സഹായത്തിനു കെഞ്ചിയപ്പോള്‍ മോദി ചോദിച്ചു: ജാഫരി, നിങ്ങള്‍ ഇനിയും മരിച്ചിട്ടില്ലേ?

4500ഓളം ലഹളക്കാര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ വീടുകള്‍ക്ക് തീവെക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് സഹായത്തിനുവേണ്ടി  കേണപേക്ഷിക്കുകയുണ്ടായി. ലഹളക്കാരില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട ജാഫരിയോട് മോദി ഫോണിലൂടെ കയര്‍ക്കുകയായിരുന്നു. ജാഫരി-മോദി സംഭാഷണം നേരില്‍ ശ്രവിച്ച, കുരുതിയെ അതിജീവിച്ച വീട്ടമ്മ ഹൃദയഭേദകമായ ആ അനുഭവം പങ്കുവെക്കുന്നു...

പാര്‍സി കുടുംബാംഗമായ ഞാന്‍ എന്‍െറ മകന്‍, മകള്‍ എന്നിവര്‍ക്കൊപ്പം ഗുല്‍ബര്‍ഗിലെ ഇഹ്സാന്‍ ജാഫരിയുടെ വീട്ടിലാണ് അഭയംതേടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഞങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. 36 പേരെ കുറ്റമുക്തരാക്കിയെന്ന വാര്‍ത്ത പത്രങ്ങള്‍ വഴി അറിയാന്‍ സാധിച്ചു. 11 പേര്‍ക്കു മാത്രമാണ് ശിക്ഷ വിധിച്ചത്. ഇത് പൂര്‍ണമായ നീതിയാണെന്ന് പറയാന്‍  വയ്യ. പൊലീസ് ഓഫിസര്‍ കെ.ജി. എര്‍ഡപോലും കുറ്റമുക്തനാക്കപ്പെട്ടിരിക്കുന്നു. അയാളെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണമുണ്ട്.

ലഹള ഏകദേശം ശമിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഞാന്‍ എന്‍െറ മകനെ തേടി ഓരോ ദിക്കിലും മൂലയിലും പരതി പരക്കംപായാന്‍ തുടങ്ങിയിരുന്നു. അപ്പോഴാണ് എര്‍ഡ എന്നെ കണ്ടത്. അയാള്‍ എന്നെയും കൂട്ടി ഒരു സംഘം ലഹളക്കാരുടെ മുന്നിലത്തെി. അയാള്‍ ലഹളക്കാരോട് എന്‍െറ മുന്നില്‍വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എന്നോടൊപ്പം അഞ്ചു പേര്‍കൂടി ഉണ്ടായിരുന്നു. മകന്‍െറയും മറ്റും ഫോട്ടോ കൊണ്ടുവരാന്‍ എര്‍ഡ നിര്‍ദേശിച്ചു. ‘ആ മഞ്ഞ ടീഷര്‍ട്ടുകാരന്‍െറ കഥ തീര്‍ത്തോ എന്ന് അയാള്‍ ലഹളക്കാരോട് ചോദിക്കുന്നത് ഞാന്‍ ശരിക്കും കേട്ടിരുന്നു. ഇല്ളെന്ന് ഒരാള്‍ മറുപടി കൊടുത്തു. അത്രതന്നെ. പിന്നീട് അന്വേഷണങ്ങളോ ചോദ്യങ്ങമോ ഒന്നും ഉണ്ടായില്ല. ആരെയും പിന്നീട് കണ്ടതായും ഓര്‍ക്കുന്നില്ല.

ഫെബ്രുവരി 28ന് മകനും മകളും ഞാനും വീട്ടിലുണ്ടായിരുന്നു. എന്‍െറ വീട് ഉള്‍പ്പെടെ മിക്ക വീടുകള്‍ക്കും തീകൊളുത്തിയിരുന്നു. ഞാന്‍ മക്കളുടെ കൈപിടിച്ച് അടുക്കളയിലേക്കോടി. പക്ഷേ, അഗ്നി അവിടെയും പടരാന്‍ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ പരിഭ്രാന്തരായി. അവിടെ തങ്ങിയാല്‍ തീയില്‍ വെന്തുമരിക്കും. പുറത്തിറങ്ങിയാല്‍ ലഹളക്കാര്‍ വെട്ടിനുറുക്കും. പുറത്തിറങ്ങി ഓടാന്‍തന്നെ തീരുമാനിച്ചു. തീയില്‍ വെന്ത് കരിക്കട്ടയായാല്‍ ഒരു തെളിവുമില്ലാതെ ഞങ്ങള്‍ ഒടുങ്ങും. ലഹളക്കാര്‍ വെട്ടിക്കൊന്നാല്‍ ശരീരഭാഗമെങ്കിലും തെളിവായി ശേഷിക്കാതിരിക്കില്ല. ഫ്ളാറ്റിലെ മൂന്നാംനിലയില്‍നിന്ന് താഴോട്ടിറങ്ങുമ്പോള്‍ മറ്റു പലരും പ്രാണരക്ഷാര്‍ഥം ഓടുന്നത് കാണാന്‍ കഴിഞ്ഞു. എല്ലാവരും ജാഫരിയുടെ വീട്ടിലാണ് അഭയംതേടി ഓടിക്കൂടിയിരുന്നത്. ഞങ്ങളും അദ്ദേഹത്തിന്‍െറ വീട്ടിലത്തെി. ആ സമയത്ത് ജാഫരി സാഹിബ് ഭയാശങ്കയോടെ നരേന്ദ്ര മോദിയോട് ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി.

