മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുകയാണ്. വ്യാപരിക്കുന്ന മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കലാമിന്‍െറ ചിന്തകള്‍ക്ക് ഒരിക്കലും മരണമില്ല. അതിസാധാരണക്കാരനില്‍നിന്നു രാജ്യത്തിന്‍െറ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്‍െറ വളര്‍ച്ച കഠിനാധ്വാനം  ചെയ്യാനുള്ള മനസ്സും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കില്‍  ആര്‍ക്കും ഉന്നത പദവി എത്തിപ്പിടിക്കാവുന്നതാണെന്നു തെളിയിക്കുന്നു. ഇന്ത്യയിലെ പല ബുദ്ധിജീവികളും ജനാധിപത്യ വ്യവസ്ഥിതിയിലെ പോരായ്മകളെക്കുറിച്ചു വാചാലരാകുമ്പോള്‍ ‘ഭാരതീയനായതില്‍ അഭിമാനിക്കുന്നുവെന്നും അതേ സമയം, രാജ്യത്തിനു ഒരുപാട് മുന്നേറാനുണ്ടെന്ന് പ്രഖ്യാപിച്ചശേഷം,  അതിനുള്ള ആശയസംഹിതകളും തുറന്നു നല്‍കിയ വ്യക്തിയായിരുന്നു ഡോ. കലാം.

ഭാരതത്തിന്‍െറ ഭാവി യുവാക്കളിലാണെന്നു  മറ്റാരേക്കാളും തിരിച്ചറിഞ്ഞ ക്രാന്തദര്‍ശി. ഇന്ത്യയുടെ ഭാവി യുവതലമുറയിലാണെന്ന പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ തന്നെ യുവാക്കള്‍ക്കു ഭരണാധികാരികളോടും, വ്യവസ്ഥിതിയോടുമുള്ള വിരക്തിയും, അവരില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാമൂഹിക പ്രതിബദ്ധതയും  മനസ്സിലാക്കി അതിനെ ചികിത്സിക്കാന്‍ തയാറായ ഡോക്ടറാണ് അബ്ദുല്‍ കലാം. അതുകൊണ്ടുതന്നെയാണ് അവര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കിയത്. അവരോട് നേരിട്ടിടപഴകി രാഷ്ട്ര നിര്‍മാണത്തില്‍ പങ്കളിയാക്കുവാനാണ് തന്‍െറ സംവാദങ്ങളെ കലാം ഉപയോഗപ്പെടുത്തിയത്. പതിനേഴു ദശലക്ഷത്തോളം യുവാക്കളോട് നേരിട്ട് ഇടപഴകിയിട്ടുണ്ടെന്നു  കലാം എഴുതുകയുണ്ടായി.

രാഷ്ട്രം നിങ്ങള്‍ക്ക് എന്തു തന്നുവെന്നതല്ല മറിച്ചു രാഷ്ട്രത്തിനുവേണ്ടി നിങ്ങള്‍ എന്തുചെയ്തുവെന്നതിനെ ആശ്രയിച്ചാണ് രാഷ്ട്രപരിവര്‍ത്തനം സാധ്യമാവുകയെന്നാണ് കലാം യുവാക്കളെ ഓര്‍മപ്പെടുത്തിയത്. അതിനായി പണം മുടക്കാതെ തന്നെ ചെയ്യാവുന്ന മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി. ഒന്ന്, യാത്രയില്‍ നമുക്ക് ചുറ്റും കാണുന്ന നിരക്ഷരരായ വ്യക്തികളുടെ വീടുകളില്‍ ചെന്നു അവരെ സാക്ഷരരാക്കുക. രണ്ട്, വീടുകളിലും തൊഴിലിടങ്ങളിലും  പത്തു വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിക്കുക. പൂര്‍ണ വളര്‍ച്ചയത്തെുന്ന മരങ്ങള്‍ വര്‍ഷം  14 കിലോ ഓക്സിജന്‍  നമുക്കുനല്‍കുമെന്നും 20 കിലോ കാര്‍ബണ്‍ ഡി ഓക്സൈഡ്  വലിച്ചെടുക്കുമെന്നും അതിലൂടെ വായുമലിനീകരണം തടയാം എന്നുമാണ്  അദ്ദേഹം ഉദ്ദേശിച്ചത്. മൂന്ന്, നമുക്ക് ചുറ്റും കാണുന്ന ആരോരുമില്ലാത്ത രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും സാന്ത്വന സ്പര്‍ശമാവുക. വ്യക്തിയെന്ന നിലയില്‍ ഭരണകൂടത്തിന്‍െറ   സഹായമില്ലാതെ സാമൂഹിക പരിവര്‍ത്തനത്തിനു ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം യുവാക്കളെ പ്രേരിപ്പിച്ചു.  

അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരടങ്ങുന്ന സമൂഹം കുട്ടികളോട് ആവശ്യപ്പെടുന്നത് ഒന്നാമതാകാനും മറ്റുള്ളവരെ പോലെയാകാനുമാണ്. എന്നാല്‍ ‘നിങ്ങള്‍ നിങ്ങളായി തീരുക’ എന്നതാണ് മഹത്തരമായ കാര്യമെന്നും വലിയ ലക്ഷ്യങ്ങള്‍ കണ്ടാണ് നിങ്ങള്‍ നിങ്ങളായി തീരേണ്ടതെന്നുമാണ് അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തുന്നത്.  നമുക്ക് ചുറ്റും പലരും പലരോടായി ചോദിക്കുന്ന ചോദ്യങ്ങള്‍ ഉണ്ട്. അസുഖം വന്നാല്‍ ആ ഡോക്ടറെ  കാണുന്നത് നല്ലതാണോ? അതുമല്ളെ
ങ്കില്‍ അവിടെ പഠിച്ചാല്‍ നല്ല ജോലി കിട്ടുമോ?  കലാകാരിയാക്കാന്‍ പറ്റുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ വേണ്ടിവരുന്നത് ജന്മസിദ്ധമായ കഴിവുകളെ  പ്രോത്സാഹിപ്പിക്കുന്നതിന് പകരം രക്ഷിതാക്കള്‍ പലരും നിര്‍ബന്ധിച്ചു കുട്ടികളെ പല സ്ഥലങ്ങളില്‍ ചേര്‍ക്കുന്നതുകൊണ്ടാണ്. കുട്ടികളുടെ ലക്ഷ്യങ്ങള്‍ക്കൊത്തു അവരെ വളരാന്‍ പ്രോത്സാഹിപ്പിച്ചുവരുന്നുവെങ്കില്‍ ഒരുപാട് ക്രിയേറ്റീവ് ആയ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ നമുക്കുണ്ടാകുമായിരുന്നു. ഇവിടെയാണ് ഡോ. കലാം പറഞ്ഞതിന്‍െറ പൊരുള്‍. പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴിവുള്ള നേതൃഗുണമുള്ള  യുവതലമുറയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. യഥാര്‍ഥ നേതാവിന്‍െറ ജോലി അനുയായികളെ സൃഷ്ടിക്കലല്ല മറിച്ചു കൂടുതല്‍ നേതാക്കളെ സൃഷ്ടിക്കുകയാണെന്നാണ് റാല്‍ഫ് നാദിര്‍ അഭിപ്രായപ്പെട്ടത്.

ഇതു അക്ഷരാര്‍ഥത്തില്‍ കലാമിന്‍െറ കാര്യത്തില്‍ ശരിയെന്നു  ബോധ്യമാകും. അദ്ദേഹം പങ്കിട്ട വേദികള്‍ അനുയായികളെ സൃഷ്ടിക്കാനല്ല, പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിലേക്കു പറക്കാന്‍ കഴിയുന്ന സമൂഹത്തോട് ‘ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്? എന്നു  ചോദിക്കുന്ന നേതാക്കളെ സൃഷ്ടിക്കാനാണ്.  രാഷ്ട്രത്തിന്‍െറ പുരോഗതി രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, ശാസ്ത്രം തുടങ്ങിയ എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. ഇവ ഓരോ മേഖലയിലും യഥാവിധി നിര്‍വഹിക്കപ്പെടണമെങ്കില്‍ നല്ല നേതൃത്വം എല്ലാ ഘടകങ്ങളിലും ആവശ്യമാണ്. അതില്ളെങ്കില്‍ രാജ്യ പുരോഗതി ഉണ്ടാകില്ളെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു .

