വയലും കൃഷിയും സംരക്ഷിക്കണം

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്കരണ നിര്‍ദേശങ്ങളുമായി പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മിറ്റി അംഗവും ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ്. വിജയന്‍...

മലയാളികള്‍ കൃഷിയും വയലും പ്രകൃതിയും സംരക്ഷിക്കുന്നൊരു സംസ്കാരത്തിലേക്ക് തിരിച്ചുവരണം. ഇത് പരിസ്ഥിതിവാദികളുടെ മാത്രം അഭിപ്രായമല്ല മനുഷ്യന്‍െറ നിലനില്‍പിന്‍െറ പ്രശ്നമാണ്. സര്‍ക്കാര്‍ അതിനുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം -2006 വെള്ളം ചേര്‍ക്കാതെ നടപ്പാക്കണം. അതിന് ഉപഗ്രഹ ചിത്രത്തിന്‍െറ സഹായത്താല്‍ ഡാറ്റാ ബാങ്ക് ഉടന്‍ പ്രസിദ്ധീകരിക്കണം. അതില്‍ ജനങ്ങളുടെ അഭിപ്രായം തേടണം. ആറുമാസത്തിനകം കുറ്റമറ്റൊരു ഡാറ്റാ ബാങ്ക് എല്ലാ വില്ളേജിലും ഉണ്ടാവണം. 2008ന് ശേഷം നികത്തിയ നെല്‍വയലും തണ്ണീര്‍ത്തടവും തിരിച്ചുപിടിച്ച് പൂര്‍വസ്ഥിതിയിലാക്കണം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കരുത്. നെല്‍വയലും തണ്ണീര്‍ത്തടത്തിന്‍െറ നിര്‍വചനത്തിലേക്ക് കൊണ്ടുവരണം. വീട് വെക്കുന്നതിന് അഞ്ച് സെന്‍റ് നിലം നികത്തുന്നതിന് നിലവില്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തണം. വീട് വെക്കാന്‍ അഞ്ച് സെന്‍റ് നികത്താന്‍ അപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പകരം കരഭൂമി നല്‍കി വയല്‍ സംരക്ഷിക്കണം. വനഭൂമി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതുപോലെ നെല്‍പ്പാടവും സംരക്ഷിതമേഖലയാക്കണം.  

തണ്ണീര്‍ത്തടത്തിന്‍െറ കാര്യത്തില്‍ 2008ലെ നിയമം പരിപൂര്‍ണായി പാലിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ തണ്ണീര്‍ത്തടത്തെക്കുറിച്ചുള്ള രജിസ്റ്റര്‍ ഉണ്ടാവണം. പലയിടത്തും തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ചുകഴിഞ്ഞു. അവയെ തിരിച്ചുപിടിക്കുന്നതിന് പുനരുദ്ധാരണ മിഷന്‍ ഉണ്ടാക്കണം. രണ്ടുവര്‍ഷം കൊണ്ട് അടുത്തകാലത്ത് നശിപ്പിക്കപ്പെട്ടവ പുനരുജ്ജീവിപ്പിക്കാം. നികത്താന്‍ പാടില്ളെന്ന നിയമം കര്‍ശമായി പാലിക്കണം.

ജൈവകൃഷിയിലേക്കുള്ള പാത

നമ്മുടെ നാട്ടിലെ കൃഷിയില്‍ ഉണ്ടാവേണ്ട മാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. ജൈവകൃഷി നയം സര്‍ക്കാര്‍ നടപ്പാക്കണം. ഭക്ഷ്യവിളകള്‍ അടുത്ത അഞ്ചുവര്‍ഷത്തിലും നാണ്യവിളകള്‍ 10 വര്‍ഷത്തിലും ജൈവകൃഷിയിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയാറാക്കേണ്ടത്. ഇതിനുള്ള കര്‍മപരിപാടി ജനകീയമായിട്ടാണ് നടപ്പാക്കേണ്ടത്. ജനങ്ങള്‍ ഏറ്റെടുത്താല്‍ പിന്നെ സര്‍ക്കാറിന് പിന്നോട്ടുപോകാന്‍ കഴിയില്ല. അതിനുവേണ്ടി ജൈവകൃഷി മിഷന് സര്‍ക്കാര്‍ രൂപം നല്‍കണം. നിലവിലെ കൃഷിഫാമുകളെ ഇതിന്‍െറ പ്രവര്‍ത്തകേന്ദ്രങ്ങളായി മാറ്റണം. ഗ്രാമപഞ്ചായത്തുകളില്‍ ജൈവകൃഷിക്കാരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം. ഓരോ വര്‍ഷവും 30 ശതമാനം പ്രദേശത്തേക്ക് ജൈവകൃഷി വ്യാപിക്കാന്‍ പദ്ധതി തയാറാക്കണം.