ലഹളക്കാരില്‍നിന്ന് രക്ഷതേടിയായിരുന്നു അദ്ദേഹത്തിന്‍െറ വിളി. പക്ഷേ, മോദിയുടെ മറുപടി ഞങ്ങളെ ചകിതരാക്കി. താങ്കള്‍ ഇനിയും മരിച്ചിട്ടില്ല എന്നത് അതിശയകരംതന്നെ എന്നായിരുന്നു  മോദിയുടെ പ്രതികരണം. ഫോണിലൂടെ ജാഫരിക്കുനേരെ ശകാരവര്‍ഷവും നടത്തി. അതിനകം ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ വേലികള്‍ ചാടി ചില ലഹളക്കാര്‍ അകത്തു കയറിയിരുന്നു. ഞങ്ങളെ രക്ഷിക്കുന്നതിനായി ലഹളക്കാരുമായി നേരിട്ട് സംസാരിക്കാന്‍ ജാഫരി വീടിനു പുറത്തിറങ്ങി.

പക്ഷേ, ബീഭത്സദൃശ്യത്തിനാണ് ഞാനപ്പോള്‍ സാക്ഷിയായത്. ജനക്കൂട്ടം ജാഫരിയെ പിടികൂടി തറയിലൂടെ വലിച്ചിഴച്ചു.  തുടര്‍ന്ന് കുത്തിയും വെട്ടിയും പരിക്കേല്‍പിച്ചു. ശേഷം ദേഹത്തില്‍ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് തീകൊളുത്തി. അദ്ദേഹത്തിന്‍െറ ജീവന്‍ പൊലിഞ്ഞു. അതോടെ ഞങ്ങള്‍ കൂടുതല്‍ ഭയവിഹ്വലരായി. അവസാന അഭയകേന്ദ്രവും നഷ്ടപ്പെട്ടിരിക്കുന്നു. ജാഫരിയുടെ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുക മാത്രമാണ് പോംവഴി. ഞാന്‍ മക്കളെയും ചേര്‍ത്തുപിടിച്ച് ഓടാന്‍ തുടങ്ങി. മനുഷ്യ ശരീരങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. മരിച്ചവരോ ബോധശൂന്യരോ ആകാം. ഒരാളുടെ ശരീരത്തില്‍ കാല്‍ തട്ടി ഞാന്‍ വീണു. സഹോദരന്‍െറ കൈവിട്ട് മകള്‍ എന്നെ പിടിച്ചുയര്‍ത്താന്‍ കൈ നീട്ടി. ഞാന്‍ പതുക്കെ എഴുന്നേറ്റു. പക്ഷേ, അപ്പോള്‍ സമീപത്ത് എന്‍െറ മകന്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അവനെ എനിക്ക് എന്നെന്നേക്കുമായി  നഷ്ടപ്പെട്ടത്. 

എന്‍െറ കൈയും മുഖവും പൊള്ളിയിരുന്നു. ഞാന്‍ സമീപത്തെ ടെറസിനുനേരെ നീങ്ങി. പക്ഷേ, അവിടെയുണ്ടായിരുന്ന പൊലീസുകാരന്‍ എനിക്കുനേരെ കല്ളെറിയാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഓടി. ആസിഡ് കുപ്പികളും തീപിടിച്ച ടയറുകളും പലരും ഞങ്ങള്‍ക്കുനേരെ വലിച്ചെറിയുന്നുണ്ടായിരുന്നു. പൊള്ളലേറ്റവരുടെ ദീന രോദനങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്ന ഉഗ്രശബ്ദം. അന്ന് ഇഹ്സാന്‍ ജാഫരിയുടെ ഡയറി എടുത്ത് സൂക്ഷിക്കാതിരുന്നത് വലിയ അബദ്ധമായി എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. ജാഫരി ആരാണെന്ന് തനിക്കറിയില്ളെന്നാണ് അന്വേഷക സംഘത്തോട് മോദി കള്ളംപറഞ്ഞത്. അത്തരം കള്ളങ്ങള്‍ എനിക്ക് പൊളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, നാം നിരാശക്ക് കീഴ്പ്പെട്ടുകൂടാ. കുറ്റമുക്തരാക്കപ്പെട്ട പ്രതികളെ സൈ്വരവിഹാരത്തിന് അനുവദിക്കാനും പാടില്ല. പൂര്‍ണ നീതി ലഭിക്കുംവരെ ഒരുമിച്ച് ഈ നിയമപോരാട്ടം വിജയിപ്പിക്കുക എന്നതാണ് നമ്മുടെ കടമ.

(കടപ്പാട്: ക്യാച് ന്യൂസ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.