വികസനം അനിവാര്യമാണ്. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു. ലോകം മാറുന്നതിനനുസൃതമായി നമുക്കും മാറ്റങ്ങള്‍ വേണം. അതില്‍ ഏറ്റവും പ്രധാനമാണ് അടിസ്ഥാനസൗകര്യവികസനം. പൊതുഗതാഗതസംവിധാനത്തിന്‍െറ സുഗമമായ നടത്തിപ്പാണ് ഇതില്‍ പ്രധാനം. ഈ ആവശ്യകത മുന്‍നിര്‍ത്തിയാണ് ദേശീയപാത വികസനം സര്‍ക്കാര്‍ മുഖ്യ അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഏതു പദ്ധതിയിലും എതിര്‍പ്പുകള്‍ സ്വാഭാവികം. ബാധിക്കപ്പെടുന്നവന്‍െറ വിഹ്വലതകളാണ് പ്രതിഷേധങ്ങള്‍ക്ക് നിദാനം. പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല്ള. അവരെ കാര്യങ്ങള്‍ ധരിപ്പിച്ച്, അവരുടെ വിശ്വാസംകൂടി നേടിയശേഷം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

ദേശീയപാത വികസനത്തെ കുറിച്ച് ?

സംസ്ഥാനം നേരിടുന്ന രൂക്ഷമായ ഗതാഗതപ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ. ദേശീയപാത വികസനമാണ് അതിനുള്ള പോംവഴികളില്‍ ഒന്ന്. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാനാണ് കേന്ദ്രനിര്‍ദേശം. 30 മീറ്ററില്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ വി.എസ് സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തി. എന്നാല്‍, അന്ന് കേന്ദ്രം 60 മീറ്റര്‍ വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. കേരളത്തിന്‍െറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 45 മീറ്ററില്‍ പാത വികസിപ്പിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിരിക്കുകയാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നു.

നഷ്ടപരിഹാരം പ്രഹസനമായ ചരിത്രമല്ളേ നമുക്കുള്ളത്?

കഴിഞ്ഞകാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇനിയെന്ത് എന്നതാണ് പ്രധാനം. വികസനം അനിവാര്യമാണ്. അതിന് സ്ഥലമേറ്റെടുത്തേ മതിയാകൂ. നേരത്തേ സ്ഥലമേറ്റെടുത്തതില്‍ ചില പാളിച്ചകള്‍ വന്നു. ഒരുവശം മാത്രം എടുക്കുകയും മറുഭാഗം ഒഴിവാക്കുകയും ചെയ്തു. ഇതു പലരെയും സംരക്ഷിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നു. ഇക്കുറി അതുണ്ടാകില്ല. ഇരുവശത്തുനിന്നും തുല്യമായി സ്ഥലമേറ്റെടുക്കും. ആര്‍ക്കും കൂടിയെന്നും കുറഞ്ഞെന്നും പരാതി വരില്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവിലയ്ക്ക് അനുസൃതമായി നഷ്ടപരിഹാരം നല്‍കും. അതിന് കേന്ദ്രസഹായം ഉറപ്പിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന്‍െറ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരപാക്കേജ് ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. വസ്തുവിന് കമ്പോളവില ഉറപ്പാക്കാന്‍ തഹസില്‍ദാര്‍മാരുടെ ഓഫിസുകള്‍ തുറക്കാനും ആലോചനയുണ്ട്.

ദേശീയപാതയോരത്തെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ എന്തുനിലപാട് കൈക്കൊള്ളും?

ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാറിന് ഉദേശ്യമില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോവുകയുള്ളൂ. ആരാധനാലയങ്ങളുടെ സ്ഥലമോ കെട്ടിടമോ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തും. മാന്യമായ നഷ്ടപരിഹാരം അല്ളെങ്കില്‍ സ്ഥലം നല്‍കി പ്രശ്നപരിഹാരം കാണാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളോട് ചേര്‍ന്ന ഭൂമിയോ മതിലോ വിവിധ സ്ഥലങ്ങളില്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമികനിഗമനം. വികസനം എല്ലാവര്‍ക്കും വേണ്ടിയാണ് എന്നതിനാല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.  പ്രതിഷേധക്കാരെ കാര്യം ധരിപ്പിച്ച് അവരുടെ വിശ്വാസം നേടിയ ശേഷമാകും പദ്ധതികള്‍ പൂര്‍ത്തീകരിക്കുക.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപ്പാക്കാനാണ് ഉദ്ദേശ്യം?

