസാരിക്കുന്ന ഒരു മധ്യ-വടക്കൻ അറേബ്യൻ സെമിറ്റിക് ഭാഷയായി ഉത്ഭവിച്ച അറബി ഇന്ന് ലോകത്തെ ഇരുപതോളം രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയും ഇരുപതു രാജ്യങ്ങളിൽ രണ്ടാം ഭാഷയുമാണ്. മുസ്ലിംകളുടെ മാത്രം ഭാഷ എന്ന രീതിയിൽ പലപ്പോഴും അറബി അവതരിപ്പിക്കപ്പെടാറുണ്ട്. ഖുർആൻ അവതീർണമായ ഭാഷ എന്ന നിലയിൽ ഇതിന് കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നിരിക്കിലും അതിനും സഹസ്രാബ്ദങ്ങൾ മുമ്പുണ്ടായ ജനതകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയാണിത്.
തോറ(തൗറാത്ത്)യിലും ബൈബിളിലും ഖുർആനിലും പരാമർശിക്കപ്പെടുന്ന ഹൂദ്, സാലിഹ് എന്നീ പ്രവാചകന്മാരുടെ ജനതകൾ അറബികളായിരുന്നു. അവരുടെ ഗോത്രകാല ലിഖിതങ്ങളിൽ പലതും അസീറിയൻ രേഖകളിൽ നിന്ന് ലഭ്യമാണ്.
ബി.സി 2000-1800 കാലഘട്ടത്തിൽ മെസൊപ്പൊട്ടേമിയ(ഇറാഖ്)യിലും കാനാനി(ഫലസ്തീൻ)ലും ജീവിച്ച് കനാനൈറ്റ് ഭാഷ സംസാരിച്ച പ്രവാചകൻ ഇബ്രാഹീം (അബ്രഹാം) ഭാര്യ ഹാജറയെയും മൂത്ത മകൻ ഇസ്മാഈലിനെയും ഹിജാസിലെ മക്കയിൽ കൊണ്ടുവിട്ടു. യമനിൽ നിന്നുള്ള ഒരു അർധ നാടോടി വിഭാഗമായ ജുർഹും ഗോത്രം സംസം കിണറുള്ളതുകാരണം മക്കയിൽ താമസിച്ചു. ഇസ്മായിൽ ജുർഹുംകാരിയെ വിവാഹം കഴിച്ചു. അവരുടെ ഭാഷ അറബിയായിരുന്നു. അങ്ങനെ, നബി ഇബ്രാഹീമിന് നൂറ്റാണ്ടുകൾക്കുശേഷം, പ്രധാനമായും വടക്കൻ, മധ്യ അറേബ്യയിൽ, ഒരു പ്രത്യേക ഭാഷയായി അറബി ഉയർന്നുവന്നു.
നേരത്തെ അറബ് നാടോടികളായിരുന്ന ഒരു വിഭാഗം യമനിൽ കുടിയേറിയിരുന്നു. ഖഹ്താനി ഗോത്രങ്ങൾ എന്നാണിവർ അറിയപ്പെടുന്നത്. ആധുനിക അറബിയുടെ ഉപജ്ഞാതാക്കൾ (ആരിബ അറബി) ഖഹ്താനികളാണ്. യമൻ അന്നത്തെ ഏറ്റവും സമ്പന്നമായ, കാർഷിക വൃത്തിയിൽ മുന്നിട്ടുനിന്ന സമൂഹമായിരുന്നു. ബി.സി 1700നുമുമ്പ് നിർമിച്ച മആരിബ് അണക്കെട്ടിന്റെ തകർച്ചയോടെ വലിയ തോതിലുള്ള കുടിയിറക്കം യമനിൽ നിന്നുമുണ്ടായി. ഇത് ബി.സി ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലാണ്. അവരിൽ ചിലർ ഹിജാസിൽ താമസമാക്കി. ഇതാണ് മക്കയൊഴിച്ചുള്ള ഹിജാസ് മേഖലയിൽ, വിശേഷിച്ചും മദീനയിൽ ക്ലാസിക്കൽ അറബിയുടെ കടന്നുവരവിന് കാരണം.
മആരിബ് അണക്കെട്ടിന്റെ തകർച്ചയെത്തുടർന്ന് തെക്കൻ അറേബ്യയുടെ സിരാകേന്ദ്രമായിരുന്ന, സുഗന്ധദ്രവ്യങ്ങളുടെ കലവറയായിരുന്ന യമന്റെ പ്രതാപം അസ്തമിച്ചതോടെ ഖഹ്താനികൾ അടക്കമുള്ള ഗോത്രങ്ങൾ അറേബ്യൻ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. ഇത് അറബി ഭാഷയുടെ വളർച്ചക്ക് കാരണമായിട്ടുണ്ട്. പിൽക്കാലത്ത്, എ.ഡി 5-6 നൂറ്റാണ്ടുകളിൽ, തായിഫിനടുത്തുള്ള ഉക്കാസ് മേളയെ കേന്ദ്രീകരിച്ച് അറബ് സാഹിത്യത്തിന് വലിയ വളർച്ചയുണ്ടായി. വടക്കൻ, മധ്യ അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കവികളും എഴുത്തുകാരും ഗോത്ര പ്രതിനിധികളും കലാകാരന്മാരും പങ്കെടുത്ത കവിതാ മത്സരങ്ങളും സാഹിത്യ സമ്മേളനങ്ങളും നടന്നു. ഏറ്റവും മികച്ച കൃതികൾ മക്കയിലെ കഅബയിലും സമീപത്തും പ്രദർശിപ്പിച്ചു. ഇത് ഭാഷയുടെ വളർച്ചക്ക് മിഴിവേകി.
ഈ കാലഘട്ടം അറബി ഭാഷയുടെ അന്തസ്സ് ഉയർത്തുന്നതിലും ഔപചാരിക സാഹിത്യ രൂപങ്ങളെ മാനദണ്ഡമാക്കുന്നതിലും വാമൊഴി കൃതികൾ പ്രചരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ക്ലാസിക്കൽ അറബിക്ക് സാംസ്കാരികവും ഭാഷാപരവുമായ അടിത്തറ ഇത് നൽകി.
ഇസ്ലാമിന്റെ വരവോടെ മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലേക്കെല്ലാം അതിവേഗം അറബി വ്യാപിച്ചു. അതോടൊപ്പം തന്നെ അറബിയുടെ ഭാഷാപരവും സാഹിത്യപരവുമായ അടിത്തറകൾ ഇസ്ലാമിന് മുമ്പുള്ള സംഭവവികാസങ്ങളിൽ ആഴത്തിൽ വേരൂന്നിയതായി തുടരുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.