ഇക്കാര്യത്തില്‍ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയ അനുഭവമുണ്ട്. ഗ്രാമപഞ്ചായത്തില്‍ 10000 കുടുംബങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ ജൈവകൃഷി ചെയ്യുന്നുണ്ട്. എല്ലാ വകുപ്പുകളും ഇതില്‍ സഹകരിക്കുന്നു. ജൈവകൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. കൃഷി വിജയിക്കുമോ ലാഭം കിട്ടുമോ എന്നൊക്കെ കര്‍ഷകര്‍ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. നിലവിലെ കൃഷിരീതിയില്‍നിന്ന് ജൈവകൃഷിയിലേക്ക് മാറാന്‍ ചിലര്‍ക്ക് ഭയമുണ്ട്. എന്നാല്‍, സംഘമായി ഇത് ചെയ്യാന്‍ രംഗത്തുവരികയാണെങ്കില്‍ പരസ്പര സഹായം കൃഷിയെ മുന്നോട്ടു നയിക്കും. ജൈവകൃഷി ചെയ്താല്‍ ലാഭംകിട്ടുമെന്ന് ബോധ്യമായില്‍ ആരും അത് വിട്ടുപോകില്ല.

ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക്  നിലവിലെ  മാര്‍ക്കറ്റ് വിലയെക്കാള്‍ ഉയര്‍ന്ന തുക ലഭിക്കും. ഉല്‍പന്നത്തിന്‍െറ ഗുണമേന്മകൊണ്ടാണ്  ഉയര്‍ന്നവില ലഭിക്കുന്നത്. ലാഭം ബോര്‍ഡിലെ ഡയറക്ടര്‍മാര്‍ വീതിച്ചെടുക്കില്ല. പകരം ഇത് കര്‍ഷകര്‍ക്ക് തന്നെ ലഭിക്കുന്ന അവസ്ഥയുണ്ടാകണം. മാര്‍ക്കറ്റില്‍ ജൈവ കൃഷി ഉല്‍പന്നങ്ങള്‍ വിതരണംചെയ്യാന്‍ കഴിയുമെന്ന് കര്‍ഷകര്‍ക്ക് ഇതോടെ ബോധ്യമാകും. ജൈവകൃഷിയില്‍ ഉല്‍പാദിപ്പിച്ച അരി കിലോക്ക് 60 രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കീടനാശിനിയുടെ ഉല്‍പാദനം കുറക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ 30 ശതമാനം രാസവളവും  കീടനാശിനിയും ഇല്ലാതാക്കണം. ഉല്‍പാദനവും വിതരണവും ശക്തിപ്പെടുത്തിയാല്‍ കര്‍ഷകര്‍ വിട്ടുപോവില്ല. അതേസമയം കര്‍ഷകര്‍ക്ക് സ്വയം ജൈവകൃഷിയിലേക്ക് മാറാന്‍ ധാരാളം തടസ്സങ്ങളുണ്ട്. കാരണം കീടനാശിനി കൃഷിയില്‍നിന്ന് ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ഒന്നുരണ്ട് വിളവ് കുറവായിരിക്കും. മണ്ണില്‍ മണ്ണിര പോലും ഉണ്ടാവില്ല. മണ്ണ് പുതിയ കൃഷിക്ക് പാകപ്പെടണം. അതിന് രണ്ടു മൂന്ന് വിള കഴിയണം.

ഹരിത കര്‍ഷകസേന

എല്ലാ ഗ്രാമപഞ്ചായത്തിലും ഹരിത കര്‍ഷകസേനക്ക് രൂപം നല്‍കണം. 10-15 പേര്‍ അംഗങ്ങളായ സേനക്ക് പഞ്ചായത്തിലെ കര്‍ഷകരെ സഹായിക്കാന്‍ കഴിയും. സേനാംഗങ്ങളെ ജൈവകൃഷിപാഠങ്ങള്‍ പഠിപ്പിക്കണം. ഇവരായിരിക്കും ജൈവകൃഷിയുടെ വക്താക്കള്‍.  പലയിടത്തും ഇത്തരം ചെറുഗ്രൂപ്പുകള്‍ രൂപംകൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇത്തരം സേനക്ക് രൂപം നല്‍കിയാല്‍ നമ്മുടെ കാര്‍ഷികമേഖല തിരിച്ചുപിടിക്കാം. സേനക്ക് ശമ്പളം പഞ്ചായത്തുവഴി നല്‍കുകയും വേണം. കീടനാശിനിക്ക് പകരം ജൈവമിശ്രിതം  ഉണ്ടാക്കാന്‍ ഇവരെ പഠിപ്പിച്ചാല്‍ കര്‍ഷകരെ ഇവര്‍ സഹായിക്കും. ഉദാഹരണമായി കൃഷിയെ ആക്രമിക്കാന്‍ പലതരത്തിലെ  പ്രാണികളും വണ്ടുകളും എത്തും. ഇവയുടെ ആക്രണണത്തില്‍നിന്ന് സംരക്ഷിക്കുന്നതിന് ഇവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ അറിഞ്ഞിരിക്കണം. നിലവിലെ കൃഷി ഓഫിസര്‍മാര്‍ക്ക് ഇത്തരം പണി ഏറ്റെടുക്കാന്‍ കഴിയില്ല. അവര്‍ ഫയലുമായി ഓഫിസുകളില്‍ കഴിഞ്ഞുകൂടുന്നവരാണ്. ജൈവകൃഷിയുടെ പ്രചാരകരായി ഇവിടെ മുഴുവന്‍ സമയപ്രവര്‍ത്തകരാണ് സേനയിലുള്ളവര്‍.