ഇതേക്കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂ. കെ.എസ്.ടി.പി പ്രോജക്ടുകളുടെ കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പണിത കെ.എസ്.ടി.പി റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നത് അധികൃതരെ ധരിപ്പിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റമറ്റ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. റോഡുനിര്‍മാണത്തിന് റബറിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസമേകും. റബറൈസ്ഡ് റോഡുകള്‍ പണിയുന്നതിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ചില പദ്ധതികള്‍ നടപ്പാക്കാനാകും. അതോടൊപ്പം പ്ളാസ്റ്റിക് ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കയര്‍ കര്‍ഷകര്‍ക്ക് സഹായകരമാകുംവിധം ജിയോ ടെക്സ്റ്റൈലുകള്‍ റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കും. ഇതിലൂടെ റോഡുകളുടെ ഈട് വര്‍ധിപ്പിക്കാനും സാധിക്കും. എന്നാല്‍, ജിയോ ടെക്സ്റ്റൈലുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പൊതുമരാത്ത് മാനുവല്‍ പരിഷ്കരിക്കേണ്ടതുണ്ട്. കഴിഞ്ഞസര്‍ക്കാരിന്‍െറ അവസാനകാലത്ത് മാനുവല്‍ പരിഷ്കരിച്ചിരുന്നെങ്കിലും അതില്‍ ചില പോരായ്മകളുണ്ട്. ഇതില്‍ തിരുത്തലുകള്‍ വരുത്തും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും കുറ്റമറ്റതുമാക്കാന്‍ എല്ലാവര്‍ഷവും മാനുവല്‍ പരിഷ്കരണം നടപ്പാക്കുന്ന കാര്യവും ആലോചനയിലാണ്.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിലെ നിലപാട് എന്താണ്?

പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ലൈറ്റ് മെട്രോ. ഇതില്‍നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശ്യമില്ല. മെട്രോമാന്‍ ഇ. ശ്രീധരനോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കോഴിക്കോട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊച്ചിന്‍മെട്രോ 2017 ല്‍ കമീഷന്‍ ചെയ്യുമെന്ന് ശ്രീധരന്‍ ഉറപ്പുതന്നിട്ടുണ്ട്. ജനങ്ങളും പ്രതീക്ഷയിലാണ്.

അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധമായ വകുപ്പാണ് പൊതുമരാമത്ത്?

അതു പഴയകാര്യം. നമുക്ക് സംസാരിക്കേണ്ടത് പുതിയകാര്യങ്ങളാണ്. ഒരുമന്ത്രിയെന്ന നിലയില്‍ വഴിവിട്ട ഒരു പ്രവര്‍ത്തനത്തിനും കൂട്ടുനില്‍ക്കില്ല. അത്തരം പ്രവൃത്തികള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല. നടപടിക്രമങ്ങള്‍ക്ക് കൃത്യമായ മാര്‍ഗരേഖകള്‍ കൊണ്ടുവരും. പൊതുനന്മക്കായി എല്ലാവരും അതിനുവിധേയമാകണം. തയാറല്ലാത്തവര്‍ അതിന്‍െറ ഫലം നേരിടേണ്ടിവരും. ഒരുവിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല.

പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പോലും സംശയത്തിന്‍െറ നിഴലിലാണ്?

അതു ചില ഉദ്യോഗസ്ഥരുടെ മാത്രം പ്രശ്നമാണ്. അത്തരക്കാരെ നീക്കും. കാര്യപ്രാപ്തരായ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്‍െറ ചുമതല നല്‍കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കും. പൊതുമരാമത്തില്‍ എന്‍ജിനീയര്‍മാര്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവിജിലന്‍സ് വിഭാഗമാണുള്ളത്. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം അപ്പാടെ വിഴുങ്ങേണ്ടകാര്യം സര്‍ക്കാറനില്ല. തൃപ്തികരമല്ലാത്ത റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് കൈമാറും. സമര്‍ഥരായ എന്‍ജിനീയര്‍മാരാണ് വകുപ്പിലുള്ളത്. അവരുടെ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ വകുപ്പിനും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ പരിശ്രമിക്കും.

സ്ഥലംമാറ്റങ്ങള്‍ക്ക് പോലും കോഴ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. അവരെ എങ്ങനെ കൈയാളും ?

സ്ഥലംമാറ്റത്തിന് കോഴ കൈപ്പറ്റുന്ന പ്രവണത വകുപ്പിലുണ്ടായിരുന്നു. ഇതേക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് അറുതിവരുത്താന്‍ കര്‍ശനനടപടിയുണ്ടാകും. സ്ഥലംമാറ്റ നടപടികള്‍ക്ക് കൃത്യമായ മാര്‍ഗരേഖ തയാറാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുടന്‍ നടപ്പാക്കും. ആര്‍ക്കും അഞ്ചുപൈസ ചെലവാക്കാതെ മെറിറ്റ് അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം ലഭിക്കുന്ന വ്യവസ്ഥ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഹരിപ്പാട്, വയനാട് മെഡിക്കല്‍കോളജ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് ?

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നതുപോലെ സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഹിഡന്‍ അജണ്ടയൊന്നുമില്ല. പ്രസ്തുത പ്രോജക്ടുകള്‍ക്ക് കണ്‍സല്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചില പരാതികള്‍ ലഭിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ തള്ളി. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷം തുടര്‍നടപടി കൈക്കൊള്ളും. മുന്‍സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നല്ലതാണെങ്കില്‍ അംഗീകരിക്കും. അല്ലാത്തപക്ഷം നടപടിയുണ്ടാകും. ആരെങ്കിലും ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അവര്‍ വെള്ളംകുടിക്കും.

പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണന. മറ്റുകാര്യങ്ങള്‍ വഴിയേ.

തയാറാക്കിയത്:  എം.എസ്. അനീഷ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.