മന്ത്രിമാഷ്

വിദ്യാഭ്യാസം ഭരിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ല എന്നായിരുന്നു ഇരുമുന്നണികളുടെയും നിലപാടെന്ന് പല കോണില്‍നിന്നും വിമര്‍ശമുയരുകയുണ്ടായി. വിദ്യാഭ്യാസമന്ത്രിക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടോ എന്ന് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ പലപ്പോഴും ചോദിച്ചുപോയിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ഭരിക്കുന്ന വിഷയത്തില്‍ മന്ത്രിമാര്‍ക്കുള്ള അവഗാഹം. കേരളത്തിന്‍െറ വിദ്യാഭ്യാസ മന്ത്രാലയ ചരിത്രത്തില്‍ ആരാണ് രണ്ടാം മുണ്ടശ്ശേരി എന്ന് ചരിത്രത്തില്‍ കൗതുകമുള്ളവര്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. ചിലരൊക്കെ ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായി പറയുന്നത് സി. രവീന്ദ്രനാഥിന്‍െറ പേരാണ്.

തങ്ങളുടെ പ്രതിനിധി വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ പുതുക്കാട് മണ്ഡലത്തിലുള്ളവര്‍ പറഞ്ഞത് ഞങ്ങളുടെ എം.എല്‍.എ മന്ത്രിയായി എന്നല്ല; നമ്മുടെ മാഷ് മന്ത്രിയായി എന്നാണ്. പ്രായഭേദമന്യെ മണ്ഡലത്തിലുള്ളവര്‍ക്ക് മാഷാണ് രവീന്ദ്രനാഥ്. രാഷ്ട്രീയ പ്രസംഗങ്ങള്‍പോലും ഒന്നാന്തരം ക്ളാസുകള്‍. കേട്ടിരുന്നുപോവും. തെരുവുകള്‍പോലും ക്ളാസ്മുറികളാണ്. ഏതായാലും തൃശൂര്‍ സെന്‍റ് തോമസ് കോളജിന് അഭിമാനിക്കാം. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസമന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയെ കേരളത്തിനു സമ്മാനിച്ച കോളജ് തന്നെയാണ് ഇപ്പോള്‍ മറ്റൊരു വിദ്യാഭ്യാസ വിചക്ഷണനെ നാടിനു നല്‍കുന്നത്.

പഠിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല. അതാണ് പ്രകൃതം. തൃക്കൂര്‍ പഞ്ചായത്ത് സര്‍വോദയം സ്കൂളില്‍ രസതന്ത്രം പഠിപ്പിക്കാന്‍ അധ്യാപകനില്ലാത്തപ്പോള്‍ അധികൃതര്‍ എം.എല്‍.എയായ മാഷെ സമീപിച്ചു. എത്ര നിവേദനങ്ങള്‍ നല്‍കിയിട്ടും നിയമനമായില്ല. താല്‍ക്കാലിക അധ്യാപകരെ വെച്ച് ക്ളാസ് മുന്നോട്ടുകൊണ്ടുപോവാനും കഴിഞ്ഞില്ല. പരീക്ഷക്കാലത്തുപോലും പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ആളില്ലാത്ത അവസ്ഥ. പി.എസ്.സി നിയമനം നടത്തുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ളെന്ന് അവര്‍ മാഷോട് പറഞ്ഞു. അപ്പോള്‍ മാഷ് പറഞ്ഞു, ഞാന്‍ വരാം, കുട്ടികളെ പഠിപ്പിക്കാം. അങ്ങനെ കാല്‍നൂറ്റാണ്ടുകാലം കോളജിലെ കുട്ടികളെ പഠിപ്പിച്ച കെമിസ്ട്രിയിലെ സങ്കീര്‍ണപാഠങ്ങള്‍ മാഷ് പ്ളസ്ടു കുട്ടികള്‍ക്ക് പരീക്ഷക്ക് ഉതകുന്നവിധം പറഞ്ഞുകൊടുത്തു. 1980 മുതല്‍ 2006 വരെ തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ കെമിസ്ട്രി അധ്യാപകന്‍ ആയിരുന്നു. പൊതുരംഗത്ത് സജീവമായതോടെയാണ് അധ്യാപനരംഗം വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം ശമ്പളംകിട്ടുന്ന ജോലിയല്ല. അത് നിഷ്കാമകര്‍മമാണ്. മാഷിനെപ്പോലെ ലളിതവും സുതാര്യവുമായ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അതില്‍നിന്ന് കൈയിട്ടുവാരാനുമില്ല. അതുകൊണ്ടുതന്നെ യു.ജി.സിയുടെ ഉയര്‍ന്ന ശമ്പള സ്കെയിലിന്‍െറ പ്രലോഭനങ്ങള്‍ അവഗണിച്ചുകൊണ്ട് ജനമധ്യത്തിലേക്കിറങ്ങിയ മാഷിന്‍േറത് സാമൂഹികപ്രവര്‍ത്തനത്തിനായുള്ള അപൂര്‍വത്യാഗങ്ങളിലൊന്നാണ്.

