നാം പൊരുതും, നീതിയുടെ പുലരിവരെ

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 69 മനുഷ്യരെ തീവെച്ചുകൊന്ന കേസിലെ വിധി പുറത്തുവന്നു. കൂട്ടക്കൊല ആസൂത്രിതമല്ളെന്ന് കണ്ടത്തെി പ്രതികളെ മുഴുവന്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തില്‍നിന്ന്  ഒഴിവാക്കിയ കോടതി 36 പേരെ കുറ്റമുക്തരാക്കുകയും ചെയ്തു. ഏറക്കുറെ ഇത്തരം ഒരു വിധിയാവും ഉണ്ടാവുക എന്ന് നേരത്തേതന്നെ തോന്നിയിരുന്നു. എന്തെന്നാല്‍ ഉറ്റയവരും ഉടയവരും പിച്ചിച്ചീന്തപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ഉള്ള സമ്പാദ്യങ്ങളെല്ലാം പിടിച്ചുപറിക്കപ്പെടുകയും ചെയ്ത ഗുജറാത്തിലെ വംശഹത്യാ ഇരകള്‍ ഈ 14 വര്‍ഷത്തിനിടെ മറ്റൊരു ക്രൂരതക്കിരയായിട്ടുണ്ടായിരുന്നു. 2002ലെ വംശഹത്യാ ക്രൂരത ചെയ്തുകൂട്ടിയത് മോദിയുടെ നേതൃത്വത്തിലെ ഗുജറാത്ത് സര്‍ക്കാറായിരുന്നെങ്കില്‍ ഈ വഞ്ചനക്ക് പിന്നില്‍ സുപ്രീംകോടതി നിയോഗിച്ച മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. കേസുകള്‍ അന്വേഷിച്ച് തെളിവുകള്‍ കോടതിക്ക് മുന്നിലത്തെിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയായിരുന്നു സംഘത്തിനുമേല്‍ ഏല്‍പിക്കപ്പെട്ടിരുന്ന ദൗത്യമെങ്കിലും അവരുടെ ഓരോ നീക്കവും അതിന് വിരുദ്ധമായിരുന്നു. മോദിയെയും കൂട്ടരെയും കേസുകളില്‍നിന്ന് എങ്ങനെ രക്ഷിക്കാം എന്നതിനായിരുന്നു രാഘവന്‍ സംഘത്തിന്‍െറ പരിഗണന. പ്രിയപ്പെട്ടവര്‍ കൊലക്കത്തിക്കും ബലാത്സംഗത്തിനും ഇരയാവുന്നത് കാണേണ്ടിവന്ന സാധുക്കളായ മനുഷ്യരുടെ താല്‍പര്യം ചവിട്ടിയരക്കപ്പെട്ടു.

മോദി പ്രധാനമന്ത്രിയായശേഷം വര്‍ഗീയതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസായിരുന്നു അന്ന് കേന്ദ്രത്തില്‍. വര്‍ഗീയതയുടെ ആള്‍രൂപത്തിന് ശിക്ഷ ലഭിക്കണമെന്നും നിരപരാധികളായ ജനതയുടെ കണ്ണീര്‍ തുടക്കണമെന്നും അവര്‍ക്ക് തെല്ലും ആഗ്രഹമുണ്ടായിരുന്നില്ല. ടാറ്റാ കമ്പനിയുടെ ഉന്നതതല ബോര്‍ഡ് അംഗമായിരുന്ന രാഘവനെ പ്രസ്തുത കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ആനുകൂല്യം നല്‍കിയ മുഖ്യമന്ത്രി ഉള്‍പ്പെട്ട കേസ് അന്വേഷിക്കാന്‍ നിയോഗിച്ചതുതന്നെ തെറ്റായ നടപടിയായിരുന്നു. ആസൂത്രകര്‍, സംഘാടകര്‍, വിഭവമൊരുക്കിയവര്‍, ഒത്താശക്കാര്‍, കാലാള്‍ സംഘങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്‍െറ ഫലമായാണ് വംശഹത്യ നടന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വന്‍തോക്കുകളായിരുന്നു ആസൂത്രകര്‍.