സംസ്ഥാനത്തെ കുന്നുകളും മലകളും സംരക്ഷിക്കേണ്ടതുണ്ട്. അതില്ലാതെ കൃഷി സാധ്യമല്ല. റിസര്‍വ് വനംപോലെ കൃഷി സ്ഥലത്തിന് അടുത്തുള്ള കുന്നുകളും മലകളും സംരക്ഷിക്കേണ്ടതുണ്ട്. സംരക്ഷിത വനമേഖലക്ക് പുറത്തുള്ള വനങ്ങളും സംരക്ഷിതമേഖലയാണ്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ കേരളം ഡോ. ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടുകൂടി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അത് തിരിച്ചയച്ച് നാലഞ്ചുമാസമായിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പുതിയ സര്‍ക്കാര്‍ അടിയന്തരമായി ഇതിലൊരു നിലപാട് സ്വീകരിക്കണം. പുതിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് നല്‍കണം. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന റിപ്പോര്‍ട്ടായിരിക്കണമത്.

വികസനത്തിന് പരിസ്ഥിതിവാദികള്‍ എതിരല്ല

വികസനപദ്ധതികള്‍ക്ക് പരിസ്ഥിതിവാദികള്‍ എതിരാണെന്നാണ പ്രചാരണം തെറ്റാണ്. പദ്ധതികള്‍ വരുന്നതിനുമുമ്പ് അതിന്‍െറ സഞ്ചിത ആഘാത പഠനം നടത്തണം. നേരത്തേ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ അത്തരം പഠനങ്ങളൊന്നും നടത്തിയിരുന്നില്ല. മനുഷ്യനും പ്രകൃതിക്കും ദോഷകരമായ പദ്ധതിയാമെന്ന തിരിച്ചറിഞ്ഞത് അതിന്‍െറ കെടുതികള്‍ അനുഭവിച്ച് കഴിഞ്ഞപ്പോഴാണ്. അങ്ങനെ പുഴകളൊക്കെ മലിനമായി, മനുഷ്യരൊക്കെ കാന്‍സര്‍ ബാധിതരും. മറ്റ് ദുരിതങ്ങളുടെ കയത്തിലകപ്പെട്ട ജനവിഭാഗങ്ങളുണ്ട്. അത് ഇനിയുണ്ടാവരുത്. പദ്ധതികളുടെ പാരിസ്ഥിതിക ആഘാതപഠനങ്ങള്‍ നടത്താന്‍ വിഷയത്തില്‍ വിദഗ്ധരായവരെ ഉള്‍പ്പെടുത്തണം. പദ്ധതി നടപ്പാക്കിയാലുണ്ടാവുന്ന ആകെ നഷ്ടം എത്രയാണെന്ന് വിലയിരുത്തണം. വെള്ളം, വായു, പ്രകൃതിവിഭവങ്ങള്‍ എന്നിവക്കും മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാവുന്ന നഷ്ടവും വിലയിരുത്തണം.

കരിങ്കല്‍ ക്വാറി ആരംഭിക്കുമ്പോള്‍ മനുഷ്യനും പ്രകൃതിക്കും വലിയ നഷ്ടമാണുണ്ടാവുന്നത്. മനുഷ്യര്‍ക്ക് ആസ്ത്മ പോലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നു. പ്രകൃതി മുഴുവന്‍ പാറപ്പൊടി നിറയുന്നു. സസ്യങ്ങളുടെ ഇലകള്‍ പാറപ്പൊടി മൂടുന്നു. അത് ഭക്ഷിക്കുന്ന ജന്തുക്കളുടെ ഉള്ളിലേക്ക് പാറപ്പൊടി പാവുന്നു. അരുവികളിലൂടെ മനുഷ്യരുടെ കുടിവെള്ളത്തിന്‍െറ ഉറവകേന്ദ്രങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നു. ആരോഗ്യം, പരിസ്ഥിതി, ജൈവസമ്പത്ത് എല്ലാം നഷ്ടപ്പെടുന്നു. ഇതിന്‍െറ മൊത്തം നഷ്ടം എങ്ങനെയാണ് കണക്കാക്കുക. അതെല്ലാം ഉള്‍പ്പെടുന്നതാണ് സഞ്ചിത നഷ്ടമെന്ന് പറയുന്നത്. എന്നാല്‍, പല ആഘാതപഠനങ്ങളും പണത്തിന്‍െറ കണക്ക് മാത്രമാണ് രേഖപ്പെടുത്തുന്നത്. പദ്ധതികള്‍ മുന്നോട്ടുവെക്കുന്നവരാകട്ടെ തൊഴില്‍ ലഭിക്കുമെന്നും കോടി നിക്ഷേപം വരുമെന്നും വാഗ്ദാനം ചെയ്യും.