ലളിതജീവിതം, ഉയര്‍ന്ന ചിന്ത എന്നതാണ് ആദര്‍ശം. മാതൃകാപരമായ പൊതുപ്രവര്‍ത്തനം വീട്ടില്‍നിന്നുതന്നെ തുടങ്ങി. മകളുടെ വിവാഹം ആര്‍ഭാടമില്ലാതെ നടത്തി. കോളജില്‍ സൈക്കിളില്‍ വന്നിരുന്ന മാഷിന്‍െറ ലാളിത്യംകണ്ട് വാപൊളിച്ചുനിന്ന വിദ്യാര്‍ഥികളുണ്ട്. ക്ളാസ് തുടങ്ങാനുള്ള നേരമാവുമ്പോള്‍ കോളജിന്‍െറ കവാടത്തിലൂടെ വിയര്‍ത്തൊലിച്ച് സൈക്കിള്‍ ചവിട്ടിയുള്ള മാഷിന്‍െറ വരവ് ശിഷ്യന്മാര്‍ മറക്കില്ല. പല പരിപാടികള്‍ക്കും മാഷെ ക്ഷണിക്കാന്‍ വന്നിട്ടുള്ളവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു നിന്നിട്ടുണ്ട്. ഒരിക്കല്‍ പരമദരിദ്രനായ ഏതോ കള്ളന്‍ ആ സൈക്കിള്‍ മോഷ്ടിച്ചുവെന്ന് മാഷ് ശിഷ്യന്മാരോട് ഒരു ചിരിയോടെ പറഞ്ഞു. പുതിയ ഒരു സൈക്കിളുമായി മാഷെ പിന്നീടും കണ്ടു. കൃഷിയിടങ്ങളിലും നെല്‍വയലുകളിലും തെരുവുകളിലും സജീവസാന്നിധ്യമാണ്. അക്കാദമിക രംഗത്തെ പണ്ഡിതര്‍ പലപ്പോഴും ദന്തഗോപുരവാസികളാവുകയാണ് പതിവ്. പക്ഷേ, ജനമധ്യത്തിലും തെരുവോരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതനാണ് മാഷ്.