വിശ്വഹിന്ദുപരിഷത്തിന്‍െറയും സംഘ്പരിവാറിന്‍െറയും മേല്‍തട്ടിലുള്ള നേതാക്കളായിരുന്നു സംഘാടകര്‍. അക്രമികള്‍ക്കുപയോഗിക്കാന്‍ തോക്കും കത്തിയും ഗ്യാസ് കുറ്റികളും സമാഹരിച്ച് നല്‍കിയത് പരിവാറിന്‍െറ മേഖലാതല നേതാക്കളായിരുന്നു, പൊലീസുദ്യോഗസ്ഥരടക്കമുള്ള ഭരണവിഭാഗമായിരുന്നു ഒത്താശക്കാര്‍ -ഈ നാലു വിഭാഗങ്ങളുടെയും നിര്‍ലോഭമായ സഹായങ്ങളും ആശീര്‍വാദങ്ങളും കൊണ്ടാണ് കാലാള്‍ പട- ബജ്റംഗ്ദളിന്‍െറയും മറ്റും താഴത്തെട്ടിലുള്ള പ്രവര്‍ത്തകര്‍ ഓരോയിടത്തും കയറി നരനായാട്ട് നടത്തിയത്. എന്നാല്‍, ഗൂഢാലോചകരെയും ആസൂത്രകരെയും രക്ഷിച്ചെടുക്കുന്നവിധത്തില്‍ ദുര്‍ബലമായ തെളിവുകളാണ് രാഘവന്‍െറ സംഘം കോടതിക്കു മുന്നില്‍ ഹാജരാക്കിയത്. അക്രമികളെ നയിച്ച നഗരസഭാ കൗണ്‍സിലറടക്കമുള്ളവര്‍ സ്വാഭാവികമായും കുറ്റമുക്തരാക്കപ്പെട്ടു. ഈ 24 മനുഷ്യര്‍ ചേര്‍ന്ന് ഒരു ഹൗസിങ് സൊസൈറ്റി മുഴുവനായി നശിപ്പിക്കുകയും 69 പേരെ കൊല്ലുകയും ചെയ്തു എന്ന് സാമാന്യബുദ്ധിയില്‍ വിശ്വസിക്കാനാവുന്ന കാര്യമല്ല. അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിച്ചതിന്, നിയമപാലനത്തില്‍ വീഴ്ചവരുത്തിയതിന് ഒരു പൊലീസുകാരനെപ്പോലും തെറ്റുകാരനായി കോടതി കണ്ടില്ല.

ഈ കോടതിവിധിയില്‍ സംതൃപ്തിയില്ല. പക്ഷേ, അഹ്മദാബാദ് നഗരമധ്യത്തിലെ ഒരു ഹൗസിങ് കോളനിയില്‍ ഇത്തരമൊരു കൂട്ടക്കൊല നടന്ന കാര്യം കോടതിയെങ്കിലും ശരിവെച്ചല്ളോ എന്ന് ആശ്വസിക്കാം. പക്ഷേ, വംശഹത്യയുടെ സംഘാടകരേ, ആസൂത്രകരേ, നടത്തിപ്പുകാരേ... നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. നിങ്ങള്‍ സംഘടിതരും ശക്തരുമൊക്കെയാണ്. ശരിതന്നെ. പക്ഷേ എത്ര തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കൊണ്ടും, പരസ്യകാമ്പയിനുകള്‍ കൊണ്ടും, വീമ്പിളക്കല്‍ പ്രസംഗങ്ങള്‍ കൊണ്ടും മറച്ചുവെക്കാനാവാത്ത രക്തക്കറയാണ് നിങ്ങളുടെ കൈകളില്‍. അത് തേച്ചുമായ്ക്കാനാവില്ല. വംശഹത്യയുടെ ഇരകളും അവര്‍ക്കൊപ്പം ഈ രാജ്യം ഇവിടത്തെ ഏറ്റവും സാധാരണയില്‍ സാധാരണക്കാരനായ മനുഷ്യനും സമാധാനത്തോടെയും സമത്വത്തോടെയും ജീവിക്കാനുള്ള ഇടമാണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് മനുഷ്യരും പോരാട്ടം തുടരുകതന്നെ ചെയ്യും. ടീസ്റ്റ സെറ്റല്‍വാദിന്‍െറ നേതൃത്വത്തിലെ പോരാളികള്‍ കൊളുത്തിയ മനുഷ്യാവകാശത്തിന്‍െറ പന്തങ്ങള്‍ പേറാന്‍ ഇനിയും നൂറുകണക്കിന് ചെറുകൈകളുയരും.

ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗമായിരുന്ന, മാനവികതയെക്കുറിച്ച് കവിതകളെഴുതുകയും അതിനുതകുന്ന ലോകം പടുക്കാന്‍ പണിപ്പെടുകയും ചെയ്ത ഇഹ്സാന്‍ ജാഫരിയെയും നിങ്ങളന്ന് തീവെച്ചും വെട്ടിയും കുത്തിയും കൊന്നിരുന്നു. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍െറ വയോധികയായ വിധവ സകിയ ജാഫറി വിധിയെക്കുറിച്ച് പ്രതികരിച്ചത്. അവര്‍ പൊരുതുക ഒറ്റക്കായിരിക്കില്ല. നേരിന്‍െറ ലോകത്തിനായി തുടിക്കുന്ന ഓരോ നെഞ്ചകവും അവര്‍ക്കൊപ്പമുണ്ടാവും. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ശക്തിയായിരിക്കുമത്.

(ഗുജറാത്ത് മുന്‍ ഡി.ജി.പിയാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.