പദ്ധതിയില്‍നിന്ന് വലിയലാഭം ലഭിക്കുമെന്ന മോഹം നല്‍കിയാണ് നടപ്പാക്കുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കിക്കഴിയുമ്പോഴാണ് കാര്യങ്ങളുടെ ഗതി മാറുന്നത്. സുസ്ഥിരവികസനമാണോയെന്ന് ആരും പരിശോധിക്കുന്നില്ല. ഉദാഹരണം ആറന്മുള വിമാനത്താവളം തന്നെയാണ്. 3500 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇവിടെനിന്ന് പ്രതിവര്‍ഷം  ഭൂമി തന്നിരുന്ന പാരിസ്ഥികമൂല്യം 446 കോടിയാണ്. വിമാനത്താവളത്തില്‍നിന്നുള്ള ലാഭവുമായി ഇത് താരതമ്യം ചെയ്യാനാവില്ല. ആ ലാഭം ജനങ്ങള്‍ക്കല്ല ലഭിക്കുന്നത്. സ്വകാര്യവിമാനത്താവളത്തിന്‍െറ ലാഭം അതിന്‍െറ മുതലാളിക്ക് മാത്രമാണ്. അതേസമയം പാരിസ്ഥിതിക തകര്‍ച്ചയുടെ ഫലം മുഴുവന്‍ അനുഭവിക്കുന്നത് ജനങ്ങളുമാണ്. ദുരിതം മുഴുവന്‍ ജനങ്ങള്‍ക്കും ലാഭം മുതലാളിക്കുമെന്നാണ് ഇവിടത്തെ വികസനമന്ത്രം.

 കെട്ടിടനിര്‍മാണത്തിലെ ധൂര്‍ത്ത്

സംസ്ഥാനത്ത് കെട്ടിടനിര്‍മാണത്തിലാണ് ഏറ്റവുമധികം ധൂര്‍ത്ത് നടക്കുന്നത്. ഇക്കാര്യത്തില്‍ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനാവുന്നില്ല. ഇതിന് സര്‍ക്കാര്‍ മാര്‍ഗരേഖ ഉണ്ടാക്കണം. ചൈനപോലുള്ള രാജ്യങ്ങളില്‍ പോലും കെട്ടിടനിര്‍മാണത്തിന് നിയന്ത്രണങ്ങളുണ്ട്. കേരളത്തിലെ അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരുമെല്ലാം നിയന്ത്രണമില്ലാതെ പ്രകൃതിവിഭവങ്ങള്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. പ്രകൃതിയുടെ നിലനില്‍പിനുതന്നെ അപകടകരമാണിത്. വിഭവം ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമല്ല.

പാറയും മണ്ണും സ്റ്റീലും പുനരുല്‍പാദിപ്പിക്കാവുന്ന വിഭവങ്ങളല്ല. അതിന്‍െറ അളവ് കുറഞ്ഞുവരും. ഉള്ളത് തലമുറകളോളം ഉപയോഗിക്കേണ്ടതാണെന്ന ബോധം പൊതുസമൂഹത്തിനുണ്ടാവണം. എല്ലാ വീടും പ്രകൃതി സൗഹൃദമായി നിര്‍മിക്കണം. ഓരോ വീട്ടിലും ജലസംഭരണ സംവിധാനം ഉണ്ടാവണം. വെള്ളത്തിന്‍െറ പുനരുപയോഗ സംവിധാനവും നിര്‍ബന്ധമാക്കണം. 30 ലക്ഷം മുടക്കി വീട് നിര്‍മിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും സൗരോര്‍ജ പാനല്‍ സ്ഥാപിച്ചിരിക്കണം. അതുപോലെ മാലിന്യ നിര്‍മാര്‍ജന സംവിധാനവും ഒരുക്കണം. കെട്ടിടനിര്‍മാണത്തില്‍ ഇതെല്ലാം പാലിക്കുകയാണെങ്കില്‍ പുതിയ കേരളം രൂപം കൊള്ളും.

തയാറാക്കിയത്: ആര്‍. സുനില്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.