കൊടകര മണ്ഡലത്തിന്‍െറ അവസാന എം.എല്‍.എയും പുതുക്കാട് മണ്ഡലത്തിന്‍െറ ആദ്യ എം.എല്‍.എയുമാണ്. 2011ലാണ് കൊടകര മണ്ഡലത്തിന്‍െറ പേര് പുതുക്കാട് എന്നാക്കി മാറ്റിയത്. പുതുക്കാടുനിന്ന് മൂന്നു തവണയും വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച 10 എം.എല്‍.എമാരില്‍ ഒരാളാണ്. പുതുക്കാടായി മാറുന്നതിനുമുമ്പ് ഈ മണ്ഡലത്തില്‍നിന്ന് ഒരു മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉണ്ടായിട്ടുണ്ട്. 1970ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. ലോനപ്പന്‍ നമ്പാടനും കെ.പി. വിശ്വനാഥനും മന്ത്രിമാരായി.  മാഷ് മന്ത്രിസഭയില്‍ എത്തുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പേ അഭിപ്രായം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയാണ് ആഗ്രഹം തുറന്നു പ്രകടിപ്പിച്ചത്. മത,ജാതി വീതംവെപ്പുകള്‍ക്ക് മുതിരാതെ അര്‍ഹതയുള്ളയാള്‍ക്ക് അതുനല്‍കിയ മുന്നണി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  ജനകീയ പങ്കാളിത്ത വികസനത്തിന്‍െറ രസതന്ത്രമാണ് സ്വന്തം മണ്ഡലത്തില്‍ പ്രയോഗിച്ചത്. ഒരു പതിറ്റാണ്ടു നീണ്ടുനിന്ന സുസ്ഥിരപദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയായി. പദ്ധതി പ്രകാരം ഇ-ക്ളാസ്റൂമുകളുള്ള രാജ്യത്തെ ആദ്യ ഹൈടെക് മണ്ഡലമായി പുതുക്കാട്. കാര്‍ഷികരംഗത്തും വികസനരംഗത്തും വന്‍വികസനമാണ് കാഴ്ചവെച്ചത്. പ്രകൃതിയെ സ്നേഹിക്കാനും ജൈവകൃഷിചെയ്യാനും പ്രോത്സാഹിപ്പിച്ചു.

1955 നവംബര്‍ 22ന് ചേരാനെല്ലൂരില്‍ ജനനം. സ്കൂള്‍ അധ്യാപകരായ കുന്നത്തേരി തെക്കേ മഠത്തില്‍ പീതാംബരന്‍ കര്‍ത്തയും സി. ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുമാണ് മാതാപിതാക്കള്‍. ജെ.യു.പി.എസ് പന്തല്ലൂര്‍, ജി.എച്ച്.ബി.എച്ച്.എസ് കൊടകര, സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍ പുതുക്കാട്, സെന്‍റ് തോമസ് കോളജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എസ്സി ബിരുദം നേടി 1980ലാണ് കോളജ് അധ്യാപകനായി ജോലിതുടങ്ങിയത്. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സ്വാശ്രയ സമിതി, കോളജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എ എന്നിവയുടെ സജീവപ്രവര്‍ത്തകന്‍കൂടിയായിരുന്നു. ജനകീയാസൂത്രണരംഗത്തും സജീവമായിരുന്നു. എണ്‍പതുകളില്‍ കേരളത്തില്‍ ശാസ്ത്രബോധത്തിന്‍െറ വിത്തുപാകി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തുറന്നടിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ മുന്നണിപ്പോരാളി നവോത്ഥാനകേരളത്തിന് നാണക്കേടുണ്ടാക്കുന്ന നടപ്പുകാലത്ത് മന്ത്രിയാവുന്നതില്‍ പ്രതീക്ഷിക്കാനേറെയുണ്ട്. വിദ്യാഭ്യാസമേഖലയെ മതനിരപേക്ഷമാക്കുമെന്ന പ്രഖ്യാപനംതന്നെ ആശാവഹമാണ്. കെ. ചന്ദ്രശേഖരനുശേഷം ഭൂരിപക്ഷസമുദായത്തില്‍നിന്നുള്ള രണ്ടാമത്തെ അംഗം എന്നു പറഞ്ഞ് ജാതിചിന്തകര്‍ അല്‍പം ഉച്ചത്തില്‍തന്നെ ആശ്വാസംകൊള്ളുന്നുണ്ട്.

നിയമസഭാ പ്രസംഗങ്ങള്‍, ആസിയാന്‍ കരാറിന്‍െറ യാഥാര്‍ഥ്യങ്ങള്‍, നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം എന്നീ മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയസ്സിപ്പോള്‍ 61 ആയി. കേരളവര്‍മ  കോളജ് റിട്ട. അധ്യാപിക എം.കെ. വിജയമാണ് ഭാര്യ. മക്കള്‍: ഡോ. ലക്ഷ്മിദേവി, ജയകൃഷ്ണന്‍. കേരള നിയമസഭ ഈ പണ്ഡിതസ്വരത്തിന് കാതോര്‍ത്തിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.