ശാസ്ത്ര വിഷയങ്ങളില്‍ വൈദഗ്ധ്യം  നേടിയവരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്.  എന്നാല്‍, പൊതുവിഷയങ്ങളില്‍ ഇടപെടുന്ന മറ്റേതു വ്യക്തിയേക്കാളും നന്നായി സമൂഹത്തിന്‍െറ  പ്രശ്നങ്ങളെ അടുത്തറിയാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും, നിരന്തരം സമൂഹത്തെ കര്‍മോത്സുകരാക്കുകയും  ചെയ്ത ശാസ്ത്രജ്ഞനാണ് ഡോ. കലാം. തന്‍െറ ജന്മദിനം ഗ്രാമങ്ങളില്‍ ആഘോഷിക്കണമെന്ന് രാഷ്ട്രപതി ആയിരിക്കുന്ന സമയത്തു അദ്ദേഹം അഭിപ്രായപ്പെട്ടത് രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചെങ്കിലും അടിസ്ഥാന സ്വകാര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ടാണ്.

ലോകത്തിലെ അറിയപ്പെടുന്ന വ്യക്തിയായിരിക്കുമ്പോള്‍തന്നെ മറ്റുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഒട്ടും  മടി കാണിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രിമാരായ പി. വി. നരസിംഹറാവു, എ.ബി വാജ്പേയി എന്നിവരുടെ ദേശസ്നേഹത്തെക്കുറിച്ചു കലാം തന്‍െറ  പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1996 മേയ് മാസത്തില്‍ പൊതു തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി നരസിംഹ റാവു അദ്ദേഹത്തോട് ആണവ പരീക്ഷണത്തിന് തയാറെടുക്കാനും തന്‍െറ  അനുമതിക്കായി കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു.  ജനവിധി കോണ്‍ഗ്രസിന്  എതിരായെങ്കിലും അല്‍പ ദിവസങ്ങള്‍ കഴിഞ്ഞു പുതിയ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു കലാമിന്   വന്ന നിര്‍ദേശം നരസിംഹറാവുവിന്‍െറ കൂടെ ഓഫിസിലത്തെണമെന്നാണ്.
അവിടെവെച്ചു പ്രധാനമന്ത്രി എ. ബി. വാജ്പേയിയോട് പദ്ധതിയെക്കുറിച്ചു വിവരിക്കാന്‍ നരസിംഹറാവു കലാമിനോട് ആവശ്യപ്പെടുകയാണുണ്ടായത്. രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ക്കിടയിലും ദേശ സുരക്ഷക്കും പുരോഗതിക്കും  വേണ്ടി ഇരു നേതാക്കളും കാണിച്ച അസാമാന്യമായ ഐക്യം അദ്ദേഹം മാതൃകയായാണ് കാണുന്നത്. ഇന്നത്തെ ഭരണാധികാരിയെ നോക്കിയാല്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ മുന്‍ സര്‍ക്കാറുകള്‍ കൊണ്ടുവന്ന പദ്ധതികളും, സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന സമീപനങ്ങളാണ് പിന്തുടരുന്നതെന്ന യാഥാര്‍ഥ്യം ഇവിടെ പ്രസക്തമാണ്. കര്‍മനിരതനും  സാമൂഹികപ്രതിബദ്ധതയുമുള്ള  ഒരു വ്യക്തിയെയാണ് രാഷ്ട്രത്തിനു നഷ്ടമായത്. ഭരണവ്യവസ്ഥിതിയെയും നേതൃത്വത്തെയും ഗ്രഹിച്ച രോഗങ്ങള്‍ കാരണം വ്യവസ്ഥിതിയോട് അകലം പാലിക്കാന്‍ താല്‍പര്യപ്പെടുന്ന യുവതലമുറയെ ജനാധിപത്യ വ്യവസ്ഥിതിയോടടുപ്പിക്കുന്ന വലിയ കണ്ണിയായിരുന്നു അദ്ദേഹം. ഭരണാധികാരികളെ മാറിനിന്നു കുറ്റം പറയുന്നതിനുപകരം രാഷ്ട്രത്തിനുവേണ്ടി ചെറുതെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമായി തീരുക എന്നതാണ് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല സ്മരണാഞ്ജലി.

(തൃശൂര്‍ ശ്രീ കേരള വര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.